top of page
ആമുഖം
കത്തോലിക്കാസഭയുടെ ചരിത്രത്തിന്‍റെ ആരംഭകാലം മുതല്‍ നിലനിന്നുപോരുന്ന സംവിധാനമാണ് പേപ്പസി അല്ലെങ്കില്‍ പാപ്പാവാഴ്ച. ഇന്ന് നമ്മള്‍ കാണുന്നപോലെയുള്ള പാപ്പാവാഴ്ച ആയിരുന്നില്ല ആദ്യകാലങ്ങളില്‍. വിവിധ കാലഘട്ടങ്ങളിലൂടെ സാവധാനം ഉരുത്തിരിഞ്ഞുവന്ന സംവിധാനമായിട്ടുവേണം പേപ്പസിയെ മനസ്സിലാക്കാന്‍. അതിന്‍റെ പിറകില്‍ മാനുഷികവും ദൈവികവുമായ ഇടപെടലുകളും ഉയര്‍ച്ചയും താഴ്ചയും നവീകരണവും അധപ്പതനവും എല്ലാം മറഞ്ഞിരിപ്പുണ്ട്. 1929ലെ വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ രൂപീകരണത്തോടെ മാര്‍പാപ്പയുടെ ഭൗതികാധികാരങ്ങള്‍ പരിമിതികള്‍ക്കുള്ളിലായി.
ലാറ്ററന്‍ ഉടമ്പടിയിലൂടെ മാര്‍പാപ്പയുടെ പരമാധികാരം വത്തിക്കാന്‍ എന്ന വളരെ ചെറിയ സ്ഥലത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ മാത്രമായി. പക്ഷേ ആത്മീയമായ അര്‍ത്ഥത്തില്‍ പാപ്പായ്ക്ക് ലോകം മുഴുവനുമുള്ള സഭയുടെ മേല്‍ പരമാധികാരം അവകാശപ്പെടാം. ഇത്രയധികം ആദരവോടെയും ബഹുമാനത്തോടെയും സര്‍വ്വരും നോക്കിക്കാണുന്ന മറ്റൊരു സംവിധാനം ഉണ്ടോ എന്നതു സംശയമാണ്. അള്‍ത്താരകളില്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളിലും മാര്‍പാപ്പയ്ക്കുവേണ്ടി പേരുപറഞ്ഞ് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നു. അതുവഴി അസംഖ്യം പ്രാര്‍ത്ഥനകളുടെ ശക്തി മാര്‍പാപ്പായ്ക്ക് പിന്‍ബലമായുണ്ട്.
പേപ്പസിയുടെ ചരിത്രവായനകള്‍ പരിശോധിക്കുമ്പോള്‍ ഒത്തിരിയേറെ സംഭവബഹുലമായ പ്രതിസന്ധികളും കഥകളും ഉതപ്പുകളും കാണാന്‍ സാധിക്കും. അതേപോലെതന്നെ കെട്ടുകഥകളും ഇല്ലാക്കഥകളും ഏറെ പ്രചാരത്തിലുണ്ടുതാനും. ഉദാഹരണത്തിന് ഒരു സ്ത്രീ മാര്‍പാപ്പയായി അബദ്ധത്തില്‍ കയറിക്കൂടിയെന്നും പിന്നീട് പുറംലോകമറിഞ്ഞെന്നും പുറത്താക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. 266 മാര്‍പാപ്പമാര്‍ ഇതുവരെ അധികാരത്തില്‍ വന്നിട്ടുണ്ട് എന്നാണ് പൊതുവെയുള്ള കണക്ക്. ഇതില്‍ അഭിപ്രായവ്യത്യാസമുണ്ട്. വത്തിക്കാന്‍ സ്റ്റേറ്റിന്‍റെ പരമാധികാരിയായ മാര്‍പാപ്പയ്ക്ക് ഒരു കാലത്ത് വമ്പിച്ച രാഷ്ട്രീയാധികാരം കൈമുതലായി ഉണ്ടായിരുന്നു. പക്ഷേ ഇന്ന് വത്തിക്കാനു പുറത്ത് ആത്മീയാധികാരം മാത്രമേ മാര്‍പാപ്പയ്ക്ക് ഉള്ളൂ.
വിശുദ്ധഗ്രന്ഥാടിസ്ഥാനം
ബൈബിളിന്‍റെ വെളിച്ചത്തില്‍ പാപ്പാഭരണത്തെ മനസ്സിലാക്കാന്‍ ഉദ്യമിക്കുമ്പോള്‍ പത്രോസ് ശ്ലീഹായുമായി ബന്ധപ്പെട്ട രണ്ട് ഉദ്ധരണികള്‍ ആണ് എടുക്കാറുള്ളത്- മത്തായി(16:18-19), യോഹന്നാന്‍ (2:1, 17). യേശു സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ കൈമാറുന്നതും തന്‍റെ ആടുകളെ മേയിക്കുക എന്ന കല്പന നല്‍കുന്നതുമായ ഭാഗങ്ങളാണവ. ക്രിസ്തു തന്‍റെ ശിഷ്യപ്രമുഖനായ പത്രോസിനെ ഭരണച്ചുമതല ഏല്പിച്ചതും അതിന്‍റെ തുടര്‍ച്ചയായി മാര്‍പാപ്പമാര്‍ വന്നതും എല്ലാം വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ നോക്കിക്കാണണം. അതേസമയം തന്നെ ഭൗതകിമായ ഭരണക്രമചട്ടങ്ങളുടെ അനിവാര്യതയും സഭ ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഒഴിവാക്കാനും സാധിക്കുകയില്ല. കാനന്‍ നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സഭയുടെ ദൈനംദിന പ്രവര്‍ത്തനത്തെയും അച്ചടക്കത്തെയും സുതാര്യതയെയും കൂട്ടിയിണക്കി മുന്നോട്ട് കൊണ്ടുപോകുന്നത് ഈ അധികാരം ഉപയോഗിച്ചാണ്. കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ മാര്‍പാപ്പയുടെ പ്രാഥമികത്വവും (Primacy/Supermacy) അപ്രമാദിത്വവും(Infallibility) ഉന്നയിക്കപ്പെടുന്നതും പ്രാബല്യത്തില്‍ വരുന്നതും മേല്‍പ്പറഞ്ഞ വിശുദ്ധഗ്രന്ഥഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
മാര്‍പാപ്പായുടെ പ്രാഥമികത്വം
എന്താണ് ഈ വാക്കിന്‍റെ അര്‍ത്ഥം? Papal Primacy എന്നത് അധികാരവുമായി ബന്ധപ്പെട്ടതാണ്. മറ്റുള്ളവരുടെ മേലുള്ള അധികാരമാണത്. അതായത് റോം എന്ന രൂപതയുടെ ബിഷപ്പായ മാര്‍പാപ്പയ്ക്ക്, ലോകമെമ്പാടുമുള്ള മറ്റു രൂപതാ മെത്രന്മാരുടേതിനേക്കാള്‍ ഉള്ള അധികാരം. അതേപോലെ തന്നെ വ്യത്യസ്ത സഭകളുടെ മേലുള്ള അധികാരം അല്ലെങ്കില്‍ മുന്‍ഗണന എങ്ങനെ നിക്ഷിപ്തമായിരിക്കുന്നു എന്നു ചിന്തിക്കുക സ്വാഭാവികമാണല്ലോ. ഉത്തരം ഒറ്റവാക്കില്‍ പറയുവാന്‍ സാധിക്കുകയില്ല. അതിന് മതപരവും രാഷ്ട്രീയവുമായ കാര്യങ്ങളുണ്ട്. അതിലൊന്ന് പേപ്പല്‍ സ്റ്റേറ്റിന്‍റെ ഉത്ഭവമാണ്.
പേപ്പല്‍ സ്റ്റേറ്റ്
പ്രസിദ്ധമായ മിലാന്‍ വിളംമ്പരത്തിലൂടെ 312ല്‍ സ്വതന്ത്രയായ സഭയ്ക്ക് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയും പ്രഭുക്കന്മാരും ധാരാളം ഭൂസ്വത്തുക്കളും ധനവും ദാനംചെയ്തു. ഇങ്ങനെ വിശാലമായ ഭൂപ്രദേശത്തിന്‍റെ അധികാരിയായി തന്‍റെ ഭൗതികാധികാരം മാര്‍പാപ്പ വ്യാപിപ്പിച്ചു. വടക്കേ ഇറ്റലി, ദല്‍മേഷ്യ, തെക്കേ ഇറ്റലി, സിസിലി എന്നീ വിസ്തൃതമായ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പേപ്പല്‍ സ്റ്റേറ്റ് അഥവാ പാപ്പാ സാമ്രാജ്യത്തിന്‍റെ അവകാശിയായ മാര്‍പാപ്പ അവസാനം ഇറ്റലിയിലെ തന്നെ ഏറ്റവും അതിസമ്പന്നനും ഭൂവുടമയും സര്‍വ്വാധികാരിയും ആയി മാറി. ഫ്യൂഡല്‍ പ്രസ്ഥാനം ഇതിന് ആക്കംകൂട്ടി. രാജകീയചിഹ്നങ്ങളും മുദ്രകളും രീതികളും കടന്നുവന്നു. മധ്യകാലഘട്ടത്തില്‍ രാജകീയ പ്രൗഢിയോടെയും അധികാരത്തോടും കഴിഞ്ഞിരുന്ന മാര്‍പാപ്പമാര്‍ രാഷ്ട്രീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ സഭയില്‍ അനിശ്ചിതത്വവും അരാജകത്വവും കടന്നുകൂടിയതായി ചരിത്രത്തില്‍ പറയപ്പെടുന്നു.
മാര്‍പാപ്പായുടെ നേതൃത്വത്തെയും അധികാരത്തെയും ജനങ്ങള്‍ ഒരു പരിധിവരെ ഇഷ്ടപ്പെട്ടിരുന്നു. അതിനു പിന്നില്‍ ചില ബാഹ്യ സംഭവ വികാസങ്ങളുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണ് അതില്‍ പ്രധാനപ്പെട്ടത്. എ. ഡി. 568ല്‍ ഇറ്റലിയെ ജര്‍മ്മന്‍ വംശജരായ ലൊംബാര്‍ഡുകള്‍ ക്രൂരമായി ആക്രമിച്ചു. ജനങ്ങള്‍ അന്ന് ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ ഭരണസീമയിലായിരുന്നു. ജനങ്ങളുടെ സുരക്ഷയില്‍ ബൈസന്‍റൈന്‍ ചക്രവര്‍ത്തിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ പോയി. തന്മൂലം അവര്‍ക്ക് മാര്‍പാപ്പയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അന്നത്തെ മാര്‍പാപ്പയായിരുന്ന ഗ്രിഗറി ഒന്നാമന്‍ ഈ ആക്രമണത്തെ തടയുകയും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും ചെയ്തതു മൂലം അദ്ദേഹത്തിന് രാഷ്ട്രീയാധികാരം കൈവരികയും ചെയ്തു. മാത്രവുമല്ല, ബൈസന്‍റൈയിന്‍ (പൗരസ്ത്യ റോമാ സാമ്രാജ്യം) ചക്രവര്‍ത്തിയുടെ ഇറ്റലിയിലുള്ള പ്രതിനിധിയായി മാര്‍പാപ്പ മാറുകയും അധികാരത്തോടെ ഭരണം തുടരുകയും ചെയ്തു.
പിന്നീട് ചാര്‍ലിമെയിന്‍ എന്ന ചക്രവര്‍ത്തിയെ (എ. ഡി. 800) മാര്‍പാപ്പ പരിശുദ്ധ റോമാസാമ്രാജ്യത്തിന്‍റെ അധിപതിയായി വാഴിക്കുകയും അതുവഴി ചക്രവര്‍ത്തിക്ക് മുകളിലുള്ള സ്ഥാനലബ്ധി മാര്‍പാപ്പയ്ക്ക് കൈവശമാകുകയും ചെയ്തു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളോടെ റോം കേന്ദ്രമായി ശക്തമായ ഭരണസമ്പ്രദായം ഉടലെടുക്കുകയും ചെയ്യുന്നതായി കാണുന്നു. ഗ്രിഗറി ഏഴാമന്‍ (1073- 1085) മാര്‍പാപ്പ സമാരംഭിച്ച ആത്മീയവും സഭാപരവുമായ പരിഷ്കരണം വഴി സാവധാനം റോമിന്‍റെ അധികാരം മറ്റു പാശ്ചാത്യരാജ്യങ്ങള്‍ അംഗീകരിക്കുകയും നാലാം ലാറ്ററന്‍ സിനഡില്‍ (1215) വച്ച് ഈ അധികാരകേന്ദ്രീകരണം പ്രാബല്യത്തില്‍ വരികയും ചെയ്യുകയുണ്ടായി.
അവിഞ്ഞോന്‍ വിപ്രവാസം
പാപ്പാവാഴ്ചയെപ്പറ്റി സംസാരിക്കുമ്പോള്‍ പ്രാധാന്യം ഒട്ടും നഷ്ടപ്പെടാതെ പറയേണ്ട ഒരു സംഭവവികാസമാണിത്. 1309 മുതല്‍ 1378വരെ റോമാനഗരം വിട്ട് ഫ്രാന്‍സിലെ റോണ്‍ നദീതീരത്ത് സ്ഥിതിചെയ്യുന്ന അവിഞ്ഞോണ്‍ നഗരത്തില്‍ മാര്‍പാപ്പമാര്‍ താമസിച്ച് ഭരണം നടത്തിയതിനെയാണ് അവിഞ്ഞോണ്‍ പേപ്പസി എന്ന പേരില്‍ അറിയപ്പെടുന്നത്. വിപ്രവാസമെന്നും (ബാബിലോണ്‍) ഇതിനെ ചരിത്രകാരന്മാര്‍ അഭിസംബോധന ചെയ്യാറുണ്ട്. ക്ലെമന്‍റ് അഞ്ചാമന്‍ ആണ് ഇതിന് തുടക്കംകുറിച്ചത്. അതിന് തക്കതായ കാരണങ്ങളും ഉണ്ടായിരിക്കണമല്ലോ.
ഫ്രഞ്ചുശക്തിയുടെ വളര്‍ച്ച, ഇറ്റലിയിലെ യുദ്ധങ്ങള്‍മൂലമുള്ള അരക്ഷിതാവസ്ഥ, പ്രഭുകുടുംബങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍, അനാരോഗ്യം, ഫിലിപ്പ് നാലാമന്‍ രാജാവുമായുള്ള സ്വരചേര്‍ച്ച എന്നിവമൂലം അവിഞ്ഞോണിലേക്ക് തല്‍ക്കാലത്തേയ്ക്ക് പോയ മാര്‍പാപ്പ പിന്നെ റോമിലേക്ക് തിരിച്ചുവന്നില്ല. അതേത്തുടര്‍ന്ന് സഭയുടെ വളര്‍ച്ചയില്‍ പ്രത്യാഘാതങ്ങളുണ്ടായി. ഏഴുമാര്‍പാപ്പമാര്‍ തുടര്‍ച്ചയായി അവിഞ്ഞോണില്‍ തുടര്‍ന്ന് ഭരണം നടത്തി. ഇറ്റാലിയന്‍ ദേശസ്നേഹിയായ പെട്രാര്‍ക്ക് അവിഞ്ഞോണിനെ വിശേഷിപ്പിച്ചത് 'ഭൂമിയിലെ നരകം' എന്നാണ്. സിയന്നായിലെ വി. കാതറിനും വി. ബ്രിജിത്തായും മാര്‍പാപ്പമാര്‍ റോമിലേക്ക് വരേണ്ടതിനെപ്പറ്റി ഉപദേശിക്കുകയും എഴുത്തുകള്‍ എഴുതുകയും ചെയ്തതായി രേഖകളുണ്ട്. താമസം അവിഞ്ഞോണിലായിരുന്നെങ്കിലും അധികാരകേന്ദ്രം റോം തന്നെയായിരുന്നു. പിന്നീട് ഇതു വലിയ പ്രശ്നങ്ങള്‍ക്കിടവരുത്തി. ഒരേസമയം രണ്ടും മൂന്നും മാര്‍പാപ്പമാര്‍ റോമിലും അവിഞ്ഞോണിലുമായി തിരഞ്ഞെടുക്കപ്പെടുകയും പാശ്ചാത്യശീശ്മ എന്നറിയപ്പെടുന്ന അരാജകത്വം സഭയില്‍ ഉടലെടുക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങള്‍ പാപ്പാവാഴ്ചയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായങ്ങളായി എഴുതപ്പെട്ടു.
അപ്രമാദിത്വം
മാര്‍പാപ്പയ്ക്ക് ഒരിക്കലും തെറ്റുപറ്റില്ലെന്ന് നമ്മള്‍ പറയാറുണ്ട്. വെറുതെ സംസാരിക്കുമ്പോള്‍പോലും തെറ്റു പിണയാറില്ലേ എന്നു ചിലര്‍ സംശയം ചോദിക്കാറുണ്ട്. 'തെറ്റാവരം' അല്ലെങ്കില്‍ 'അപ്രമാദിത്വം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തികച്ചും വ്യത്യസ്തമാണ്. വിശ്വാസത്തെയും ധാര്‍മ്മികതയെയും കുറിച്ച് ഔദ്യോഗികമായ അധികാരത്തില്‍ പഠിപ്പിക്കുമ്പോള്‍ വി. പത്രോസ് ശ്ലീഹാ വഴിയായി വാഗ്ദാനം ചെയ്യപ്പെട്ട ദൈവാനുഗ്രഹം വഴി മാര്‍പാപ്പയുടെ നിര്‍വ്വചനങ്ങള്‍ക്ക് തെറ്റ് സംഭവിക്കുകയില്ല എന്ന യാഥാര്‍ത്ഥ്യമാണ് തെറ്റാവരം. അപ്രകാരമുള്ള നിര്‍വ്വചനങ്ങള്‍ മാറ്റത്തിന് അതീതവും അതിന്‍റെ സാധുതയ്ക്ക് വേറെ അംഗീകാരം വേണ്ടാത്തതുമായിരിക്കും. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിലാണ് ഈ അധികാരം അംഗീകരിക്കപ്പെട്ടത്. സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവ് ആകയാല്‍ ക്രിസ്തുവിന്‍റെ പ്രതിനിധിയായ മാര്‍പാപ്പയ്ക്ക് ആത്മാവിന്‍റെ സഹായവും അനുഗ്രഹവും കൂടെയുണ്ടായിരിക്കുമല്ലോ.
കോണ്‍ക്ലേവ്
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാളന്മാരുടെ സംഘത്തെയാണ് കോണ്‍ക്ലേവ് എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. അധികാരത്തിലിരിക്കുന്ന മാര്‍പാപ്പ കാലം ചെയ്യുകയോ, സ്ഥാനത്യാഗം ചെയ്യുകയോ വരുമ്പോഴാണ് കോണ്‍ക്ലേവ് സമ്മേളിക്കുന്നത്. എണ്‍പതുവയസ്സില്‍ താഴെയുള്ള കര്‍ദ്ദിനാളന്മാര്‍ക്ക് മാത്രമേ ഇതില്‍ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ എന്നതാണ് സഭയിലെ നിയമം.
കൊണ്‍സീലിയറിസം
മാര്‍പാപ്പയുടെ അധികാരത്തേക്കാള്‍ വലുതായി എക്യുമെനിക്കല്‍ സിനഡിന് അധികാരമുള്ളതായി വരുന്ന അവസ്ഥയാണ് കൊണ്‍സീലിയറിസം. അവിഞ്ഞോണ്‍ വിപ്രവാസത്തിനുശേഷം മാര്‍പാപ്പമാര്‍ റോമിലേക്ക് തിരികെവന്നപ്പോള്‍ അവര്‍ക്ക് ഭരണഘടനാപരമായി നേരിടേണ്ടിവന്ന ഒരു വിഷമസന്ധിയായി ഇതിനെ കണക്കാക്കാം.
ഉപസംഹാരം
വലിയ മുക്കുവനായ പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പ സഭയെ ഭരിക്കുന്ന ക്രിസ്തുവിന്‍റെ വികാരിയാണ്. പന്തക്കുസ്താക്കുശേഷം സഭ സ്ഥാപിതമായതു മുതല്‍ ഇന്നുവരെ ഇടമുറിയാതെ തിരുസഭാനൗകയെ മുന്നോട്ട് നയിക്കുന്നത് മാര്‍പാപ്പയുടെ ശക്തവും വിശുദ്ധവുമായ സാന്നിദ്ധ്യമാണെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. തിരുസഭാചരിത്രത്തില്‍ സംഭവിച്ച പ്രശ്നങ്ങളും പാളിച്ചകളും അപചയങ്ങളും വിഘടനങ്ങളും സധൈര്യം നേരിടാന്‍ അതതുകാലത്തെ മാര്‍പാപ്പമാര്‍ ജീവന്‍ പരിത്യജിച്ചുപോലും പരിശ്രമിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ കീഴില്‍ അച്ചടക്കത്തോടെയും വിധേയത്വത്തോടെയും സഭയുടെ ഭരണക്രമമനുസരിച്ച് പോകുന്ന സഭയെ തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം അതു ക്രിസ്തു പാറമേല്‍ സ്ഥാപിച്ച പള്ളിയാണ്. തന്‍റെ മണവാട്ടിയായ സഭയെ ക്രിസ്തുതന്നെ അഭംഗുരം സംരക്ഷിക്കുന്നു. അതുവഴി സഭ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.