
സംശയിക്കുന്ന തോമ്മാ...

'സംശയിക്കുന്ന തോമ്മാ' (ആഗസ്‌റ്റ് 96) യെപ്പറ്റി ഒരു പ്രതികരണമാണിത്. പ്രേഷിതപ്രവർത്തനത്തിന് മറ്റൊരു മാനദണ്ഡം സൂചിപ്പിച്ചുവല്ലോ. രോഗമെന്ന സംഘർഷാവസ്‌ഥ തരണം ചെയ്യുവാനായി, "മൗലികമായ ചില മനോഭാവങ്ങളും മൂല്യങ്ങളോടുള്ള പ്രതിബന്‌ധ തയും ജീവിതത്തിന്റെ അർത്ഥത്തെപ്പറ്റിയുള്ള അവബോധവുമെല്ലാം രോഗികളിൽ സംജാതമാകേണ്ടിയിരിക്കുന്നു" എന്ന് അച്ചൻ പറഞ്ഞുവല്ലോ. സന്ന്യസ്തർക്കും സമർപ്പിതർക്കുമാണ് ഈ ദൗത്യം നിറവേറ്റുവാൻ കൂടുതൽ സാധിക്കുകയെന്നും അച്ചൻ സൂചിപ്പിക്കുന്നുണ്ട്.
Pastoral ministry in health care എന്ന മേഖലയാണിത്. നമ്മുടെ ആശുപത്രികൾ "ഒടുക്കത്തെ" ഒപ്രുശുമായ്ക്ക് ഒരച്ചനെ കണ്ടുപിടിക്കുന്ന ചടങ്ങോടു കൂടി ഈ കർത്തവ്യം അവസാനിപ്പിക്കുന്നു. 'കത്തോലിക്കാ ആശുപത്രി'യല്ലേ, ഒരു കപ്പൂച്ചിൻ ഇല്ലെങ്കിൽ മോശമല്ലേ എന്ന കുറ്റബോധത്താലാണെന്നു തോന്നുന്നു. ഈ ആശുപത്രികൾ ഒരു കപ്പൂച്ചിനെ നിയമിക്കാറുണ്ട്. പക്ഷേ ഇങ്ങനെ ഒരു കപ്പൂച്ചിൻ ഉള്ള വിവരം ഇവിടെയെത്തുന്ന രോഗികൾക്കാർക്കും അറിയില്ല. മുമ്പിലത്തെ ബോർഡിൽ റിട്ടയർഡ് ഡ. ഡ. ഡയെന്നെല്ലാം എഴുതിയ പേരുകൾ ഉണ്ട്. പക്ഷേ കപ്പൂച്ചിൻ്റെ പേരില്ല. കപ്പൂച്ചിൻ്റെ പ്രധാന ജോലി മറ്റു രംഗങ്ങളിലാണ്. അപ്പോൾ അച്ചനെ ആശുപത്രിയിൽ തിരക്കിയിട്ടു കാര്യമില്ലല്ലോ.
നമ്മുടെ ആശുപത്രികൾ "സൂപ്പർ സ്പെഷ്യാൽറ്റി"ക്കുവേണ്ടി ശ്രമിക്കണമോ വേണ്ടയോ എന്ന കാര്യത്തെപ്പറ്റി ഞാൻ മൗനമവലംബിക്കുന്നു. നമ്മുടെ ആശുപത്രികളിൽ അവശ്യം ഉണ്ടാവേണ്ട സൂപ്പർ സ്പെഷ്യാൽറ്റി ഒരിടത്തുമില്ല താനും. Pastoral ministry യുടേതായ സൂപ്പർ സ്പെഷ്യാൽറ്റിയേപ്പറ്റിയാണ് ഞാൻ സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ നമ്മുടെ ആശുപത്രികളിലെ ഏറ്റം വലിയ സൂപ്പർ സ്പെഷ്യലിസ്റ്റ് Pastoral counsellor ആയ Chaplain ആയിരിക്കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന് ബോർഡിൽ എഴുതുവാൻ ഉതകുന്ന ഡോ. യുണ്ടായാൽ നന്ന്. ഡോ അത്യന്താപേക്ഷിതമെന്ന് ഞാൻ പറയുകയല്ല. എന്തായാലും ഹോസ്പിറ്റലിൽ ഡോക്ടറെ കാണുവാൻ ശ്രമിക്കുംപോലെ Pastoral Counsellor നെ കാണുവാൻ ശ്രമിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ഈ ആശുപത്രി ശുശ്രുഷ വളരേണ്ടിയിരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും മനശാസ്ത്രം പഠിച്ച് പണ്ഡിതന്മാരായി വരുന്ന വൈദികരും സന്യാസിനിമാരും നമുക്കു ധാരാളമുണ്ടല്ലോ. അവരെയാരെയും ആവശ്യമുള്ളിടത്ത് ഇന്നുവരെയും നിയമിതരായി കണ്ടിട്ടില്ല.
Mathai Mathew
2 D Mountfort,
Kottayam-1
ശ്രീ മത്തായി മാത്യു,
കത്തോലിക്ക ആശുപത്രികൾ നടത്തുന്നവരുടെയും സഭാധികാരികളുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ട ഒരു കാര്യത്തിലേക്കാണ് ശ്രീ മത്തായി മാത്യു ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. നമ്മുടെ ആശുപത്രികളിലെ അജപാലന ശുശ്രൂഷ വളരെ പരിതാപകരമായ ഒരവസ്ഥയിലാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ ഇടയില്ല. വളരെ പരിമിതവും ചിലപ്പോൾ വികലവുമായ ഒരു ദൈവ ശാസ്ത്രവീക്ഷണത്തിന്റെ പശ്ച്‌ചാത്തലത്തിൽ പരികർമ്മം ചെയ്യപ്പെടുന്ന ഒടുവിലത്തെ ഒപ്രുശുമായും കുമ്പസാരവും കുർബാനസ്വീകരണവുമാണ് മിക്ക കത്തോലിക്കാ ആശുപത്രികളിലും രോഗികൾക്കു കിട്ടുന്ന അജപാലന ശുശ്രൂഷ. രോഗികൾക്കു വേണ്ടിയുള്ള പ്രത്യേക കൂദാശയായ രോഗീലേപനത്തെ ഒടുവിലത്തെ ഒപ്രുശുമാ ആയി കരുതുന്നതു ശരിയല്ലെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സഭ പഠിപ്പിക്കുന്നുണ്ടെങ്കിലും പ്രായോഗികതലങ്ങളിലേക്ക് ഈ പഠനം ഇനിയും എത്തിയിട്ടി ല്ല. രോഗീലേപനം വെറും അന്ത്യകൂദാശയല്ലെന്നു വിശദീകരിച്ച് ഈ പംക്തിയിൽ മുമ്പു ഞാൻ എഴുതിയിരുന്നു, ("വെളിച്ചമേ നയിച്ചാലും" ജീവൻ ബുക്സ്, ഭരണങ്ങാനം 1990, പേജുകൾ 93-100 കാണു ക). മരണനേരത്ത് മാന്ത്രികമായി ഫലം ചെയ്യുന്ന എന്തോ ഒരനുഷ്ഠാനമായിട്ടാ ണ് ആളുകൾ ഇപ്പോഴും ഈ കുദാശയെ കാണുന്നത്. അതിനാൽ നേരത്തെ അതു സ്വീകരിക്കാൻ രോഗിക്കു ഭയവും അതിന് അച്ചനെ വിളിക്കാൻ ബന്ധുക്കൾക്കു മടിയുമാണ്. കുമ്പസാരത്തിന്റെയും കുർബാന സ്വീകരണത്തിൻ്റെയും കാര്യത്തിലാണെങ്കിലും പരമ്പരാഗതമായ പരികർമ്മവിധികൾക്കപ്പുറം രോഗത്തിൻ്റെയും രോഗികളുടെയും രോഗമുളവാക്കുന്ന വ്യക്തി പരവും മാനസികവുമായ പ്രശ്നനങ്ങളുടെയും പശ്‌ചാത്തലമൊന്നും കണക്കിലെടുക്കപ്പെടാറില്ല.
ഹോസ്‌പിറ്റൽ chaplaincy എന്നത് വെറും നാമമാത്ര സേവനരംഗമായിട്ടാണ് പൊതുവേ പരിഗണിക്കപ്പെട്ടുവരുന്ന തെന്ന് ശ്രീ മത്തായി മാത്യു പറഞ്ഞതിനോടു വിയോജിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. രോഗശമനമെന്നതിലും കവിഞ്ഞ മാനുഷികാവശ്യങ്ങൾ രോഗിക്കുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്‌തു തയാണ്. ബഹുവിധ രോഗങ്ങൾക്കു ശമനം വരുത്തുവാൻ വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റുകളും സൂപ്പർ സ്പെഷ്യലിസ്‌റ്റുകളുമുള്ളതു പോലെ തന്നെ, അജപാലന ശുശ്രൂഷയിലും വൈദഗ്‌ധ്യം നേടിയ വ്യക്തികൾ നമ്മുടെ ആശുപത്രികളിൽ ഉണ്ടാകേണ്ടത് ഇന്നത്തെ അടിയന്തിരമായ ഒരാവശ്യം തന്നെ പ്രത്യേകിച്ചും ആശുപത്രികൾ മിക്കതും ബിസിനസ് സ്‌ഥാപനങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ നിയമിക്കപ്പെടുന്നയാൾ വൈദികനോ സമർപ്പിതനോ/യോ അത്മായനോ ആകാം. അജപാലന ശുശ്രൂഷയിലുള്ള വൈദഗ്‌ധ്യവും രോഗികളോടുള്ള പ്രതിബദ്ധതയുമാണ്. മുഖ്യമാനദണ്ഡമായി എടുക്കേണ്ടത്. വൈദികനാണെങ്കിൽ, (വേണ്ടവിധം പരികർമ്മം ചെയ്യപ്പെടുന്ന) കൗദാശികമായ ശുശ്രൂഷയും അദ്ദേഹത്തിൻ്റെ അജപാലനത്തിൽ ഉൾപ്പെടുത്താമെന്നത് ഒരു പ്രയോജനം തന്നെയാണ്. അജപാലനശുശ്രൂഷയിൽ വൈദഗ്ധ്യം നേടി ആശുപത്രികളിൽ നിയമിക്കപ്പെടുന്ന വ്യക്തികൾക്കും ഡോക്ടേഴ്സിനുള്ളതു പോലെ തന്നെ സേവനവേതനവ്യവസ്‌ഥകൾ ഉണ്ടെങ്കിൽ മാത്രമേ പ്രായോഗികമായി ഈ ശുശ്രൂഷ വിജയിക്കയുള്ളു. സാധാരണക്കാർക്കും പ്രയോജനം ലഭിക്കത്തക്ക വിധമുള്ള ശുശ്രൂഷയായിരിക്കണം അവരുടേത്. മറ്റു കൗൺസിലിംഗ് കേന്ദ്രങ്ങളിലെന്നപോലെ ഭീമമായ ഫീസ് കൊടുക്കേണ്ടി വരുന്നെങ്കിൽ സാധാരണക്കാർക്കു പ്രയോജനമുണ്ടാകയില്ലല്ലോ. 'ബില്ലില്ലാ ശമ്പളം പറ്റുന്ന' സൂപ്പർ സ്പെഷ്യലികളായി ഇത്തരം അജപാലന ശുശ്രൂഷകരും രൂപാന്തരപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇങ്ങനെ ഔദ്യോഗികമായി നിയമിക്കപ്പെടുന്ന അജപാലന ശുശ്രൂഷകർക്കും ഒരു പരിധി വരെ മാത്രമേ ആശുപത്രികളിലെ അജപാലനപരമായ ആവശ്യങ്ങൾ നിർവഹിക്കാനാവൂ. സ്ഥാപനവത്ക്കരിക്കപ്പെടുന്ന അജപാലന ശുശ്രൂഷയ്ക്ക് അതിൻ്റേതായ പരിമിതികളുണ്ട്. Write up ൽ പറഞ്ഞിരിക്കുന്ന അഗാപ്പെ പോലുള്ള സന്നദ്ധ സംഘടനാംഗങ്ങൾക്ക് ഇവിടെ വളരെയേറെ ചെയ്യാനാവും. രോഗികൾക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷയുടെ അടിസ്‌ഥാനപാഠങ്ങൾ ഉൾക്കൊണ്ടവരും രോഗികളെ സ്നേഹിക്കുന്നവരുമായിരിക്കണം ഈ ശുശ്രൂഷകൾ എന്നു വ്യക്തമാണമല്ലാ അഗാപ്പെ സംഘടന അതിനു മുൻകൈയെടുത്തു പ്രവർത്തിക്കുന്നുവെന്നത് ഏറെ സന്തോഷകരവും പ്രോത്സാഹനാർഹവുമായ കാര്യമാണ്. ഫെബ്രുവരി ലക്കം അസ്സീസിയിലെ വായന ക്കാരുടെ പംക്തിയിൽ ശ്രീമതി റോസമ്മ മാത്യു എഴുതിയതുപോലെ, (പേജ് 43) ഇങ്ങനെയുള്ള സംഘടനകൾക്ക് ആശുപ ത്രികളിൽ മാത്രമല്ല, സ്വന്തം ഇടവകയിലും രോഗികളെ സന്ദർശിക്കയും ശുശ്രൂഷി ക്കയും ചെയ്ത് ഇടവക കൂട്ടായ്മയെ സജീവമാക്കുന്നതിൽ വലിയ ഒരു പങ്കുവഹിക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല.
ആശുപത്രിയിൽ ഔദ്യോഗികമായി നിയമിക്കപ്പെടുന്ന അജപാലന ശുശ്രൂഷകർക്കും ക്രൈസ്തവസ്നേഹത്തിന്റെ പ്രതിബദ്ധതയോടെ ഈ രംഗത്തേക്കു കടന്നുവരുന്ന സന്നദ്ധ സംഘടനാംഗങ്ങൾക്കും ഇന്നു തീരെ അവഗണിക്കപ്പെട്ടു കിടക്കുന്ന ഈ മേഖലയിൽ ഒട്ടേറെ ചെയ്യാൻ കഴിയുമെന്നതു ശരിതന്നെ. എങ്കിലും ഇതെല്ലാം രോഗശുശ്രൂഷാ പ്രക്രിയയ്ക്കു ബാഹ്യമായ സേവനമാണ്. രോഗത്തിനുള്ള ശുശ്രൂഷയെയും രോഗികളായ മനുഷ്യർക്കുള്ള ശുശ്രൂഷയെയും രണ്ടായി തരം തിരിച്ച്, ഒന്നാത്തേത് ഡോക്ടർമാരെയും നേഴ്സുമാരെയും രണ്ടാമ ത്തേത് അജപാലന ശുശ്രൂഷകരെയും ഏല്പിക്കുന്നത് യഥാർത്ഥത്തിൽ അനാരോഗ്യകരമായ ഒരു പ്രവണതയാണ്. രോഗശുശ്രൂഷ ഒരു 'ബിസിനസ്' ആയി തരം താഴ്ന്നിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ഇതൊരാവശ്യം തന്നെ.
പിന്നെ, പ്രായോഗികപരിഗണനകൾ വെച്ചുനോക്കുമ്പോൾ എല്ലാ സാഹചര്യത്തിലും ഔദ്യോഗികമായി നിയമിതരായിരിക്കുന്ന ഒന്നു രണ്ടു അജപാലന ശുശ്രൂഷകരെങ്കിലും ഓരോ ആശുപത്രിയിലുമുള്ളതു നല്ലതാണെന്ന കാര്യത്തിൽ തർക്കമില്ല. രോഗികൾക്കാവശ്യമുള്ള മാനുഷികവും വ്യക്തിപരവുമായ പരിഗണനയും സഹായവും ഏതു സമയത്തും കൊടുക്കുന്നതിന് എല്ലാവരും സ്വതന്ത്രരായിരിക്കയില്ലല്ലോ. എന്നാൽ ഇങ്ങനെയുള്ള പരിഗണനയ്ക്കും സഹായങ്ങൾക്കുമപ്പുറം രോഗശുശ്രൂഷയിൽ തന്നെ ഉൾക്കൊള്ളേണ്ട ഒരു രോഗീശുശ്രൂഷയുണ്ട്. അതേപ്പറ്റിയാണ് ആഗസ്റ്റ് മാസത്തിലെ അസ്സിസിയിൽ ഞാൻ എഴുതിയിരുന്നത്. പല ആശുപത്രികളിലും പ്രഗത്ഭരായ ഡോക്ടർമാരും കാര്യശേഷിയുള്ള നേഴ്സുമാരും വിലയേറിയ മരുന്നുകളും രോഗികൾക്കു ലഭ്യമായിരിക്കുമെങ്കിലും മിക്ക രോഗികളും കൊതിക്കുന്ന സ്നേഹമോ ഊഷ്‌മളതയോ സഹാനുഭൂതിയോ മനുഷ്യത്വത്തിൻ്റെ സ്പർശനമോ ഒന്നും പലപ്പോഴും അവർക്കു ലഭിച്ചെന്നുവരില്ല. മനഃശാന്തിക്കു മാത്രമല്ല, രോഗശാന്തിക്കു തന്നെ ഇവ പലപ്പോഴും ആവശ്യമാണ്. മിക്ക രോഗികളിലും, അതു വിജയപൂർവം തരണം ചെയ്യുന്നതിന് മൗലികമായ ചില മനോഭാവങ്ങളും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ജീവിതത്തിന്റെ അർത്ഥ ത്തെപ്പറ്റിയുള്ള അവബോധവുമെല്ലാം സംജാതമാകേണ്ടിയിരിക്കുന്നു. മരുന്നുകൾക്കോ ബിസിനസ്‌പരമായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കോ നേഴ്സുമാർക്കോ ഒന്നും ഇതിൽ രോഗിയെ കാര്യമായി സഹായിക്കാനാവില്ല. സന്ന്യസ്തർക്കും സമർപ്പിതർക്കുമാണ് ഈ ദൗത്യം നിറവേറ്റുവാൻ കൂടുതൽ സാധിക്കുക. സന്ന്യസ്തരും സമർപ്പിതരും നടത്തുന്ന ആശുപത്രികൾ സാധാരണക്കാർക്കും ചികിത്‌സ ലഭിക്കാവുന്ന സ്‌ഥാപനങ്ങളായിത്തീരുന്നതിനു പുറമെ, മേൽ പറഞ്ഞ അർത്ഥത്തിലുള്ള ഒരു സേവനമേഖലയായിത്തീരണമെന്നാണ് എൻ്റെ ലേഖനത്തിൽ ഞാൻ പറഞ്ഞിരുന്നത്. അതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
അസ്സീസി മാസിക മാർച്ച് 1997





















