

2004-ൽ മൂന്നുമാസം എത്തിയോപ്യയിൽ ഉണ്ടായിരുന്നു. ആ മൂന്നു മാസത്തിനിടെ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു ഞായറാഴ്ച ടിവിയിൽ പരതിയപ്പോൾ ഒരു ഇംഗ്ലീഷ് സിനിമ കിട്ടി: 'നോർമൽ' (സാധാരണം).
അഭിനേത്രിയും ഫിലിം മേക്കറുമായ ജെയ്ൻ ആൻ്റേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെസ്സിക്ക ലാഞ്ചും ടോം വിൽക്കിൻസണും മുഖ്യകഥാപാത്രങ്ങളായെത്തിയ, ടെലവിഷനുവേണ്ടി നിർമ്മിക്കപ്പെട്ട ഒരു ഫാമിലി ഡ്രാമ- 'നോർമൽ' (2003).
അന്ന് ഒറ്റത്തവണ ടീവിയിൽ കണ്ട ആ ചിത്രവും അതിലെ ചില സംഭാഷണങ്ങളും മനസ്സിൽ നിന്ന് പോയതേയില്ല. ഈയ്യിടെ യൂറ്റ്യൂബിൽ നിന്ന് അത് ഒരിക്കൽക്കൂടി കണ്ടു. തീർത്തും അസാധാരണം എന്നൊന്നും പറയാനില്ലെങ്കിലും മനസ്സിൽ കൊളുത്തി നില്ക്കുന്നു ആ കഥാപാത്രങ്ങൾ.
അതീവ ലളിതമാണ് കഥാതന്തു. മാതൃകാ ദമ്പതികളാണ് റോയിയും ഇർമയും. വിവാഹം കഴിഞ്ഞിട്ട് 25 വർഷമായി. രണ്ടു മക്കൾ: കോളജ് വിദ്യാഭ്യാസം ചെയ്യുന്ന വെയ്നും ആറിലോ ഏഴിലോ പഠിക്കുന്ന പാറ്റിയും. ശാരീരികമായി താൻ ഒരു ആണാണെങ്കിലും മനസ്സിൽ താനൊരു പെണ്ണാണെന്നും, ഉള്ളിൽ ഭയങ്കരമായ തിക്കുമുട്ടലാണെന്നും, അതിനാൽ താനൊരു പെണ്ണാവാൻ ആഗ്രഹിക്കുന്നു എന്നും റോയി ഇർമയോട് പറയുന്നു. ഇർമക്ക് ഒട്ടും ഉൾക്കൊള്ളാനാവുന്നില്ലത്. ശാരീരികമായി അവർ വേർപിരിയുന്നു.
റോയ് മെല്ലെ സ്ത്രീയായിത്തീരാൻ തുടങ്ങുന്നതോടെ അയാൾ ജോലി ചെയ്യുന്ന ഫാക്ടറിയിലും പാടുന്ന പള്ളിക്കൊയറിലും പള്ളിയിലും കുടുംബത്തിലും നിന്ന് എതിർപ്പുകളും തള്ളിപ്പറച്ചിലുകളും പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും പുറത്താവലും അനുഭവിക്കുന്നു. പെണ്ണായി ജനിച്ചെങ്കിലും പെണ്ണായി ജീവിക്കുന്നത് വെറുക്കുന്ന പാറ്റി അപ്പൻ്റെ കൂടെയാണ്. എന്നാൽ, ഇക്കാര്യം ഉൾക്കൊള്ളാനാവാത്ത മകൻ അപ്പനെ ശാരീരികമായിപ്പോലും ആക്രമിക്കുന്നു.
ലൈംഗിക സ്വത്വബോധം, ലൈംഗിക അപരത്വം, ലിംഗദ്വയങ്ങളുടെ കീഴ്മേൽ മറിച്ചിൽ, സ്നേഹത്തിൻ്റെ ലൈംഗികേതരത്വം എന്നിങ്ങനെ സാധാരണമല്ലാത്ത ഒത്തിരി മേഖലകളിലേക്ക് ഈ ചലച്ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.
ഇവക ്കെല്ലാം പുറമേ കുടുംബം, ദാമ്പത്യം, പ്രണയം എന്നിവയിലേക്കെല്ലാം ചെറുതല്ലാത്ത വെട്ടം വീഴ്ത്തുകയും ചെയ്യുന്നുണ്ട് ഈ ചലച്ചിത്രം.
ഇർമയും റോയിയും തമ്മിലുള്ള ഏറ്റവും ഉള്ളുതുറന്നുള്ള സംഭാഷണം നമ്മെ ഒത്തിരി വലിച്ചുമുറുക്കും:
"റോയ്, എന്റെ യൗവനം ഞാൻ നിനക്ക് തന്നു, നിന്റെ കുട്ടികളെ ഞാൻ നിനക്ക് തന്നു, കഴിഞ്ഞ 25 വർഷമായി എന്റെ പൂർണ്ണവും മറ്റാർക്കും കൊടുക്കാത്തതുമായ ശ്രദ്ധ ഞാൻ നിനക്ക് തന്നു. ഇപ്പോൾ നിനക്ക് നിന്നിൽത്തന്നെ പൂർണ്ണത തോന്നാനായിട്ട് ഞാൻ വിശ്വസിച്ചതെന്തെല്ലാമാണോ അതെല്ലാം ഞാൻ ഉപേക്ഷിക്കുകയാണ്. ഇനി നീ പറ, ഇതിൽ കൂടുതൽ എന്നിൽ നിന്ന് നിനക്ക് എന്താണ് വേ ണ്ടത്?"
(തരളിതനാകുന്ന റോയ്) "അങ്ങനെയാണോ നിനക്ക് തോന്നുന്നത്?"
"അതെ"
"ഓ, ഞാനീച്ചെയ്യുന്നത് അത്രയും ഭയങ്കരമാണോ?"
"അല്ല, നീ ഭയങ്കരനല്ല റോയ്. എന്നാൽ അത് അങ്ങനെയാണ്. കുറച്ച് കിഴിഞ്ഞ് ചിന്തിച്ചാൽ, നീയും എനിക്കുവേണ്ടി അതൊക്കെത്തന്നെ ചെയ്തിട്ടുണ്ട്."
റോയിയുടെ അപ്പന് ഏറെ പ്രായമായെങ്കിലും തികഞ്ഞ ആണധികാരക്കാരനാണ് അയാൾ. കസേരയിൽ നിന്ന് എഴുന്നേല്ക്കാനാവില്ലെങ്കിലും എല്ലാ തീരുമാനവും അങ്ങേരുടേതാണ്. ആരോടും, പ്രത്യേകിച്ച് തൻ്റെ ഭാര്യ യോട് ഒരു മയവുമില്ല അദ്ദേഹത്തിന്. റൂത്തായി ലിംഗമാറ്റം നടത്തിയ റോയ് തൻ്റെ മാതാപിതാക്കളെ സന്ദർശിക്കുമ്പോൾ തൻ്റെ പിതാവിനെ ഉപദേശിക്കാൻ റൂത്ത് ധൈര്യം കാട്ടുന്നുണ്ട്.
"നിങ്ങളാരാ?"
"റൂത്ത് - മൂത്ത മകളാണ് "
"എനിക്ക് ഒരു മകനുണ്ടെന്നാണ് ഞാൻ കരുതിയത്. എനിക്ക് ഒരു മകനുണ്ടോ എന്ന് ആ സ്ത്രീയോടാെന്ന് ചോദിക്ക്"
റൂത്ത്: "ഇല്ല. മകൻ ഇല്ല"
സ്വന്തം ഭാര്യയെക്കുറിച്ച് "ആ സ്ത്രീ " എന്നേ വാർദ്ധക്യത ്തിലും അദ്ദേഹം പറയൂ.
മകളായിത്തീർന്ന മകൻ അതേക്കുറിച്ച് അപ്പനുമായി നടത്തുന്ന സംഭാഷണം ശ്രദ്ധേയമാണ്.
"അവിടെയുള്ള ആ സ്ത്രീ അപ്പന്റെ ഭാര്യയാണ്. അവർ നിങ്ങളെ വിവാഹം കഴിച്ചിട്ട് 50 വർഷമായി"
"ഐ ഡോണ്ട് കെയർ. നീ അവളോട് പറഞ്ഞേക്ക് ഞാൻ ഇനി ലൈമ പയറ് കഴിക്കാൻ പോകുന്നില്ലെന്ന്"
"അവരുടെ പേര് 'എം' എന്നാണ്. അവർ നിങ്ങളുടെ മക്കളെ പ്രസവിച്ചു; നിങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു തന്നു; നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളിലും - അതെത്ര തെറ്റായതാണെങ്കിലും മണ്ടത്തരമാണെങ്കിലും ക്രൂരതയാണെങ്കിലും - നിങ്ങൾക്ക് പിന്നിൽ നി ന്ന് പിന്തുണച്ചു. ഇന്നിപ്പോൾ അവർക്ക് പ്രായമായിരിക്കുന്നു, അവർ ക്ഷീണിതയായിരിക്കുന്നു. എന്നാലും അവരിപ്പോഴും നിങ്ങളെ കുളിപ്പിക്കുകയും ഭക്ഷണം തരികയും നിങ്ങളുടെ നാറുന്ന പാന്റ്സ് മാറ്റുകയും ചെയ്യുന്നുണ്ട്. നിങ്ങക്ക് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഇനിയെങ്കിലും അവരെ അവരുടെ പേര് പറഞ്ഞ് വിളിക്കുക എന്നതാണ്."
"എനിക്ക് അവളെ വേണ്ട. എനിക്ക് എന്റെ അമ്മേ വേണം." ...
"ഓ, ഞാൻ എന്റെ പാന്റ്സ് വീണ്ടും നനച്ചു. എനിക്ക് എന്റെ അമ്മയെ വേണം" (കുഞ്ഞിനെ കണക്കേ കരയുന്നു)
ജീവിതത്തിൻ്റെ സമസ്യകൾ!
_🐌_ _ __ _























