

മുറ്റത്തും പറമ്പിലുമൊക്കെയായിരുന്നു കുട്ടികളായ ഞങ്ങൾ ബാല്യത്തിൽ കളിച്ചിരുന്നത്. വേലിയ്ക്കൽ ഒരുതരം കള്ളിമുൾച്ചെടിയുണ്ടായിരുന്നു. പലപ്പോഴും അതിന്റെ നീണ്ടുകൂർത്ത മുള്ളുകൾ കൈപ്പത്തിയിലും മറ്റും തറയും. നന്നെ ചെറിയ അതിന്റെ അഗ്രം മിക്കവാറും ഒടിഞ്ഞ് ചർമ്മത്തിനകത്ത് ഇരിക്കും. തൊലിയിലെ മുൾമുന കാണാൻ കഴിയുന്നുണ്ടെങ്കിൽ അമ്മ അത് സൂചികൊണ്ട് പുറത്തെടുത്തു തരും. കാണാൻ കഴിയുന്നതിലും ചെറുതാണെങ്കിൽ അത് അവിടെ ഇരിക്കും. രണ്ടാം നാൾ അവിടെ അല്പം പഴുപ്പ് ബാധിച്ചിട്ടുണ്ടാകും. ചലവും കാണും. അകത്ത് കയറിയിരിക്കുന്ന കണ്ണിൽ കാണാത്ത അന്യ വസ്തുവിനെ പുറന്തള്ളാൻ ഉള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണത്.
പറയാൻ പോകുന്ന കാര്യം മുമ്പ് പലതവണ പറഞ്ഞുകാണും. എങ്കിലും വീണ്ടും പറയേണ്ടതുണ്ട് എന്ന് തോന്നുന്നതിനാലാണ് വീണ്ടും പറയുന്നത്. പഴയ നിയമം ബൈബിളിൽ സമാധാനത്തെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും ഒപ്പം നീതിയെക്കൂടി ബന്ധിപ്പിച്ചാണ് പറയുന്നത് എന്നുകാണാം. 'ഷലോം' എന്ന പദം പോലും നീതിനിഷ്ഠതയെയും ശാന്തിയെയും ഒരേ സമയം ദ്യോതിപ്പിക്കുന്നതാണ്.
"നീതിയും സമാധാനവും പരസ്പരം ചുംബിക്കും" (സങ്കീ. 85: 10)
"നീതി അന്വേഷിക്കുവിൻ. മർദ്ദനം അവസാനിപ്പിക്കുവിൻ. അനാഥരോട് നീതി ചെയ്യുവിൻ. വിധവകൾക്കു വേണ്ടി വാദിക്കുവിൻ. കർത്താവ് അരുൾച്ചെയ്യുന്നു: വരുവിൻ, നമുക്ക് രമ്യതപ്പെടാം." (ഏശ. 1: 17 -18)
"തിന്മയിൽ നിന്നകന്ന് നന്മചെയ്യുവിൻ; സമാധാനമന്വേഷിച്ച് അതിനെ പിന്തുടരുവിൻ" (സങ്കീ. 34:14)
''കുറ്റമില്ലാത്തവനെ ശ്രദ്ധിക്കുക, നീതിമാനെ നിരീക്ഷിക്കുക; എന്തെന്നാൽ, അവൻ്റെ ഭാവി സമാധാനമായിരിക്കും." (സങ്കീ. 37:37).
സമൂഹത്തിൽ സമാധാനം നഷ്ടപ്പെടുന്നത് എപ്പോഴാണ്? അനീതി സംഭവിക്കുമ്പോൾ; കോയ്മ നടത്തുമ്പോൾ; അവകാശ നിഷേധമുണ്ടാകുമ്പോൾ. സമൂഹത്തിൽ എപ്പോഴാണ് സമാധാനം ഉണ്ടാവുക? നീതി പുനഃസ്ഥാപിക്കപ്പെടുമ്പോൾ; കുതിരകയറ്റം അവസാനിപ്പിക്കുമ്പോൾ; സമത്വം അംഗീകരിക്കപ്പെടുമ്പോൾ; അവകാശങ്ങൾ മാനിക്കപ്പെടുമ്പോൾ.
അതൊക്കെക്കൊണ്ടാണ് 'നീതിയിലൂടെയാണ് സമാധാനം' എന്ന് സഭ പഠിപ്പിക്കുന്നത്. നീതി നടപ്പാക്കാതെ സമാധാനം ഉണ്ടാവില്ല.
ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ അടിസ്ഥാനം അവൻ്റെ ഉയിർപ്പാണ്. ഉയിർപ്പും പറയുന്നത് കോയ്മയും അടിച്ചമർത്തലും ഇല്ലാതാക്കലും താൽക്കാലികം മാത്രമായിരിക്കും എന്നാണ്. ഇല്ലാതാക്കപ്പെട്ടത് ഇല്ലാതാകുന്നില്ല. അടിച്ചമർത്തപ്പെട്ടത് അമർന്നിരിക്കുന്നുമില്ല.
ക്രിസ്തുവിനെയോ സഭാ പ്രബോധനങ്ങളെയോ അറിഞ്ഞിട്ടുള്ളവർ നീതിയുടെ വഴി നടക്കില്ലേ? നടക്കേണ്ടതാണ്.
ലോകമെമ് പാടും നീതി നടപ്പാവട്ടെ. സഭ അതിനൊരു അപവാദം ആകാതിരിക്കട്ടെ.





















