

"അവന്‍ നന്മചെയ്തു കൊണ്ട് കടന്നുപോയി" എന്ന മഹദ് വാക്യം സ്വജീവിതംകൊണ്ട് അന്വര്‍ഥമാക്കിയ ഒരു കപ്പൂച്ചിന്‍ സന്യാസവൈദികനാണ് 2025 മാര്‍ച്ച് 16 ന് നിത്യതയുടെ പ്രകാശതീരത്തേക്കു യാത്രയായ സേവ്യര്‍ വടക്കേക്കരയച്ചന്‍. ഈ കുറിപ്പെഴുതുന്നയാളിന് ആത്മമിത്രവും അഭ്യുദയകാംക്ഷിയും വഴികാട്ടിയും എല്ലാമായിരുന്നു, 55-ല്‍പ്പരം വര്‍ഷം അദ്ദേഹം.
1967 ല്‍ നീലൂര്‍ സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അധ്യാപകനായി ചേര്‍ന്ന കാലത്താണ് 1967-68 എസ്.എസ്.എല്‍.സി. ബാച്ചില്‍ വിദ്യാര്‍ഥിയായിരുന്ന സേവ്യര്‍ വടക്കേക്കര എന്ന കുറിയ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ക്ലാസില്‍ ഞാന്‍ പഠിപ്പിച്ചിരുന്നില്ല. മലയാളം അധ്യാപകനായിരുന്ന എനിക്ക് അത്യാവശ്യം ഹിന്ദിയും അറിയാമെന്നു മനസ്സിലാക്കിയിട്ടാണ് സേവ്യര്‍ വടക്കേരയുള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികള്‍, അല്പം ഹിന്ദി വ്യാകരണം പറഞ്ഞു കൊടുക്കാന്‍ എന്നെ സമീപിച്ചത്. സ്കൂള്‍ സമയം കഴിഞ്ഞ് കുറേ ദിവസം ഞാനവര്‍ക്കു ഹിന്ദി പറഞ്ഞു കൊടുത്തു. സേവ്യര്‍ വടക്കേക്കരയെന്ന പില്‍ക്കാല കപ്പൂച്ചിന്‍ വൈദികനുമായുള്ള എന്‍റെ ആത്മസൗഹൃദം അവിടെത്തുടങ്ങുന്നു.
ഏതാനും വര്‍ഷം കഴിഞ്ഞ്, എന്‍റെ നാടായ ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ മൈനര്‍ സെമിനാരിയില്‍ വിദ്യാര്‍ഥിയായിരുന്ന സേവ്യര്‍ വടക്കേക്കര ബ്രദറുമായി ദൈവം എന്നെ വീണ്ടും കൂട്ടിമുട്ടിക്കുകയായിരുന്നു. ഞാനന്ന് ഭരണങ്ങാനം സെന്‍റ് മേരീസ് സ്കൂളില്‍ അധ്യാപകനായിരുന്നു. സേവ്യര്‍ ബ്രദറിനും ഒരു കൂട്ടുകാരനും, മലയാളം ബി.എ. പരീക്ഷയ്ക്കൊരുങ്ങാന്‍ ഇത്തിരി വ്യാകരണ-വൃത്താലങ്കാരങ്ങള്‍ പറഞ്ഞുകൊടുക്കണം, എന്നൊരാവശ്യം. ആശ്രമത്തിന്‍റെ പാര്‍ലറിലിരുന്ന് ഏതാനും ദിവസം അവര്‍ക്കു ക്ലാസ്സെടുത്തു.
കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ഓണാവധിക്കാലത്ത് എനിക്ക് കോട്ടഗിരി സെമിനാരിയിലേക്കൊരു ക്ഷണം കിട്ടി. ബ്ര. സേവ്യറിന്‍റേതായിരുന്നു ക്ഷണം. അദ്ദേഹത്തിനും അക്കൊല്ലം തന്നെ വൈദികപട്ടം സ്വീകരിക്കേണ്ടവരായ പതിനഞ്ചോളം വൈദിക വിദ്യാര്‍ഥികള്‍ക്കും ഹ്രസ്വകാല ഗുരുനാഥനായി, അവിടെ ഞാന്‍.
പിന്നെ, 1981-86 കാലഘട്ടത്തില്‍, അസ്സീസി മാസികയുടെ സാരഥ്യമേറ്റെടുത്ത സേവ്യറച്ചനുമായി വീണ്ടും സന്ധിക്കുന്നു. സാമൂഹിക പ്രതിബദ്ധതയ്ക്കിണങ്ങിയ ഒരുപിടി മാറ്റങ്ങള്‍ 'അസ്സീസി' സ്വീകരിച്ചത് ആ കാലഘട്ടത്തിലാണ്. 'ജീവന്‍ ബുക്സ്' എന്ന പുസ്തക പ്രസിദ്ധീകരണ വിഭാഗം അനുബന്ധമായി തുടങ്ങിയതും അദ്ദേഹമാണ്. ഓഫ്സെറ്റ് പ്രിന്‍റിംഗിനു തമിഴ്നാട്ടിലെ ശിവകാശിയെ ആശ്രയിക്കേണ്ടിയിരുന്ന കാലം. തിരക്കോടുതിരക്കായിരുന്നു സേവ്യറച്ചന്. ഇന്നത്തെയൊപ്പം ഹൈ-ടെക് ആയിരുന്നില്ലെങ്കിലും ഒട്ടേറെ പുസ്തകങ്ങള്‍ ജീവന്‍ ബുക്സ് പ്രസിദ്ധീകരിച്ചു. പ്രമുഖ ഹാസ്യസാഹിത്യകാരന്‍ തോമസ് പാലായുള്‍പ്പെടെ ഒട്ടേറെ എഴുത്തുകാരുടെ അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമായി.
വി. അല്‍ഫോന്‍സാമ്മ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നതിനോടനുബന്ധിച്ച് അല്‍ഫോന്‍സാമ്മയുടെ ഒരു ജീവചരിത്രകൃതി, വെറും രണ്ടാഴ്ചകൊണ്ട് സേവ്യറച്ചന്‍ എന്നെക്കൊണ്ട് എഴുതിച്ചു. (അതിന്‍റെ ഏഴാം പതിപ്പുവരെ പിന്നീടുണ്ടായി). സ്വതേ കുഴിമടിയനായ ഞാന്‍, സേവ്യറച്ചന്‍റെ നിരന്തര പ്രേരണയാല്‍ കുറെയൊക്കെ എഴുതാന്‍ നിര്‍ബന്ധിതനായി! ജീവന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഒരുപിടി പുസ്തകങ്ങള്‍ക്ക് പുറംചട്ട കുറിപ്പുകളെഴുതിച്ചത് എന്നെക്കൊണ്ടാണെന്നും ഓര്‍ക്കുന്നു.
സേവ്യര്‍ വടക്കേക്കരയച്ചനെക്കുറിച്ച് പിന്നെ കേള്‍ക്കുന്നത് അദ്ദേഹം ഡല്‍ഹിയില്‍ മീഡിയ ഹൗസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതായാണ്. പ്രിന്‍റേഴ്സ് ജ്യോതി എന്ന അച്ചടിശാലയും സേവ്യറച്ചന്‍റെ മാത്രം പരിശ്രമഫലമാണ്. മീഡിയ ഹൗസിലൂടെ ഈ ലേഖകന്‍റെ അഞ്ചു പുസ്തകങ്ങള്‍ പ്രകാശിതമായി; 'നല്ല മലയാളഭാഷ' എന്ന തെറ്റുതിരുത്തല്‍പ്പുസ്തകമുള്‍പ്പെടെ.
ഡെല്‍ഹിയിലെ വിശ്രമമില്ലാത്ത ജോലിത്തിരക്കുകള്‍ക്കിടയിലെപ്പോഴോ വലിയ ഒരു ദൗര്‍ഭാഗ്യം സേവറ്യറച്ചനുണ്ടായി. അദ്ദേഹത്തിന്‍റെ കാഴ്ചശക്തിയുടെ 80 ശതമാനത്തോളം ഒരു ജനിതകരോഗംമൂലം നഷ്ടമായി. കാഴ്ചപരിമിതികളൊന്നും പക്ഷേ, അദ്ദേഹത്തെ തളര്‍ത്തിയില്ല. പ്രസിദ്ധീകരണശാലയുടെ നൂറുകണക്കിനു പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമായത് ആ ഘട്ടങ്ങളിലാണ്. മീഡിയ ഹൗസിന്‍റെ പ്രവര്‍ത്തനങ്ങളോടു ബന്ധപ്പെട്ട്, എഴുത്തുകാരെ നേരില്‍ക്കാണാനും മറ്റുമായി അച്ചന്‍ നിരന്തരം യാത്രകള്‍ നടത്തി. ആദായ നികുതി ദേശീയ കമ്മീഷണര്‍ ഡോ. വി.പി. ജോയ് ഐ.എ.എസ്., ഡെല്‍ഹി മലയാളിയായ വിശ്രുത ഗ്രന്ഥകാരന്‍ ഓംചേരി സാര്‍, ഡോ. സേവ്യര്‍ വടക്കേക്കര - ഈ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നൊരു സഖ്യം ഡെല്‍ഹി മലയാളികള്‍ക്കിടയില്‍ ഒരു 'സംഭവം' തന്നെയായിരുന്നു അക്കാലത്ത്. നാട്ടില്‍ വന്നിരുന്നപ്പോള്‍ പലപ്പോഴും അച്ചന്‍ എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. ഡെല്‍ഹിയിലെ വിപുലമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വളരെക്കുറച്ചു മാത്രം എന്നോടു പറഞ്ഞിട്ടുണ്ട്. അദ്ദേഹം യാത്രയായതില്‍പ്പിന്നെയാണ് ഡെല്‍ഹി എന്ന മഹാനഗരത്തില്‍ എത്രയേറെ ജനസമ്മതനായ മനുഷ്യസ്നേഹിയായിരുന്നു സേവ്യറച്ചന്‍, എന്നു ഞാന്‍ മനസ്സിലാക്കിയത്. പൊങ്ങച്ചത്തിന്‍റെ ഒരു തരിപോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
എനിക്ക് സേവ്യറച്ചന്‍ എന്ന കപ്പൂച്ചിന്‍ വൈദികനില്‍ നിന്ന് നന്മകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. പഴയ ഈ അധ്യാപകന്‍റെയും കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷിയായിരുന്നു സേവ്യറച്ചന്‍, എല്ലാക്കാലത്തും. ഡോ. വി.പി. ജോയ് സാര്‍ കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയായി എത്തിയതില്‍പ്പിന്നെ, അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട, സംസ്ഥാനഭാഷാ മാര്‍ഗനിര്‍ദ്ദേശക വിദഗ്ധസമിതിയിലേക്ക് എന്‍റെ പേര്‍ കൂടി ഉള്‍പ്പെടുത്തിയതായി അറിയിപ്പുകിട്ടി. ഉയര്‍ന്ന അക്കാദമിക് മികവുകളൊന്നും അവകാശപ്പെടാനില്ലാത്ത ഈ പള്ളിക്കൂടം വാധ്യാര്‍ ആ സമിതിയില്‍ അംഗമായതിനു പിന്നില്‍ ഡോ. വി.പി. ജോയ് ഐ.എ.എസ്. ന് ഒപ്പം സേവ്യര്‍ വടക്കേക്കരയച്ചനും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഉപാധികളൊന്നും വയ്ക്കാതെ സ്നേഹവും പരിഗണനയും ആവോളം നല്‍കി ചേര്‍ത്തുനിര്‍ത്തിയ, അസാമാന്യമായ മനക്കരുത്തിന് ഉടമയായിരുന്ന സേവ്യര്‍ വടക്കേക്കരയച്ചനോട് ഞങ്ങള്‍ക്കുള്ള കടപ്പാടുകള്‍ നിസ്സീമമാണ്. ഞങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നും അദ്ദേഹമുണ്ടായിരുന്നു; അദ്ദേഹത്തിന്‍റെ പ്രാര്‍ഥനകളില്‍ ഞാനും എന്‍റെ കുടുംബാംഗങ്ങളും എന്നുമുണ്ടായിരുന്നുവെന്നും ഞങ്ങള്‍ക്കു ബോധ്യമുണ്ട്. ഇനി ഞങ്ങള്‍ക്ക് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ടയാവശ്യമില്ല; അദ്ദേഹത്തോടു പ്രാര്‍ഥിച്ചാല്‍ മതിയല്ലോ.
പ്രണാമം, സേവ്യറച്ചാ.





















