top of page

പസ്സോളിനിയുടെ ക്രിസ്മസ്

Dec 1, 2013

1 min read

ജക
Pier Paolo Pasolini, Italian poet and film director
Pier Paolo Pasolini, Italian poet and film director

ഒരു കത്തോലിക്കനും കമ്യൂണിസ്റ്റുമായിരുന്ന പസ്സോളിനിയ്ക്കെല്ലാമറിയാമായിരുന്നു: പാപവും പുണ്യവും, വിശ്വാസവും അവിശ്വാസവും, കരുണയും ക്രൂരതയും, മരണവും ജീവനും. ഒരു അവിശ്വാസിയായിരിക്കുമ്പോള്‍തന്നെ വിശ്വാസത്തിന്‍റെ ഗൃഹാതുരത്വത്തെ പസ്സോളിനി സൂക്ഷിച്ചിരുന്നു. ജീവിതത്തിന്‍റെ ദ്വന്ദ്വഭാവങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു പസ്സോളിനിയ്ക്കു കല. നേരുകളെ നിറങ്ങള്‍ക്കൊണ്ടും അതിവാക്കുകള്‍ കൊണ്ടും നേര്‍പ്പിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം എതിര്‍ത്തു. അധികാരവര്‍ഗ്ഗത്തിന്‍റെയും പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന്‍റെയും കൈയിലകപ്പെട്ട് ശ്വാസംമുട്ടുന്ന ക്രിസ്തുവിനെ മോചിപ്പിക്കാനായിരുന്നു, 'മത്തായിയുടെ സുവിശേഷം' എന്ന സിനിമയിലൂടെ പസ്സോളിനി ശ്രമിച്ചത്. മാനേജ്മെന്‍റ് വൈദഗ്ധ്യവുമായി അതികാല്‍പ്പനികതയുടെയും സെന്‍റിമെന്‍റലിസത്തിന്‍റെയും മള്‍ട്ടികളറില്‍ ക്രിസ്തുവിനെ മുക്കിയെടുക്കുന്നവരുടെ മുന്‍പില്‍ പസ്സോളിനിയുടെ യേശു ഒരു ചോദ്യചിഹ്നവുമായി നില്‍ക്കും.


പസ്സോളിനി അവതരിപ്പിക്കുന്ന ക്രിസ്തുമസ്സിനുള്ളത് സാധാരണത്വത്തിന്‍റെ അസാധാരണ ഭംഗിയാണ്. നമ്മളെ ആശ്ചര്യപ്പെടുത്തുന്നതിനായി യാതൊന്നുമില്ല. യേശുവിനെ ഗര്‍ഭം ധരിക്കുന്ന മറിയത്തിന്‍റെ മുഖത്തുള്ളത് വിദൂരസ്ഥമായ ഏതോ വേദനയെ സ്വീകരിച്ചിരിക്കുന്ന ഒരാളുടെ ശൂന്യതയാണ്. സമസ്യകളും സംജ്ഞകളും ദുര്‍ഗ്രഹതയും പെട്ടെന്ന് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായതുപോലെ, മുഖംമൂടി നഷ്ടപ്പെട്ട പ്രപഞ്ചത്തിന്‍റെ പ്രകാശം എങ്ങും നിറഞ്ഞുനില്‍ക്കുന്നു. ഗര്‍ഭിണിയായ മറിയത്തെ ആദ്യം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന യൗസേപ്പിനെ അതില്‍നിന്നും പിന്തിരിപ്പിക്കാനെത്തുന്ന മാലാഖ സ്വര്‍ഗ്ഗത്തിന്‍റെതല്ല, ഭൂമിയുടേതാണ്. യേശുവിന്‍റെ, ജനനത്തെ സ്വര്‍ഗ്ഗത്തിന്‍റെയോ, അതീന്ദ്രിതയുടെയോ അനുഭവമായിട്ടല്ല പസ്സോളിനി ചിത്രീകരിക്കുന്നത്, ഭൂമിയുടെ ഏറ്റവും കടുത്ത അനുഭവമായിട്ടാണ്.


ക്രിസ്തുമസ് എത്തുന്നത് മനുഷ്യനെ അവന്‍റെ വ്യാമോഹത്തില്‍നിന്നും മോചിപ്പിക്കാനാണ്. ഭൂമിയുടെ ഏതൊരു കോണിലും ദാരിദ്ര്യത്തിലും പുറംതള്ളപ്പെടലിലും ജനിക്കുന്ന ആ കുഞ്ഞുങ്ങളോട് ക്രിസ്തുവിന്‍റെ ജനനത്തെ സാമ്യപ്പെടുത്താനാണ് പസ്സോളിനി ശ്രമിക്കുന്നത്. ദൈവം ഒരു സ്ത്രീയില്‍ ഒരു കുഞ്ഞായി പിറന്നു എന്നതിനര്‍ത്ഥം, ദൈവം ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നവരില്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെട്ടവനായി ജനിച്ചു എന്നതാണ്.


വൈരുദ്ധ്യങ്ങളുടെ ആകെത്തുകയായിട്ടാണ് പസ്സോളിനി ക്രിസ്തുവിന്‍റെ ജീവിതത്തെ കണ്ടത്. ലോകത്തിന്‍റെ ശക്തിയും ബലവും ഒരു കുഞ്ഞില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഭൂമിയിലെ ഏറ്റവും വലിയ മണിസൗധങ്ങള്‍ക്കും മുകളിലായി ഒരു പുല്‍ക്കൂട് ക്രിസ്തുമസിലൂടെ ഉയര്‍ത്തപ്പെടുന്നു. മനുഷ്യന്‍ വീടൊരുക്കുന്നിടത്ത് ദൈവം അലഞ്ഞു തിരിയുന്നു. പസ്സോളിനി ഈ വൈരുദ്ധ്യങ്ങളിലേക്കാണ് ക്യാമറക്കണ്ണു തുറന്നത്. അപ്പോള്‍ നമുക്ക് ലഭിക്കുന്ന അനുഭവം ഏറ്റവും പരിശുദ്ധമാണ്. ചെളിയും മണ്ണും പുരണ്ട ഒരു പരിശുദ്ധത.


ജക

0

0

Featured Posts

bottom of page