top of page

താലന്ത്

Aug 31, 2025

1 min read

George Valiapadath Capuchin

യേശു പറഞ്ഞിട്ടുള്ള ഉപമകൾ പലതും വിവിധ രീതികളിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. താലന്തുകളുടെ ഉപമയാണ് അത്തരം ഒന്ന്. ഒരു യജമാനൻ ദൂരയാത്രക്ക് പോകും മുമ്പ് തൻ്റെ സമ്പത്തത്രയും തൻ്റെ മൂന്ന് വേലക്കാർക്കായി പകുത്തു നല്കിയിട്ട് പോകുന്നു. തുല്യമായിട്ടല്ല വീതം നല്കിയിട്ടുള്ളത്. മൊത്തം സമ്പത്തിനെ 9 ഭാഗങ്ങളാക്കിയിട്ട് 5 പങ്ക് ഒരാൾക്ക്, 3 പങ്ക് രണ്ടാമന് , 1 പങ്ക് മൂന്നാമന് - അങ്ങനെയാണ് അദ്ദേഹം ഏല്പിക്കുന്നത്. താലന്ത് എന്നാണ് ഉപമയിൽ. താലന്ത് എന്നാൽ ഏറ്റവും വലിയ തൂക്കക്കട്ടിയാണ്. ഇന്നത്തെ ഏതാണ്ട് 26 കിലോ ഭാരം. അത്രയും തൂക്കം സ്വർണ്ണം അഥവാ വെള്ളിയായിരിക്കും സ്വത്തിൻ്റെ ഒരു പങ്ക്. ഏറെനാൾ കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തുന്നു. വേലക്കാരെ വിളിപ്പിക്കുന്നു. അപ്പോൾ 5 പങ്ക് ഏല്പിക്കപ്പെട്ടയാൾ അത് ഇരട്ടിയാക്കിയിരിക്കുന്നു. 3 പങ്ക് നല്കപ്പെട്ടയാളും അത് ഇരട്ടിയാക്കിയിരുന്നു. അവരെ യജമാനൻ ഒരേപോലെ തൻ്റെ ആനന്ദത്തിലേക്ക് സ്വീകരിക്കുന്നു. വേറെ വാക്കുകളിൽ പറഞ്ഞാൽ വേലക്കാർ എന്ന നില മാറ്റി അവരെ തൻ്റെ അവകാശികളാക്കുന്നു. മറ്റു വാക്കുകളിൽ തൻ്റെ മക്കളാക്കുന്നു. എന്നാൽ, മൂന്നാമത്തെയാൾ ഒന്നും ചെയ്തിട്ടില്ല. തന്നെ ഏല്പിച്ച 1 പങ്ക് സ്വത്ത് നിലത്ത് ഒരു കുഴിയെടുത്ത് അതിൽ കുഴിച്ചിട്ട് അതിൻ്റെ മുകളിൽ ഒരു വാഴ വച്ചിരിക്കുകയാണ്. യജമാനനെ വ്യക്ത്യധിക്ഷേപം നടത്തുന്ന അയാൾ, കുഴിമാന്തി യമാനൻ്റെ സ്വത്തെടുത്ത് തിരികെ നല്കുന്നു.


നമുക്ക് നല്കപ്പെട്ടിട്ടുള്ള കഴിവുകളാണ് താലന്തുകൾ എന്ന രീതിയിലാണ് മിക്കവാറും പേരും ഈ ഉപമയെ വ്യാഖ്യാനിക്കാറ്. അതിൽ തെറ്റ് പറയാനില്ല.

എന്നാൽ, യേശുവിൻ്റെ എല്ലാ പ്രബോധനങ്ങളുടെയും ഒരു പൊതു പാറ്റേണിൽ അപ്പോഴത് വരില്ല. മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകുന്ന കീഴ്മേൽ മറിച്ചിൽ അപ്പോൾ ഈ ഉപമയിൽ ചേരാതെ വരും. അക്കാരണത്താൽ, ഈ ഉപമ മറിച്ച് പറഞ്ഞ ഒരു ഉപമയായിരിക്കണം എന്നാണ് മറ്റു ചിലരെപ്പോലെ എൻ്റെയും സംശയം. ദൈവത്തിൻ്റെ സമ്പത്ത് എന്നത് കരുണയാണ്. കരുണയുടെ 5 പങ്ക് ലഭിച്ചയാൾ കരുണ ഏറ്റവുമധികം ആവശ്യമുള്ള ഒരു ഘോരപാപി ആയിരുന്നിരിക്കണം. കരുണ ലഭിച്ച അയാൾ മററുള്ളവരോട് കാരുണ്യം കാണിച്ച് നല്കപ്പെട്ടത് ഇരട്ടിയാക്കി. കരുണയുടെ 3 പങ്ക് ലഭിച്ചയാൾ - അയാളും ഭീകര പാപി തന്നെ. അതുപോലെതന്നെ അയാളും തനിക്ക് ലഭിച്ച കരുണ മറ്റുള്ളവരുമായി പങ്കുവച്ച് അതിരട്ടിയാക്കി. കുറച്ചുമാത്രം കരുണ ലഭിച്ചയാൾ - ഒത്തിരി വലിയ പാപമൊന്നും ചെയ്യാതെ ജീവിച്ച - ഒരു പകൽമാന്യനാണ്. അയാളെ സംബന്ധിച്ചിടത്തോളം താനൊരു വിശുദ്ധനാണ്. അതുകൊണ്ടുതന്നെ അയാൾ മറ്റുള്ളവരോട് കരുണ കാണിക്കാതെ കാർക്കശ്യത്തോടെ പെരുമാറി. ചുരുക്കത്തിൽ ലഭിച്ച സമ്പത്ത് കുഴിച്ചിട്ടു.

അയാൾ പുറന്തള്ളപ്പെടും.


യേശുവിൻ്റെ സന്ദേശം എപ്പോഴും അതുതന്നെ ആയിരുന്നല്ലോ!


Recent Posts

bottom of page