top of page
പുരോഹിതാ - 8
ഏക മകളെ ബലിയര്‍പ്പിച്ച ന്യായാധിപന്‍ ജെഫ്താ
അനുകരണാര്‍ഹമല്ലാത്ത ഒരു ദുരന്തകഥാപാത്രമാണ് വലിയ ആറു ന്യായാധിപന്മാരില്‍ ഒരുവനായി ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകം 11, 1-12, 27 (47) വാക്യങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ജെഫ്താ. അയാള്‍ പുരോഹിതനല്ല, ലേവി ഗോത്രജന്‍ പോലുമല്ല. ഗിലയാദ് എന്ന ഇസ്രായേല്‍ക്കാരന് വേശ്യയില്‍ ജനിച്ചവന്‍ സഹോദരങ്ങള്‍ വെറുത്ത് പുറന്തള്ളിയവന്‍, നാടുവിട്ടോടി, അന്യദേശത്ത് കൊള്ളത്തലവനായി ജീവിച്ചവന്‍. എന്നാല്‍, അവന്‍റെ നാട്ടുകാരായ ഗിലയാദുകാര്‍ ശത്രുക്കളുടെ ആക്രമണം നേരിട്ടപ്പോള്‍ സഹായം തേടി അവന്‍റെ അടുത്തെത്തി. ആദ്യം വിസമ്മതിച്ചെങ്കിലും, യുദ്ധം ജയിച്ചാല്‍ തന്നെ നേതാവാക്കണം എന്ന നിബന്ധനയോടെ ക്ഷണം സ്വീകരിച്ചു. ബൈബിളിലെ പുരോഹിതന്മാരെയും പൗരോഹിത്യത്തെയും കുറിച്ചുള്ള പഠനപരമ്പരയില്‍ ഇത്തരം ഒരു വ്യക്തിക്ക് എന്തു പ്രസക്തി എന്ന ചോദ്യം ന്യായമായും ഉയരാം. ഒരു ഉത്തരമേയുള്ളു അയാള്‍ കര്‍ത്താവിനു ബലിയര്‍പ്പിച്ചു. ആ ബലിയര്‍പ്പണം തന്നെയാണ് ഇവിടെ ശ്രദ്ധാകേന്ദ്രം.
യുദ്ധം ചെയ്യാനുള്ള കഴിവ് തെളിയിച്ച ഒരു വ്യക്തിയാണ് ജെഫ്താ. നയന്ത്രത്തിലൂടെ അമോന്യരുമായുള്ള യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് യുദ്ധം ചെയ്യാന്‍ തീരുമാനിച്ചത്. ആ തീരുമാനം ജെഫ്താ സ്വമേധയാ എടുത്തതല്ല, ദൈവാത്മാവിനാല്‍ പ്രചോദിതമായിരുന്നു. "കര്‍ത്താവിന്‍റെ ആത്മാവ് ജെഫ്തായുടെമേല്‍ ആവസിച്ചു" (ന്യായാ 11,29). അപ്പോഴാണ് യുദ്ധം ചെയ്യാന്‍ തീരുമാനിച്ചത്. മറ്റു ന്യായാധിപന്മാരെപ്പോലെ ജെഫ്തായെയും കര്‍ത്താവിന്‍റെ ആത്മാവാണു നയിക്കുന്നതും ശക്തിപ്പെടുത്തുന്നതും. എന്നാല്‍ മറ്റു ന്യായാധിപന്മാരില്‍ നിന്നു വ്യത്യസ്തമായി ജെഫ്താ കര്‍ത്താവുമായി ഒരു കരാര്‍ ഉറപ്പിക്കുന്നു.
"ജെഫ്താ കര്‍ത്താവിന് ഒരു നേര്‍ച്ച നേര്‍ന്നു. അങ്ങ് അമ്മോന്യരെ എന്‍റെ കയ്യില്‍ ഏല്‍പ്പിക്കുമെങ്കില്‍ ഞാന്‍ അവരെ തോല്‍പ്പിച്ച്, ജേതാവായി തിരിച്ചുവരുമ്പോള്‍ എന്നെ എതിരേല്‍ക്കാല്‍ പടിവാതില്‍ക്കല്‍ ആദ്യം വരുന്നത് ആരായാലും അവന്‍ കര്‍ത്താവിന്‍റേതായിരിക്കും. ഞാന്‍ അവനെ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിക്കും" (ന്യാ 11,30-31). ഇതാണ് കര്‍ത്താവുമായി ഉണ്ടാക്കിയ കരാര്‍. അതിനെ ഉടമ്പടി എന്നോ നേര്‍ച്ച എന്നോ വിളിക്കാം. എന്നാല്‍ കരാറിന്‍റെ എല്ലാ ഘടകങ്ങളും അതിലുണ്ട്. ജെഫ്തായാണ് മുന്‍കൈ എടുക്കുന്നത്. നിബന്ധനകള്‍ വയ്ക്കുന്നതും അയാള്‍ തന്നെ. ലക്ഷ്യം ഒന്നേയുള്ളൂ. യുദ്ധം ജയിക്കണം. അതിനു കര്‍ത്താവു സഹായിക്കണം. സഹായത്തിനു പ്രതിഫലം എന്നോണമാണു വാഗ്ദാനം - ഒരു ദഹനബലി. അതു നരബലിയാണെന്ന കാര്യത്തില്‍ സംശയമില്ല.
വിജയിച്ചു തിരിച്ചു വരുന്ന തന്നെ എതിരേല്‍ക്കാന്‍ വീട്ടില്‍ നിന്ന് ആദ്യമേ ഇറങ്ങിവരുന്ന ആളായിരിക്കും ബലിവസ്തു. ഇവിടെ മൂലഭാഷയില്‍ അവ്യക്തതയുണ്ട്. "അവന്‍ എന്നും അത് എന്നും" വിവര്‍ത്തന സാധ്യതയുള്ളതാണ് ഹീബ്രുവില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക്. എന്നാല്‍ യുദ്ധം ജയിച്ചു വരുന്ന ഗൃഹനാഥനെ സ്വീകരിക്കാന്‍ വരുന്നത് ഏതെങ്കിലും ഒരു മൃഗമായിരിക്കും എന്നു കരുതാനാവില്ല. നരബലി തന്നെയാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്.
കര്‍ത്താവു പ്രാര്‍ത്ഥനകേട്ടു. യുദ്ധം ജയിച്ചുവരുന്ന ജെഫ്തായെ വീട്ടിലേക്കു സ്വീകരിക്കാനായി "തപ്പുകൊട്ടി, നൃത്തം ചെയ്ത്" ഒരാള്‍ വന്നു. അത് അയാളുടെ ഏകസന്താനമായിരുന്നു! ജെഫ്താ ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്. ഇവിടെ ജെഫ്താ വലിയൊരു പ്രതിസന്ധിയിലായി. കര്‍ത്താവിനു നല്കിയ വാഗ്ദാനം പാലിച്ചേ മതിയാകൂ. എന്നാല്‍ തന്‍റെ ഏകസന്തതിയായ മകളെ എങ്ങനെ കുരുതി കഴിക്കും? ജെഫ്താ തന്‍റെ ദയനീയാവസ്ഥ മകളോട് ഏറ്റു പറഞ്ഞു. "അവന്‍ വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു. അയ്യോ! മകളേ, നീ എന്നെ ദുഃഖത്തിലാഴ്ത്തിയല്ലോ നീ എന്നെ വല്ലാതെ വിഷമത്തിലാക്കിയിരിക്കുന്നു. ഞാന്‍ കര്‍ത്താവിനു വാക്കുകൊടുത്തു പോയി. നേര്‍ച്ചയില്‍ നിന്നു പിന്മാറാന്‍ എനിക്കു സാധിക്കുകയില്ല" (ന്യായ 11,35). ഒരു മനുഷ്യക്കുരുതിയുടെ ധാര്‍മ്മികതയോ, കൊല്ലപ്പെടുന്ന വ്യക്തി നേരിടുന്ന അതിക്രൂരമായ നീതി നിഷേധമോ അല്ല, തനിക്ക് ഏക സന്താനം നഷ്ടപ്പെടുന്നു എന്ന അവബോധമാണ് ജെഫ്തായെ ദുഃഖത്തിലാഴ്ത്തുന്നത്.
ഒരു മടിയും കൂടാതെ സ്വയം സമര്‍പ്പിക്കാന്‍ മകള്‍ തയ്യാറായി "പിതാവേ, അങ്ങ് കര്‍ത്താവിനു വാക്കു കൊടുത്തെങ്കില്‍ അതനുസരിച്ച് എന്നോടു ചെയ്തു കൊള്ളുക. കര്‍ത്താവ് ശത്രുക്കളായി അമ്മോന്യരോടു പ്രതികാരം ചെയ്തല്ലോ" (ന്യാ 11, 36). വിവാഹം ചെയ്തു മക്കള്‍ക്കു ജന്മം നല്‍കാന്‍ കഴിയാതെ, കന്യകയായി മരിക്കേണ്ടി വരുന്നതിന്‍റെ ദുഃഖാചരണത്തിനായി രണ്ടു മാസത്തെ വനവാസത്തിന് അവധി മാത്രമേ അവള്‍ ആവശ്യപ്പെട്ടുള്ളൂ. മരണാനന്തരജീവിതത്തെക്കുറിച്ച് അറിവില്ലാതിരുന്ന അക്കാലത്ത് മരിക്കുന്നവര്‍ മക്കളിലൂടെ ജീവിക്കുന്നു എന്നു വിശ്വസിച്ചിരുന്നു. അതിനാല്‍ മക്കളില്ലാതെ മരിക്കുന്നത് ശൂന്യതയിലേക്കുള്ള കൂപ്പുകുത്തലായി കരുതപ്പെട്ടിരുന്നു. ഇതാണ് ജെഫ്തായുടെ മകളുടെ വിലാപത്തിനു പിന്നിലെ ചിന്താഗതി. ജെഫ്താ അനുവദിച്ചു. നിശ്ചിതസമയത്ത് മടങ്ങിവന്ന മകളെ കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
തികച്ചും ക്രൂരവും ബീഭത്സവുമായ ഒരു പുരോഹിത ചിത്രം! സ്വന്തം സഹോദരന്‍റെ രക്തത്താല്‍ കറപുരണ്ട കായേന്‍റെ പിന്മുറയില്‍ മറ്റൊരാള്‍കൂടി! എന്നാല്‍ ജെഫ്തായുടെ മനോഭാവവും ബലിയര്‍പ്പണത്തിന്‍റെ കാരണവും ലക്ഷ്യവും എല്ലാം വ്യത്യസ്തമായിരുന്നു. ജെഫ്തായുടെ ഈ പുരോഹിത ചിത്രത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
1. നേര്‍ച്ച, 2. ബലിയര്‍പ്പണം.
നേര്‍ച്ച
മിക്കവാറും എല്ലാ മതങ്ങളിലും നിലനില്‍ക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ ഒരാചാരമാണു നേര്‍ച്ചകള്‍. എന്തെങ്കിലും ദൈവത്തിനു നല്കാം അല്ലെങ്കില്‍ ദൈവത്തിനുവേണ്ടി ചെയ്യാം എന്ന വാഗ്ദാനമാണല്ലോ നേര്‍ച്ച. അതു പണമാകാം, വസ്തുക്കളാകാം അല്ലെങ്കില്‍ നോമ്പ്, ഉപവാസം, തീര്‍ത്ഥാടനം മുതലായ പ്രവര്‍ത്തനങ്ങളാകാം. ദൈവത്തെ പ്രസാദിപ്പിക്കുക, ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുക എന്ന രണ്ടു ലക്ഷ്യങ്ങളാണ് സാധാരണ എല്ലാ നേര്‍ച്ചകള്‍ക്കും ഉള്ളത്. പ്രതീക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആനുപാതികമായിരിക്കും നല്കുന്ന വാഗ്ദാനങ്ങള്‍. തിരിതെളിയ്ക്കുന്നതും നാണയങ്ങള്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്നതും തുടങ്ങി വലിയ തുകകള്‍ സംഭാവന ചെയ്യുന്നതും ദീര്‍ഘമായ പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുന്നതുംവരെ അനേകം വ്യത്യസ്തങ്ങളായ നേര്‍ച്ചകകള്‍ ഉണ്ടാകും.
ബൈബിളിലും ഇപ്രകാരമുള്ള നേര്‍ച്ചകളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ദൈവത്തിനര്‍പ്പിക്കുന്ന പുരോഹിത ശുശ്രൂഷയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന ലേവ്യരുടെ പുസ്തകത്തിന്‍റെ അവസാനത്തെ അധ്യായം (27) മുഴുവന്‍ നേര്‍ച്ചകളെക്കുറിച്ചുള്ള വിവരണമാണ്. വ്യക്തികളെ നേരുന്നതിനെക്കുറിച്ചാണു നിര്‍ദ്ദേശങ്ങള്‍ തുടങ്ങുന്നത് (27, 1-8). ദൈവത്തിനു നേരുന്ന വ്യക്തിയെ വീണ്ടെടുക്കാന്‍ നല്കേണ്ട തുക എത്രയെന്നു വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യക്തികളെ മോചനത്തുക നല്കി വീണ്ടെടുക്കണം. മൃഗങ്ങളെ ദഹിപ്പിക്കണം. സ്ഥലം, വസ്തുക്കള്‍ എന്നിവയും നേര്‍ച്ച നേരാം. നിര്‍ദിഷ്ട തുക നല്കി വീണ്ടെടുക്കുകയും ചെയ്യാം.
എല്ലാം ദൈവത്തിന്‍റേതാണ്, ദൈവം ദാനമായി നല്കുന്നതു മാത്രമാണ് ഞാനും എനിക്കുള്ളതും എന്ന് ഏറ്റുപറയുന്നതിന്‍റെ ബാഹ്യമായ പ്രകടനമാണ് നേര്‍ച്ചകള്‍. പ്രത്യക്ഷത്തില്‍ ഏറെ പ്രശംസനീയവും അനുകരണാര്‍ഹവുമായ ഒരു പ്രവൃത്തി. എന്നാല്‍ ദൈവമനുഷ്യബന്ധത്തിലേക്കു ഒരു കച്ചവടമനോഭാവം കടന്നു വരാനുള്ള സാധ്യത എന്ന അപകടം ഇതിനു പിന്നില്‍ പതിയിരിക്കുന്നു എന്നതു ശ്രദ്ധിക്കപ്പെടാതെ പോകാം.
എന്‍റെ ആവശ്യങ്ങള്‍ എല്ലാം അറിയുന്ന, എനിക്കു വേണ്ടതെല്ലാം തരുന്ന, സ്നേഹനിധിയായ പിതാവാണ് ദൈവം എന്ന സത്യം മറന്നു പോകുന്നതുപോലെ തോന്നും. പകരം, വിലപേശുന്ന ഒരു വ്യാപാരിയുടെ ചിത്രമാണോ മനസ്സില്‍ തെളിയുന്നത് എന്ന സംശയം ഉണരുന്നു. കാഴ്ചകൊടുത്ത് പ്രസാദിപ്പിച്ച് അനുഗ്രഹം നല്കാന്‍ പ്രേരിപ്പിക്കേണ്ട ഒരു യജമാനനല്ല ദൈവം! എന്തുകൊണ്ടാണ് ജെഫ്താ ഇങ്ങനെ ഒരു നേര്‍ച്ച നേര്‍ന്നത് എന്നു ബൈബിള്‍ പറയുന്നില്ല. തികച്ചും സ്വാഭാവികമായൊരു പ്രവൃത്തി പോലെയാണത് അവതരിപ്പിച്ചിരിക്കുന്നത്. ദൈവമാണ് തന്നെ അയയ്ക്കുന്നതും നയിക്കുന്നതും ശക്തിപ്പെടുത്തുന്നതും എന്നു ബോധ്യമുണ്ടെങ്കിലും ഉള്ളില്‍ ഉറഞ്ഞു കിടക്കുന്ന അപകര്‍ഷബോധവും ഭയവും ഇപ്രകാരം ഒരു നേര്‍ച്ചയ്ക്കു പ്രേരിപ്പിക്കുന്നതായി കരുതാം. ദൈവത്തിനാണു വാക്കുകൊടുത്തത്. അതു പാലിച്ചേ മതിയാകൂ എന്ന് അയാള്‍ക്കറിയാം. അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു.
ബലി
എന്താണ് ജെഫ്താ നേര്‍ന്നത് എന്ന കാര്യം കൂടുതല്‍ ഗൗരവാഹമാണ്. തന്നെ എതിരേല്‍ക്കാന്‍ വരുന്നത് ആരായാലും അയാളെ ദൈവത്തിനു ദഹനബലിയായി അര്‍പ്പിക്കും. നരബലി തന്നെയാണ് നേരുന്നത്. ഇത് എങ്ങനെ മനസ്സിലാക്കാനാവും? എന്തു ന്യായീകരണമാണ് ഇപ്രകാരം ഒരു വാഗ്ദാനത്തിനുള്ളത്?
മിക്കവാറും എല്ലാ മതങ്ങളിലും നരബലി ഉണ്ടായിരുന്നു. പുരാതനകാലത്ത് വ്യാപകമായ രീതിയില്‍ നരബലികള്‍ നടന്നിരുന്നു എന്നതിന് ധാരാളം തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും ജനതകളുടെയിടയിലും നരബലികള്‍ സാധാരണമായിരുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിന്‍റെ പ്രതീകമാണല്ലോ ബലിയര്‍പ്പണം. അര്‍പ്പിക്കുന്ന വ്യക്തി ദൈവത്തിനു സമര്‍പ്പിക്കുന്നു, ദൈവം സ്വീകരിക്കുന്നു. ഇതാണു ബലിയുടെ പിന്നിലുള്ള ചിന്താഗതി. ലഭിച്ച അനുഗ്രഹത്തിനു നന്ദി, ചെയ്ത നേര്‍ച്ചയുടെ പൂര്‍ത്തീകരണം, ലഭിക്കാന്‍ ആഗ്രഹിക്കുന്ന അനുഗ്രഹത്തിനുവേണ്ടി മുന്‍കൂര്‍ കാഴ്ച സമര്‍പ്പണം എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങള്‍ ബലിയര്‍പ്പണത്തിനുണ്ടാകാം. ശത്രുക്കളുടെമേല്‍ വിജയം വരിക്കുന്നവര്‍, കീഴടക്കിയ ശത്രുക്കളെ അതിനു സഹായിച്ച ദൈവത്തിനു ബലിയര്‍പ്പിക്കുന്നു. ആദ്യജാത ശിശുവിനെ ദൈവത്തിനു ബലിയായി അര്‍പ്പിക്കുന്ന ഒരാചാരം പല പുരാതന മതങ്ങളിലും ഉണ്ടായിരുന്നു. അതിന്‍റെ ഒരു ഉദാഹരണം ഇസ്രായേലിന്‍റെ പാരമ്പര്യത്തിലും കാണാം. ആദ്യജാതനെ ദൈവത്തിനു സമര്‍പ്പിക്കണം; എന്നാല്‍ വധിക്കരുത്. നിശ്ചിത തുക നല്കി വീണ്ടെടുക്കണം. വ്യക്തികളും അതിലേറെ സമൂഹം അഥവാ രാജ്യം ഒന്നടങ്കം വലിയ വിപത്തുകള്‍ നേരിടുന്ന സാഹചര്യത്തില്‍ നരബലിയിലുടെ ദൈവസഹായം തേടുന്ന പതിവ് പല ജനതകളുടെ ഇടയിലും നിലവിലിരുന്നു.
പുരാതനകാലത്തു മാത്രമല്ല ഇന്നും നരബലികള്‍ പല രൂപത്തില്‍ തുടരുന്നു എന്നതും ശ്രദ്ധേയം. അത് ചില മതാചാരങ്ങളുടെ ഭാഗമായിട്ടാവാം. എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടിയാവാം. തങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായ വിശ്വാസം വച്ചു പുലര്‍ത്തുന്നവരെ തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിനു കാഴ്ചയര്‍പ്പിക്കുന്നതിനു വേണ്ടിയാവാം. അല്ലെങ്കില്‍, വളരെ രഹസ്യമായിട്ടാണെങ്കിലും അത്ര വിരളമല്ലാത്ത സാത്താന്‍ ആരാധനയുടെ ഭാഗമായിട്ടാവാം നരബലി നടക്കുന്നത്. ചുരുക്കമായിട്ട് ആണെങ്കിലും നമ്മുടെ കൊച്ചു കേരളത്തിലും നരബലികള്‍ നടക്കുന്നതിന്‍റെ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
ഇപ്രകാരമുള്ള നരബലികളെക്കുറിച്ച് ബൈബിളില്‍ത്തന്നെ പരാമര്‍ശങ്ങളുണ്ട്. ഇസ്രായേല്‍ക്കാര്‍ക്കു നിഷിദ്ധമായ ഒരു വിജാതിയാചാരമായി ബൈബിള്‍ ഇതിനെ കാണുന്നു. "ആരെങ്കിലും തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെ കൊല്ലണം" (ലേവ്യ 20,2). കാനാന്‍കാര്‍ ആരാധിച്ചിരുന്ന യുദ്ധദേവനാണ് മോളെക്ക്. "രാജാവ്" എന്നര്‍ത്ഥമുള്ള "മേലെക്" എന്ന വാക്കിന് "ലജ്ജാകരം" എന്നര്‍ത്ഥമുള്ള "ബോഷെര്‍" എന്ന വാക്കിന്‍റെ സ്വരാക്ഷരങ്ങള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് "മോളെക്ക്" എന്ന പേര് എന്നു ബൈബിള്‍ പഠിതാക്കള്‍ കരുതുന്നു. കാനാന്‍കാരെ പരിഹസിക്കാനായി രൂപപ്പെടുത്തിയതാണത്രെ ആ ഉച്ചാരണം. വാക്കിന്‍റെ ഉറവിടം എന്തായാലും ഒരു കാര്യം വ്യക്തം. യുദ്ധദേവനായ മോളെക്കിനെ ഇസ്രായേല്‍ക്കാരും ചുരുക്കമായിട്ടെങ്കിലും ആരാധിച്ചിരുന്നു. അതു വ്യക്തമാക്കുന്നതാണു മേലുദ്ധരിച്ച നിയമം.
മക്കളെ ബലിയര്‍പ്പിക്കുന്നത് ഇസ്രായേലിലും അത്ര അസാധാരണമായിരുന്നില്ല എന്നു സൂചിപ്പിക്കുന്നതാണ് നിയ 18,10-11 ല്‍ കാണുന്ന വിലക്ക്. "മകനെയോ മകളെയോ ഹോമിക്കുന്നവന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്" ഇസ്രായേലിലെ രണ്ടു രാജാക്കന്മാര്‍ തങ്ങളുടെ മക്കളെ ബലിയര്‍പ്പിച്ചതായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. 756-716 യൂദാ ഭരിച്ച ആഹാസും (2 രാജാ 16,3, ദിന 28,3) ബി.സി. 687-642 യൂദാ രാജാവായിരുന്നു മനാസ്സെയും (2 ദിന 33,6) വിജാതിയരുടെ ആചാരം അനുസരിച്ചു തങ്ങളുടെ പുത്രന്മാരെ ബലിയര്‍പ്പിച്ചു.
അനേകം നരബലികള്‍ നടന്ന സ്ഥലമാണ് തോഫെത്. ജറുസലെമില്‍ സീയോന്‍ മലയുടെ കിഴക്കെ ചരുവില്‍, ബെന്‍ഹിന്നോം എന്നറിയപ്പെടുന്ന താഴ്വരയിലായിരുന്നു തോംഫെത്. നരബലി, മുഖ്യമായും ശിശുബലി, നടന്നിരുന്ന സ്ഥലമാണിത്. മൊളെക്ക് ദേവന് ബലിയായി അര്‍പ്പിക്കപ്പെടുന്ന ശിശു അഗ്നിയിലൂടെ ദേവന്‍റെ അടുക്കലേക്കു പോകുന്നു. മോളെക്കിന്‍റെ വാസസ്ഥലമാണ് പാതാളം. അതിനാല്‍ തോഫെത് പാതാളത്തിന്‍റെ വാതിലായി കരുതപ്പെട്ടിരുന്നു. "ഹിന്നോമിന്‍റെ ഭൂമി" എന്ന അര്‍ത്ഥത്തില്‍ ഹിന്നോം താഴ്വര "ഗേഹെന്നാ" എന്നും അറിയപ്പെട്ടിരുന്നു. പാതാളം, നരകം, പിശാചിന്‍റെ താവളം എന്നൊക്കെയാണ് "ഗേഹെന്നാ" എന്ന വാക്കു നല്കുന്ന അര്‍ത്ഥസൂചനകള്‍. അപ്പോള്‍ തോഫെത് പാതാളത്തിന്‍റെ കവാടമാകുന്നു. അവിടെ ബലിയര്‍പ്പിക്കപ്പെടുന്നവര്‍ പാതാളത്തിലേക്കു പോയി പിശാചിനു കാഴ്ചയായിത്തീരുന്നു. ഇതായിരുന്നു തോഫെതിലെ നരബലിയുടെ ലക്ഷ്യം. പില്‍ക്കാലത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്ന സ്ഥലമായി മാറി ഹിന്നോം താഴ്വര. അതിനാല്‍ അവിടെ എപ്പോഴും തീയുണ്ടാകും; കത്താത്ത അഴുക്കുകളില്‍ പുഴുക്കള്‍ ഇഴയും. അങ്ങനെ 'കെടാത്ത തീയും ചാകാത്ത പുഴുവും' എന്ന പ്രയോഗം രൂപപ്പെട്ടു.
"പുത്രീപുത്രന്മാരെ ആരും മോളെക്കിനു ബലിയര്‍പ്പിക്കാതിരിക്കാന്‍ അവന്‍ ഹിന്നോം താഴ്വരയിലുള്ള തോഫെത് മലിനമാക്കി" (2 രാജാ 24,10). ജോസിയാ രാജാവ് (ബിസി 640-609) നടപ്പിലാക്കിയ മതനവീകരണത്തിന്‍റെ ഭാഗമായിരുന്നു ഇത്. ഇസ്രായേലിലും നരബലി വ്യാപകമായിരുന്നു എന്നതിന് ഇതും തെളിവായി നില്‍ക്കുന്നു. ജനത്തിനെതിരേ ജറെമിയ ഉന്നയിക്കുന്ന കുറ്റാരോപണത്തിലും തോഫെതും നരബലിയും പരാമര്‍ശ വിഷയമാകുന്നുണ്ട് (ജെറ 7,31).
നരബലി ഇസ്രായേലിലും വ്യാപകമായിരുന്നു എന്ന് ഈ വിശകലനത്തില്‍ നിന്നു വ്യക്തമാകുന്നു. ഈ സാഹചര്യത്തില്‍ ജെഫ്തായുടെ നേര്‍ച്ച മനസ്സിലാക്കാന്‍ പ്രയാസമില്ല. അന്നത്തെ പൊതുവിശ്വാസവും നാട്ടുനടപ്പും അനുസരിച്ച് അയാളും പ്രവര്‍ത്തിച്ചു എന്നു മാത്രം. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെയാണ് ഏകമകള്‍ തന്നെ എതിരേല്‍ക്കാനായി വീട്ടില്‍ നിന്ന് ആദ്യമേ പുറത്തേക്കു വന്നത്. എന്നാലും കര്‍ത്താവിനു നല്കിയ വാക്കു പാലിക്കുക തന്‍റെ കടമയായി അയാള്‍ കരുതി. മകളോടുള്ള സ്നേഹത്തെക്കാള്‍ ദൈവത്തോടുള്ള അനുസരണവും വിശ്വസ്തതയും കൂടുതല്‍ വിലപ്പെട്ടതാണെന്ന് അയാള്‍ വിശ്വസിച്ചു. ഒരു വിലാപരൂപേണ അതു മകളോടു പറഞ്ഞു. മകളുടെ സമ്മതത്തോടെ തന്നെ നേര്‍ച്ച നിറവേറ്റുകയും ചെയ്തു.
ഇവിടെ ശ്രദ്ധേയമായ ചില ചോദ്യങ്ങള്‍ ഉയരുന്നു. ജെഫ്ത ചെയ്തതു ശരിയോ? മകളെ ബലിയര്‍പ്പിക്കാന്‍ അയാള്‍ക്ക് എങ്ങനെ കഴിഞ്ഞു? കൊല്ലരുത് എന്ന ദൈവപ്രമാണത്തിന്‍റെ ലംഘനമല്ലേ അത്? ദൈവം നരബലി സ്വീകരിക്കുമോ? അതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം. നേര്‍ച്ച നിറവേറ്റാന്‍ കടമയില്ലേ? ദൈവത്തിനു നല്കുന്ന വാക്കു പാലിക്കേണ്ടതല്ലേ? രണ്ടു കടമകള്‍ തമ്മിലുള്ള സംഘട്ടനമാണിവിടെ. ഏതു സ്വീകരിക്കണം? മകളുടെ ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ ദൈവത്തിനു നല്കുന്ന വാക്കു പാലിക്കുന്നത് കൂടുതല്‍ പ്രാധാന്യമുള്ളതായി ജെഫ്ത കരുതുന്നത് തെറ്റാണെന്നു പറയാനാകുമോ?
ഉത്തരം തേടുമ്പോള്‍ ആദ്യമേ ഓര്‍ത്തിരിക്കേണ്ടത് പ്രമാണിങ്ങളിലൂടെ ദൈവം വെളിപ്പെടുത്തിയ തിരുഹിതം അനുസരിക്കാന്‍ എല്ലാവര്‍ക്കുമുള്ള കടമയാണ്. ദൈവപ്രമാണങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. അങ്ങനെയുള്ള പ്രവൃത്തി ദൈവം ആഗ്രഹിക്കുന്നില്ല, അംഗീകരിക്കുകയുമില്ല. അതിനാല്‍ നേര്‍ച്ചനേരുമ്പോള്‍ ശ്രദ്ധിക്കണം. ദൈവപ്രമാണങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ പ്രേരകമാകുന്ന നേര്‍ച്ച നേരരുത്. അഥവാ നേര്‍ നേര്‍ന്നാല്‍ത്തന്നെ അത് നിഷിദ്ധവും അതിനാല്‍ത്തന്നെ അസാധുവും ആയിരിക്കും, അനുസരിക്കരുത്. അരുതാത്തതു നേര്‍ന്നിട്ട്, വാക്കു പാലിക്കാന്‍ എന്ന ധാരണയില്‍ അതു നിറവേറ്റുന്നത് ദൈവതിരുമുമ്പില്‍ പാപമായിരിക്കും. അതിനാല്‍ ജെഫ്ത അങ്ങനെ ഒരു നേര്‍ച്ച നേരരുതായിരുന്നു. നേര്‍ന്നുപോയെങ്കിലും അതു നിറവേറ്റരുതായിരുന്നു. അതിനാല്‍ ജെഫ്ത നേര്‍ന്നതു തെറ്റ്; നിറവേറ്റിയത് അതിനേക്കാള്‍ വലിയ തെറ്റ്. ആരും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത വലിയൊരു ദുര്‍മാതൃക!
വസ്തുനിഷ്ഠമായി ചിന്തിക്കുമ്പോള്‍ ജെഫ്ത ചെയ്തതു തെറ്റാണെങ്കിലും അതിന് അയാളെ പ്രേരിപ്പിച്ച സാഹചര്യവും അയാളുടെ കഴിഞ്ഞകാല ജീവിതപശ്ചാത്തലവും പരിഗണിക്കണം. അപകര്‍ഷബോധമാണ് പിതൃസ്വത്തായി ലഭിച്ചത്. എല്ലാവരെയും ഭയം, എപ്പോഴും ഒളിച്ചോട്ടം. ആരുടെയും അംഗീകാരവും പിന്തുണയും ഇല്ലാത്ത കഴിഞ്ഞകാലം. ഇത് അയാളുടെ സ്വഭാവത്തെ ഒരു പ്രത്യേക വിധത്തില്‍ രൂപപ്പെടുത്തി, എല്ലാ തീരുമാനങ്ങളെയും നിര്‍ണ്ണായകമാംവിധം സ്വീധീനിച്ചു. ശക്തരായ അമ്മോന്യര്‍ക്കെതിരേ നീങ്ങുമ്പോള്‍ ദൈവത്തിന്‍റെ പ്രത്യേക സഹായം ലഭിക്കണം എന്ന് അയാള്‍ ആഗ്രഹിച്ചു. ചോദിക്കുന്ന അനുഗ്രഹത്തിന് ആനുപാതികമായ കാഴ്ച നല്കണം എന്നു വിശ്വസിച്ചു. അതിനാലാണ് നരബലി തന്നെ നേര്‍ന്നത്. അന്ന് അസാധാരണമായിരുന്നില്ല നരബലി എന്ന് പശ്ചാത്തല പഠനത്തിലൂടെ നാം കണ്ടു കഴിഞ്ഞു. ദൈവത്തിനു നല്കുന്ന വാഗ്ദാനം എന്തു വില കൊടുത്തും നിറവേറ്റിയേ മതിയാകൂ എന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.
അതോടൊപ്പം ദൈവത്തെക്കുറിച്ച് വികലമായ ഒരു കാഴ്ചപ്പാടും ഈ വിശ്വാസത്തിനു പിന്നിലുണ്ട്. ലഭിക്കുന്ന കാഴ്ചകളുടെ മൂല്യം അനുസരിച്ച് അനുഗ്രഹങ്ങള്‍ നല്കുന്ന ഒരു വ്യാപാരിയാണ് ദൈവം എന്ന ഒരു വിശ്വാസം ഇവിടെ പ്രകടമാകുന്നു. നേര്‍ച്ചകളും ബലിയര്‍പ്പണങ്ങളും ഇപ്രകാരം വികലമായ ഒരു ദൈവദര്‍ശനത്തിന്‍റെ പ്രകടനങ്ങളായപ്പോള്‍ അതിശക്തമായ വിമര്‍ശനങ്ങളുമായി ദൈവം തന്നെ പ്രവാചകന്മാരെ അയച്ചു. ഒരുദാഹരണം മാത്രം ഉദ്ധരിക്കട്ടെ. "കര്‍ത്താവിന്‍റെ മുമ്പില്‍ എന്തു കാഴ്ചയാണു ഞാന്‍ കൊണ്ടുവരേണ്ടത്?.. ദഹന ബലിക്ക് ഒരു വയസായ കാളക്കിടാവുമായിട്ടാണോ ഞാന്‍ വരേണ്ടത്?... എന്‍റെ അതിക്രമങ്ങള്‍ക്കു പരിഹാരമായി എന്‍റെ ആദ്യജാതനെ ഞാന്‍ നല്‍കണമോ?... മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്നു നിനക്കു കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവു നിന്നില്‍ നിന്നാവശ്യപ്പെടുന്നത്?" (മര്‍ക്കോ 6, 6-8). നേര്‍ച്ചകാഴ്ചകളും ബലിയര്‍പ്പണങ്ങളുമല്ല, തന്‍റെ തിരുഹിതം അനുസരിച്ചുള്ള ജീവിതമാണ് ദൈവം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും എന്ന് ഇതിനേക്കാള്‍ വ്യക്തമായി പറയാനാകുമോ?
അനുകരിക്കേണ്ട ഒരു മാതൃകയായിട്ടല്ല ബൈബിള്‍ ജെഫ്തയെ അവതരിപ്പിക്കുന്നത്. മാതൃകാപരമല്ലാത്ത ജീവിതം നയിച്ച അനേകം കഥാപാത്രങ്ങളെ ബൈബിളില്‍ കാണാം. കാരണം, വിശുദ്ധരുടെ ജീവചരിത്രം അവതരിപ്പിക്കുന്ന ഒരു ചരിത്രപുസ്തകമല്ല ബൈബിള്‍. മറിച്ച്, പാപത്തിനധീനനായ മനുഷ്യന്‍റെയും അവനെ തേടിയെത്തി രക്ഷ നല്കുന്ന ദൈവത്തിന്‍റെയും ചരിത്രം വിവരിക്കുന്ന രക്ഷാ ചരിത്രമാണ്. അതിനാല്‍ എന്തുകൊണ്ട് ജെഫ്തായെപ്പോലുള്ള കഥാപാത്രങ്ങള്‍ ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. സഹോദരനെ വധിച്ച കായേന്‍ മുതല്‍ ദൈവപുത്രനെ ഒറ്റിക്കൊടുക്കുന്ന യൂദാസ്വരെ അനേകം ദുരന്ത കഥാപാത്രങ്ങള്‍ ബൈബിളിലുണ്ട്. അനുകരിക്കരുതാത്ത മാതൃകകളായും, മുന്നറിയിപ്പുകളും താക്കീതുകളുമായി.
ജെഫ്തായുടെ ബലിയര്‍പ്പണത്തില്‍ നിന്നു ശ്രദ്ധേയമായ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ദൈവകല്പനകള്‍ ഒരു കാരണവശാലും ലംഘിക്കരുത്, നേര്‍ച്ച നിറവേറ്റാന്‍ വേണ്ടിയാണെങ്കില്‍പ്പോലും. അതോടൊപ്പം മറ്റൊരു പാഠവുമുണ്ട്. ദൈവകല്പനയ്ക്കു വിരുദ്ധമായേക്കാവുന്ന ഒരു നേര്‍ച്ചയും നേരരുത്. നേര്‍ച്ചയുടെയും ബലിയര്‍പ്പണത്തിന്‍റെയും അര്‍ത്ഥവും ലക്ഷ്യവും നന്നായി അറിഞ്ഞിരിക്കണം. ദൈവം ആഗ്രഹിക്കുന്നത് കാഴ്ചകളും ബലികളുമല്ല, ദൈവമക്കള്‍ക്കനുയോജ്യമായ ജീവിതമാണ്, ദൈവ പ്രമാണങ്ങള്‍ അനുസരിച്ചുള്ള ജീവിതം.
ദൈവവുമായുള്ള ബന്ധത്തില്‍ ഒരു കച്ചവട മനോഭാവം കടന്നു കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നാം ചോദിക്കുന്നതിനു മുമ്പേ നമ്മുടെ ആവശ്യങ്ങളെല്ലാം അറിയുന്ന പിതാവാണ് ദൈവം (മത്താ 6,8). ദൈവഹിതത്തിനു പൂര്‍ണ്ണമായി കീഴ്വഴങ്ങുക, ദൈവത്തിനു സ്വയം പൂര്‍ണ്ണമായി സമര്‍പ്പിക്കുക, ഇതാണാവശ്യം. ഇതിന്‍റെ ബാഹ്യമായ പ്രകടനമായിരിക്കണം നേര്‍ച്ചകളും ബലിയര്‍പ്പണങ്ങളും. അതിനാല്‍ അനാവശ്യവും നിയമവിരുദ്ധവുമായ നേര്‍ച്ചകള്‍ നേരാതിരിക്കുക. ദൈവം തരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കുക, അതിനുള്ള കൃപയ്ക്കു വേണ്ടി യാചിക്കുക. ഇതല്ലേ യേശു പഠിപ്പിച്ച കര്‍ത്തൃപ്രാര്‍ത്ഥന? ഇതിന്‍റെ മാതൃകയല്ലേ ദൈവദൂതനു മറിയം നല്കിയ മറുപടി? "ഇതാ കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!" (ലൂക്കാ 1,38).