
പുതിയനിയമം വായിക്കുമ്പോൾ

സുവിശേഷങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഒരു പരിചിന്തനത്തിന് ഒരുമ്പെടുമ്പോൾ ഈ പദത്തിൻെറ ഉദ്ഭവത്തെയും, അർത്ഥ വ്യാപ്തിയെയും, അതോടൊപ്പം ഇതു സൂചിപ്പിക്കുന്ന പുസ്‌തകങ്ങളുടെ പ്രത്യേകതകളെയും നാം പരിചയിച്ചിരിക്കണം. അതുകൊണ്ട് ഈ വക ചില അടിസ്ഥാന വിശദാംശങ്ങളായിരിക്കും ആദ്യമായി ചർച്ച ചെയ്യുന്നത്. തുടർന്നുവരുന്ന ഭാഗങ്ങൾ അനുവാചകർക്കു സുഗ്രഹമാക്കാൻ ഇതു സഹായിച്ചേക്കും. നാലു സുവിശേഷങ്ങളുടെയും മുൻകാല ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പഠനങ്ങൾ പണ്‌ഡിതരുടെ ഇടയിൽ ഇതിനോടകം നടന്നു കഴിഞ്ഞിട്ടുണ്ട്. അവയെക്കുറിച്ചുള്ള അവശ്യധാരണ വിശുദ്‌ധ ഗ്രന്‌ഥ പാരായണത്തെ കൂടുതൽ യുക്‌തിസഹവും ഫലദായകവു മാക്കാൻ സഹായിച്ചേക്കും.
1. 'സുവിശേഷം' എന്ന സംജ്‌ഞ
ഇംഗ്ളീഷിൽ Gospel എന്ന പദത്തിന് തത്സമാനമായ മലയാള പദമാണ് "സുവിശേഷം". പഴയ ഇംഗ്ളീഷിലെ godspell എന്ന വാക്കാണ് പിൽക്കാലത്ത് gospel ആയത്. god എന്ന വിശേഷണത്തിനു 'നല്ല' (good) എന്നും spell എന്നതിന് അതിൻെറ ക്രിയാരൂപത്തിൽ (spellian) "സംസാരിക്കുക, ഉദ്ഘോഷിക്കുക" (to talk, announce) എന്ന അർത്ഥവുമാണുള്ളത്. Gospel എന്ന പദത്തിന് ഗ്രീക്കു ഭാഷയിലെ തത്തുല്യപദമാണ് "evangelion". ഇതിൻെറ അർത്ഥം "നല്ല വാർത്ത" എന്നത്രേ. ഇതേ അർത്ഥത്തിലാണ് ഇംഗ്ളീഷിൽ Gospel എന്ന പദവും ഉപയോഗിച്ചിരിക്കുന്നത്.
ഗ്രീക്കുസാഹിത്യത്തിൽ evangelion എന്ന പദപ്രയോഗത്തിന് മതാത്മകമായ ഒരർത്ഥമായിരുന്നില്ല ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. പ്രത്യുത, യുദ്‌ധ വിജയത്തെക്കുറിച്ചുള്ള നല്ല വാർത്തയ്‌ക്കോ , ആ നല്ല വാർത്തയുമായി എത്തുന്നയാൾക്കുള്ള പ്രത്യേക സമ്മാനത്തിനോ ആയിരുന്നു ഈ പദം ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ പുതിയ നിയമത്തിലാകട്ടെ, evangelion എന്ന സംജ്‌ഞ വളരെ വ്യക്തമായിത്തന്നെ മതാത്മകമായ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ദൈവം ക്രിസ്തുവിൻെറ മരണത്തിലൂടെയും ഉത്‌ഥാനത്തിലൂടെയും സാധിതമാക്കിയ രക്ഷയെ സംബന്‌ധിക്കുന്ന സന്ദേശമാണ് പുതിയനിയമത്തിലെ "നല്ല വാർത്ത". ഈ വാർത്ത വിരചിതമായിട്ടുള്ള പുസ്‌തകങ്ങളാണ് സുവിശേഷങ്ങൾ. ഇവ നാലെണ്ണമാണ്. മത്തായി/ മർക്കോസ്/ ലൂക്ക/ യോഹന്നാൻ - മാരുടെ സുവിശേഷങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. നാലു വ്യത്യസ്‌തരൂപങ്ങളിൽ നമുക്കിതു ലഭിച്ചിരിക്കുന്നുവെങ്കിലും ഉൾക്കാമ്പിൽ അവ ഏകതാനത പുലർത്തുന്നു എന്നാണ് ഈ പേരു സൂചിപ്പിക്കുന്നത്.
2. സുവിശേഷങ്ങളുടെ ഉദ്ഭവം
പന്തക്കുസ്താദിവസം ജനക്കുട്ടത്തെ അ ഭിസംബോധന ചെയ്തതുകൊണ്ട് പത്രോസ് പ്രസംഗിച്ചു. ദൈവം ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ക്രിസ്‌തുവിൻെറ നാമത്തിൽ മാമ്മോദീസാ സ്വീകരിക്കുവാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. പത്രോസിൻെറ ഈ പ്രസംഗം ക്രിസ്‌തുവിനെക്കുറിച്ചു നാലു സുവിശേഷങ്ങളിൽ ലിഖിതരൂപത്തിൽ നമുക്കു ലഭിച്ചിരിക്കുന്ന പാരമ്പര്യത്തിനു നാന്ദി കുറി ച്ചു. നാലു സുവിശേഷങ്ങൾക്കും അവയുടെ സുദീർഘമായ ചരിത്രമുണ്ട്. അതിലേക്കുഉള ഒരെത്തിനോട്ടം നമ്മുടെ ഈ പഠനത്തിനു സഹയകമാകു മല്ലോ.
ദൈവത്തിൻെറ രക്ഷാകരപദ്ധതിക്കനുസൃതം ക്രിസ്‌തു കുരിശിൽ മരിച്ചു എന്ന പ്രസ്താവത്തോടെയാണ് അപ്പസ്‌തോലന്മാർ തങ്ങളുടെ പ്രസംഗമാരംഭിച്ചിരുന്നത്. അവിടുത്തെ ബന്‌ധനം മുതൽ സംസ്ക്‌കാരം വരെയുള്ള പീഡാനുഭവ ചരിത്രമത്രയും ഈ പ്രസംഗങ്ങളിൽ വിവരിക്കുക പതിവായിരുന്നു. നാലു സുവിശേഷങ്ങളിലെയും പീഡാനുഭവ ചരിത്ര വിവരണങ്ങൾക്ക് ഏകതാനത പ്രകടമാണെങ്കിൽ അതിനു കാരണം, ദൈവം മാനവരക്ഷ സാധിച്ചത് വിശുദ്ധ വാരത്തിലെ ഏതെങ്കിലും ഒററപ്പെട്ട സംഭവത്തിലൂടെയല്ല, പ്രത്യുത, ദൈവേച്ഛയാൽ ആവിഷ്കൃതമായ സഹനയാത്രയുടെ സമഗ്രതയിലൂടെയായിരുന്നു എന്നതത്രേ.
യഹൂദ ശ്രോതാക്കളോട് രക്ഷാകര സന്ദേശം പ്രഘോഷിക്കുമ്പോഴെല്ലാം പീഡാനുഭവ ചരിത്ര വിവരണത്തിൽ ആദ്യകാല പ്രസംഗകർ പ്രത്യേകം നിഷ്‌കർഷിച്ചിരുന്നു. ക്രിസ്‌തുവിൻെറ മരണം തിരുവെഴുത്തുകൾക്ക് അനുസ്യതമായിരുന്നു എന്നതിന് ശക്തമായ തെളിവായിരുന്നു അത്. വിശ്വാസികളെയും വിജാതീയരെയും അഭിസംബോധന ചെയ്യുമ്പോഴും ഇതേ രീതി തന്നെയാണവർ അവലംബിച്ചിരുന്നത്. അങ്ങനെ തുടർച്ചയായ ഒരു പീഡാനുഭവ വിവരണരീതി വികസിച്ചുവന്നു.
ക്രിസ്തു മരണത്തിൻെറ നിയത പരിപൂർത്തിയായിരുന്നു അവിടുത്തെ ഉത്ഥാനം. "ദൈവം അവനെ ഉയിർപ്പിച്ചു" (അപ്പ 2: 21-24). ഉത്ഥാനചരിത്രം ചില ഒററപ്പെട്ട സംഭവങ്ങളിലൊതുങ്ങുന്നു. തുടർച്ചയായ വിവരണരീതി അതിനില്ല. കാരണം, ശക്തമായ പ്രഭാഷണങ്ങളിൽ വ്യക്‌തമായി മുഴങ്ങിനിന്ന, ക്രിസ്‌തു പ്രത്യക്‌ഷീകരണാനുഭവം വ്യക്തികളുടേതെങ്കിലും ഉത്ഥാനത്തെ സ്ഥിരീകരിക്കാൻ പോന്നവയായിരുന്നു. "കർത്താവു സത്യമായും ഉയിർത്തെഴുന്നേററു: ശിമയോനു പ്രത്യക്‌ഷപ്പെട്ടു ( ലുക്കാ 24:34). ഉത്ഥാനം ചെയ്ത ക്രിസ്തുവിൻെറ പ്രത്യക്‌ഷീകരണം എപ്പോൾ , എവടെവച്ച്, എങ്ങനെ സംഭവിച്ചു എന്നു നമുക്കറിയില്ല. ഉത്ഥാനത്തെക്കുറിച്ചു പ്രസംഗിച്ചവർ പോലും ക്രിസ്‌തു പ്രത്യക്‌ഷീകരണത്തിൻെറ സാഹചര്യ വിവരണങ്ങളിൽ വേണ്ടത്ര താല്പര്യമെടുക്കുന്നതായി കാണുന്നില്ല. കാരണം ഉത്ഥാന സന്ദേശത്തിൽ അവർക്ക് തെല്ലും സന്ദേഹമുണ്ടായിരുന്നില്ല എന്നതുതന്നെ.
മേൽ വിവരിച്ചവയിൽ നിന്ന് സുവിശേഷങ്ങളുടെ ആദ്യകാല കേന്ദ്രബിന്ദു ക്രീസ്‌തുവിൻെറ മരണോത്ഥാനങ്ങളുടെ പ്രഘോഷണമായിരുന്നു എന്നു സിദ്‌ധിക്കുന്നു. ജെറുസലേം വിശ്വാസ പ്രഘോഷണത്തിന്റെ ഒരു സംക്ഷിപ്തരൂപം 1 കോരി. 15: 3-8-ൽ കാണാം. "വിശുദ്ധലിഖിതങ്ങളിൽ പറഞ്ഞിട്ടുള്ളതു പോലെ, ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതു പോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേർക്കും പ്രത്യക്‌ഷനായി."
പ്രസിദ്ധമായ മറ്റു ചില ക്രിസ്തു പ്രതൃക്ഷീകരണങ്ങളെപ് പറ്റി പൗലോസ് തുടർന്നു പറയുന്നു. എന്നാൽ, എപ്പോൾ എവിടെ വച്ച്, എങ്ങനെ എന്നിങ്ങനെയുള്ള വിശദാംശങ്ങളിലേക്ക് അദ്ദേഹം കടക്കുന്നില്ല.
ആദ്യകാല പ്രസംഗകർ, ക്രിസ്‌തു തൻെറ പരസ്യ ജീവിതകാലത്തു വെളിപ്പെടുത്തിയ ശക്‌തമായ പ്രവൃത്തികളെ ഒന്നോന്നായി എടുത്തു പറയാറുണ്ടായിരുന്നു. ദൈവത്തിൻെറ മിശിഹാ- അഭിഷിക്‌തൻ- എന്ന നിലയിലുള്ള അവിടുത്തെ ദൗത്യത്തിന് വിശ്വാസയോഗ്യമായ തെളിവുകളായി ഇവ വർത്തിച്ചു. മോശയുടെയും പ്രവാചകന്മാരുടെയും പ്രവൃത്തികൾക്കും അവകാശവാദങ്ങൾക്കും സ്‌ഥിരീകരണമെന്നവണ്ണം അത്ഭുതങ്ങളും അടയാളങ്ങളും അവരെ പിന്തുടർന്നെങ്കിൽ രോഗശാന്തിയും പിശാചുബാധയോഴിക്കലും മററും യേശുവിൻെറ ദൗത്യ നിർവ്വഹണത്തെയും പിൻതുടർന്നെങ്കിൽ അതിൽ അത്ഭുതത്തിന് അവകാശമില്ലല്ലോ.
പ്രസംഗങ്ങളിൽ, ക്രിസ്‌തീയ ജീവിതത്തെക്കുറിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ ആവശ്യമായിരുന്ന വിശ്വാസികൾ ശ്രോതാക്കളായുണ്ടായിരുന്നപ്പോൾ പ്രത്യേകിച്ചും, ക്രിസ്‌തു സുക്തങ്ങൾ ഉദ്ധരിക്കാറുണ്ടായിരുന്നു. ഇത്തരം പ്രസംഗങ്ങൾ Kerygma, (ക്രിസ്തുവിലും ക്രിസ്‌തുവിലൂടെയും ദൈവം നിവൃത്തിയാക്കിയ കാര്യങ്ങളുടെ) പ്രഘോഷണത്തിൽ നിന്നു വ്യത്യസ്തമായി Didache, "പ്രബോധനം, ശിക്ഷണം" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം ശിക്ഷണ രീതിക്ക് ഉപയുക്തമാകത്തക്ക വിധത്തിൽ വ്യത്യസ്‌ത അവസരങ്ങളിൽ ക്രിസ്തു ചെയ്‌തിട്ടുള്ള വചനങ്ങൾ ശേഖരിച്ച് വിഷയ സാധർമ്മ്യത്തിൻെറ അടിസ്‌ഥാനത്തിൽ ലിഖിതങ്ങളാക്കിയിരുന്നു. മത്താ. 6:5-14 ഇതിന് മകുടോദാഹരണമാണ്. ഈ ഖണ്‌ഡം മൂന്നു വ്യത്യസ്‌ത അംശങ്ങൾ ഉൾക്കൊള്ളുന്നു.
(i) പ്രാർത്‌ഥിക്കുന്നത് കപടനാട്യക്കാരെപ്പോലെ ആയിരിക്കരുത് (5-6),
(i) വിജാതിയാരെപ്പോലെ അതിപ്രഭാഷണം ചെയ്യരുത് (7-13),
(iii) മററുള്ളവരുടെ തെററുകൾ ക്ഷമിക്കണം(14-15)
ലൂക്ക് 11:1-13, Didacheയ്ക്ക് മറ്റൊരു ഉദാഹരണമാണ്. ആമുഖവാക്യവും (V.1) നാലുഭാഗങ്ങളും ചേർന്നതാണിത്.
1) ആദർശപരമായ പ്രാർത്ഥന(2-4)
2) പാർത്‌ഥനയിൽ നിലനിൽക്കേണ്ടതിൻ്റെ ആവശ്യകത (5-8),
3) ദൈവം പ്രാർത്ഥന കേൾക്കുന്നുവെന്നുള്ള ഉറപ്പ് (9-11),
4) ദൈവപിതാവിന്റെ നന്മസ്വരൂപത( 11-13).
മത്തായി 6: 5-14-ൽ കാണുന്ന പ്രബോധനം, പ്രാർത്ഥനയിൽ പരിചയമുളള യഹൂദരിൽ നിന്നു വിശ്വാസം സ്വീകരിച്ചവരെ ഉദ്ദേശിച്ചുകൊണ്ട് ഉള്ളതായിരുന്നെങ്കിൽ, ലൂക്ക് 11:1-13-ആകട്ടെ. വിജാതീയരിൽനിന്നു വിശ്വാസത്തിലേക്കു വന്ന, പ്രാർത്ഥനയിൽ ശിക്ഷണമാവശ്യമുളളവരെ ഉദ്ദേശിച്ചുളളതായിരുന്നു.
ക്രിസ്തു തൻ്റെ പ്രസംഗങ്ങളിൽ ഉപയോഗിച്ചിരുന്നത് അക്കാലത്തെ പാലസ്തീനിയൻ ഭാഷയായ അറമായയാണ്. അവിടുത്തെ ചില അറമായ പ്രയോഗങ്ങൾ സുവിശേഷങ്ങളിൽ നിലനിർത്തിയിട്ടുണ്ട്. റാക്കാ (മത്താ 5:22) തലിത്താകുമി (മർക്കോ 5:41) എഫാത്ത (മർക്കോ, 7:34) അബ്ബാ (മർക്കോ 14:36) എന്നിവ ഉദാഹരണങ്ങളാണ്. ആദ്യ കാലങ്ങളിൽത്തന്നെ ക്രിസ്‌തു സൂക്‌തങ്ങൾ ഗ്രിക്കുഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ പ്രസ്തുത വിവർത്തകർ പദാനുപദമായി അതു നിർവ്വഹിക്കുന്നതിനെ കാര്യമാക്കിയില്ല. ഓരോ പ്രസംഗകനും അവ സ്വതന്ത്രമായി വിവർത്തനം ചെയ്തുപോന്നു. ഇക്കാരണത്താലാണ് ഒരേ സൂക്തങ്ങൾ തന്നെ വിവിധ രൂപങ്ങളിൽ പ്രത്യക്‌ഷപ്പെടുന്നത്. (സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന, മലയിലെ പ്രസംഗം മുതലായവ ഉദാഹരണങ്ങളാണ്.) വി. കുർബാനയിലെ സ്‌ഥിരീകരണ വാക്യങ്ങൾ ശ്രദ്‌ധിച്ചാൽ ആദ്യകാല പ്രസംഗകർ എപ്രകാരമാണ് കർത്താവിന്റെ വചനങ്ങളെ സ്വതന്ത്രമായി ഉപയോഗിച്ചിരുന്നത് എന്നു വ്യക്തമാകും.
ഇത് എന്റെ ശരീരമാണ് (മർക്കോ 14:22; മത്താ. 26:26).
ഇത് നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എൻറെ ശരീരമാകുന്നു (ലൂക്ക 22:19)
ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ് (1 കോറി.11:24)
ഇത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടനടിയുടേതുമായ എൻ്റെ രക്തമാണ് (മർക്കോ. 14:24)
ഇതു പാപമോചനത്തിനായി അനേകർക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എൻറെ രക്‌തമാണ് (മത്താ 26:13)
ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെട ുന്ന എൻ്റെ രക്തത്തിലുള്ള പു തിയ ഉടമ്പടിയാണ് (ലൂക്ക. 22:20)
ഇത് എൻ്റെ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ് (1 കോറി 11:25).
ഇവിടെയെല്ലാം കർത്താവിൻറെ വചനത്തെ വക്രീകരിക്കുകയോ കൃത്രിമമാക്കുകയോ ചെയ്‌തു എന്നു നമ്മൾ കരുതരുത്. നേരെമറിച്ച്, അന്തിമ വിശകലനത്തിൽ ഈ പൊരുത്തമില്ലായ്‌മ പ്രകടമാക്കുന്നത് ആശ്‌ചര്യകരമായ സ്വരച്ചേർച്ചയെയും യോജിപ്പിനെയുമാണെന്നു കാണാം.
സ്വർഗാരോഹണാനന്തരം ചുരുങ്ങിയ വർഷങ്ങൾക്കുളളിൽ സുവിശേഷങ്ങൾ വാമൊഴിയായി നിലവിലുണ്ടായിരുന്നുവെന്ന കാര്യം ഇതുവരെയുള്ള ചർച്ചകളിൽ നിന്നു വ്യക്‌തമാണല്ലോ. കാലക്രമത്തിൽ കർത്താവിനെ കാണുകയും കേൾക്കുകയും ചെയ്ത ിട്ടുളളവർ മൺമറയുകയും അവിടുന്നുമായി നേരിട്ടു വ്യക്‌തിബന്‌ധമില്ലാതിരുന്ന വിശ്വാസികളുടെ ഒരു പുതിയ സമൂഹം ഉയർന്നുവരികയും ചെയ്തു. ഇത്തരുണത്തിൽ വാചാസുവിശേഷം ലിഖിതരൂപത്തിലാക്കേണ്ടത് ഒരാവശ്യമായി വന്നു. അങ്ങനെ നാലു സുവിശേഷങ്ങൾ വിരചിതങ്ങളായി.
സുവിശേഷങ്ങൾ എല്ലാറ്റിലുമുപരി ക്രിസ്‌തീയ സമൂഹത്തിന് ക്രിസ്‌തുവിലുള്ള വിശ്വാസത്തെ വിളിച്ചറിയിക്കുന്ന ഗ്രന്ഥങ്ങളായിരുന്നു. ഈ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിനായിരുന്നു അവ എഴുതപ്പെട്ടതും. 4-ാം സുവിശേഷകർത്താവ് പ്രകടമായ രീതിയിൽത്തന്നെ അതു വ്യക്‌തമാക്കുന്നുണ്ട്': “എന്നാൽ ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു, ദൈവപുതനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക ്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്" (യോഹ 20:31). ചുരുക്കത്തിൽ, ദൈവപുത്രനായ ക്രിസ്‌തുവിലുള്ള വിശ്വാസത്തിൻറെ ഏററുപറച്ചിലാണ് സുവിശേഷങ്ങൾ എന്നുപറയാം.
ഏക സുവിശേഷം നാലു രൂപങ്ങളിൽ,
പുതിയ നിയമം വായിക്കുമ്പോൾ,
ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
അസ്സീസി മാസിക, 1991 ജൂലൈ





















