top of page

അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ ഒരാള്‍....

Apr 1, 2025

3 min read

ജോണ്‍ മാത്യു
Fr Xavier Vadakkekara Capuchin


അക്ഷരങ്ങളെയും അച്ചുകൂടങ്ങളെയും പ്രണയിച്ചൊരാള്‍, സ്വന്തം മിഴികളുടെ കാഴ്ചവട്ടത്ത് ഇരുള്‍ പടരുമ്പോഴും തനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തില്‍ വെളിച്ചമായി മാറിയ ഒരാള്‍, കഴിഞ്ഞ ദിവസം (2025 മാര്‍ച്ച് 16) ഡല്‍ഹിയില്‍ അന്തരിച്ച കപ്പൂച്ചിന്‍ വൈദീകന്‍ ഫാ.സേവ്യര്‍ ജോസഫ് വടക്കേക്കരയുടെ ജീവിതം മേല്‍പറഞ്ഞ വാക്കുകളിലുണ്ട്.

'മരണശേഷം എന്‍റെ ശരീരം ആര് എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല, എന്നാല്‍ 6 - വര്‍ഷം മുമ്പ്, മരണശേഷം എന്‍റെ ശരീരം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ (AIIMs) വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കാനുള്ള ഡോണര്‍ ഫോര്‍മാലിറ്റികളെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി. മരണശേഷമുള്ള വെറും അനാട്ടമി പഠനമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്, ദശലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന ഞരമ്പുകളെ ബാധിക്കുന്ന അത്യപൂര്‍വമായ ജനിതക രോഗബാധിതനാണ് ഞാന്‍, എന്‍റെ ശരീരം പഠിക്കുന്നതിലൂടെ ഈ രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ വൈദ്യ ശാസ്ത്രത്തിനായാല്‍ ഭൂമിയിലെ എന്‍റെ ജീവിതം സാര്‍ത്ഥകമായി എന്ന് ഞാന്‍ കരുതും...." ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ ഒരിക്കല്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ ആഗ്രഹംപോലെ തന്നെ ഭൗതീക ശരീരം ഡല്‍ഹി അഖിലേന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി. അങ്ങനെ തന്‍റെ പ്രവര്‍ത്തികൊണ്ട് കാലത്തെ അടയാളപ്പെടുത്തിയ ഒരു വൈദീകന്‍ ഓര്‍മ്മയായി.

ചില മനുഷ്യര്‍ അങ്ങനെയാണ്, അവധൂതന്മാരെപ്പോലെ എവിടെ നിന്നോ അവര്‍ പ്രത്യക്ഷപ്പെ ടുന്നു. പ്രവാചകദൗത്യം പോലെ തങ്ങളുടെ നിയോഗങ്ങള്‍ നിറവേറ്റി അവര്‍ കടന്നു പോകും. ലോകം തന്നെക്കുറിച്ച് എന്തു പറയുമെന്നത് അവരുടെ വിഷയമല്ല. തങ്ങളുടെ ജീവിതത്തിന്‍റെ ലക്ഷ്യം നേടിയ ശേഷം കൃതാര്‍ത്ഥതയോടെ അവരും കാലത്തിന്‍റെ യവനിയ്ക്കപ്പുറത്തേക്ക് മടങ്ങും, വിളക്കണഞ്ഞാലും വെളിച്ചം നിലനില്‍ക്കും എന്നു പറഞ്ഞപോലെ മണ്‍മറഞ്ഞാലും അവര്‍ തെളിയിച്ച വെളിച്ചം നമുക്ക് മുന്നില്‍ നിലാവുപോലെ എന്നും ഉണ്ടാകും. തലമുറകള്‍ക്ക് പ്രചോദനമായി അവരുടെ വാക്കും പ്രവര്‍ത്തികളും നിലനില്‍ക്കുകയും ചെയ്യും.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അധികമാരും അറിയാതെ ജീവിച്ച ഒരു മലയാളി വൈദികനായിരുന്നു സേവ്യറച്ചന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫാ. സേവ്യര്‍ വടക്കേക്കര. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അദ്ദേഹം നമുക്കിടയിലുണ്ട്. ഭരണങ്ങാനത്ത് അസ്സീസി മാസികയില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന വേളയില്‍ ആണ് ജീവന്‍ ബുക്സ് അദ്ദേഹം ആരംഭിച്ചത്. ഉപരിപഠനത്തിനു ശേഷം ഡല്‍ഹിയില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മണ്ഡലം. 'ഇന്ത്യന്‍ കറന്‍റ്സ്' എന്ന വാരികയുടെ ചീഫ് എഡിറ്റര്‍, മീഡീയ ഹൗസ് എന്ന പുസ്തക പ്രസാധക സംരഭത്തിന്‍റെ സ്ഥാപകന്‍, ഡല്‍ഹിക്ക് സമീപം നോയിഡയിലുള്ള 'ജ്യോതി പ്രിന്‍റേഴ്സ്' എന്ന പ്രിന്‍റിംഗ് പ്രസ്സ് സ്ഥാപകന്‍ എന്നിവയാണ് സേവ്യറച്ചനെ വേര്‍തിരിച്ച് നിര്‍ത്തുന്ന കര്‍മ്മ മണ്ഡലങ്ങള്‍. ഒരു പ്രസാധകന് രണ്ടു മിഴികളും ഒപ്പം നല്ല കാഴ്ചയും അവശ്യം ഉണ്ടായിരിക്കണം എന്നാല്‍ കാഴ്ച വൈകല്യമുള്ള ഈ വൈദീകന്‍ തെരഞ്ഞെടുത്തത് പ്രസിദ്ധീകരണ രംഗമാണ് എന്ന വിരോധാഭാസം നമ്മളെ അതിശയിപ്പിക്കും.

1987-ലാണ് സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്‍റ്സ് എന്ന ടാബ്ലോയിഡ് പ്രസിദ്ധീകരണം സേവ്യറച്ചന്‍ ഏറ്റെടുക്കുന്നത്. ടൈറ്റില്‍ മാത്രമല്ല പഴയ ദില്ലിയിലെ പ്രിന്‍റിംഗ് പ്രസ്സില്‍ കൊടുക്കാനുണ്ടായിരുന്ന കുടിശിക തുക അടക്കം അച്ചന്‍ ഏറ്റെടുത്തു. അന്ന് അദ്ദേഹം മുന്നോട്ടു വച്ച ഒരു നിബന്ധന ഭാവിയില്‍ ഈ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും സഭ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുത് എന്നായിരുന്നു. അന്ന് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഡോ. ജോണ്‍ ദയാല്‍ ചോദിച്ചു, "പണമില്ലാതെ നാം എങ്ങനെ മുന്നോട്ടു പോകും", അച്ചന്‍റെ നിലപാട് ഇങ്ങനെയായിരുന്നു; 'പ്രവര്‍ത്തിക്കാനുള്ള പണം നമുക്ക് ഉണ്ടാക്കാം, പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ പണം നമുക്ക് ബാധ്യതയാകും'. ഈ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍ കത്തോലിക്ക സഭയെ ക്രിയാത്മകമായി വിമര്‍ശിക്കാനും, എന്നാല്‍ എക്കാലവും സഭക്കൊപ്പം നില്‍ക്കാനും ഇന്ത്യന്‍ കറന്‍റ്സ് മാസികയ്ക്ക് കഴിഞ്ഞു. അച്ചന്‍റെ ഈ ഉള്‍ക്കാഴ്ച ശരിയെന്ന് കാലം തെളിയിച്ചു. മതേതര മൂല്യങ്ങള്‍ക്കൊപ്പം സഞ്ചരിച്ച സേവ്യറച്ചന്‍ മാനുഷീക മൂല്യങ്ങള്‍ക്കായി നിലകൊണ്ടു. നീതിക്കായുള്ള പോരാട്ടം അത് ആരുടെതുമാകട്ടെ ആരും ക്ഷണിക്കാതെ പങ്കാളിയാകും. ലോക ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹിയിലെ കര്‍ഷക സമരത്തിലും അദ്ദേഹം പലതവണ സംബന്ധിച്ചു.

ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് നിരന്തരം എഴുതി, ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ച ടീസ്റ്റ സെതല്‍ വാദ്, ഡോ. രാംപുണിയാണി, ഡോ.ജോണ്‍ ദായല്‍ എന്നിവരുടെ ലേഖനങ്ങളും അഭിമുഖങ്ങളും ഇന്ത്യന്‍ കറന്‍റ്സ് മാസികയിലൂടെ വായനക്കാരിലെത്തിച്ചു. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ഡോ.ജോണ്‍ ദയാല്‍ എഡിറ്റു ചെയ്ത് ബ്രഹത് ഗ്രന്ഥം പ്രസിദ്ധീകരിച്ചത് അച്ചന്‍റെ ജ്യോതി പ്രിന്‍റേഴ്സ് ആയിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

കണ്ണിന്‍റെ കാഴ്ചയെ ബാധിക്കുന്ന ദശലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന അത്യപൂര്‍വ രോഗമാണ് ഫാ. സേവ്യര്‍ വടക്കേക്കരയ്ക്ക്. 'സ്യൂഡോ സാന്തോമാ ഇലാസ്തിക്യം' എന്ന ശാസ്ത്രനാമമുള്ള ഈ അപൂര്‍വരോഗം അദ്ദേഹത്തിന്‍റെ സഹോദരങ്ങളായ അന്തരിച്ച ഫാ.ക്ലീറ്റസ് (ആശീര്‍വനം, ബാംഗ്ലൂർ), ഫാ.ജോ വടക്കേക്കര (ആഗ്ര രൂപത) എന്നിവര്‍ക്കും ഉണ്ടായിരുന്നു. കണ്ണുകളുടെ കാഴ്ച വൈകല്യമാണ് ഈ രോഗം, എന്നാല്‍ പൂര്‍ണ്ണമായ അന്ധത അല്ല. മുന്നിലൂള്ള ആളെയും വസ്തുക്കളെയും നിഴല്‍ പോലെ കാണാം. ഈ വൈകല്യത്തെയും അദ്ദേഹം തനതായ ശൈലിയില്‍ അതിജീവിച്ചു. പ്രത്യേക തരം ഭൂതകണ്ണാടി ഉപയോഗിച്ചും, ടിവി സ്ക്രീനില്‍ അക്ഷരങ്ങളെ വലുതാക്കി കാണിക്കുന്ന സ്കാനര്‍ ഉപയോഗിച്ചും തന്‍റെ ജോലികളെല്ലാം നടത്തി. ഏറ്റവും വലിയ വെല്ലുവിളി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായിരുന്നു. അതിനും അദ്ദേഹം പരിഹാരം കണ്ടെത്തി. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ സ്വന്തമാക്കി. ഫോണില്‍ എസ്.എം.എസും, മറ്റ് മെസ്സേജുകളും ഇംഗ്ലീഷില്‍ പറഞ്ഞു തരുന്ന സോഫറ്റ് വെയര്‍ സംവിധാനം കണ്ടെത്തി ഉപയോഗിച്ചു. കൃത്യമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ ലഭ്യമായ ടെക്നോളജി ഉപയോഗിച്ചു. അങ്ങനെ ഓരോ കടമ്പയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കാനും ഫാ.സേവ്യറിന് സാധിച്ചു.

ഡല്‍ഹിയിലെവിടെയും അദ്ദേഹം ഒറ്റയ്ക്ക് സഞ്ചരിക്കും. ഡല്‍ഹി മഹാനഗരത്തിലെ ഗലികളില്‍ സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിക്കും. വഴിയോര ഡാബകളില്‍ വടക്കേയിന്ത്യക്കാരുടെ ലളിത ഭക്ഷണമായ പരിപ്പുകറിയും, ചപ്പാത്തിയും കഴിക്കും. ലാളിത്യം ജീവിച്ചു കാണിച്ചു സേവ്യറച്ചന്‍. സഹായം തേടിയെത്തുന്നവരോട് തൊടു ന്യായം പറഞ്ഞ് മടക്കിയിരുന്നില്ല. അസാദ്ധ്യം എന്നൊര് വാക്ക് അദ്ദേഹം പറയില്ല. തന്നെ കാണാന്‍ എത്തുന്നവരോട് നീ വല്ലതും കഴിച്ചോ എന്നു ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അലിവുള്ള ഹൃദത്തിന്‍റെ സാക്ഷ്യമാണത്.

ഡല്‍ഹി അതിരിടുന്ന നോയിഡയില്‍ ആരംഭിച്ച ജ്യോതി പ്രിന്‍റേഴ്സ് എന്ന അച്ചടി സംരംഭത്തിലൂടെ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ഒട്ടനവധി പുസ്തകങ്ങള്‍ വെളിച്ചം കണ്ടു. പദ്മശ്രീ ഓംചേരി എന്‍.എന്‍.പിള്ളയുടെ സമ്പൂര്‍ണ്ണ കൃതികള്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍ അലക്സാണ്ടര്‍ പൈകട സി എം ഐയുടെ പുസ്തകങ്ങള്‍, ഡോ. ജോണ്‍ ദയാലിന്‍റെ ഗുജറാത്ത് കലാപം സംബന്ധിച്ച ബൃഹത്ഗ്രന്ഥം, മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ജോയി വാഴയിലിന്‍റെ പുസ്തകങ്ങള്‍ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ വടക്കേക്കര അച്ചന്‍ സ്ഥാപിച്ച അച്ചുകൂടത്തിലൂടെ അക്ഷര വെളിച്ചം കണ്ടു. പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ ഡല്‍ഹിയില്‍ ഒരു അക്കാദമിയും അദ്ദേഹം നടത്തിയിരുന്നു. ഇക്കാലത്ത് മുന്‍നിര മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പത്രപ്രവര്‍ത്തകരെ രൂപപ്പെടുത്തിയത് സേവ്യറച്ചനാണ്.

മാധ്യമ പഠനത്തിന് ഒരു സ്ഥാപനവും അദ്ദേഹം നടത്തിയിരുന്നു. ഇന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് വഴിയൊരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു, തിരുവനന്തപുരത്ത് കേരള സര്‍ക്കാരിന്‍റെ പബ്ലിക് റിലേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ സിനി കെ തോമസ്, ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ് വര്‍ഗീസ്, ഇപ്പോള്‍ കാനഡയില്‍ ജോലി ചെയ്യുന്ന റിജേഷ് പീറ്റര്‍, ദീപിക ഫോട്ടോ ജേണലിസ്റ്റ് ജോണ്‍ മാത്യു എന്നിവരും സേവ്യറച്ചന്‍ വളര്‍ത്തിയവരില്‍ ചിലരാണ്.

കാലം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കുന്നില്ല. നമ്മെ കൂടാതെ കാലചക്രം ഇനിയും മുന്നോട്ടുരുളും. ഇനിവരുന്ന കാലത്തിന്‍റെ ചുവരെഴുത്തുകളില്‍ ഈ പേരും ചേര്‍ക്കപ്പെടണം. വരും തലമുറകളും അറിയണം, ഇവിടെ ഇങ്ങനെയും ചില മനുഷ്യര്‍ ജീവിച്ചിരുന്നു.


ജോണ്‍ മാത്യു

ഫോട്ടോഗ്രാഫര്‍-ദീപിക, കോട്ടയം.

(ലേഖകന്‍ ഫാ.സേവ്യര്‍ വടക്കേക്കര ചീഫ് എഡിറ്ററായിരുന്ന ഇന്ത്യന്‍ കറന്‍റ്സ് മാസികയിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്.)

Recent Posts

bottom of page