top of page

കേരളസഭയും രാഷ്ട്രീയവും

Dec 1, 2010

3 min read

ഫJ
Image : Legislative Assembly
Image : Legislative Assembly

കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ഇന്നേറ്റവും ആവേശത്തോടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് മതത്തിനു രാഷ്ട്രീയത്തില്‍ ഇടപെടാമോ എന്നത്. ഈ ചോദ്യം പ്രധാനമായും സഭയെ ചുറ്റിപ്പറ്റിയാണു നടക്കുന്നത്. അതുകൊണ്ട് കൂടുതല്‍ വ്യക്തമായ ചോദ്യം ഇങ്ങനെയാണ്: "കേരളരാഷ്ട്രീയത്തില്‍ സഭ ഇടപെടാന്‍ പാടുണ്ടോ?" അടുത്തയിടെ നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുമുമ്പ് ജൂണ്‍ 23-ന് കെ. സി. ബി. സി. പ്രസിദ്ധീകരിച്ച ഇടയലേഖനമാണ് പ്രസ്തുത ചര്‍ച്ചയെ ചൂടുപിടിപ്പിച്ചത്. ഇടയലേഖനം 'നിരീശ്വരവാദികളായ' രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ വ്യക്തമായ നിലപാടെടുത്തു. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ ആയുധമാക്കപ്പെട്ടു. തെരഞ്ഞെടുപ്പു ഫലം സഭയുടെ രാഷ്ട്രീയ ഇടപെടല്‍ ശരിവയ്ക്കുന്നതാണെന്നു കെ. സി. ബി. സി. നടത്തിയ പ്രസ്താവന ചര്‍ച്ചകളെ കൂടുതല്‍ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. വര്‍ഗ്ഗീയസംഘടനകള്‍ ഒത്തൊരുമിച്ചു ശ്രമിച്ചതുകൊണ്ടാണ് തങ്ങള്‍ തോറ്റതെന്നാണ് ഇടതുപക്ഷം പറയുന്നത്. ഈ ചര്‍ച്ചകള്‍ വിശാലമായ അര്‍ത്ഥമാനങ്ങളുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സഭ തന്‍റെ രാഷ്ട്രീയ ഇടപെടലിനെ എങ്ങനെയാണു മനസ്സിലാക്കുന്നത്? ഇടതുപക്ഷം ആരോപിക്കുന്നതുപോലെ, സഭ വര്‍ഗ്ഗീയസംഘടനകളുടെ കൂടിവരവിനു നിമിത്തമായോ? ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, കേരളരാഷ്ട്രീയ മണ്ഡലത്തില്‍ സഭ വ്യക്തമായും ശക്തമായും നടത്തിയ ഇടപെടലുകള്‍ സമൂഹത്തെ എങ്ങനെയാണു ബാധിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്. ഏതൊരു സാമൂഹിക-സാംസ്കാരിക പ്രക്രിയയുടെ കാര്യത്തിലുമെന്നതുപോലെ, സഭയുടെ രാഷ്ട്രീയ ഇടപെടലുകള്‍ നിമിത്തം പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ ചില പരിണതഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവ തമ്മിലുള്ള അകലം നികത്താനാവുന്നതാണോ?

രാഷ്ട്രീയം സഭയുടെ ഒരു കാര്യപരിപാടി അല്ലാത്തതുകൊണ്ട് സഭ ഒരുവിധത്തിലും രാഷ്ട്രീയ ഇടപെടല്‍ നടത്തരുതെന്ന് ഇവിടെ ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സഭയ്ക്ക് ഇത് അംഗീകരിക്കാനാകുമോ? ക്രിസ്തീയ മൂല്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള അനുയോജ്യമായ ഒരിടമായി രാഷ്ട്രീയമണ്ഡലത്തെ സഭയും പ്രത്യേകിച്ച് അല്മായരും കാണണമെന്ന് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമ്പോള്‍ ക്രൈസ്തവ വിശ്വാസികള്‍ കൊടുക്കേണ്ട ഊന്നലുകളെക്കുറിച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പ 'ദൈവം സ്നേഹമാകുന്നു' എന്ന ചാക്രികലേഖനത്തില്‍ സവിസ്തരം പ്രസ്താവിച്ചിട്ടുണ്ട്. സഭയുടെ പ്രേഷിതവേലയുടെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് മാര്‍പാപ്പ ഇത്തരം ഇടപെടലുകളുടെ അര്‍ത്ഥവും സാംഗത്യവും വിശദീകരിക്കുന്നത്: "ഓരോ വ്യക്തിക്കും അര്‍ഹമായതു ലഭിക്കുന്ന നീതിനിഷ്ഠമായ ഒരു സാമൂഹ്യ-പൊതു സംവിധാനം നിര്‍മ്മിക്കുക എന്നത് ഓരോ തലമുറയും അവശ്യം നിര്‍വ്വഹിക്കേണ്ട കടമയാണ്. ഈ കടമയുടെ രാഷ്ട്രീയ നിര്‍വ്വഹണത്തിന്‍റെ ഉത്തരവാദിത്വം പ്രഥമമായി സഭയുടേതല്ല. എങ്കിലും ഓരോ മനുഷ്യന്‍റെയും വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് ഇത് എന്നതിനാല്‍, നീതി സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്കു വേണ്ട പ്രചോദനം ധാര്‍മ്മിക പ്രബോധനത്തിലൂടെയും യുക്തിയുടെ വിമലീകരണത്തിലൂടെയും നല്കാന്‍ സഭയ്ക്കു ബാധ്യതയുണ്ട്" (ദൈവം സ്നേഹമാകുന്നു, 28).

ഇപ്പറഞ്ഞത് മാര്‍പ്പാപ്പ പിന്നീട് കുറച്ചുകൂടി വ്യക്തമാക്കുന്നുണ്ട്: "സഭയ്ക്കു രാഷ്ട്രത്തിനു പകരമാകാനാകില്ല; ആകാന്‍ പാടുമില്ല. അതേസമയം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വെറും കാഴ്ചക്കാരിയായി അവള്‍ നില്ക്കാനും പാടില്ല."

പ്രസ്തുത ചാക്രികലേഖനം സഭയുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്കു പ്രധാനമായും മൂന്നു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ഒന്ന്, സഭയുടെ അധികാരവും രാഷ്ട്രത്തിന്‍റെ അധികാരവും സഭ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. രണ്ട്, നീതി നടപ്പിലാക്കുക എന്നതിനോടു സഭ പ്രതിജ്ഞാബദ്ധയാണ്. അതുകൊണ്ട് മനുഷ്യനീതിയുടെ കാവലാള്‍ എന്ന നിലയിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. മൂന്ന്, രാഷ്ട്രീയമണ്ഡലത്തില്‍ പ്രവര്‍ത്തിക്കേണ്ടത് അല്മായരാണ്. അവരുടെ രാഷ്ട്രീയബോധത്തിന്‍റെ രൂപവത്കരണത്തില്‍ സഹായിക്കുക എന്നതാണ് സഭാനേതൃത്വത്തിന്‍റെ കടമ. സഭ നീതിക്കുവേണ്ടിയും രാഷ്ട്രീയാവകാശങ്ങള്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുമ്പോള്‍ മാര്‍പാപ്പായുടെ ഈ മൂന്നു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. ഇവയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ സമകാലീന കേരളരാഷ്ട്രീയത്തിലെ സഭയുടെ ഇടപെടലുകള്‍ നീതികരിക്കാനാവുന്നതും പ്രശംസനീയവുമാണോ? സഭയുടെ രാഷ്ട്രീയ ഇടപെടലിന്‍റെ കേരളീയമാതൃക ഉദ്ദേശിച്ച ഫലമുളവാക്കിയോ?

കേരളത്തിന്‍റെ ജനാധിപത്യ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം, സഭയുടെ തീവ്രമായ രാഷ്ട്രീയ ഇടപെടലുകള്‍ ചില പ്രത്യേക കാലഘട്ടത്തില്‍, ചില പ്രത്യേക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് ഉണ്ടായത് എന്നാണ്. എല്ലാവര്‍ക്കും അറിയാവുന്ന ആദ്യത്തെ ഇടപെടല്‍, കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്‍റായിരുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെ പുറത്താക്കിയ വിമോചനസമരം ആയിരുന്നല്ലോ. രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗത്തുനിന്നു നോക്കിയാല്‍ രാഷ്ട്രീയ ശക്തികളെ ആ സമരം മാറ്റിമറിച്ചു. അന്നുമുതല്‍ കേരളത്തിന്‍റെ രാഷ്ട്രീയ ഗതിവിഗതികളെ വിവിധ മതശക്തികള്‍ നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്തു. സഭയുടെ രണ്ടാമത്തെ തീവ്രമായ രാഷ്ട്രീയ ഇടപെടലിനു നിമിത്തമായതും വിമോചനസമരത്തിലേക്കു നയിച്ച കാരണങ്ങള്‍തന്നെയാണ്: വിദ്യാഭ്യാസമേഖലയിലെ സഭയുടെ അധികാരത്തിലും അവകാശത്തിലുമുള്ള ഭരണകൂട ഇടപെടലുകള്‍. എന്നിരിക്കിലും പ്രധാനമായി നാം ചോദിക്കേണ്ടത് സഭയുടെ തീവ്രവും തീക്ഷ്ണവുമായ രാഷ്ട്രീയ ഇടപെടലുകള്‍ സഭയുടെതന്നെ ദര്‍ശനത്തിനു നിരക്കുന്ന ഒന്നാണോ എന്നാണ്. കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയ ഭൂമികയില്‍ സഭയെന്നും നീതിയുടെ കാവലാളായി നിലയുറപ്പിച്ചിട്ടുണ്ടോ?

കുറച്ചുകൂടി അവധാനതയോടെ നാം പരിഗണിക്കേണ്ടത്, സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ നിമിത്തമുണ്ടായിരിക്കുന്ന സാമൂഹ്യചലനങ്ങളാണ്. സഭ കേരളത്തില്‍ എണ്ണത്തിന്‍റെ കാര്യത്തില്‍ ഒരു ന്യൂനപക്ഷമാണെങ്കിലും, അധികാരവും പണവും സ്വാധീനവും സ്ഥാപനങ്ങളും ഉള്ളതുകൊണ്ട് താരതമ്യം ചെയ്യാനാവാത്തവിധത്തില്‍ അതു വളര്‍ന്നിട്ടുണ്ട്. സമൂഹത്തില്‍ നിര്‍ണ്ണായകശക്തിയായിട്ടുള്ള ആരും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ പരിണതഫലങ്ങളുണ്ടാകും. അതു സാമൂഹ്യബന്ധങ്ങളെയും കണക്കുകൂട്ടലുകളെയും പുനഃക്രമീകരിക്കുന്ന പ്രക്രിയയ്ക്കു നിമിത്തമായി മാറും. ഇടതുപാര്‍ട്ടികള്‍ വിവേചനരാഹിത്യത്തോടെ ഏര്‍പ്പെട്ട തര്‍ക്കങ്ങള്‍ സഭയ്ക്കുള്ളില്‍ പെട്ടെന്നൊരു ഏകീകരണത്തിനു കാരണമായി. പിരമിഡിക്കല്‍ ഘടനയുള്ള സഭയ്ക്ക് ഇത്തരമൊരു രാഷ്ട്രീയ ഏകീകരണം എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും. അതേസമയം, സഭയ്ക്കുള്ളിലെ ഈ പ്രക്രിയ, മറ്റു സമുദായങ്ങളിലും ഇത്തരമൊരു കേന്ദ്രീകരണത്തിനും ഏകീകരണത്തിനും ആക്കംകൂട്ടി. ഇടയലേഖനത്തിനെതിരായി, ഹൈന്ദവതീവ്രവാദി സംഘടനാംഗങ്ങള്‍ വീടുതോറും കയറിയിറങ്ങി, ബോധവത്കരണം തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണു മനസ്സിലാക്കേണ്ടത്. സഭയുടെ പ്രകടമായ രാഷ്ട്രീയ ഇടപെടലുകള്‍ സാമുദായിക ധ്രുവീകരണത്തിനും ഇതര മതങ്ങളിലെ മൗലികവാദികള്‍ മേല്‍ക്കൈ നേടുന്നതിനും ഇടയാക്കിയിട്ടുണ്ട്. കോര്‍പ്പറേഷനുകളില്‍ 10 സീറ്റും മുനിസിപ്പാലിറ്റിയില്‍ 90 സീറ്റും നേടി ബി. ജെ. പി. തങ്ങളുടെ നിലകൂടുതല്‍ മെച്ചപ്പെടുത്തിയത് നമുക്കു കണ്ടില്ലെന്നു നടിക്കാനാവില്ല. മുസ്ലിം മൗലികവാദസംഘടനയായ SDPI അഞ്ചു മുനിസിപ്പാലിറ്റികളില്‍ സീറ്റുനേടിയതും തള്ളിക്കളയാനാവില്ല. കുറച്ചുകൂടി വിവേകത്തോടെ നാം ചുവടുകള്‍വയ്ക്കണമെന്ന വ്യക്തമായ സൂചനകളാണ് ഇവയൊക്കെ.

തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള സന്തോഷാരവങ്ങള്‍ക്കിടയിലും ഒന്നുരണ്ടു കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഒന്ന്, രാഷ്ട്രീയ പ്രബുദ്ധതയും രാഷ്ട്രീയ വിവേകവും ഏറ്റവും കൂടുതലുള്ള ഒരു നാടാണ് കേരളം. എല്ലാ അഞ്ചുവര്‍ഷവും ഭരിക്കുന്ന പാര്‍ട്ടിയെ മാറ്റുകയെന്ന ചരിത്രവും കേരളത്തിനുണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ അധികാരപ്രമത്തമായ നടപടികള്‍ ഈ ഭരണകൂടാത്തിനെതിരായി പരിണമിച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലത്തെ തങ്ങള്‍ സ്വാധീനിച്ചു എന്ന സഭയുടെ അവകാശവാദം കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെ ആകേണ്ടതല്ലേ? സഭ പ്രകടമായ നിലപാട് എടുത്തിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പു ഫലം വ്യത്യസ്തമാകുമായിരുന്നോ?

രണ്ട്, സഭാംഗങ്ങളായ പലരുടെയും രാഷ്ട്രീയ സാധ്യതകളെ സഭയുടെ നിലപാട് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. സഭയോട് അടുത്തുനില്ക്കുന്നവരെ ഇടതു പാര്‍ട്ടികള്‍ സംശയിക്കാന്‍ തുടങ്ങി. സാധിക്കുന്നത്രയും അത്തരക്കാരെ ഒഴിവാക്കാനും ശ്രമിച്ചു. ഇടയലേഖനം കോണ്‍ഗ്രസ്പാര്‍ട്ടിയെ അനുകൂലിക്കുന്നു എന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാവണം, തങ്ങളുടെ മതേതരമുഖം സംരക്ഷിക്കാന്‍ അവര്‍ക്കും ചിലയിടങ്ങളില്‍ സഭാംഗങ്ങളെ ഒഴിവാക്കി, ഇതരസമുദായാംഗങ്ങളെ മത്സരിപ്പിക്കേണ്ടിവന്നു. സഭയുടെ ഇടപെടലുകള്‍ വിശ്വാസികളുടെ രാഷ്ട്രീയ ഭാഗഭാഗിത്വത്തെ യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നോ?

ചുരുക്കത്തില്‍, സഭയുടെ രാഷ്ട്രീയ ഇടപെടലുകളുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിവക്ഷകളെ നാം വിമര്‍ശനാത്മകമായി അവലോകനം ചെയ്യേണ്ടിയിരിക്കുന്നു.

Featured Posts