top of page

60 കടന്നവരെ ഇതിലേ.... -2

Jul 30, 2009

2 min read

അവ
Old couple

60 കഴിഞ്ഞ മിക്കവരിലും കാണാറുള്ള 6 തലപ്പെട്ട ദോഷങ്ങളും പകരം വേണ്ട 6 വിലപ്പെട്ട ഗുണങ്ങളും വിവരിക്കുകയാണ്. 1 കുറ്റംപറച്ചില്‍ 2 അമിത ഭയങ്ങള്‍ 3. അനാവശ്യ ഇടപെടല്‍ 4. അമിത ഭോജനപ്രിയം 5. അലസത 6. ഏകാകിത്വം. ഇവയില്‍ ഏതെങ്കിലും സ്വജീവിതത്തില്‍ കാണുന്നവര്‍ തുടര്‍ന്നു വായിക്കുക.

ഇംഗ്ലീഷില്‍ ഒരു പഴമൊഴിയുണ്ട്: "കുറ്റം പറച്ചില്‍ തുടങ്ങിയോ? വാര്‍ദ്ധക്യം ആരംഭിച്ചു കഴിഞ്ഞു". നാം കുറ്റം പറയുന്നവരാണെങ്കില്‍ ആന്തരിക സൗഖ്യമില്ലെന്ന് ഉറപ്പ്. ഉള്ളില്‍ കുറ്റം നിറഞ്ഞവരാണ് മറ്റുള്ളവരില്‍ അത് കാണുകയും എടുത്തു പറയുകയും ചെയ്ക.

ഫാദറും ഡോക്ടറുമായ ജെയിംസ് ഗില്‍ എന്ന ഈശോസഭ മനശ്ശാസ്ത്രജ്ഞന്‍ പറയുന്നു: കുറ്റാരോപണ സ്വഭാവത്തിന്‍റെ അടിയില്‍ കാണുന്നത് അബോധമനസ്സില്‍ തളം കെട്ടി ഒഴുകിവരുന്ന ശത്രുതയാണ്, (free floating hostility.) സ്വന്തം കുറ്റം മറയ്ക്കാനുള്ള മനസ്സിന്‍റെ അടവാണിത്, (defence mechanism). സൈക്കോളജിസ്റ്റ് ഇതിനെ projection അഥവാ ഉള്‍വിക്ഷേപണ തന്ത്രമായി വിവരിക്കുന്നു. നമ്മുടെ ഉള്‍ത്തടം കാണുന്ന യേശു ചോദിക്കുന്നു: "മറ്റൊരാളിന്‍റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ മരത്തടി കാണാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?" (മത്തായി: 7:3).

നിങ്ങള്‍ തിളങ്ങുന്ന വസ്ത്രവും മിന്നുന്ന ആഭരണങ്ങളും ധരിച്ച്, ചെരുപ്പുകുത്തികള്‍ ഇരിക്കുന്ന റോഡ് വക്കത്തുകൂടി നടക്കുക, അവരുടെ ആദ്യനോട്ടം നിങ്ങളുടെ കാലുകളിലായിരിക്കും! കാരണം "ചെരുപ്പാണ്" അവരുടെ തലയിലെ ചിന്തയും വയറ്റിലെ പിഴപ്പും. ഇതുതന്നെയാണ് പഴിപറയുന്നതിന്‍റെ പിന്നിലെ മനശ്ശാസ്ത്രം. നമ്മുടെ ഉള്ളിലിരുപ്പ്, അബോധതലത്തില്‍ അടിഞ്ഞുകൂടിയ ശത്രുത നാമറിയാതെ സ്വതവെ മറ്റുള്ളവരില്‍ കാണുകയാണ്, ഉറക്കെ പറയുകയാണ്. അവരുടെ ദോഷങ്ങളില്‍ ഞാന്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ ഞാന്‍ എന്‍റെ വലിയ ദോഷങ്ങള്‍ മറക്കുന്നു, മറ്റുള്ളവരേക്കാള്‍ നല്ലയാള്‍ എന്ന ഭാവം വരുന്നു; ഞാനവിടെ നിയമജ്ഞന്‍റെ, പ്രധാനപുരോഹിതന്‍റെ അഹംഭാവം അണിയുന്നു.

നമ്മില്‍ ഈ കുതന്ത്രമുണ്ടെങ്കില്‍ അത് തിരുത്താന്‍ വൈകി. കുറ്റം പറച്ചില്‍ നിലയ്ക്കുമ്പോഴെ പക്വത ആരംഭിക്കൂ എന്ന് മനശ്ശാസ്ത്രപണ്ഡിതനും, ഗ്രന്ഥകര്‍ത്താവും ധ്യാനഗുരുവുമായ ഫാ. ജോണ്‍ പൗവ്വല്‍ തറപ്പിച്ചു പറയുന്നുണ്ട്. ഈ ദുഃസ്വഭാവം മാറ്റാതെ ആത്മീയ പുരോഗതി ഉണ്ടാവില്ലെന്ന് വി. ക്ലിമാക്കൂസും (Ladder of perfection)വി. വിന്‍സെന്‍റ് ഡിപോളും (Conferences) എടുത്തു കാട്ടുന്നു. ഇതില്‍പ്പെട്ടവര്‍ ജീവിതത്തിന്‍റെ നിഷേധാത്മകതയില്‍ തട്ടി നട്ടംതിരിയുന്നവരും അങ്ങനെ ഒത്തിരി ശക്തിയും അനേകരുടെ സല്‍പേരും നഷ്ടപ്പെടുത്തുന്നവരുമാണ്.

ഇതിന്‍റെ തടസ്സം സ്വന്തം വീട്ടിലോ ആദ്യ സ്കൂളിലോ ആവാം. മുതിര്‍ന്നവരുടെ കുറ്റം പറച്ചിലുകളും ശാസനകളും ശിക്ഷകളും ഏറ്റ് മുറിവേറ്റവരാകാം അഥവാ അവ അനുഭവിച്ച് പെരുമാറ്റത്തില്‍ ഒപ്പിയെടുത്തവരാകാം. മുറിവേറ്റ മൃഗത്തെ ഭയക്കണം. ആന്തരികമായി മുറിവേറ്റവര്‍, ക്ഷമിക്കാത്ത വ്യക്തികള്‍, കുറ്റം പറഞ്ഞ് മുറിവേല്പിച്ചു കൊണ്ടേയിരിക്കും. ആന്തരിക സൗഖ്യധ്യാനം, കൗണ്‍സിലിംഗ്, മുതലായവ ഈ ദുഃസ്വഭാവം വിട്ടുമാറാന്‍ സഹായകമാണ്.

പരദൂഷണം വിട്ട് പരഭൂഷണമായ മഹാത്മാക്കളെ നമുക്ക് മാതൃകയാക്കാം. മുന്‍കോപിയായിരുന്ന ഫ്രാന്‍സിസ് സാലസ് മാനസാന്തരപ്പെട്ട് ശാന്തനായി, വിശുദ്ധനായി ഇന്ന് Gentle saint എന്നറിയപ്പെടുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു ഒരാള്‍ക്ക് 100 വശമുള്ളതില്‍ 99-ം മോശമെന്നിരുന്നാലും ഞാന്‍ ആ ഒരു നല്ല വശമേ നോക്കൂ. അമേരിക്കന്‍ ഭരണഘടനാ ശില്പിയായിരുന്ന ജോര്‍ജ് വാഷിംഗ്ടണിന്‍റെ ആദര്‍ശവാക്യമാണ്: ഞാന്‍ നന്മയേ പറയൂ തിന്മ പറയില്ല. വി. ഫ്രാന്‍സിസ് അസ്സീസി ശിഷ്യരെ ഉപദേശിച്ചു, ഒരു സഹോദരന്‍റെ മുമ്പില്‍ പറയാത്തത് പിന്നില്‍ പറയരുത്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വെളിപ്പെടുത്തിയതാണ്- ഞാന്‍ ആരുടേയും കുറ്റം ഓര്‍ത്ത് നടക്കുന്നില്ല, വെറുപ്പ് എന്‍റെ സഞ്ചിയിലില്ല, ഇതായിരിക്കാം എന്‍റെ ദീര്‍ഘായുസ്സിന്‍റെ രഹസ്യം. അമേരിക്കക്കാരുടെ ഏറ്റം പ്രിയപ്പെട്ട പ്രസിഡന്‍റായിരുന്ന ലിങ്കന്‍റെ ആപ്തവാക്യമായിരുന്നു, charity to all, malice to none എല്ലാവരോടും എനിക്കു സ്നേഹമാണ്, ആരേയും വെറുക്കുവാന്‍ എനിക്കു കഴിയില്ല.

തിരുവചനങ്ങളും നമ്മെ നയിക്കട്ടെ: ലൂക്കാ 6:37 വിധിക്കരുത്. മത്തായി 18:21 ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുക. യോഹ: 13:34 ഞാന്‍ നിന്നെ സ്നേഹിക്കും പോലെ അവരെ സ്നേഹിക്കുക. മത്തായി 5:21-23 കുറ്റം പറയുകയും നിന്ദിക്കുകയും പേരുദോഷം വരുത്തുകയും ചെയ്യുന്നവര്‍ കൊലയാളികളായിട്ടാണ് യേശു എടുത്തു കാട്ടുന്നത്. 1 യോഹ: 3:15 സഹോദരരെ ദ്വേഷിക്കുന്നവര്‍ കൊലയാളികളാണ് എന്ന് യേശു ശിഷ്യന്‍ ജോണും വെളിപ്പെടുത്തുന്നു. നന്മ ചെയ്തുകൊണ്ട് കടന്നുപോയ (നടപടി 10:38) യേശുവിന്‍റെ പിന്നാലെ നമുക്കും മുന്നേറാം. നന്മ ഓര്‍ത്തും നന്മ പറഞ്ഞും നന്മ ചെയ്തും. അങ്ങനെ ഇന്‍ഡ്യയിലൂടെ കടന്നുപോയ ഭാരത രത്നം, നൊബല്‍ ജേതാവ്, 87 കാരി, മദര്‍ തെരേസാ നമ്മെ ഉപദേശിക്കുന്നു. "Be Jesus, see Jesus in others. യേശുവാകുക, യേശുവിനെ മറ്റുള്ളവരില്‍ കാണുക." നമുക്ക് തേജസ്സാകാം, തേജോവധമരുത്.

Featured Posts