top of page

തീർത്ഥാടനം

Aug 10, 2025

2 min read

George Valiapadath Capuchin

A city in Israel at night

വിശുദ്ധ നാടുകളിൽ പോകണം എന്നത് എക്കാലത്തെയും ഒരു സ്വപ്നമായിരുന്നു. ഈയ്യിടെയാണ് ആ സ്വപ്നം സാക്ഷാത്കൃതമായത്.


ഏഴുമാസം മുമ്പാണ് മേലധികാരികളിൽ നിന്ന് അനുവാദം ലഭിച്ചത്. തമ്പുരാൻ എല്ലാം ഏറ്റവും നന്നായി നടത്തും എന്ന് നല്ല വിശ്വാസമുണ്ടായിരുന്നു. എൻ്റെ താൽപര്യങ്ങൾ വ്യത്യസ്തമാണെന്നതിനാൽ ഒരു ഗ്രൂപ്പിൻ്റെ കൂടെ പോകാൻ താല്പര്യമുണ്ടായിരുന്നില്ല. ചുരുങ്ങിയ സമയം - ചുരുക്കേണ്ട ചെലവ്: രണ്ടും പ്രധാനമായിരുന്നു. രണ്ടുനാൾ ജോർദാനിലും ആറുദിവസം ഇസ്രയേൽ /പാലസ്തീനിലും എന്ന രീതിയിൽ കാര്യങ്ങളെ മനസ്സിൽ കണ്ടു.


യുദ്ധം വന്നു. പിന്നെ ട്രൂസ് വന്നു. രണ്ടിടത്തുനിന്നും വീസ വന്നു.

എടുത്ത ടിക്കറ്റ് വെറുതെയായിപ്പോകുമോ എന്നെല്ലാം പലപ്പോഴും സന്ദേഹങ്ങൾ ഉണ്ടായിരുന്നു. അവസാനം, കാര്യങ്ങൾ എല്ലാം ഏറ്റവും സുന്ദരവും അനുഭവസമ്പന്നവുമാം വിധം തമ്പുരാൻ പൂർത്തിയാക്കിത്തന്നു.


ജോർദാനിൽ ഒന്നര ദിവസം കിട്ടി. അവിടെ രണ്ടിടത്ത് പോയാൽ മതി എന്ന് തീരുമാനിച്ചിരുന്നു. അതിന് ടാക്സികൾ വേണ്ടിവന്നു.

ഇസ്രയേൽ /പാലസ്തീനിൽ യാത്രയത്രയും ലൈൻ ബസ്സിൽ ആയിരുന്നു.


ബേത്‌ലഹേം നസ്രത്ത് ബേഥനി എന്നിങ്ങനെയുള്ളിടങ്ങളിൽ പോകുമ്പോൾ അവിടങ്ങളിലെ മനുഷ്യരോടൊപ്പം ബസ്സിൽ നിന്നിറങ്ങി ചെക്ക് പോയൻ്റുകളിൽ സ്റ്റെൻ ഗണ്ണുമായി നില്ക്കുന്ന പട്ടാളക്കാർക്കു മുന്നിൽ തിരിച്ചറിയൽ രേഖ കാണിച്ച് തര്യപ്പെടുത്തി തിരിച്ച് ബസ്സിൽക്കയറി യാത്ര ചെയ്തു.


തീർത്ഥാടകരോ ടൂറിസ്റ്റുകളോ ഇല്ലാത്ത ഒഴിഞ്ഞ വഴികളിലൂടെ മിക്കയിടത്തും ഏകാന്ത പഥികനായി ഒറ്റക്കു നടന്നു.

എട്ടും പത്തും കിലോമീറ്റർ പല ദിവസവും നടന്നു. സന്ദർശകരാരും ഇല്ലാത്തതിനാൽ സ്റ്റാഫിന് നല്കാൻ പണമില്ലാതെ അടഞ്ഞുകിടന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ചെന്ന് മുട്ടിവിളിച്ച് വാതിൽ തുറപ്പിച്ചും, ഫോൺ നമ്പർ ഉണ്ടായിരുന്നിടത്ത് ഫോണിൽ വിളിച്ച് വാതിൽ തുറപ്പിച്ചും ഒക്കെ ആയി മിക്കവാറും എല്ലാ സ്ഥലങ്ങളും സമയമെടുത്ത് കണ്ടു. എല്ലായിടത്തും പ്രാർത്ഥനക്കായും അല്പനേരം കിട്ടി.


ടൂർ ഗ്രൂപ്പുകളിൽ പോകുമ്പോൾ കാണാതെ പോകുമായിരുന്ന മാലിന്യങ്ങളും ദാരിദ്ര്യത്തിൻ്റെ മുഖങ്ങളും കണ്ടു.

കത്തുന്ന വെയിലും പകലിൻ്റെ ചൂടും അറിഞ്ഞു.

ഒലിവുതോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും അത്തിപ്പഴങ്ങളും കണ്ടു.

ഇങ്ങനെ ചില വള്ളികളും മരങ്ങളുമൊഴികേ മിക്കവാറും എല്ലാ പൊന്തക്കാടുകളും കുറ്റിച്ചെടികളും തങ്ങളുടെ ഇലകൾക്കടിയിൽ നിറയെ മുള്ളുകൾ ഒളിപ്പിച്ചുവച്ചിരുന്നു എന്നറിഞ്ഞു.

രണ്ടുവർഷമായി കച്ചവടം കിട്ടാത്തതിനെക്കുറിച്ച് കച്ചവടക്കാരും, ഓട്ടം കിട്ടാത്തതിനെക്കുറിച്ച് ടാക്സിക്കാരും, കുടുംബം പട്ടിണിയായതിനെക്കുറിച്ച് ടൂർ ഗൈഡുകളും പതം പറയുന്നത് കേട്ടു നിന്നു.

കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ പ്രതി അവരുടെ ബന്ധുക്കൾ ചങ്കുകീറി.


വഴിയോരത്തെ അപ്പവാണിഭക്കാരിൽ നിന്ന് പാവങ്ങൾ വാങ്ങുന്ന ചുട്ടെടുത്ത അപ്പത്തിൻ്റെയും അതിൽ തൂവുന്ന ഉപ്പുകൂട്ടിയ മിശ്രിതപ്പൊടിയുടെയും രുചിയരിഞ്ഞു.

ഉച്ചനേരങ്ങളിൽ ചത്വരങ്ങളിലെ ഇത്തിരിത്തണലുകളിൽ വെറുതേയിരുന്ന് മനുഷ്യമനസ്സിൻ്റെ ദശാവതാരങ്ങളെ ധ്യാനിച്ചു.

ഹോട്ടലുകൾ മിക്കതും അടഞ്ഞുകിടന്ന നഗരങ്ങളിലെ ആൾത്തിരക്കില്ലാത്ത ഹോസ്റ്റലുകളിലും ലോഡ്ജുകളിലും രാവുറങ്ങി.


പിറ്റേന്ന് പോകേണ്ട സ്ഥലങ്ങൾ പറഞ്ഞ് തലേന്നു രാത്രിയിൽ ചാറ്റ്ജിപിടിയോട് ഉപദേശം ആരാഞ്ഞു.

ഗൂഗിളും ഗൂഗിൾ മാപ്പുമായിരുന്നു വഴികളെയെല്ലാം നിയന്ത്രിച്ചതെങ്കിലും പലസ്തീനധീന മേഖലകളിൽ ബസ്സിൻ്റെ സ്റ്റോപ്പുകൾ പറയാതെ ഗൂഗിൾ നിശ്ശബ്ദമാകുന്നു എന്നും തിരച്ചറിഞ്ഞു.


തണലുകൾ വിരളമായ നാട്ടിൽ നസ്രത്തിൽ നിന്ന് കഫർണാമിലേക്കും പിന്നെ ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടി ജറൂസലേമിലേക്കും ആണ്ടുവട്ടത്തിൽ ഒന്നിലധികം തവണ പൊരിവെയിലിൽ നടന്ന ആ മുപ്പത്തിമൂന്നുകാരൻ വെളുത്ത് സുന്ദരനായിരുന്നില്ലെന്നും, കറുത്ത് കരിവാളിച്ച മുഖമായിരുന്നു അയാൾക്കെന്നും തിരിച്ചറിഞ്ഞു.


ഒറ്റയടിപ്പാതകളിലൂടെ നടന്ന അയാളുടെ പാദങ്ങളിൽ മിക്കവാറും മുള്ളുകൾ ഉരഞ്ഞുണ്ടായ പോറലുകൾ സ്വന്തം വിയർപ്പ് പടർന്ന് ഒരു നീറ്റലോടെ മായ്ച്ചുകളഞ്ഞിരുന്നുവെന്നതും തിരിച്ചറിവായി.

യാക്കോബിൻ്റെ കിണറ്റരികിലേക്ക് നടന്നെത്തുമ്പോഴേക്ക് അയാൾ ശരിക്കും വിശന്നും ദാഹിച്ചും വലഞ്ഞിരുന്നു എന്നും,

ആ അത്തിമരത്തിൻ ചുവട്ടിലെത്തുന്നത് പരവശനായിട്ടായിരുന്നു എന്നും തിരിച്ചറിഞ്ഞു.


അയാൾ പറഞ്ഞതിനും ചെയ്തതിനും ആത്മീയമായ തലത്തോടൊപ്പം തീർച്ചയായും ചില രാഷ്ട്രീയ മാനങ്ങൾ കൂടി ഉണ്ടായിരുന്നു എന്നും തിരിച്ചറിഞ്ഞു.


ജൂലൈ 28 ന് അൽഫോൺസാ തിരുനാൾ ദിനത്തിൽ വെളുപ്പിന് 6 മണിക്ക് കർത്താവിൻ്റെ കബറിന്മേൽ ബലിയർപ്പിക്കാൻ അവസരം തരപ്പെടുത്തിയതുമുതൽ അന്നേ ദിവസം മൂന്നു തവണയായി ജറൂസലേമിലെ ഒട്ടുമിക്ക വിശുദ്ധയിടങ്ങളിലും, യഹൂദരുടെ അതിവിശുദ്ധമായ വിലാപത്തിൻ്റെ മതിലിങ്കലും മുസ്ലിങ്ങളുടെ പാവനയിടമായ ഗോൾഡൺ ഡോം ഓഫ് ദ റോക്കിൻ്റെ തിരുമുറ്റത്തും കൊണ്ടുപോയി പറ്റാവുന്നത്രയും വിശദാംശങ്ങൾ വിവരിച്ചു തന്നത് സഹോദരൻ കൂടിയായ കൈനിക്കലച്ചൻ. അദ്ദേഹം പറഞ്ഞേല്പിച്ചതനുസരിച്ച് അതിന് തലേന്നാൾ എനിക്കായി കുറേ കഷ്ടപ്പെട്ടത് നഗര മധ്യത്തിൽ ഡമാസ്കസ് ഗേറ്റിനടുത്ത് ജോലി ചെയ്യുന്ന മരിയ.


അദ്ദേഹത്തിൻ്റെ തന്നെ അഭ്യർത്ഥനപ്രകാരം മടക്കത്തിൻ്റെ രാത്രിയിൽ സ്നേഹപുർവ്വം അത്താഴം വിളമ്പുകയും, ട്രെയ്നുകളും ബസ്സുകളും ഓടാത്ത ഷബാത്തിൽ എന്നെ എയർപോർട്ടിൽ എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുകയും ചെയ്തത് സലേഷ്യൻ സെമിനാരിയുടെ റെക്റ്ററായ ജോസച്ചൻ. തൻ്റെ കണ്ണുകൾ വയ്യാതിരുന്നിട്ടും ആ രാത്രിയിൽ ആ ദൂരമത്രയും ഡ്രൈവ് ചെയ്ത് എയർപോർട്ടിൽ എത്തിച്ചത് കോംഗോയിൽ നിന്നുള്ള സഹോദരൻ ചിപ്പായ.


ഈ നാലുപേർക്കുമുള്ള ചെക്കെഴുതി തമ്പുരാൻ്റെ കൈവശം കൊടുത്തേല്പിച്ചിട്ടുണ്ട് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.


Recent Posts

bottom of page