top of page

അഴകുള്ള ആത്മീയത

2 hours ago

1 min read

George Valiapadath Capuchin

കേരളത്തിൽ ഏറ്റവും വിപുലമായ രീതിയിൽ നടത്തപ്പെടുന്ന ക്രൈസ്തവ ആത്മീയ കൺവെൻഷനാണ് മരാമൺ കൺവെൻഷൻ. സഹസ്രാബ്ദത്തിൻ്റെ ആരംഭത്തിൽ ഒരിക്കൽ അവിടം വരെ പോയിരുന്നു. എൻ്റെ സഹോദരൻ സജി കാഞ്ഞിരവും കൂടെ ഉണ്ടായിരുന്നു. അക്കാലത്ത് തൻ്റെ പ്രവർത്തന മികവുകൊണ്ട് IAS ഉദ്യോഗസ്ഥരിൽ ഏറെ ആദരവ് തോന്നിയിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അൽഫോസ് കണ്ണന്താനം. കൺവെൻഷനിലെ പ്രഭാഷണങ്ങൾ പലതും കേട്ടും ഉൾക്കൊണ്ടും ഇരിക്കുമ്പോൾ ഒരു ഭാഗത്ത് യുവജന കൺവെൻഷൻ നടക്കുന്നു. അവിടേക്ക് പോയി ഞങ്ങളും. കണ്ണന്താനം ആണ് പ്രഭാഷകൻ. ഇൻഡ്യയെന്നത് വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമ ഭൂമി ആണെന്നും, ബഹുസ്വരതയെ ആദരിക്കണം എന്നും അദ്ദേഹം പറഞ്ഞു. 'ക്രിസ്ത്യാനികൾ നല്ല ക്രിസ്ത്യാനികൾ ആകട്ടെ. മുസ്ലീങ്ങൾ നല്ല മുസ്ലീമുകളാകട്ടെ. ഹിന്ദുക്കൾ നല്ല ഹിന്ദുക്കൾ ആകട്ടെ' എന്നദ്ദേഹം പറഞ്ഞുനിർത്തി. അന്നത്തെ അദ്ദേഹത്തിൻ്റെ പ്രസംഗം എനിക്കൊത്തിരി സ്വീകാര്യമായി തോന്നി.


ക്രിസ്തുമതത്തിൻ്റെ പേരിലോ ഇസ്ലാം മതത്തിൻ്റെ പേരിൽ ഹിന്ദുമതത്തിന്റെ പേരിലോ ബുദ്ധമതത്തിന്റെ പേരിലോ യഹൂദ മതത്തിൻ്റെ പേരിലോ, ഇനി വേറെ ഏതെങ്കിലും മതത്തിൻ്റെ പേരിലോ സംസ്കാരത്തിൻ്റെ പേരിലോ, തീവ്രവാദമോ അക്രമമോ കയ്യേറ്റമോ ഉണ്ടാകുന്നതിനെ ഒരിക്കലും നീ നീതീകരിക്കാൻ ആവില്ല എന്ന് മാത്രമല്ല, തള്ളിപ്പറയുകയും വേണം.


എല്ലാ മതവാദികളോടും സമുദായവാദികളോടുമായിട്ടാണ് ഈ പറയുന്നത്. നിങ്ങളുടെ മത സ്നേഹത്തിൻ്റെ പേരിലോ സാംസ്കാരികത്തനിമയുടെ പേരിലോ സമുദായ സ്നേഹത്തിൻ്റെ പേരിലോ നിങ്ങൾ ഏതെങ്കിലും സമുദായത്തിന്റെയോ മതത്തിന്റെയോ നേർക്ക് വെറുപ്പ് വിളമ്പുകയോ ആരുടെയെങ്കിലും മെക്കിട്ട് കയറുകയോ ഒരു വ്യക്തിയുടെ പോലും മനുഷ്യാന്തസ്സിനെ വിലയിടിച്ച് കാണിക്കുകയോ ചെയ്യുന്നുവെങ്കിൽ, നിങ്ങളോർക്കുക നിങ്ങൾ ഏത് മതത്തിൻ്റെ, സമുദായത്തിന്റെ, സംസ്കാരത്തിൻ്റെ പേരിലാണോ മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നത്, നിങ്ങളുടെ മക്കൾ അതേ കാര്യങ്ങൾ വിട്ടുപേക്ഷിച്ചുപോകും.


അപരന്റെ അവകാശങ്ങൾ ഇല്ലായ്മ ചെയ്തുകൊണ്ടോ, അപരരെ ഭീഷണിപ്പെടുത്തി കൊണ്ടോ നിങ്ങൾ ഒരിക്കലും ഒന്നും നേടുകയില്ല. സ്വന്തം മക്കൾ മറ്റ് സമുദായക്കാരുടെ കൂടെ പോകുന്നുവെങ്കിൽ, സ്വന്തം മതസ്തർ മറ്റ് മതങ്ങളിലേക്ക് ആകൃഷ്ടരാകുന്നുവെങ്കിൽ, അപരരെ കുറ്റപ്പെടുത്തിയോ ഭള്ള് പറഞ്ഞോ ഭീഷണിപ്പെടുത്തിയോ കൈയ്യേറ്റം ചെയ്തോ നിങ്ങൾക്കവരെ പിടിച്ചുനിർത്താനാവില്ല. താൽക്കാലികമായി നിങ്ങൾ ചിറകെട്ടി എന്നാശ്വസിക്കുബോഴേക്ക് അവർ ചിറപൊട്ടിച്ച് മൊത്തതായി ഒഴുകിപ്പോകും.


മാർഗ്ഗം ഒന്നേയുള്ളൂ. തന്താങ്ങളുടെ വിശ്വാസത്തിൻ്റെയും മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും ആചാരങ്ങളുടെയും ഏറ്റവും ഉദാത്തവും ആകർഷകവുമായ മുത്തുകളെ അവർക്ക് നല്കുക. വെറുതേ വീമ്പു പറച്ചിലുകൾ കൊണ്ട് താല്ക്കാലിക നേട്ടങ്ങളേ ഉണ്ടാകൂ. വിജ്രുംഭിതമായ അഭിമാന ബോധങ്ങളല്ല, വരുംകാലത്തും സൂക്ഷിക്കാനും നെഞ്ചോട് ചേർക്കാനും കഴിയും വിധം അഴകുള്ള മുത്തുകൾ തന്നെ വേണം.


അത് ഒരു വശം. അതുകൊണ്ട് ചിത്രം പൂർണ്ണമാവില്ല. നിങ്ങൾ അഴകുള്ള ആത്മീയത ഉള്ളവരാകണം. അഴകുള്ള ക്രിസ്ത്യാനി; അഴകുള്ള മുസ്ലിം; അഴകുള്ള ഹിന്ദു; അഴകുള്ള ബൗദ്ധൻ; അഴകുള്ള യഹൂദൻ.


Recent Posts

bottom of page