

"ജനം മുഴുവൻ നശിക്കാതിരിക്കാൻ ഒരുവൻ അവർക്ക് വേണ്ടി മരിക്കുന്നത് യുക്തമാണ്" എന്ന് പ്രഖ്യാപിക്കുന്നുണ്ട് ആ വർഷത്തെ പ്രധാന പുരോഹിതനായ കയ്യാഫാസ്. പരിശുദ്ധാത്മാവാണ് അയാളെക്കൊണ്ട് അങ്ങനെ പറയിച്ചത് എന്നാണ് യോഹന്നാൻ സുവിശേഷകൻ ഉടനെ അതിനോട് ചേർത്തുപറയുന്നത്. എന്നുവച്ചാൽ, അയാൾ പറയുന്ന പ്രസ്താവന യേശുവിനെക്കുറിച്ചുള്ള ക്രൈസ്തവരുടെ പ്രസ്താവനയാണ്. എന്നാൽ, പറഞ്ഞയാളിൻ്റെ ഉദ്ദേശ്യം ശരിയല്ലായിരുന്നു. യേശുവിനെ വധിക്കാനുള്ള തൻ്റെ യുക്തിയാണ് അദ്ദേഹം പറയുന്നത്. തങ്ങളുടെ വീക്ഷണങ്ങൾക്കെതിർ നില്ക്കുന്ന ഈ ഒരുത്തൻ ഇല്ലാതായാൽ എല്ലാം ശുഭമാകും എന്നാണയാൾ കരുതിയത്. എന്നാൽ സർവ്വത്ര തെറ്റിപ്പോയി തനിക്ക് എന്ന് പിന്നീടദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
അവൻ ഉയർത്തെഴുന്നേറ്റു എന്ന റിപ്പോർട്ടാണ് മൂന്നാം നാൾ കാവൽക്കാർ അവരിലേക്ക് എത്തിക്കുന്നത്. "നിങ്ങൾ ഗൂഢാലോചന ചെയ്ത് പിലാത്തോസിനെക്കൊണ്ട് കൊല്ലിച്ച യേശു, ക്രിസ്തുവായിരുന്നു" എന്ന പ്രഖ്യാപനവുമായി അവൻ്റെ ശിഷ്യർ തെരുവുകളിലേക്ക് ഇറങ്ങുകയായി, അമ്പതാം നാൾ.
അവിടെയും അവസാനിക്കുന്നില്ല, അവരുടെ കെടുതികൾ.
ദേവാലയത്തിന്റെ സുന്ദര കവാടത്തിൽ വർഷങ്ങളായി ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന നാല്പത് വയസ്സിലേറെ പ്രായമുള്ള, ജന്മനാ അംഗപരിമിതനായിരുന്ന ഒരാളെ പത്രോസ് (യോഹന്നാനും) സൗഖ്യപ്പെടുത്തുന്നു. അയാളാവട്ടെ അവരോടൊപ്പം ചേരുന്നു. എല്ലാവരും അയാളെ അറിയുന്നതാണ്. അത്രകാലവും മറ്റുള്ളവർ ചുമന്നുകൊണ്ട് നടന്നിരുന്ന ഒരു ഇരിക്കപ്പിണ്ഡം മാത്രമായിരുന്ന അയാൾ, തനിക്കിപ്പോൾ കൈവന്ന സഞ്ചാര സ്വാതന്ത്ര്യത്തിൽ മതിമറന്ന് തുള്ളിച്ചാടി നടക്കുകയാണ്. യേശുവിനെക്കുറിച്ച് പ്രഘോഷിക്കുന്നതിന് അയാൾ നിമിത്തമാകുന്നു. അതിന്റെ പേരിൽ പത്രോസും യോഹന്നാനും ചോദ്യം ചെയ്യപ്പെടുന്നു. തങ്ങളല്ല, യേശുനാമമാണ് അവന് സൗഖ്യം നൽകിയത് എന്ന് പറയുന്നു പത്രോസ്. അവർ നോക്കുമ്പോൾ പത്രോസും യോഹന്നാനും വിദ്യാഭ്യാസം സിദ്ധിച്ചവർ അല്ല; യേശുവിനോടൊപ്പം ഉണ്ടായിരുന്നവരാണ് എന്ന അവകാശവാദവും ശരിയാണ്; അംഗപരിമിതനായി എല്ലാവരും അറിഞ്ഞിരുന്ന ഒരുവൻ തുള്ളിച്ചാടി നടക്കുന്നുമുണ്ട്. അവർക്കെതിരേ ഒന്നും പറയാൻ നിവൃത്തിയില്ലാത്ത സ്ഥിതി. എന്നിട്ടും, "ഇനിമേൽ അവന്റെ നാമത്തിൽ പ്രസംഗിച്ചു കൂടാ" എന്ന് താക്കീത് ചെയ്യുന്നു, പുരോഹിത നേതൃത്വം.
"ദൈവത്തെക്കാൾ നിങ്ങളെ അനുസരിക്കാനാവില്ല" എന്നവർ തിരിച്ചു പറയുന്നതോടെ പുരോഹിത നേതൃത്വം സമ്പൂർണ്ണമായി വെട്ടിലാവുന്നു.
വിദ്യാസമ്പന്നർ, സവിശേഷ പദവികൾ ഉള്ളവർ, നിയമം അറിയാവുന്നവർ, ചാർത്തിക്കിട്ടിയ പൗരോഹിത്യമുള്ളവർ, അധികാരം കൈയ്യാളുന്നവർ - അവരാണ് വാക്കുമുട്ടിപ്പോവുന്നത്. മറുവശത്തുള്ളതാകട്ടെ വിദ്യാവിഹീനർ, അധികാര വിഹീനർ, പദവികളില്ലാത്തവർ, സവിശേഷാവകാശങ്ങൾ ഇല്ലാത്തവർ, തൊഴിലാളികൾ, അംഗപരിമിതർ, യാചകർ.
ഇതുപോലെ ഒരു കീഴ്മേൽ മറിച്ചിൽ ഇന്ന് സംഭവിക്കുന്നുണ്ട് എന്ന് കാണുന്നില്ലേ? ഇനിയുള്ള കാലത്ത് കൂടുതൽ സംഭവിക്കും എന്നും അറിയുന്നില്ലേ?





















