top of page

ലോകസമാധാനവും നാരായണഗുരുവും

Sep 7, 2025

5 min read

ഷൗക്കത്ത്
Mãos coloridas se estendem em um círculo, cercando pombas brancas e ramos de oliveira sobre fundo azul, simbolizando paz e unidade.

മനുഷ്യന്‍ ഒരു സങ്കീര്‍ണ്ണ ജീവിയാണ്. ഒറ്റപ്പെട്ട് അലഞ്ഞുതിരിഞ്ഞിരുന്നിരുന്ന ബോധത്തില്‍ നിന്നും എല്ലാവരും ഒന്നെന്നു പറയാവുന്ന ബോധത്തിലേക്കുവരെ ചിന്തിച്ചും ജീവിച്ചും എത്തിനില്ക്കുന്നുണ്ടെങ്കിലും ആ വികാസപരിണാമ യാത്രയില്‍ കൂടെ പറ്റിച്ചേര്‍ന്നതൊന്നും തന്നെ അവനില്‍നിന്നും ഇല്ലാതായിപ്പോയിട്ടില്ല. കൂട്ടിച്ചേര്‍ക്കപ്പെട്ടതെല്ലാം സന്ദര്‍ഭം വരുമ്പോള്‍ ഉണര്‍ന്നുവരികയും പലപ്പോഴുമത് നാശത്തിനു കാരണമാവുകയും ചെയ്യുന്നത് നാം സദാ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണ്.


തൊട്ടുമുന്നില്‍ വന്നുനില്ക്കുന്നത് തന്‍റെ നിലനില്പിന്നു തടസ്സമാണെന്നു കരുതി രണ്ടാമതൊന്നാലോചിക്കാതെ ഉന്മൂലനം ചെയ്തിരുന്ന സ്വഭാവം മുതല്‍ എല്ലാവര്‍ക്കും സമാധാനമുള്ള തരത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന അറിവില്‍ നിന്നുണരുന്ന സംയമം വരെ അവനില്‍ നിറഞ്ഞുനില്ക്കുന്നു. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍ക്കിടന്ന് ശരിതെറ്റുകളുടെ നൂലാമാലകളില്‍പെട്ട് നട്ടംതിരിയുന്ന മനുഷ്യനെയാണ് നാമിന്നനുഭവിക്കുന്നത്. ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് നിരന്തരം ചര്‍ച്ച ചെയ്യുകയും കൃത്യമായി ഉത്തരം കിട്ടാതെ ഉഴറുകയും ചെയ്യുന്നത് മഹാഭാരതം മുതല് ഇങ്ങോട്ടുള്ള ഗ്രന്ഥങ്ങളില്‍ പോലും നാം കണ്ടിട്ടുള്ളതാണ്.


മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥം സത്യസന്ധമായി അന്വേഷിക്കുന്നവരിലെല്ലാം ഈ സംഘര്‍ഷം സ്വാഭാവികമാണ്. കൂടുതല്‍ കൂടുതല്‍ ഉണരും തോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന ജീവിതം. ഇവിടെയാണ് വികാരവിചാരങ്ങളുടെ ഏറ്റിറക്കങ്ങളെ വേണ്ടവണ്ണം സംയമംചെയ്ത് വിവേകത്തോടെ കാലദേശാനുസൃതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ഉണരുന്നത്. കാലാകാലങ്ങളില്‍ വിവേകത്തിന്‍റെ വഴി പറഞ്ഞുതന്നു കടന്നുപോയവര്‍ എന്നും പ്രസക്തമായിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്.


'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം' എന്ന് ആധുനികനായ ഒരു ഗുരു പറഞ്ഞത് ആ സംയമനത്തിന്‍റെ മൂല്യത്തെ ഓര്മ്മപ്പെടുത്തിക്കൊണ്ടു തന്നെയാണ്.


മറ്റുജീവികളെല്ലാം അവരവരുടെ വഴികള്‍ ഏറെക്കുറെ തെളിഞ്ഞു കിട്ടിയവരാണ്. എന്തു തിന്നണം, എങ്ങനെ പുലരണം എന്ന കാര്യത്തില്‍ അവര്‍ സംശയം അനുഭവിക്കന്നതായി കാണുന്നില്ല. എന്നാല്‍, നാം മനുഷ്യരുടെ കാര്യം അങ്ങനെയല്ല. എന്തു തിന്നണം എന്ന കാര്യത്തില്‍ പോലും ഇപ്പോഴും നാം ചര്‍ച്ചയിലാണ്. പെരുമാറ്റരീതികളും ജീവിതശൈലികളും നാം നിരന്തരം ഓര്‍മ്മപ്പെടുത്തുകയും പരിശീലിക്കുകയും ചെയ്യേണ്ടി വരുന്നു. ഇനിയും ഉറച്ചു കിട്ടിയിട്ടില്ലാത്ത, ബാല്യദശയിലെന്നു വേണമെങ്കില്‍ പറയാവുന്ന ബോധത്തിന്‍റെ അവകാശികളായ നാം മനുഷ്യര്‍ക്ക് ആ മനുഷ്യര്‍ക്കിടയില്‍നിന്നുതന്നെ ഏറ്റവും ഉണര്‍വ്വോടെയും ശ്രദ്ധയോടെയും ജീവിക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായി വരുന്നു എന്നത് സ്വാഭാവികമാണ്. അനിവാര്യവുമാണ്.


എത്ര ബുദ്ധിയും തെളിച്ചവുമുള്ളവരും ചില ചിന്തകള്‍, വാക്കുകള്‍, പ്രവര്‍ത്തികള്‍ സംഭവിച്ചു കഴിഞ്ഞതിനുശേഷം, 'ഛെ ....അതു വേണ്ടായിരുന്നു' എന്ന് ഒരിക്കലെങ്കിലും പറയാതിരുന്നിട്ടുണ്ടാവില്ല. ബുദ്ധിയും വിവേകവും എത്ര തെളിഞ്ഞിരുന്നാലും അതിനെയെല്ലാം അതിവര്‍ത്തിച്ചുകൊണ്ട് പുറത്തു ചാടുന്ന വാസനകള്‍ക്ക് അടിമകളാണ് നാമെന്നതിന് അതുതന്നെ മതിയായ തെളിവാണ്. ആ പുറത്തുചാടലുകളെ വിവേകപൂര്‍വ്വം സംയമം ചെയ്യുന്നിടത്താണ് സംസ്ക്കാരം ഉദയം ചെയ്യുന്നത്. അങ്ങനെ സംയമം ചെയ്ത് തനിക്കും തന്‍റെ ചുറ്റുപാടിനും ഹിതകരമായ രീതിയില്‍ ജീവിക്കുമ്പോഴാണ് നാം മനുഷ്യരാകുന്നത്. അല്ലാത്തിടത്തോളം മനുഷ്യശരീരത്തില്‍ വസിക്കുകയും പ്രാകൃതവും ശീലവിധേയവുമായ വാസനകള്‍ക്കനുസരിച്ച് വിധേയപ്പെട്ടു കഴിയുന്ന ഒരു സങ്കരജീവി തന്നെയാണ് നാം എന്നാണ് മനസ്സിലാക്കേണ്ടത്.


മൂന്നു പടലങ്ങളായി വേണമെങ്കില്‍ നമ്മുടെ ബോധത്തെ സാമാന്യമായി മനസ്സിലാക്കാന്‍ ശ്രമിക്കാം. പ്രാപഞ്ചികം(universal), സാമൂഹികം (oscial), വൈയക്തികം(individual). ഒരു ജീവി എന്ന നിലയില്‍ ജൈവികമായ വാസനകള്‍ മറഞ്ഞിരിക്കുന്ന അബോധമാണ് നമ്മുടെ അടിസ്ഥാന ബോധമണ്ഡലം. ജീവനുണ്ടായതുമുതല്‍ ഏതെല്ലാം ജീവരൂപങ്ങളിലൂടെ അതു കടന്നു വന്നിട്ടുണ്ടോ അതിന്‍റെയെല്ലാം പാടുകള്‍ നമ്മുടെ കോശങ്ങളില്‍ ഉണര്‍ന്നുവരാന്‍ തക്കം പാര്‍ത്തു കിടപ്പുണ്ട്. അതാണ് പ്രാപഞ്ചിക വാസനകളെ ഉള്‍വഹിക്കുന്ന നമ്മുടെ അബോധം.

അതിനു മുകളില്‍ പ്രസരിച്ചിരിക്കുന്ന കുറച്ചു കൂടെ വ്യക്തവും സ്ഫഷ്ടവുമായി അനുഭവമാകുന്ന സാമൂഹികമായി രൂപം പ്രാപിച്ച ഉപബോധ മനസ്സാണ് രണ്ടാം പടലം. മനുഷ്യനായി പിറന്നതു മുതല്‍ കടന്നുവന്ന സാംസ്ക്കാരിക സഞ്ചാരങ്ങളുടെ ആകെത്തുകയാണത്. ഗോത്രസംസ്ക്കാരം മുതല്‍ ഏറ്റവും ആധുനികമായ ഏകലോകമെന്നു പറയാവുന്ന സമത്വ സംസ്ക്കാരംവരെ അവിടെ ഇഴപിരിഞ്ഞു കിടക്കുന്നു.

Portrait of a serene bald man with a white beard wearing a white shawl. Monochrome setting with a blurred background. Calm expression.

ഏറ്റവും മുകളില്‍ ഞാന്‍ ഇന്ന സ്വഭാവക്കാരനാണ് എന്ന് മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമെന്ന പോലെ അനുഭവിക്കുകയും പ്രകടമാവുകയും ചെയ്യുന്ന വ്യക്തിബോധമെന്നു പറയാവുന്ന ബോധമനസ്സ് ഓരോളംപോലെ ഊയലാടുന്നു.

ഈ മൂന്നിന്‍റെയും കൂടിക്കലര്‍ന്ന അവസ്ഥയാണ് നമ്മുടെ ഓരോ പ്രതികരണങ്ങളിലും പ്രതിഫലിക്കുന്നത്. കൂട്ടത്തിനൊപ്പം ചേരുമ്പോള്‍ സാമൂഹികമനസ്സും, ഇരുട്ടില്‍ പലപ്പോഴും തികച്ചും ജൈവികമായ അബോധവും, സ്വകാര്യതാല്പര്യങ്ങളില്‍ വൈയക്തിക മനസ്സും മാറിമറിഞ്ഞു പ്രവര്‍ത്തിക്കുന്നത് അല്പം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതുകൊണ്ടൊക്കെയാണ് നാം മനുഷ്യ ജീവിയെ സങ്കീര്‍ണ്ണജീവിയെന്ന് അറിവുള്ളവര്‍ വിളിക്കുന്നത്. സ്വതന്ത്രരെന്ന് അഹങ്കരിക്കുകയും, തികച്ചും അസ്വതന്ത്രരായി ജീവിക്കുകയും ചെയ്യുന്ന നിസ്സഹായജീവി തന്നെയാണ് നാം മനുഷ്യര്‍.


നന്നായി ചിന്തിക്കണമെന്നും ജീവിക്കണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോഴും സന്ദര്‍ഭം വരുമ്പോള്‍ പ്രാകൃത സ്വഭാവത്തിനടിപ്പെട്ട് അസ്വസ്ഥരാകുന്ന നന്മനിറഞ്ഞ മനുഷ്യരാണ് നമ്മില്‍ പലരും. എല്ലാ കാലത്തുമുള്ള മനുഷ്യര്‍ ഈ നിസ്സഹായതയിലൂടെ കടന്നുപോയിട്ടുണ്ട്. പ്രാകൃതമായ വാസനകളുടെ പിടിയിലമരുന്ന വ്യക്തിബോധത്തെയും സാമൂഹ്യബോധത്തെയും സംസ്ക്കരിച്ചെടുക്കാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്തിട്ടുള്ള വിവേകികളായ ശ്രദ്ധാലുക്കളും അവര്‍ക്കിടയിലുണ്ടായിട്ടുണ്ട്. ദാര്‍ശനിക സാംസ്ക്കാരിക രാഷ്ട്രീയ ശാസ്ത്ര കലാസാഹിത്യാദി ലോകങ്ങളിലെല്ലാം അങ്ങനെയുള്ളവരുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. ബുദ്ധനും യേശുവുമെല്ലാം അതിന് ഉത്തമ ഉദാഹരണങ്ങളാണ്. ആധുനികകാലത്ത് കേരളത്തില്‍ ജനിച്ച അങ്ങനെയുള്ള ഒരു വിവേകിയായിരുന്നു നാരായണ ഗുരു.


നാരായണ ഗുരുവിനെപറ്റി പറയുമ്പോള്‍ ആദ്യമായി നാം അറിയേണ്ടത് അദ്ദേഹത്തിന്‍റെ ദാര്‍ശനിക ലോകം തന്നെയാണ്. കാരണം, ഒരാളുടെ അകമേ തെളിയുന്ന കാഴ്ചയാണ് പിന്നീട് തന്‍റെ കര്‍മ്മത്തിന്‍റെ അടിസ്ഥാനമായി മാറുക. യാതൊരു ദാര്‍ശനിക ലോകത്തിരുന്നുകൊണ്ടാണ് ഗുരു തന്‍റെ കര്‍മ്മങ്ങളില്‍ നിരതനായത് എന്നറിഞ്ഞാലേ ആ വിശാലതയിലേക്ക് നമുക്ക് വാതില്‍ തുറന്നു കിട്ടുകയുള്ളൂ.


വാദത്തിന്‍റെയും ജയത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയുമൊക്കെ ലോകത്തു കിടന്നു ശ്വാസം മുട്ടിയ ചരിത്രമാണ് ദര്‍ശനങ്ങള്‍ക്കുള്ളത്. ഞാന്‍ ശരി, അപരന്‍ തെറ്റ് എന്നു പറയുന്ന ദര്‍ശനങ്ങളെല്ലാംതന്നെ മുന്നോട്ടു വയ്ക്കുന്നത് ആകെ ലോകത്തിന്‍റെ ആകെ നന്മ എന്നതിനേക്കാള്‍ മറ്റെന്തൊക്കെയോ ആണ്. അതെന്തായാലും അവര്‍ പറയാന്‍ ശ്രമിക്കുന്ന ചിന്തയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. വിവേകത്തേക്കാള്‍ വികാരമാണ് അവരുടെ വാക്കുകളില്‍ കത്തിനില്ക്കുന്നത്. മതത്തിന്‍റെ കാര്യത്തിലായാലും മറ്റു ദാര്‍ശനിക പ്രസ്ഥാനങ്ങളുടെ കാര്യത്തിലായാലും ആരെയൊക്കെയോ ശത്രുപക്ഷത്തു നിറുത്തിക്കൊണ്ടാണ് വിശാലമെന്ന് അവരവകാശപ്പെടുന്ന ചിന്തകളെ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

ഇങ്ങനെ രൂപപ്പെട്ട അനേകം ദര്‍ശനങ്ങളും അവയ്ക്കിടയില്‍ നിരന്തരം നടക്കുന്ന സംഘര്‍ഷങ്ങളും സാധാരണ ജനങ്ങള്‍ക്ക് അതുകൊണ്ടുണ്ടാകുന്ന വിഷമതകളുമെല്ലാം അതിന്‍റെ രൂക്ഷതയില്‍ തുടരുന്ന കാലത്തുതന്നെയാണ് നാരായണ ഗുരു ജനിക്കുന്നത്. ആകാശത്തെക്കാള്‍ വിശാലമായ ദര്‍ശനങ്ങളുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ജാതീയത മനുഷ്യനെ തട്ടുതട്ടായി വിഭജിച്ച് പല വിഭാഗത്തെയും ഓരത്തേക്കു തള്ളിമാറ്റി ഒരു ജീവിയെന്ന പരിഗണനപോലും നല്‍കാതെ ഉപദ്രവിക്കുന്ന സാമൂഹികതയാണ് മഹത്തായ ദര്‍ശനങ്ങള്‍ ഉദയം ചെയ്യാന്‍ ഇടം നല്കിയ ദേശത്തുപോലും അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞത്. അവിടെ ഇനി പുതിയ ഒരു ദര്‍ശനത്തെക്കൂടി കുത്തി നിറയ്ക്കുകയല്ല മറിച്ച് ഉണ്ടായതെല്ലാം ഒരേ ലക്ഷ്യത്തെ കേന്ദ്രമാക്കിയാണെന്ന് ഉണര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിനു തോന്നിയത്.


അവരവരുടെ കാഴ്ചപ്പാടുകളെ വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടുപോയ അടിസ്ഥാന ജീവിതമൂല്യങ്ങളെ വീണ്ടെടുത്തു വേണം ആ മഹത്തായ ദര്‍ശനങ്ങളിലേക്ക് മനുഷ്യഹൃദയത്തെ ഉണര്‍ത്തിക്കൊണ്ടു വരേണ്ടതെന്നും അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. പലതായി പിരിഞ്ഞിരിക്കുന്നതിലെ ഏകതയിലേക്കു വിരല്‍ ചൂണ്ടി മനുഷ്യബോധത്തെ ബാധിച്ചിരിക്കുന്ന ഇരുട്ടിനെ ഇല്ലായ്മ ചെയ്യാനുള്ള വഴികളാണ് അദ്ദേഹമാലോചിച്ചത്. കാലങ്ങളായി പേറിനടക്കുന്ന ശീലവിധേയമായ അന്ധത്വത്തെ അറിവുകൊണ്ട് ന്യായീകരിക്കുന്ന മനുഷ്യനെ അതില്‍നിന്ന് രക്ഷിച്ചെടുക്കേണ്ടത് അലിവുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കി. എതിര്‍ക്കുക എന്നതിനേക്കാള്‍ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന വിവേകത്തിന്‍റെ പരിണിതഫലങ്ങളായിരുന്നു പിന്നീടു നാം കണ്ടത്.


ആധുനിക മനുഷ്യന് അത്യാവശ്യം വേണ്ട ഗുണവിശേഷം ഗുരു ചുരുക്കിപ്പറഞ്ഞത് ഇങ്ങനെയാണ്;

"ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വ്വരും

സോദരത്വേന വാഴുന്ന

മാതൃകാ സ്ഥാനമാണിത്"


ജാതിഭേദം: പണം, പ്രശസ്തി, അധികാരം, അറിവ്, ലിംഗം, പ്രായം, കുലം, ദേശം, വര്‍ണ്ണം, വര്‍ഗ്ഗം തുടങ്ങിയവയില്‍ ആരെങ്കിലും നമ്മേക്കാള്‍ കുറഞ്ഞവരെന്നോ കൂടിയവരെന്നോ നമുക്ക് തോന്നുന്നുവെങ്കില്‍, ആ മാനദണ്ഡം വെച്ച് നാം ആരോടെങ്കിലും പെരുമാറുന്നെങ്കില്‍ നാം ജാതിഭേദം ഉള്ളവരാണ്. അതില്ലാതാവണം.

മതദ്വേഷം: ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു ശരിയോട് ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ നാം അസ്വസ്ഥരാകുന്നുണ്ടെങ്കില്‍, എന്‍റെ ശരി ഏവരുടെയും ശരിയായിരുന്നാല്‍ മതി; ഞാന്‍ പറയും, നിങ്ങള്‍ അനുസരിച്ചാല്‍ മതി എന്ന നിര്‍ബന്ധബുദ്ധി എവിടെയെങ്കിലും നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മതദ്വേഷത്തിന്‍റെ കാലുഷ്യം പേറുന്നവരാണ് നാം. അതൊഴിവാക്കണം.


സോദരത്വേന വാഴുക: കുട്ടികളും അപ്പൂപ്പനും അമ്മൂമ്മയും ഉള്‍പ്പടെ ആണും പെണ്ണും ഒന്നിച്ചു കഴിയുന്ന വീട്ടില്‍, നാട്ടില്‍, പ്രായഭേദമോ ലിംഗഭേദമോ നോക്കാതെ, ഏത് വിഷയവും ഏവരുമായും ചര്‍ച്ച ചെയ്യാനും എല്ലാവരുടെയും താല്പര്യത്തെ മാനിച്ചുകൊണ്ട് തീരുമാനമെടുക്കാനുമുള്ള മനസ്സ് കുടുംബത്തിലും നാട്ടിലും ജീവിക്കുന്ന വ്യക്തികള്‍ക്ക് എന്നാണോ ഉണ്ടാകുന്നത് അന്ന് നാം സോദര ത്വേന വാഴുന്നവരാണെന്ന് പറയാം.

ഗുരുവിന്‍റെ മതം

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിട്ടുന്നു;

ജഗതിയിലിമ്മത മേകമെന്നു ചിന്തിബ

ച്ചഘമണയാതകതാര മര്‍ത്തിടേണം


ഗുരുവിന്‍റെ ഹൃദ്യമായ, മനോഹരമായ നാലു വരികളാണ്. മതത്തെ കുറിച്ച് ഗുരു പറയാന്‍ ശ്രമിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സകല ജീവജാലങ്ങളും ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ, ആഗ്രഹിക്കുന്നത് സുഖമായിരിക്കണം, സമാധാനത്തോടെ ഇരിക്കണം എന്നാണ്. ആ അര്‍ത്ഥത്തില്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും ഒരു മതമേ ഉള്ളൂ. അത് ഏത് ദേശത്തുള്ളവനായാലും ശരി, മതവിശ്വാസിയായാലും ശരി, മതവിശ്വാസമില്ലാത്ത ആളായാലും ശരി, ഏത് രാഷ്ട്രീയക്കാരനായാലും ശരി, എല്ലാവരും ആഗ്രഹിക്കുന്നത്, അവരുടെ വിശ്വാസം കൊണ്ടാഗ്രഹിക്കുന്നത്, അവരുടെ അവിശ്വാസം കൊണ്ടാഗ്രഹിക്കുന്നത് സമാധാനം ഉണ്ടാവണം എന്നാണ്. വ്യക്തിജീവിതത്തിലായാലും, കുടുംബജീവിതത്തിലായാലും, സാമൂഹിക ജീവിതത്തിലായാലും സ്വസ്ഥമായിരിക്കണം, ആത്മസുഖമുള്ളവരായിരിക്കണം, സ്വാസ്ഥ്യമുള്ളവരായിട്ടിരിക്കണം എന്നു മാത്രമാണ് എല്ലാവരും കരുതുന്നത്.


നമ്മള്‍ അറിവ് നേടുന്നത്, പണം നേടുന്നത്, പ്രശസ്തി ആഗ്രഹിക്കുന്നത്, വ്യത്യസ്തമായ അധികാര ലോകങ്ങളെ പ്രാപിക്കാന്‍ വേണ്ടി നിരന്തരം പ്രയത്നിക്കുന്നത്, പ്രാര്‍ത്ഥിക്കുന്നത്, ധ്യാനിക്കുന്നത് എല്ലാം നോക്കി കഴിഞ്ഞാല്‍ സുഖം തേടിയിട്ടുള്ള യാത്രകളാണ് എല്ലാമെന്ന് അറിയാനാകും. ആ അര്‍ത്ഥത്തില്‍, അത് ഭൗതികമായ സുഖമാകാം, ആത്മീയമായ സുഖമാകാം, മാനസികമായ സുഖമാകാം, ഏതു തരത്തിലുള്ള സുഖമായാലും അകത്തും പുറത്തും സ്വസ്ഥമായി ഇരിക്കണം, ആത്മസുഖത്തോടു കൂടിയിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്നതുകൊണ്ട് ലോകത്തില്‍ ഒരേ ഒരു മതമേ ഉള്ളൂ. അത് ആത്മ സുഖം അനുഭവിക്കുക എന്ന മതമാണ് എന്നാണ് ഗുരു പറയാന്‍ ശ്രമിക്കുന്നത്.


ലോകത്തിലുണ്ടായിട്ടുള്ള വ്യത്യസ്തമായ ആശയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകുന്നത് അതിന്‍റെയെല്ലാം ലക്ഷ്യമായിരിക്കുന്ന സാരം ഒന്നുതന്നെയാണ് എന്നതാണ്. അങ്ങനെ ഒരു അറിവുണ്ടാകുമ്പോഴാണ് നമ്മള്‍ ശരി, ബാക്കിയുള്ളവരൊക്കെ തെറ്റ് എന്നു പറയുന്ന പ്രവണത ഇല്ലാതെയാവുക. ഓരോ കാലത്ത് ഓരോ ദേശത്ത് വ്യത്യസ്തമായ രീതിയില്‍ സമാധാനത്തിലുള്ള വഴികള്‍ മനുഷ്യര്‍ തേടിയിട്ടുണ്ട്, കണ്ടെത്തിയിട്ടുണ്ട്, അതവര്‍ ജീവിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ ആധുനിക ലോകത്ത് വന്നുനില്‍ക്കുമ്പോള്‍ ലക്ഷക്കണക്കിന് വഴികളിലൂടെ മനുഷ്യര്‍ സമാധാനം തേടി അലഞ്ഞത് അറിയാനാകുന്നുണ്ട്. ഇതില്‍ ഏതാണ് ശരിയെന്ന് അന്വേഷിക്കാതെ ഈ അന്വേഷണങ്ങളിലെല്ലാം സാരമായിരിക്കുന്ന ശരിയെ കണ്ടെത്തി അതിനെ അംഗീകരിക്കാനും അതില്‍നിന്ന് കൊള്ളാവുന്നതിനെയൊക്കെ ജീവിതത്തിലേക്ക് സ്വാംശീകരിക്കാനും ജീവതത്തിന്‍റെ സ്വാസ്ഥ്യത്തിന് ചേരാത്തതെന്ന് തോന്നുന്നതിനെ മാറ്റി നിര്‍ത്താനുമുള്ള മനോഭാവം മാത്രമേ കാണിക്കേണ്ടതുള്ളൂ. അല്ലാതെ ശരിയായ ഒരു മതം, തെറ്റായ ഒരു മതം എന്നു പറഞ്ഞ് ഒന്നില്ല. എല്ലാവരും സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടി തന്നെയാണ് അവരുടെ എല്ലാ തരത്തിലുമുള്ള യാത്രകളും നടത്തുന്നതെന്ന് ചിന്തിച്ചു മനസ്സിലാക്കണമെന്നാണ് നാരായണ ഗുരു പറയുന്നത്.


എന്തുകൊണ്ടാണ് ചിന്തിച്ച് മനസ്സിലാക്കണമെന്ന് പറയേണ്ടി വരുന്നത്? നമ്മളൊന്നും ചിന്തിക്കുന്ന ജീവിയല്ല എന്നുള്ളതുകൊണ്ടാണ്. നമ്മളില്‍ ചിന്തിക്കുന്നവര്‍ ഉണ്ടെന്നേ ഉള്ളൂ. കാലങ്ങളായി ശരിയെന്ന് ധരിച്ച് പോരുന്നതിനെ പിന്‍തുടരുന്നവര്‍ മാത്രമാണ് നമ്മള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.


ഒരാള്‍ മുസ്ലിമായിട്ടിരിക്കുന്നത്, ഹിന്ദുവായിട്ടിരിക്കുന്നത്, ക്രിസ്ത്യാനിയായിട്ടിരിക്കുന്നത്, ബുദ്ധിസ്റ്റ് ആയിരിക്കുന്നത് ഖുറാന്‍ പഠിച്ചിട്ടോ, ഭഗവദ്ഗീത പഠിച്ചിട്ടോ, ബൈബിള്‍ പഠിച്ചിട്ടോ ധര്‍മ്മപദ പഠിച്ചിട്ടോ അല്ല. ആ ഒരു മതപശ്ചാത്തലത്തില്‍ വന്നു ജനിച്ചു എന്നതുകൊണ്ടു മാത്രം അതായിപ്പോയതാണ്. ചിന്തിച്ചിട്ടല്ല അതായത്.


എപ്പോഴാണ് നമ്മള്‍ ചിന്തിക്കുന്നവരാകുക? നമ്മള്‍ ഖുറാനും, ബൈബിളും, ഗീതയും, ധര്‍മ്മപദയും, ദാസ് ക്യാപ്പിറ്റലും അതുപോലെയുള്ള എല്ലാ പുസ്തകങ്ങളും വളരെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കി ചിന്തിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക ഇതിലെല്ലാം പറഞ്ഞുവെച്ചിട്ടുള്ളത് സമാധാനത്തിലേക്കുള്ള വഴികളാണ് എന്ന്. ചിന്തിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്തമായിട്ടിരിക്കുന്ന ആശയങ്ങളെല്ലാം സമാധാനത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികളാണെന്ന് മനസ്സിലാവുക. ചിന്തിക്കാത്ത ആളെ സംബന്ധിച്ചിടത്തോളം അയാള്‍ ഏതൊരു പശ്ചാത്തലത്തിലാണോ ജനിച്ചത് ആ ശരിയില്‍ ഉറച്ചുനില്‍ക്കുന്ന വികാരത്തിന് അടിമപ്പെട്ട് അക്രമാസക്തിയുള്ള ആളായിട്ട് മാറാന്‍ സാദ്ധ്യതയുണ്ട്.


ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടു തരത്തിലാണ് കാര്യങ്ങള്‍ ഉണ്ടാവുക. ഒന്ന്, താന്‍ പറയുന്നത് മാത്രമല്ല ശരി, വേറെയും ശരികളുണ്ടെന്ന ഒരറിവിലേക്ക് നമ്മളുണരും. അങ്ങനെ ഒരറിവിലേക്ക് ഉണര്‍ന്നാല്‍ പോലും നമ്മള്‍ ഏതൊരു വ്യവസ്ഥയിലാണോ ആയിരിക്കുന്നത്, നമ്മള്‍ ഏതൊരു ശരിയിലാണോ ആയിരിക്കുന്നത്, അതില്‍ ഉള്‍പ്പെടാത്തതെല്ലാം ശരിയെന്ന് സമ്മതിക്കാന്‍ മനസ്സു വഴങ്ങില്ല.

നമ്മുടെ മനസ്സെപ്പോഴും കാലങ്ങളായി നമ്മള്‍ വിശ്വസിച്ചു പോരുന്ന ശരി മാത്രമാണ് ശരി, ബാക്കിയൊന്നും ശരിയല്ലെന്ന് പറഞ്ഞുകൊണ്ടിരിക്കും. എത്ര അറിഞ്ഞാലും നമ്മള്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ഞാന്‍ മാത്രമാണ് ശരി, അപ്പുറത്തിരിക്കുന്നവരൊക്കെ തെറ്റാണെന്ന് പറഞ്ഞ് നമ്മുടെയുള്ളില്‍ ഉണര്‍ന്നു വരുന്ന ബോധവൃത്തിയ്ക്ക് പറയുന്ന പേരാണ് 'അഘം' എന്ന്. അതൊരു പാപമാണ്, അതൊരു തെറ്റാണ്. അത് നമ്മുടെ ഉള്ളില്‍ നിന്ന് ഉണര്‍ന്ന് വന്ന് നമ്മളെയും മറ്റുള്ളവരെയും കലുഷമാക്കാതിരിക്കാന്‍ വേണ്ടി നമ്മള്‍ നമ്മുടെ അകതാര് അമര്‍ത്തി ജീവിക്കണം. നമ്മള്‍ ക്ഷമയുള്ളവരായി, സംയമനം ചെയ്യുന്നവരായിട്ട് ജീവിക്കണം എന്നാണ് ഗുരു പറയുന്നത്.


സ്വാഭാവികമായിട്ടും നമ്മുടെ ഉള്ളില്‍ "function' ചെയ്യുക നമ്മുടെ മതം മാത്രമാണ് ശരി, നമ്മുടെ അഭിപ്രായം മാത്രമാണ് ശരി, ബാക്കിയുള്ളതൊക്കെ തെറ്റ് എന്നാണ്. നമ്മള്‍ ചിന്തിച്ച് എല്ലാ മതങ്ങളുടെയും എല്ലാ ദര്‍ശനങ്ങളുടെയും സാരത്തിലേക്ക് സ്നേഹത്തോടെയും സൗഹൃദത്തോടെയും കടന്നു പരിശോധിക്കുമ്പോഴാണ് എല്ലാറ്റിലും നിറഞ്ഞിരിക്കുന്നത് ഒരേ സത്യം തന്നെയാണ്, ഒരേ പൊരുള്‍ തന്നെയാണ്, ആത്മസുഖം തേടുന്ന വഴികള്‍ തന്നെയാണ് എല്ലാറ്റിലും പറഞ്ഞിട്ടുള്ളതെന്ന് ബോധ്യമാവുക. അങ്ങനെ ബോദ്ധ്യമായി കഴിഞ്ഞാലും നമ്മുടെ ഉള്ളില്‍ കാലങ്ങളായി ശീലിച്ചുപോന്നിട്ടുള്ള ഞങ്ങളാണ് ശരി ബാക്കിയുള്ളവരൊക്കെ തെറ്റാണെന്ന് പറയുന്ന സൂക്ഷ്മ മായ ബോധസഞ്ചാരങ്ങള്‍ക്ക് മാറ്റം വരണമെന്നില്ല. ഓരോ സന്ദര്‍ഭം വരുമ്പോഴും നമ്മുടെ ഉള്ളില്‍ നിന്ന് ഉണര്‍ന്ന് വരുന്ന ക്ഷോഭത്തെ സംയമനം ചെയ്ത് ക്ഷമയോടെ നമ്മള്‍ നമ്മളോട് പറയണം: "അതേയ്, നമ്മള്‍ മാത്രമല്ല ശരി, അവരിലും ശരിയുണ്ട്. അവരെയും നമ്മള്‍ ചേര്‍ത്ത് പിടിക്കേണ്ടതുണ്ട്. അവരെയും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ട് നീ അടങ്ങിയൊതുങ്ങി അവിടെയിരിക്കണം ട്ടോ.."


നമ്മുടെ അകതാരിനെ അടക്കി ഞാന്‍ എന്‍റെ ശരികള്‍ സത്യസന്ധമായി, സൗഹൃദപരമായി ജീവിക്കുമ്പോഴും അപ്പുറത്തിരിക്കുന്ന ശരികളെയും മാനിച്ചുകൊണ്ടുള്ള, അവരെയും കൂടി ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരു സമഗ്രദര്‍ശനം നമ്മുടെ ബോധത്തില്‍ രൂപപ്പെടണം എന്നാണ് ഗുരു പറയാന്‍ ശ്രമിക്കുന്നത്. അതാണ് കാലം ആവശ്യപ്പെടുന്ന മൂല്യം. ലോകസമാധാനത്തിലേക്കുള്ള വഴി.


ലോകസമാധാനവും നാരായണഗുരുവും

ഷൗക്കത്ത്

അസ്സീസി മാസിക സെപ്റ്റംബ‌ർ 2025

Sep 7, 2025

0

67

Recent Posts

bottom of page