

ചുരുക്കം പേർ മാത്രമേ രക്ഷിക്കപ്പെടൂ എന്ന് വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഒരു ക്രിസ്റ്റ്യൻ സെക്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ട്. വെളിപാടു പുസ്തകത്തിൽ രണ്ടിടത്ത്, ഒരുലക്ഷത്തി നാല്പത്തിനാലായിരം പേരെക്കുറിച്ച് പറയുന്നുണ്ട്. അതനുസരിച്ച് ഒരുലക്ഷത്തി നാല്പത്തിനാലായിരം പേർ മാത്രമേ രക്ഷിക്കപ്പെടൂ എന്നാണവർ കരുതുന്നത്!
യേശുവിൻ്റെ കാലത്തെ ഹെബ്രായരിൽ കുറേപ്പേരെങ്കിലും അങ്ങനെ ചിന്തിച്ചവരായിരുന്നു. അങ്ങനെ വിശ്വസിച്ചിരുന്ന ഒരാളാവണം ഒരിക്കൽ യേശുവിനെ സമീപിച്ച് ഇതേ ചോദ്യം ചോദിക്കുന്നത്. "രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ?"
അതിന് ആദ്യമായി യേശു നല്കുന്ന ഉത്തരം "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ" എന്നാണ്. കുറേപ്പേർ പുറന്തള്ളപ്പെടും.
പുറന്തള്ളപ്പെടുന്നവരാകട്ടെ, അവനെ കണ്ടിട്ടും കേട്ടിട്ടും അവനേകിയത് ഭക്ഷിച്ചിട്ടും, ലഭിച്ച വെളിച്ചത്തിനനുസരിച്ച് ജീവിതത്തിൽ സ്നേഹം നടപ്പിലാക്കാതിരുന്നവരാണ്. തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയിൽ ഊറ്റം കൊണ്ടിട്ട് കാര്യമില്ലെന്നും, ജീവിതത്തിൽ പ്രതിഫലിക്കാത്ത വിശ്വാസവും അനുഷ്ഠാനങ്ങളും ഫലശൂന്യമാണെന്നും, നിങ്ങൾ പുറന്തള്ളപ്പെടാനാണ് സാധ്യത എന്നുമാണ്
മിക്കവാറും എല്ലായ്പ്പോഴും അവൻ യഹൂദ ജനതയോട് പറയുന്നത്. (മിക്കവാറും അതേ കാരണത്താൽത്തന്നെയാണ് അവനെ അവർ ഇല്ലാതാക്കുന്നതും!)
അതേസമയം ഭൂമിയുടെ നാലു ദിക്കുകളിലും നിന്ന് ധാരാളംപേർ വന്ന് സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനിരിക്കും എന്നും കൂട്ടിച്ചേർക്കുന്നുണ്ടവൻ.
താനാണ് വഴി എന്നും, താനാണ് വാതിൽ എന്നും,
കുരിശെടുക്കുന്നതിലാണ് ശിഷ്യത്വം എന്നും അവൻ പറഞ്ഞിട്ടുമുണ്ട്.
ജീവൻ പോലെ തന്നെ - സ്നേഹം പോലെ തന്നെ - വിളിയും (ക്ഷണം) സാർവ്വത്രികമാണ്. നിസ്വാർത്ഥ സ്നേഹത്തിലേക്ക് പ്രവേശിക്കാൻ ഒരു പരിശ്രമമെങ്കിലും സാർവ്വത്രികമായി പ്രതീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതല്ലേ?





















