

Key Takeaways:
* പ്രാര്‍ത്ഥിച്ചുകൊള്ളുക, പ്രാര്‍ത്ഥനയുടെ ഫലം, അതു തമ്പുരാന്‍തരും.
*പക്ഷേ, പ്രശ്നം പരിഹരിക്കാന്‍വേണ്ടി കുര്‍ബ്ബാന ചൊല്ലിക്കണം ഒപ്പീസു ചൊല്ലിക്കണം എന്ന തെറ്റിധാരണ വേണ്ട.
അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്രയിലായിരുന്നു. തിരിച്ചുവന്ന് ആശ്രമമുറ്റത്തേക്കു കയറുമ്പോള്‍ ഒരു കാറ് പുറത്തേക്കു വരുന്നുണ്ടായിരുന്നു. അതിനു കടന്നുപോകാന്‍ സൈഡുകൊടുത്തു. വണ്ടി പാര്‍ക്കുചെയ്തിട്ടിറങ്ങിവരുമ്പോള്‍ പുറത്തേക്കു പോയ ആ കാറ് തിരിച്ചു കയറിവരുന്നു. അതില്‍നിന്നിറങ്ങി എന്‍റെയടുത്തേക്കുവന്നത് എന്നോളംതന്നെ പ്രായംതോന്നിക്കുന്ന ഒരു ചേട്ടനായിരുന്നു.
"ഇവിടുത്തെ അച്ചനാണോ?"
"ഇവിടുത്തെതന്നെയാണ്, ഞങ്ങളുരണ്ടുമൂന്നച്ചന്മാരിവിടെയുള്ളതുകൊണ്ട് അതിലാരെയാണ് കാണേണ്ടത് എന്നു പറഞ്ഞാല്‍ എളുപ്പമായി."
"ഇവിടെ ആരെയും പരിചയമില്ല. കൗണ്‍സലിങ്ങുകൊടുക്കുന്ന ഒരച്ചന്‍ ഇവിടെയുണ്ടെന്നറിഞ്ഞു. അതിനുവന്നതായിരുന്നു. മണി അടിച്ചപ്പോള്‍ വന്നയാള്, ആ അച്ചന്‍ ഇവിടെയില്ല. ഒരാഴ്ച കഴിഞ്ഞേ വരൂ എന്നുപറഞ്ഞു. വേറെ ഒരച്ചനുള്ളതു പുറത്തുപോയിരിക്കുകയാണ്, ഇന്ന് തിരിച്ചുവരും എന്നല്ലാതെ എപ്പോള്‍ വരുമെന്നറിയില്ല എന്നുപറഞ്ഞു. അതുകൊണ്ടു തിരിച്ചുപോകാനിറങ്ങിയപ്പോഴാണ് ഈ കാറു കയറിവരുന്നതു കണ്ടത്. അവിടെ നിര്‍ത്തിയിട്ടു നോക്കിയപ്പോള്‍ വണ്ടി ഷെഡില്‍ കയറ്റിയിടുന്നതു കണ്ടതുകൊണ്ട് പുറത്തുപോയിരുന്ന അച്ചന്‍ തിരിച്ചു വന്നതായിരിക്കുമെന്നു കരുതിയാണ് തിരിച്ചു കയറിവന്നത്."
"എവിടുന്നാണ് വരുന്നത്?" സ്ഥലം കേട്ടപ്പോള്‍ വിഷമംതോന്നി. പത്തെഴുപതു കിലോമീറ്റര്‍ അകലെനിന്നാണ്.
"ഇങ്ങനെ ഒരാവശ്യത്തിനൊക്കെ വരുമ്പോള്‍ ഒന്നു പറഞ്ഞിട്ടു വരികയല്ലായിരുന്നോ നല്ലത്."
"ഫോണ്‍ നമ്പരൊന്നുമറിയില്ല. എന്‍റെയപ്പനുണ്ട് കാറില്‍. അപ്പന്‍ അത്യാവശ്യം പറഞ്ഞപ്പോള്‍ ഉടനെയിങ്ങു പോന്നതാണ്. എന്‍റെ മകന്‍റെ മകനാണ് വണ്ടിയോടിക്കുന്നത്."
"കഷ്ടമായല്ലോ, കൗണ്‍സലിങ്ങു തരുന്ന അച്ചന്‍ ഒരാഴ്ച ധ്യാനത്തിനു പോയതാണ്. ഞാന്‍ ഫോണ്‍നമ്പര്‍ തരാം, വിളിച്ചുചോദിച്ചു സമയം തീരുമാനിച്ചു വന്നാല്‍ മതി. അപ്പനെയും കൂടി വിളിച്ചാല്‍ എന്തെങ്കിലും കുടിച്ചിട്ടുപോകാം."
"അപ്പനു തൊണ്ണൂറ്റേഴു വയസ്സുണ്ടച്ചാ. ഒത്തിരിനാളുകൂടിയാണ് ഇത്രയും നീണ്ട യാത്ര. ഇനി ഒന്നുകൂടെ വരാന്‍ ബുദ്ധിമുട്ടായിരിക്കും. അച്ചനെപ്പോഴും ഇവിടെയുള്ള ആളായിരിക്കുമെന്നോര്‍ത്തായിരുന്നു ഞങ്ങള്‍ വന്നത്."
"ഇത് ആശുപത്രിയും ക്ലിനിക്കുമൊന്നുമല്ലല്ലോ ചേട്ടാ, ആശ്രമമല്ലേ. ഞങ്ങള്‍ക്കൊക്കെ എങ്ങോട്ടെങ്കിലുമൊക്കെ പോകേണ്ടിവരില്ലേ. ഞാന്‍തന്നെ ഇന്നലെപോയതായിരുന്നു, ഇപ്പോളെത്തിയതേയുള്ളു."
"അത്ര അത്യാവശ്യമായതുകൊണ്ടാണച്ചാ കൂടുതല്‍ ആലോചിക്കാതെ ഇങ്ങുപോന്നത്. അച്ചനൊന്നു സഹായിക്കാന്‍ പറ്റുമോ?"
"എന്നെക്കൊണ്ടു പറ്റുന്നതു ഞാന്‍ ചെയ്യാം. ഏതായാലും അപ്പനെ വിളിച്ചുകൊണ്ടുവാ, അല്പം വിശ്രമിച്ചിട്ടെങ്കിലും പോകാം."
ആളുപോയി. ഞാന്‍ ഗസ്റ്റ്റൂം തുറന്നിട്ടു. അവരുകയറിവന്നു. നടപ്പ് അല്പം സാവകാശമാണെന്നല്ലാതെ തൊണ്ണൂറ്റിയേഴുവയസ്സിന്‍റെ അവശതയൊന്നും ആളിനില്ലെന്നു തോന്നി. ഇരിക്കാനുള്ള സൗകര്യമൊക്കെ കൊടുത്തപ്പോള്‍ പയ്യന്‍സ് താത് പര്യം കാണിച്ചില്ല. അവന്‍ കാറിലിരുന്നുകൊള്ളാമെന്നു പറഞ്ഞ് തിരിച്ചുപോയി.
"ഞങ്ങളു നാലുതലമുറക്കാരുണ്ടച്ചാ വീട്ടില്‍. തൊണ്ണൂറ്റേഴു വയസ്സുള്ള അപ്പന്‍. അമ്മ മരിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഞാന്‍ ഒരാളെയുള്ളു. അനുജനുണ്ടായിരുന്നത് കല്യാണം കഴിക്കുന്നതിനുമുമ്പ് മരിച്ചുപോയി. എനിക്കും രണ്ട് ആണ്‍ മക്കളായിരുന്നു, ഇളയവന്‍ ഇരുപതുവയസ്സില്‍ മരിച്ചു. മൂത്തവന് രണ്ട് ആണ്‍മക്കളാണ്. അതില്‍ ഇളയവനാണ് ഇപ്പോള്‍ വണ്ടിയോടിച്ചു വന്നിരിക്കുന്നത്. വീട്ടില്‍ വലിയ സമാധാനക്കേടൊന്നുമില്ല. പക്ഷെ, അപ്പന് കുറെനാളായിട്ടു വലിയ അസ്വസ്തത. അമ്മ മരിച്ചതില്‍ പിന്നെയാണ്. അസുഖങ്ങളൊന്നുമില്ല. വികാരിയച്ചനാണ് ഇവിടെയുള്ള അച്ചന്‍റെ കാര്യംപറഞ്ഞ് ഇങ്ങോട്ടു വിട്ടത്. അച്ചന്‍റെ കൈയ്യില്‍ ഫോണ്‍നമ്പരൊന്നുമില്ലായിരുന്നു. അപ്പന്‍റെ കാര്യം അപ്പന്‍ അച്ചനോടു നേരിട്ടു പറഞ്ഞുകൊള്ളാമെന്നു പറഞ്ഞാണു പോന്നത്. ചെവിക്കും കുഴപ്പമില്ല, ഓര്‍മ്മയ്ക്കും തകരാറില്ല. ഇനി അപ്പന്‍തന്നെ പറയട്ടെ. ഞാന്‍ പുറത്ത് എവിടെയെങ്കിലും കണ്ടേക്കാം." ആളു പുറത്തേക്കുപോയി.
"അവന്‍ പറഞ്ഞപോലെ അവളു മരിച്ചതില്‍ പിന്നെയൊന്നുമല്ല എന്‍റെ പ്രശ്നം. എനിക്കൊരു വലിയ തെറ്റുപറ്റിയിട്ടുണ്ടച്ചാ. ഒരു കൊലപാതകമാണ്. ആര്‍ക്കുമത് അറിയത്തില്ല. ഞാനത് അറിഞ്ഞുകൊണ്ടു ചെയ്തതുമല്ല. തെറ്റുചെയ്തെന്നു ഒരിക്കലും തോന്നിയിട്ടുപോലുമില്ലായിരുന്നു. എന്‍റെ ഭാര്യ വലിയ ഭക്തയായിരുന്നു. രാവിലെ മുതല്‍ റ്റിവിയിലെ കുര്‍ബാനേം ആരാധനേം കൊന്തേമെല്ലാം കൂടും. ബാക്കി സദാ സമയവും കൊന്തയും സുകൃതജപോം ചൊല്ലി പ്രാര്‍നയുമായിക്കഴിഞ്ഞു. അവള്‍ക്കു നല്ലമരണോം കിട്ടി. ഞാനങ്ങനെയല്ല. വൈകുന്നേരം കുരിശുവരയ്ക്കാന്‍ കൂടുന്നതൊഴിച്ചാല്‍, ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലാത്തതുകൊണ്ട്, രാവിലെ പത്രം വായിച്ചുകഴിഞ്ഞാല്‍ വീടിനുചുറ്റും ഞാന്‍ വച്ചുപിടിപ്പിച്ച പത്തന്‍പതു വര്‍ഷം പഴക്കമുള്ള ജാതീം, കൊടീമൊക്കെയുണ്ട്, അതിന്‍റെ ചുവട്ടില്‍ വീഴുന്നതൊക്കെ പറുക്കി, ഉണക്കിയെടുക്കും. പിന്നെ കുറേനേരം കിടന്നുറങ്ങും. പക്ഷെ, അവളു പോയതില്‍പിന്നെ മരണത്തിനൊരുങ്ങണമെന്നു തോന്നിത്തുടങ്ങി.
അങ്ങനെ ഞാനും റ്റിവിയിലെ കുര്‍ബ്ബാനേം പ്രസംഗോമൊക്കെ സ്ഥിരം കാണാനും കേള്‍ക്കാനും തുടങ്ങി. അതോടെ ഇതുവരെ ഞാന്‍ നിസ്സാരമായി കരുതിയിരുന്നതു പലതും ഗുരുതരമാണെന്നു തോന്നി. കുടുംബത്തിലെ പല പ്രശ്നങ്ങളുടെയും കാരണക്കാരന്‍ ഞാനാണെന്നു മനസ്സിലായി. ഉറക്കം കുറഞ്ഞു, പറമ്പിലേക്കിറങ്ങുന്നതു തന്നെ മടുപ്പായി. എല്ലാത്തിനും ഒരു മനസ്സുമടുപ്പ്. വീട്ടിലുള്ള എല്ലാവര്‍ക്കും അതു വിഷമമായി. വികാരിയച്ചന്‍റടുത്തു സംസാരിച്ചപ്പോഴാണ് എനിക്കു കാര്യം മനസ്സിലായത്. റ്റിവിയിലെ ധ്യാനഗുരുക്കന്മാര് ആവര്‍ത്തിച്ചു പറയാറുള്ള ഒരു വലിയതടസ്സം എന്‍റെ കുടുംബത്തിലുണ്ടെന്ന്. അതിനു കാരണക്കാരന്‍ ഞാന്‍ തന്നെയാണെന്നും.
എന്‍റെ അനുജന്‍ നല്ലപ്രായത്തില്‍ മരിച്ചു. എന്‍റെ ഇളയമകനും ചെറുപ്പത്തിലെ മരിച്ചു. എന്‍റെ മൂത്തമകനും രണ്ട് ആണ്‍മക്കളാണ്. ഓര്‍ക്കുമ്പോള്‍ വല്യ ആധിയാണ്. ഈ മരണത്തിനെല്ലാം കാരണക്കാരന്‍ ഞാനാണെന്നു മനസ്സു പറയുന്നു. എന്‍റെ അനുജന്‍റെത് ദുര്‍മ്മരണമായിരുന്നു. അവന്‍ എന്നും വീട്ടില്‍ അലമ്പായിരുന്നു. അപ്പന് ക്യാന്‍സര്‍ വന്ന് അത്യാസന്നനിലയിലായിരുന്ന സമയത്ത് ഒരു ദിവസം സന്ധ്യയ്ക്ക് അവന്‍ വീട്ടില്‍കിടന്നു കാശിനു വഴക്കിട്ടു. ഞാനവനെ വഴക്കുപറഞ്ഞ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. അവന്‍ പോയവഴി വീടിന്‍റെ ചാര്‍ത്തില്‍ സൂക്ഷിച്ചിരുന്ന പത്തുനാല്‍പതുകിലോ ഭാരമുണ്ടായിരുന്ന ഓടുകൊണ്ടുള്ള വലിയ വാര്‍പ്പ് വലിച്ചു തലയില്‍ക്കയറ്റി അതും ചുമന്നുകൊണ്ടു പോകുന്നതു ഞാന്‍ കണ്ടു. നല്ലവിലയുള്ള അതു വില്‍ക്കാനാണവന്‍ കൊണ്ടുപോകുന്നതെന്ന് ഉറപ്പായിരുന്നതുകൊണ്ടു ഇരുട്ടായിരുന്നെങ്ങിലും ഞാന്‍ പുറകെ ചെന്നു. അവന്‍ ഓടി. തെന്നിവീഴുന്നതു ഞാന്‍ കണ്ടെങ്കിലും വഴക്കിനു പോകണ്ടാ എന്നോര്‍ത്തു ഞാന്‍ തിരിച്ചുപോന്നു. കുറക്കഴിഞ്ഞ് വീട്ടിലേക്കുവന്ന അയല്‍വാസിയാണു കണ്ടത് അവന്‍ മരിച്ചുകിടക്കുന്നത്. തെന്നി വീണ വഴി അത്രയും ഭാരമുള്ള വാര്‍പ്പ് അവന്‍റെ നെഞ്ചത്തായിരുന്നു വീണത്. വീഴുന്നതു കണ്ടിരുന്നെങ്കിലും എഴുന്നേറ്റു പൊയ്ക്കോട്ടെ എന്നു കരുതിയായിരുന്നു ഞാന്‍ തിരിച്ചുപോന്നത്. ഞാനൊന്നും ചെയ്തിട്ടല്ലല്ലോ അങ്ങനെ സംഭവിച്ചത് എന്നോര്‍ത്ത് അതൊന്നും ആരോടും പറഞ്ഞുമില്ല. പിറ്റെദിവസം അപ്പനും മരിച്ചു.
എനിക്കും രണ്ടുമക്കളായി. എന്‍റെ ഇളയമകനും വല്ലാത്ത ദുശ്ശാഠ്യക്കാരനായിരുന്നു. അവന്‍റെ വഴക്കും ശല്യവുംകൊണ്ടു മടുത്ത് പതിനെട്ടുവയസ്സായപ്പോള്‍ മോട്ടോര്‍ സൈക്കിളു വാങ്ങിച്ചു കൊടുത്തു. നാലാംദിവസം ലോറിക്കടിയില്‍പെട്ടു ജീവന്‍ പോയി. വലിയ വിഷമം ഉണ്ടായെങ്കിലും കുഴപ്പമില്ലാതെ മുന്നോട്ടുപോയി. ഭാര്യ മരിച്ചുകഴിഞ്ഞു റ്റിവിലെ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കാരണവന്മാരു ചെയ്ത തിന്മകള്‍ക്ക് പരിഹാരം ചെയ്തില്ലെങ്കില്‍ കുടുംബത്തിലെ ശാപം നീണ്ടു നില്‍ക്കുമെന്ന് പലപ്പോഴും കേട്ടപ്പോഴാണ് ഞാന്‍ കാരണമാണ് അന്ന് അനുജന്‍ മരിക്കാനിടയായതെന്ന് എനിക്കുറപ്പായത്. അതുകൊണ്ടാണ് എന്‍റെ മകനും ദുര്‍മ്മരണമുണ്ടായത്. ഇപ്പോള്‍ മകന്‍റെ മകനും വല്ലാത്ത വാശീം വഴക്കുമൊക്കെ കാണിച്ചു തുടങ്ങിയപ്പോഴാണ് എനിക്കു വല്ലാത്ത പേടി. എന്തു പരിഹാരംചെയ്യാനും ഞാന്‍ തയ്യാറാണച്ചാ. ഈ ശാപമൊന്നു മാറിക്കിട്ടിയാല്‍ മതി."
"എന്തുപരിഹാരവും ചെയ്യാന്‍ തയ്യാറാണെന്ന് അപ്പാപ്പന്‍ പറഞ്ഞതുകൊണ്ട് ശാപം മാറ്റിത്തരാം അപ്പാപ്പാ. മകനെക്കൂടെ ഞാന്‍ വിളിച്ചുകൊണ്ടുവരാം. ആളുംകൂടെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണമല്ലോ." എല്ലാം അറിയാമെന്നമട്ടിലായിരുന്നു പെട്ടെന്ന് എന്‍റെ പ്രതികരണം.
"എന്‍റെ അനുജന്‍ ചെറുപ്പത്തിലെ മരിച്ചുപോയി എന്നല്ലാതെ, ഉരുളി കട്ടോണ്ടുപോയതും വീണതും മരിച്ചതുമൊന്നും ഇവര്‍ക്കൊന്നും അറിയത്തില്ലച്ചാ. അന്ന് ഈ മൂത്തവന് ഒരുവയസ്സുപോലുമായിട്ടില്ലായിരുന്നു. അതൊന്നും ആരും അറിയാതിരിക്കാനാ ഞാന്‍ ദൂരെ എവിടെയെങ്കിലും ഒരച്ചനെ കാണണമെന്നു പറഞ്ഞു വന്നത്."
"അപ്പാപ്പന്‍ പേടിക്കണ്ട, അപ്പാപ്പന്‍ പറഞ്ഞതൊന്നും ഞാനങ്ങേരോടു പറയാന്‍ പോകുന്നില്ല."
ഞാന്‍ വേഗം പുറത്തു ചെന്ന് മകനെയും കൂട്ടിക്കൊണ്ടുവന്നു.
"ഇനിയിപ്പം വേറെ ആരെയും കൗണ്‍സിലിങ്ങിനുവേണ്ടി കാണാന്‍ പോകണമെന്നില്ല. കുടുംബത്തിലൊരു ചെറിയ പ്രശ്നം കിടപ്പുണ്ട്. അപ്പന്‍റെ മരിച്ചുപോയ അനുജനും, അപകടമരണം സംഭവിച്ച ഇദ്ദേഹത്തിന്‍റെ മകനുമായി ബന്ധപ്പെട്ടാണ്. അതിനു ചില പ്രതിവിധികള്‍ ചെയ്യണം. ഓരോരുത്തര്‍ക്കുംവേണ്ടി പത്തു കുര്‍ബാനയും പത്ത് ഒപ്പീസും വീതം ചൊല്ലിക്കണം. കൂടാതെ, ഓരോ ഒപ്പീസു കുഴിമാടത്തിലും ചൊല്ലിക്കണം. ഇനിയിപ്പം അപ്പാപ്പന്‍ പ്രത്യേകിച്ചു ചെയ്യാനുള്ള കാര്യം, വാര്‍ത്ത കേള്‍ക്കാനല്ലാതെ റ്റിവി കാണാതിരിക്കുക. പള്ളീല്‍ പോകാന്‍ പറ്റില്ലെങ്കില്‍ ദിവസം ഒരുകുര്‍ബ്ബാന മാത്രം റ്റിവിയില്‍ കാണാം. റ്റിവിയിലെ ബാക്കി പ്രസംഗോം പരിപാടികളുമൊക്കെ ഒഴിവാക്കുക. അല്ലാതെ സ്വന്തമായി പ്രാര്‍ത്ഥിക്കുക. ഞാന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാമെന്നു രണ്ടുപേരും സമ്മതിച്ചോ?"
ഡോക്ടര്‍മാരു രോഗികളോടു പറയുന്നതുപോലെ വളരെ സീരിയസായും കര്‍ക്കശമായും ഞാനങ്ങു ചോദിച്ചുകഴിഞ്ഞപ്പോള്‍ അപ്പാപ്പന്‍റെ മുഖം തെളിഞ്ഞു. രണ്ടുപേരും സന്തോഷത്തോടെ സമ്മതിച്ചു. അവരുടെ കൂടെ കാറിനടുത്തുവരെ ഞാനും ചെന്നു. അപ്പാപ്പനെ കാറിലിരുത്തിയശേഷം മകനെ മാറ്റിനിര്‍ത്തി ഞാന്‍ പറഞ്ഞു:
"ഞാന്‍ അപ്പാപ്പനെ ഇരുത്തിക്കൊണ്ടു പറഞ്ഞതു കേട്ടു തെറ്റിധരിക്കരുത്. നിങ്ങളുടെ വീട്ടിലോ മരിച്ചുപോയവരുമായി ബന്ധപ്പെട്ടോ യാതൊരു പ്രശ്നവുമില്ല. നിങ്ങളുടെ അപ്പന്‍റെയുള്ളില്‍ കടന്നുകൂടിയ കുറ്റബോധം മാറ്റാന്‍ ഇതല്ലാതെ വഴിയില്ലാഞ്ഞിട്ടാണ്. ഈ പ്രായത്തില്‍ ഇനി കൗണ്സലിങ്ങുകൊടു ത്തു നേരെയാക്കാന്‍ നോക്കിയാല്‍ പട്ടീടെ വാലു കുഴലിലിട്ടതുപോലെയേ ആകൂ. ഞാന്‍ പറഞ്ഞതുപോലെ പ്രാര്‍ത്ഥിച്ചുകൊള്ളുക, പ്രാര്‍ത്ഥനയുടെ ഫലം, അതു തമ്പുരാന്‍തരും. പക്ഷേ, പ്രശ്നം പരിഹരിക്കാന്‍വേണ്ടി കുര്‍ബ്ബാന ചൊല്ലിക്കണം ഒപ്പീസു ചൊല്ലിക്കണം എന്ന തെറ്റിധാരണ നിങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഞാനിതു വിശദീകരിച്ചു പറഞ്ഞത്. ഇതു നിങ്ങളുമാത്രം അറിഞ്ഞാല്‍മതി."
അവരു പോയിക്കഴിഞ്ഞപ്പോള്‍ ഓര്‍ത്തുപോയി, ഞാനതു പറഞ്ഞുകൊടുത്തെങ്കിലും അതും പട്ടീടെ വാലു കുഴലിലിട്ടതുപോലെ ആകുമോ പോലും!!
പട്ടീടെ വാലു കുഴലിലിട്ടാല്‍..
ഫാ. ജോസ് വെട് ടിക്കാട്ട്
അസ്സീസി മാസിക, ജനുവരി 2026
























