Delicia Devassy
Oct 21
സര്‍വ്വസൗഭാഗ്യങ്ങളും തികഞ്ഞ് കിരീടം ചൂടി നില്‍ക്കുന്ന ഒരു ജനസമൂഹം, കയ്യില്‍ വാളും ചാട്ടവാറുമേന്തി അവരെ ഭരിക്കുന്ന സര്‍വ്വാധികാരിയായ അവരുടെ ദൈവം. ഒരു ശരാശരി മതവിശ്വാസിയുടെ ദൈവ-ദൈവജന സങ്കല്‍പ്പങ്ങളെ ആത്മാവോളം തൃപ്തിപ്പെടുത്താന്‍ മിത്തുകളില്‍ നിന്നിറങ്ങി വന്ന ഈ ബിംബകല്പനക്ക് കഴിയുന്നുണ്ട്. മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ദൈവസങ്കല്പത്തിനപ്പുറം വികലമായ മതപാഠങ്ങളുരുവിടുന്ന ആള്‍ക്കൂട്ടം തീര്‍ക്കുന്ന ആഭിചാരത്തറകളില്‍ വിശ്വാസിയെയും അവന്‍റെ ദൈവസങ്കല്പത്തെയും കുരുക്കിയിടാന്‍ നൂറ്റാണ്ടുകളായി ഇത്തരം ബിംബകല്പനകള്‍ക്ക് കഴിയുന്നതെന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്. ഇതരവിശ്വാസങ്ങളുടെമേല്‍ ആധിപത്യം ആഗ്രഹിക്കുന്ന സമൂഹങ്ങള്‍ക്ക് വിജയപാത വെട്ടിത്തുറക്കാന്‍ കയ്യില്‍ ചാട്ടവാറും വാളുമേന്തി മുന്നില്‍ വിജയിക്കുന്നൊരു ദൈവം വേണം. ലോകവിജയിയായ ആ ദൈവം അവരുടെ സ്വന്തമാണ്, അവരും ആ വിജയത്തില്‍ പങ്കാളികളാണ്. അല്ല, ഭൗതികഫലങ്ങളില്‍ അവര്‍ തന്നെയാണ് യഥാര്‍ത്ഥ വിജയികള്‍. പരാജയപ്പെടാന്‍ ഒരുക്കമില്ലാത്ത ഭക്തന് വിജയിക്കാത്തൊരു ദൈവം ഒരു ഭാരം തന്നെയാണ്.
വിജയിക്കുന്ന ദൈവം പരാജയപ്പെടുത്തേണ്ടതാരെയൊക്കെയാണ്? മറ്റു ദൈവങ്ങളെയോ? ഗ്രീക്ക്-റോമന്‍ പുരാണങ്ങള്‍ ദൈവങ്ങളുടെ സംഘര്‍ഷവും യുദ്ധവും ആഘോഷിക്കുന്നുണ്ടെങ്കിലും ഇതര മത-വിശ്വാസ സമൂഹങ്ങളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ സാധാരണമല്ല, ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ സെമിറ്റിക് മതങ്ങളില്‍ പ്രത്യേകിച്ചും. അപ്പോള്‍, തോല്പിക്കേണ്ടത് മറ്റു ദൈവങ്ങളെയല്ല. തിന്മയുടെ അധിപനായ സാത്താനുമായുള്ള ദൈവത്തിന്‍റെ യുദ്ധം കേവലം ഒരു യുദ്ധഭൂമിയിലെ വിജയപരാജയങ്ങളിലവസാനിക്കുന്നില്ല. ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ അര്‍ത്ഥങ്ങളില്‍ ആ യുദ്ധം ലോകാന്ത്യത്തോളം തുടരേണ്ട ഒന്നാണ്. എങ്കില്‍, ദൈവത്തിന് വിജയിക്കണമെങ്കില്‍ സ്വന്തം സൃഷ്ടവസ്തുക്കളെത്തന്നെ, സ്വന്തം ജനങ്ങളെത്തന്നെ തോല്പിക്കണമെന്നര്‍ത്ഥം. സ്വന്തം സൃഷ്ടവസ്തുക്കളെ തോല്പിച്ച് വിജയമാഘോഷിക്കാന്‍, അത്രയ്ക്ക് നിസ്സാരനാണോ ദൈവം? എങ്കില്‍, എത്രമേല്‍ പരാജിതമാണ് ആ വിജയം?
മരണവും പരാജയവും പലായനവും കീഴ്പ്പെടലുമൊക്കെ ആദിമഭയങ്ങളായി മനുഷ്യന്‍റെയുള്ളില്‍ എന്നുമുണ്ട്. ഈ ഭയത്തെ കുടഞ്ഞുകളയാനുള്ള ശ്രമത്തില്‍ അവന്‍ തന്നോടുതന്നെയും മറ്റുള്ളവരോടും നിരന്തരമായ ഒരു സംഘര്‍ഷത്തിലേര്‍പ്പെടുന്നുണ്ട്. എവിടെ, എപ്പോള്‍ വീണു മരിക്കുമെന്നുറപ്പില്ലാത്തൊരു ദേഹവും ഏതു നരകത്തീയില്‍ ദഹിക്കുമെന്നറിയാത്തൊരു ദേഹിയും ചുമന്നുള്ള ജീവിതം അവന്‍റെയുള്ളില്‍ നിറയ്ക്കുന്ന അരക്ഷിതത്വബോധം അത്രയധികമാണ്. അറിവും ആത്മബോധവും കൊണ്ട് ഇത്രമേല്‍ നിസ്സഹായമാക്കപ്പെട്ടൊരു ജന്മം മറ്റൊരു സൃഷ്ടവസ്തുവിനും പ്രപഞ്ചാത്മാവ് നല്കിയിട്ടില്ല. സ്രഷ്ടാവിനോടുപോലും പകതോന്നുന്ന ഈ നിസ്സഹായതയും പരാജയഭീതിയും മനുഷ്യന്‍റെയുള്ളില്‍ വിജയിക്കാനുള്ള തൃഷ്ണ നിറയ്ക്കുന്നു, അവനെ ആക്രമണോത്സുകനാക്കുന്നു.
ദൈവത്തെ മുന്നില്‍നിര്‍ത്തി ആക്രമണം നടത്തുന്ന യുദ്ധതന്ത്രം മനുഷ്യന്‍ പയറ്റിത്തുടങ്ങിയതെന്നുമുതലാണ് എന്നതിന് ലിഖിതമായ തെളിവുകളൊന്നുമില്ല. ആയുധത്തെ ആരാധിക്കുന്ന അനുഷ്ഠാനപരതയ്ക്ക് ഗുഹാചിത്രങ്ങള്‍ സാക്ഷ്യം നല്‍കുന്നുണ്ട്. ആയുധങ്ങള്‍ ദൈവങ്ങളാകുകയും ദൈവങ്ങള്‍ ആയുധങ്ങളാകുകയും ചെയ്യുന്ന വിചിത്രമായ പരകായപ്രവേശം പ്രാചീനമനുഷ്യന്‍റെ ആദിമചോദനകളില്‍നിന്ന് പിറവികൊണ്ടതാകാം. ആയോധനകലകളുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലൊക്കെ ആയുധങ്ങള്‍ക്ക് പൂജനീയസ്ഥാനമാണുള്ളത്. ദൈവത്തോടൊപ്പം ഒരു സ്ഥാനം തോക്കിനും വാളിനും കുറുവടിക്കുമുണ്ടെന്നര്‍ത്ഥം. യുദ്ധത്തിന് പുറപ്പെടുംമുമ്പ് ആയുധങ്ങള്‍ പൂജിച്ച് അവയിലേക്ക് ദൈവാംശം ആവാഹിക്കുന്ന അനുഷ്ഠാനങ്ങള്‍ കേവലം പ്രാചീനമല്ല, ആധുനികം കൂടിയാണ്. ആധിപത്യത്തിനും ആദിമഭയങ്ങളില്‍ നിന്നുള്ള രക്ഷപെടലിനുമായി താന്‍ നടത്തുന്ന യുദ്ധങ്ങളില്‍ ആയുധമായും ആയുധധാരിയായും ദൈവത്തെത്തന്നെ മുന്നില്‍ നിര്‍ത്തുകയാണ് വിജയിക്കാനുള്ള എളുപ്പവഴി എന്ന് എത്ര കൗശലത്തോടെയാണ് മനുഷ്യന്‍ മനസ്സിലാക്കിത്തുടങ്ങിയത്!
ഇതിഹാസങ്ങളും പൗരാണിക മതഗ്രന്ഥങ്ങളും യുദ്ധങ്ങളുടെ ചരിത്രഗ്രന്ഥങ്ങള്‍കൂടിയാണ്. രാജ്യങ്ങള്‍ തമ്മിലും ജനതകള്‍ തമ്മിലും ആധിപത്യത്തിനുവേണ്ടി നടത്തിയ സംഘര്‍ഷങ്ങളിലൊക്കെ പ്രത്യക്ഷമായോ മറഞ്ഞിരുന്നോ ദൈവങ്ങള്‍ യുദ്ധം ചെയ്യുകയും യുദ്ധങ്ങള്‍ നയിക്കുകയും യുദ്ധങ്ങള്‍ ജയിക്കുകയും ചെയ്തു. ചപലമായൊരു പ്രണയത്തിനും ഒളിച്ചോട്ടത്തിനും പക്ഷംപിടിച്ചും പഴിപറഞ്ഞുമെത്തിയ ആയിരങ്ങള്‍ക്കൊപ്പം അനേകം ദൈവങ്ങളും കൊന്നും കൊല്ലിച്ചും പരസ്പരം പ്രാകിയും ട്രോയിയുടെ വിശാലമായ മണല്‍പ്പരപ്പില്‍ തെരുവുസംഘങ്ങളെപ്പോലെ വര്‍ഷങ്ങളോളം നീണ്ട യുദ്ധം ചെയ്തു. ഹീനമായൊരു ചൂതുകളിയുടെ താന്തോന്നിത്തത്തിന് പകരം ചോദിക്കാനും പക്ഷം പിടിക്കാനും കുരുക്ഷേത്രത്തില്‍ മുഖാമുഖം നിന്നവരില്‍ ഇന്ദ്രനും സൂര്യനും വായുദേവനും ദേവാധിദേവനുമൊക്കെയുണ്ടായി. ദൈവസാന്നിദ്ധ്യം നിറഞ്ഞ വാഗ്ദാനപേടകം ചുമലിലേറ്റി ശത്രുനഗരത്തെ ഏഴുദിവസം തുടര്‍ച്ചയായി പ്രദക്ഷിണം വച്ച് ഏഴാംനാള്‍ ആ നഗരത്തിലേക്ക് ഇരമ്പിക്കയറിയ പിതാമഹന്‍മാരുടെ ഒരു ചിത്രം പഴയനിയമത്തിലുണ്ട്. തങ്ങളുടെ ദൈവം തങ്ങള്‍ക്ക് അധീനമാക്കിത്തന്ന പട്ടണത്തിലെ പോരാളികളായ പുരുഷന്മാരെ മാത്രമല്ല അമ്മമാരെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും കൂടിയാണ് അവര്‍ കൊലക്കത്തിക്കിരയാക്കിയത്. വാഗ്ദാനപേടകത്തിലെ ദൈവത്തിനുവേണ്ടി തങ്ങള്‍ പ്രതികാരം ചെയ്യുകയാണെന്ന് അവര്‍ ഭാവിച്ചു.
ദൈവത്തിനുവേണ്ടിയെന്ന് ഭാവിച്ച്, തങ്ങള്‍ക്കുവേണ്ടി നടത്തിയ യുദ്ധങ്ങളിലും ആക്രമണങ്ങളിലും അധിനിവേശങ്ങളിലും ദൈവങ്ങളെ മുന്നില്‍നിര്‍ത്തി എത്ര കൗശലത്തോടെയാണ് മനുഷ്യന്‍ ദൈവത്തെ ചതിയില്‍പ്പെടുത്തിയത്! തങ്ങളുടെ യുദ്ധം ദൈവത്തെക്കൊണ്ട് ചെയ്യിച്ച ഭരണകൂട-അധികാരവര്‍ഗ്ഗങ്ങളുടെ ചാണക്യതന്ത്രം ഇരുതലമൂര്‍ച്ചയുള്ളൊരു വാളായിരുന്നു. യുദ്ധം ദൈവത്തിനുവേണ്ടിയാകുമ്പോള്‍, അത് വിശുദ്ധമായൊരനുഷ്ഠാനം കൂടിയാണ്. വീരചരമമടയാനും വീരസ്വര്‍ഗ്ഗം പ്രാപിക്കാനും കൊല്ലുന്നവന്‍റെയും കൊല്ലപ്പെടുന്നവന്‍റെയും രൂപത്തില്‍ അതവന് ഇരകളെ നല്‍കുന്നു. വേട്ടക്കാരന്‍ ദൈവമാകുമ്പോള്‍ ഇരകള്‍ക്ക് പ്രതിഷേധിക്കാനവകാശമില്ല.
തങ്ങളുടെ യുദ്ധങ്ങള്‍ ദൈവത്തെക്കൊണ്ട് ചെയ്യിച്ച അധികാരത്തിന്‍റെ ഈ ചാണക്യതന്ത്രമാണ് ദൈവത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ വച്ചുകൊടുത്തത്, ദൈവത്തെ യുദ്ധം ചെയ്യുന്നവനും കീഴടക്കുന്നവനും വിജയിക്കുന്നവനും വിജയത്തില്‍ ആഹ്ളാദിക്കുന്നവനുമാക്കിയത്. യുദ്ധവിജയം നേടിയ ദൈവത്തെ ഒരാട്ടിന്‍കുട്ടിയുടെ രക്തവും ഒരു ഹോമത്തീയിലെ പുകയും നല്‍കി 'സംതൃപ്തനാക്കി'യിട്ട് യുദ്ധ മുതലുകളും യുദ്ധത്തടവുകാരുടെ ഉടലുകളും ആര്‍ത്തിക്കണ്ണുകളോടെ അവന്‍ സ്വന്തമാക്കി. ചാണക്യന്മാര്‍ക്ക് ചരിത്രത്തില്‍ മരണമില്ല, അധികാരത്തിന്‍റെ ആര്‍ത്തികള്‍ അവസാനിക്കുന്നുമില്ല. ആയുധമായും ആയുധധാരിയായും സൈന്യാധിപനായും, ചിലപ്പോള്‍, യുദ്ധത്തടവുകാരനായിപ്പോലും ദൈവത്തെ മുന്നില്‍ നിര്‍ത്തിയുള്ള യുദ്ധങ്ങളും അധിനിവേശങ്ങളും ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആധുനിക സമൂഹത്തില്‍ അതിന്‍റെ അര്‍ത്ഥങ്ങളും രൂപങ്ങളും മാറിയിട്ടുണ്ടാകാമെങ്കിലും.
രണ്ട് വിശുദ്ധരെ ചേര്‍ത്ത് പറഞ്ഞുകേട്ട ഒരു ഫലിതമോര്‍ക്കുന്നു. 'മനുഷ്യചരിത്രത്തിലെ ഏറ്റവും ആര്‍ദ്രവാനായ പുരുഷന്‍' എന്ന് അതിലൊരാളെപ്പറ്റി മുമ്പൊരിക്കല്‍ ഈ താളുകളില്‍ ഒരു എഴുത്തുകാരി എഴുതിയതു വായിച്ച് വല്ലാതെ ആഹ്ളാദം തോന്നിയിട്ടുണ്ട് ഇതെഴുന്നയാള്‍ക്ക്. ആ വിശുദ്ധനെ നോക്കി ഒരാള്‍ പറയുന്ന സംഭാഷണമോ ആത്മഗതമോ ആണ് ആ ഫലിതത്തിന്‍റെ കാതല്‍. പറയുന്നയാള്‍ പുരോഹിതനോ ലേവായനോ വിശ്വാസിയോ ആവാം. അല്ലെങ്കില്‍, അവരൊക്കെത്തന്നെയാവാം. പറയുന്നതിങ്ങനെ "പത്തു കാശുണ്ടാക്കനറിയില്ലാത്ത നീ വടിയും കുത്തിപ്പിടിച്ചു ഇവിടെ ഇങ്ങനെ നിന്നോ, തൊട്ടപ്പുറത്തുമുണ്ടല്ലോ ഒരാള്‍, കോടികളാണ് ഉണ്ടാക്കുന്നത്." ഫലിതമാണിത്, പക്ഷേ, ഫലിതമല്ലാതാകാന്‍ എപ്പോഴും സാധ്യതകളവശേഷിപ്പിക്കുന്ന ഒരു കറുത്ത ഫലിതം, ഫലിതം മാത്രമായിരിക്കാന്‍ ഒട്ടേറെ കരുതലാവശ്യപ്പെടുന്ന ആപത്കരമായൊരു ഫലിതം.
ഭക്തിയും സാധനയും ബലിയും തപസ്സുംകൊണ്ട് ദൈവത്തെ സാധകന്‍റെ അടിമയോ കയ്യാളോ ആജ്ഞാനുവര്‍ത്തിയോ ഒക്കെ ആക്കിമാറ്റി അങ്ങനെ അജയ്യനോ അമര്‍ത്യനോ ആകാമെന്ന് പഠിപ്പിച്ച ഹീനവേദങ്ങള്‍, മതസംസ്കാരങ്ങളുടെയൊപ്പം, അവയുടെ ദുര്‍ബലയിടങ്ങളിലെ ബലിത്തറകളില്‍ സഹസ്രാബ്ദങ്ങളായി ആഭിചാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. ദൈവങ്ങളെയും ദൈവമനുഷ്യരെയും വിശുദ്ധരെയുമൊക്കെ ശക്തികൂടിയവരെന്നും ദുര്‍ബലരെന്നും ക്ഷിപ്രകോപികളെന്നും ആര്‍ദ്രവാന്മാരെന്നും തീവ്രവാദികളെന്നും ശാന്തരെന്നുമൊക്കെ 'കാറ്റഗറൈസ്' ചെയ്ത് നേര്‍ച്ചയും വഴിപാടും പ്രാര്‍ത്ഥനയും കൊണ്ട് അവരെ പ്രീതിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കാര്യം സാധിക്കാമെന്ന് സാധാരണ വിശ്വാസികളും കരുതിത്തുടങ്ങുമ്പോള്‍ ഫലിതങ്ങള്‍ ഫലിതങ്ങളല്ലാതായി മാറുന്നു. ചാട്ടവാറുകൊണ്ടടിച്ച് ആഭിചാരക്കാരെയും ദല്ലാള്‍മാരെയും പടിയിറക്കേണ്ടവര്‍ മൗനികളാകുമ്പോള്‍ ദുര തീര്‍ക്കാന്‍ യുദ്ധം നടത്തുന്നവര്‍ കേവലം നാണയത്തുട്ടുകളുടെ വിലയിട്ട് കപടഭക്തിയും സാധനയും കാട്ടി ദൈവത്തെ കാലാളും തേരും കുതിരയുമൊക്കെ ആക്കിമാറ്റി തങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യിച്ച്, വിജയം വെട്ടിപ്പിടിച്ച്, വിജയകിരീടം ചൂടിച്ച്, അരനാഴി ആട്ടിന്‍ചോരയില്‍ കുളിപ്പിച്ച് വിജയികളാക്കിക്കളയും!
ദൈവത്തിന്‍റെമേല്‍ ആരോപിക്കപ്പെടുന്ന വിജയം ദൈവത്തിന്‍റേതല്ല. വിജയിക്കുന്നതും വെട്ടിപ്പിടിക്കുന്നതും കിരീടം ചൂടുന്നതും ദൈവമല്ല. ദൈവം പക്ഷംപിടിച്ച് യുദ്ധം ചെയ്യുന്നില്ല. ശക്തന്‍റെ പക്ഷംചേര്‍ന്ന് യുദ്ധം ചെയ്തു ദുര്‍ബലനെ തോല്‍പ്പിച്ച് അവന്‍റെ മണ്ണും പെണ്ണും മക്കളെയും ശക്തന്‍റെ കാല്‍ക്കീഴില്‍ അടിയറവയ്ക്കാന്‍ ദൈവം അടിമഭൂതമല്ല. യുദ്ധവിജയമാഘോഷിച്ച് ഹോമത്തീയിലെ ഹവിസ്സുണ്ട് ഉറങ്ങാനും മൃഗരക്തത്തില്‍ കുളിച്ച് ഉന്മത്തനാകാനും ദൈവം ഒരു ഹീന ജന്മമല്ല.
'അവതാര്‍' എന്ന ഹോളിവുഡ് സിനിമയില്‍ അതി മനോഹരമായൊരു രംഗമുണ്ട്. അന്യഗ്രഹമനുഷ്യരുടെ ആവാസ വ്യവസ്ഥയെയും ദൈവതുല്യമായി അവര്‍ കരുതുന്ന Home Tree എന്ന അവരുടെ വിശുദ്ധവൃക്ഷത്തേയും തകര്‍ത്ത് ഒടുവില്‍ അവരുടെ കുലം മുടിക്കാനായി അന്തിമയുദ്ധത്തിനൊരുങ്ങുന്ന മനുഷ്യര്‍. അവതാര്‍ പ്രൊജക്ടിന്‍റെ ഭാഗമായി അനുഗ്രഹ മനുഷ്യനിലേക്ക് രൂപമാറ്റം നേടി അന്യഗ്രഹത്തിലെത്തി, പിന്നീട് തന്‍റെ സഹജമായ ആര്‍ദ്രതകൊണ്ടും പ്രപഞ്ചാത്മാവിനെ തൊട്ടറിഞ്ഞ ആത്മബോധം കൊണ്ടും ഇരകള്‍ക്കൊപ്പം ചേരുന്ന Jake Sully എന്ന ചെറുപ്പക്കാരന്‍. ഇപ്പോള്‍ താന്‍കൂടി അംഗമായ ആ ഹരിതഗ്രഹത്തെ രക്ഷിക്കാനായി അന്തിമയുദ്ധത്തിനൊരുങ്ങുംമുമ്പ്, ദൈവരൂപമായ 'ഐവ'യോട് ജേക് തന്‍റെ യുദ്ധത്തിന് പിന്തുണക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. കൊന്നൊടുക്കപ്പെട്ട തന്‍റെ ജനങ്ങളുടെയും തകര്‍ത്തെറിയപ്പെട്ട തന്‍റെ ഹരിതഗ്രഹത്തിന്‍റെയും ദുരന്തചിത്രങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് അവന്‍റെ പ്രണയിനി, ഇരയാക്കപ്പെട്ട അനുഗ്രഹ പെണ്‍കുട്ടി Neythri, പക്ഷെ, അവനോട് പറയുന്നതിങ്ങനെ: "ഐവ പക്ഷം പിടിക്കുന്നില്ല, ജേക്, പ്രപഞ്ചത്തിന്‍റെ സംതുലിതാവസ്ഥ പാലിക്കുകമാത്രം ചെയ്യുന്നു" - പക്ഷം പിടിക്കാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കരുതെന്നര്‍ത്ഥം.
മഹാന്മാര്‍ നൂറ്റാണ്ടുകളിലൊരിക്കല്‍ പിറവിയെടുക്കുന്നു, അവതാരപുരുഷന്മാര്‍ സഹസ്രാബ്ദങ്ങളിലൊരിക്കലും. മനുഷ്യചരിത്രത്തിന്‍റെ സന്ദിഗ്ധഘട്ടങ്ങളില്‍ പിറവികൊണ്ട മഹാന്മാരും അവതാര പുരുഷന്മാരും വിജയികള്‍ക്കൊപ്പം നിന്നവരല്ല, സ്വയം വിജയിച്ചവരുമല്ല. കൊന്നും തകര്‍ത്തും വിജയിച്ചവരുടെ യുദ്ധശിബിരങ്ങളിലെ വിജയാഘോഷങ്ങളില്‍ നാമവരെ കണ്ടിട്ടില്ല. ഭൗതികമായ അര്‍ത്ഥത്തില്‍ ലോകം കണ്ട ഏറ്റവും ലക്ഷണമൊത്ത പരാജിതരായിരുന്നു അവരൊക്കെയും. വിശക്കുന്നവര്‍ക്കൊപ്പം വിശന്നും കരയുന്നവര്‍ക്കൊപ്പം കരഞ്ഞും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി അപകടകരമായി പ്രതികരിച്ചും നാണയമാറ്റക്കാരുടെ മേശകള്‍ തട്ടിമറിച്ചും അവര്‍ മനുഷ്യരുടെ ഇടയിലൂടെ നടന്നു. രോഗികള്‍ക്കൊപ്പം ഉണ്ടുറങ്ങി, അവരുടെ കണ്ണീരൊപ്പി ഒടുവില്‍ രോഗിയായി മരിച്ചവര്‍, പാപികള്‍ക്കുവേണ്ടി വാദിച്ച് കല്ലെറിയപ്പെട്ടവര്‍, അധികാരത്തിനുനേരെ വിരല്‍ചൂണ്ടി കഴുത്തറുക്കപ്പെട്ടവര്‍, സമാധാനത്തിനായി വാദിച്ചതിന് നെഞ്ചിന്‍കൂടില്‍ ലോഹത്തുള വീണവര്‍, മനുഷ്യനെ വീണ്ടെടുക്കാനിറങ്ങി കുരിശില്‍ പിടഞ്ഞവര്‍. ഭൗതികസമൂഹം പരാജിതരെ തിരിച്ചറിയുന്ന അടയാളങ്ങള്‍ കൊണ്ടളന്നാല്‍, മനുഷ്യചരിത്രത്തിലെ ഏറ്റവും ലക്ഷണമൊത്ത ഈ പരാജിത ജന്മങ്ങളാണ് മനുഷ്യനെ തിന്മയില്‍നിന്ന് വീണ്ടെടുത്തത്, നിര്‍ണ്ണായക ഘട്ടങ്ങളില്‍ മനുഷ്യചരിത്രത്തെ ചെളിക്കുണ്ടുകളില്‍നിന്ന് കരകയറ്റിയത്, മനുഷ്യകുലം വേരറ്റുപോകാത്തതും മനുഷ്യചരിത്രത്തിനുമേല്‍ അവസാന രാത്രിയുടെ ഇരുള്‍ ഇനിയും വീഴാത്തതും ഈ പരാജിത ജന്മങ്ങളാലാണ്. അവരുടെ തല നിലത്തുരുണ്ടപ്പോഴും അവര്‍ കുരിശില്‍ പിടഞ്ഞപ്പോഴും അവര്‍ക്കുചുറ്റും ആര്‍ത്തട്ടഹസിച്ച് വിജയമാഘോഷിച്ചവര്‍ ആ വിജയം അവരുടെ ദൈവത്തിനു നല്‍കി - ഒപ്പം ആ കൊലയുടെ ഉത്തരവാദിത്തവും. കുരിശേറ്റപ്പെട്ടവരുടെ കൈകാലുകള്‍ തകര്‍ത്തൊടിച്ച്, ഒന്ന് പിടഞ്ഞു മരിക്കാനുള്ള അവകാശംപോലും നിഷേധിച്ച് കൊലപാതകത്തിനുള്ളില്‍ വീണ്ടും കൊലപാതകത്തിനവര്‍ തിരക്കുകൂട്ടിയത് പുണ്യദിനത്തില്‍ അശുദ്ധരാകാതിരിക്കാനാണ്! കുരിശില്‍ പിടഞ്ഞവന്‍റെ ചലനമറ്റ നെഞ്ചിലേക്ക് ഒരു കുന്തം കയറ്റിയിട്ട് അവര്‍ തിരക്കിട്ട് പോയത് തങ്ങളുടെ ദൈവത്തോടൊപ്പമാഘോഷിക്കുന്ന 'വിശുദ്ധ' സാബത്തിലേക്കാണ്!
ഒരു ദുഃഖവെള്ളിയുടെ പരാജയ ജാള്യതയില്‍നിന്നും ഒരു ഉയിര്‍പ്പുഞായറിന്‍റെ വിജയാഘോഷങ്ങളിലേക്ക് എത്ര തിരക്കിട്ടാണ് നാം ഓടിപ്പോകുന്നത്. കല്ലറയ്ക്കു പുറത്ത് മറിയം കണ്ട ദൈവസാന്നിദ്ധ്യത്തിന്‍റെ തലയിലൊരു കിരീടം ചൂടിച്ച്, കയ്യിലൊരു വിജയപതാക വച്ചുകൊടുത്ത് എത്ര അക്ഷമയോടെയാണ് നാമവനെ കീഴടക്കുന്നവനും വിജയിയും ശക്തിസ്വരൂപനുമാക്കിയത്. പിന്‍തുടര്‍ന്നവന്‍റെ പാദം കഴുകിയും, വരാനിരിക്കുന്ന വേദനയില്‍നിന്ന് വിടുതലിനായി ചോര പൊടിഞ്ഞ് പ്രാര്‍ത്ഥിച്ചും, ഒടുവില്‍ ഒന്നു പ്രതിഷേധിക്കുകപോലും ചെയ്യാതെ കുരിശില്‍ മരിച്ചും ബലഹീനനും പരാജിതനുമായി എല്ലാ ദൈവശാസ്ത്രത്തിനും പുതിയ പാഠഭേദമെഴുതിയവനാണവന്‍. ഒഴിഞ്ഞ കല്ലറയിലെ ആശ്ചര്യ ശബ്ദങ്ങളിലല്ല, കുരിശിന്‍ ചുവട്ടിലെ ധ്യാനാക്ഷരങ്ങളിലാണ് അവന്‍റെ ദൈവത്വം ഭൂമിയെ തൊട്ടത്. കുരിശിലെ യേശു ശക്തനല്ല, വിജയിയുമല്ല. എന്നാല്‍ കുരിശിലെ യേശുവിനോളം ആര്‍ദ്രവും തീവ്രവുമായ ഒന്നും മനുഷ്യചരിത്രത്തില്‍ സംഭവിച്ചിട്ടില്ല.
ദൈവം ജയിക്കുന്നില്ല. മനുഷ്യന്‍റെ ആയിരം സംവത്സരങ്ങള്‍ക്ക് ഒരു നിമിഷത്തിന്‍റെ ദൈര്‍ഘ്യമില്ലാത്ത ദൈവത്തിന് മനുഷ്യന്‍റെ വിജയവും പരാജയവും വിജയമോ പരാജയമോ അല്ല. ദൈവം യുദ്ധങ്ങളില്‍ പക്ഷം ചേരുന്നില്ല, പരാജയപ്പെടുത്തുന്നില്ല, കാണിക്ക വാങ്ങി കങ്കാണിപ്പണി ചെയ്യുന്നില്ല, ജയിച്ചുകയറാന്‍ മനുഷ്യനൊരുക്കുന്ന കുടിലതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുമില്ല. ഈ പ്രപഞ്ചത്തിന് ഒരു വിശുദ്ധ താളമുണ്ട്. പ്രപഞ്ചസ്പന്ദനങ്ങളില്‍ നിറയുന്ന അനാദിയായ ഒരു സംതുലനവും. ദൈവമത് തൊട്ടറിയുന്നു, കാരണം പ്രപഞ്ചാത്മാവാണു ദൈവം. ജയവും പരാജയവുമെന്ന അസംബന്ധ സമസ്യകള്‍ മനുഷ്യന്‍റേതാണ്, ദൈവത്തിന്‍റേതല്ല. ദൈവം ജയിക്കുന്നില്ല.