ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
മെത്രാഭിഷേകത്തിനു ചെന്നതായിരുന്നു. വന്‍തിരക്കു പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വളരെ നേരത്തെ എത്തി സൗകര്യപ്രദമായ ഒരു ഒഴിഞ്ഞകോണില്‍ സ്ഥാനം പിടിച്ചു. അല്പം കഴിഞ്ഞപ്പോള്‍ എന്നേക്കാളും പ്രായമുള്ള അഞ്ചാറു വല്യച്ചന്മാരു വരുന്നതു കണ്ടു. അവരും എന്നെപ്പോലെതന്നെ 'ഒഴിഞ്ഞ കോണു' നോക്കി വരികയായിരുന്നു. സമയമൊത്തിരി ബാക്കിയുണ്ടായിരുന്നതുകൊണ്ട് വര്‍ത്തമാനംപറയാന്‍ പാകത്തിന് കസേരയൊക്കെയിട്ടിരുന്നപ്പോഴേയ്ക്കും അഞ്ചാറ് ഇടപ്രായക്കാരച്ചന്മാര് ആ വഴി വന്നു. വല്യച്ചന്മാരെക്കണ്ട് അവരുനിന്നു, സ്തുതിചൊല്ലിക്കഴിഞ്ഞ് അവരു ക്ഷണിച്ചു:
"മുമ്പോട്ടു ചെന്നാല്‍ ഇഷ്ടംപോലെ ഇടയുണ്ടല്ലോ, വരുന്നോ?"
"പ്രദക്ഷിണത്തിനു കൂടാനും, ഒത്തിരിനേരം നില്ക്കാനും വിഷമമായതുകൊണ്ട് ഞങ്ങളു വയസ്സന്മാരെല്ലാംകൂടെ ഇവിടെയിരുന്നു കൂടാമെന്നുവച്ചു."
"ഞങ്ങളും മുഴുവന്‍ തീരാന്‍ നില്ക്കുന്നില്ല. മെത്രാഭിഷേകം കഴിഞ്ഞാലുടനെ പോകാനാണു പ്ലാന്‍."
"എന്നാപ്പിന്നെ ഇവിടിരുന്നാല്‍ മതി. ഈ സ്ക്രീനിന്‍റെ മുമ്പിലിരുന്നാല്‍ എല്ലാം കാണുകേം, കേള്‍ക്കുകേം ചെയ്യാനും പറ്റും."
അവരുതമ്മിലാലോചിച്ചിട്ടു മൂന്നുപേര് മുമ്പോട്ടു നടന്നു. രണ്ടച്ചന്മാരു ഞങ്ങളിരുന്നിടത്തു തന്നെ കൂടി.
"അച്ചന്‍ തന്നെയല്ലെ ഇപ്പോഴും നിങ്ങളുടെ മൈനര്‍ സെമിനാരി റെക്ടര്‍?"
പുതുതായി വന്ന അച്ചനോട് ഒരു വല്യച്ചന്‍റെ ചോദ്യം.
"അതേ അച്ചാ, പല പ്രാവശ്യം മാറ്റം ചോദിച്ചു, കിട്ടിയില്ല."
"ഇതൊക്കെ ഒരു നിയോഗമാ അച്ചാ. ചുമ്മാതൊരു പെണ്ണ് എത്ര മുറുക്കെ മുക്കിയാലും കൊച്ചുണ്ടാകുമോ, ഗര്‍ഭിണി മുക്കിയാലല്ലേ, പ്രസവിക്കൂ." ഒരു വല്യച്ചന്‍റെ കമന്‍റ കേട്ട്, വടീം പിടിച്ചിരുന്ന ഒരച്ചന്‍ ചിരിച്ചുചിരിച്ചു വടിപോലും തെറിച്ചുപോയി. പിന്നെ വല്യച്ചന്മാരൊക്കെ അവരവരുടെ ചരിത്രപുസ്തകം തുറന്നുതുടങ്ങി. അവരുടെ സംസാരം ശ്രദ്ധിച്ച് ഒന്നുമറിയാത്തവനെപ്പോലെ ഞാനും ഇരുന്നു. അവരുടെ സംഭാഷണം മുഴുവന്‍ തന്നെ 'പട്ട' വിഷയങ്ങളായിരുന്നു. അവരോരുത്തരും പണ്ടുപണ്ടും, അടുത്ത കാലത്തുമൊക്കെ പങ്കെടുത്തിട്ടുള്ള മെത്രാഭിഷേകങ്ങളുടെ ചരിത്രങ്ങളൊക്കെപ്പറഞ്ഞു കഴിഞ്ഞിട്ടും പിന്നെയും സമയം ഒത്തിരി ബാക്കിയുണ്ടായിരുന്നതുകൊണ്ടായിരിക്കാം സംസാരത്തിന്‍റെ ദിശയൊന്നു മാറി, വിശുദ്ധരെപ്പറ്റിയായി. അതിനു വഴിവച്ചതു മുരിക്കന്‍ പിതാവിനെപ്പറ്റി പറഞ്ഞുകൊണ്ടായിരുന്നു. വലിയ ഉന്നതവിദ്യാഭ്യാസയോഗ്യത പറയാനില്ലാത്ത, ലോകമെമ്പാടും യാത്ര ചെയ്ത പരിചയമില്ലാത്ത, വമ്പന്‍ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്നതിന്‍റെ ലിസ്റ്റവതരിപ്പിക്കാനില്ലാത്ത, വന്‍പ്രസ്ഥാനങ്ങളിലൂടെ കഴിവുതെളിയിച്ചതിന്‍റെ തലയെടുപ്പില്ലാത്ത, മറ്റാരെയെങ്കിലും പിന്നിലാക്കിയതിന്‍റെ ഗര്‍വ്വശേഷം തൊട്ടുതീണ്ടാത്ത ഒരു സാധാരണ പട്ടക്കാരന്‍റെ അഭിഷേകമായതുകൊണ്ടാണ് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വടികുത്തി എത്തിയതെന്ന്, ചിരിച്ചപ്പോള്‍ വടിതെറിച്ചുപോയ വല്യച്ചന്‍ പറഞ്ഞപ്പോള്‍, നഷ്ടമായതെന്തൊക്കെയോ, തിരിച്ചുവരാന്‍ പോകുന്നു എന്ന പ്രത്യാശ ആ സ്വരത്തിലുണ്ടായിരുന്നു എന്നു തോന്നുന്നു.
വര്‍ഷങ്ങള്‍ സെമിനാരില്‍ പഠിച്ചിട്ടും കൂട്ടിവായിക്കാന്‍പോലും വശമില്ലാതിരുന്ന ജോണ്‍ മേരി വിയാനിക്ക് അദ്ദേഹത്തിന്‍റെ തീക്ഷ്ണമായ ആഗ്രഹവും, അളവില്ലാത്ത അദ്ധ്വാനവും പരിഗണിച്ച് ഒരു ഔദാര്യംപോലെ നല്‍കിയതാണു വൈദികപട്ടം. ആ ചരിത്രമൊക്കെ പണ്ടു സെമിനാരീല്‍ പഠിച്ചിരുന്ന കാലത്ത് ആത്മീയ ഗുരുക്കന്മാര്‍ പറഞ്ഞുകൊടുത്തിരുന്നത് ആ വല്യച്ചന്മാര്‍ ഓര്‍മ്മയില്‍നിന്നും പൊടിതട്ടിയെടുത്ത് പങ്കുവച്ചു.
"റെക്ടറച്ചാ, ഇങ്ങേരു വര്‍ഷങ്ങളായി നിങ്ങളുടെ മൈനര്‍ സെമിനാരി റെക്ടര്‍ ആണെന്നു പറഞ്ഞല്ലോ. ജോണ്‍ വിയാനി പുണ്യവാനെപ്പോലെ എത്ര മണ്ടന്മാരെ മണ്ടനാണെന്നും പറഞ്ഞ് അച്ചന്‍ പറഞ്ഞു വിട്ടിട്ടുണ്ടാകും?" ഒരു വല്യച്ചന്‍റെ ചോദ്യം.
"ആരെയും തുന്നിച്ചു നോക്കാന്‍ പറ്റത്തില്ലച്ചാ, തന്നെയല്ല, ഒത്തിരി പുണ്യാളന്മാരാണെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന മണ്ടന്മാരെ കയറ്റിവിട്ട് അച്ചന്മാരാക്കിയാല്‍, പട്ടം കിട്ടി കുറെക്കഴിയുമ്പോള്‍ പുണ്യമെല്ലാമങ്ങുപോകും, മണ്ടത്തരം മാത്രം കാണും ബാക്കി. അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ പറ്റിയിട്ടുമുണ്ട്." റെക്ടറച്ചന്‍റെ വിശദീകരണം.
"മണ്ടന്മാരെന്നു പറഞ്ഞ് ഇറക്കി വിട്ട പലരും വലിയവരായത് എനിക്കുമറിയാം." ആ വല്യച്ചന് എന്തോ കൂടുതല്‍ പറയാനുണ്ടെന്നു വ്യക്തം. തുടര്‍ന്ന് അദ്ദേഹം ഒന്നുരണ്ടു പേരുടെ കാര്യം പറഞ്ഞു. അതില്‍ ഒരാളെ ഒരു സെമിനാരീന്നു പറഞ്ഞു വിട്ടിട്ട് ആളു പോയി വേറൊരിടത്തു ചേര്‍ന്നു. തുടര്‍ന്ന് അച്ചനായി. ഇപ്പോള്‍ അദ്ദേഹം പ്രഗത്ഭനായ ഒരു രൂപതാദ്ധ്യക്ഷനാണ്. വേറൊരാളെപ്പറ്റിയും പറഞ്ഞു. അങ്ങേരെ രൂപതാസെമിനാരീന്നു പറഞ്ഞുവിട്ടു. അങ്ങേരൊരു സന്ന്യാസസഭയില്‍ പോയിച്ചേര്‍ന്നു. അവിടെ അച്ചനായിക്കഴിഞ്ഞ് അവിടുന്നും ഇറങ്ങിപ്പോയി. ഒരു സന്ന്യാസസഭ തന്നെ സ്ഥാപിച്ച് ഇന്ന് സമൂഹ'സഭാപിതാവായി' കഴിയുന്നു. ഓരോരുത്തരോരോരുത്തര് അവരവര്‍ക്കറിവുള്ള പല ചരിത്രങ്ങളും എടുത്തു നിരത്തിക്കൊണ്ടിരുന്നു. ഒരു ചെറിയ ഇടവേള കിട്ടിയപ്പോള്‍ ഒരാത്മഗതം പോലെ റെക്ടറച്ചന്‍ പറഞ്ഞു:
"സെമിനാരി റെക്ടറാകുന്നതുകൊണ്ട് ആര്‍ക്കും ദിവ്യദൃഷ്ടിയൊന്നും കിട്ടത്തില്ലല്ലോ. പെരുമാറ്റോം പ്രകടനോം എല്ലാം നോക്കി ഒരുവിലയിരുത്തലും, തിരഞ്ഞെടുക്കലുമൊക്കെയല്ലേ പറ്റൂ."
"വയസ്സന്മാരു പറയുന്നതെല്ലാം പഴഞ്ചരക്കാണെന്ന തോന്നലില്ലെങ്കില്‍ റെക്ടറച്ചന്‍റെ അറിവിലേയ്ക്ക് ഒരു കൊച്ചു വേദാന്തം ഈയുള്ളവന്‍ പറയാം." പ്രായം ചെന്ന ഒരു സന്ന്യാസി അച്ചനാണ് ഈ ഓഫര്‍ വച്ചത്.
"ഒറിജിനലാണെങ്കില്‍ പഴക്കമുള്ളതിനാണു മാറ്റു കൂടുതലെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. ഏതായാലും അച്ചനൊന്നു പറഞ്ഞുനോക്ക്. ഒറിജിനലാണോന്നു നോക്കട്ടെ". റെക്ടറച്ചന്‍.
"കോപ്പിറൈറ്റൊന്നും തരണ്ടാ. കോപ്പിയടിച്ചതുമല്ല. സ്വന്തം അനുഭവത്തീന്നു പറയുവാ: വടിച്ച് അളക്കാതിരിക്കുക. സ്വന്തം ത്രാസില്‍ മാത്രം തൂക്കമെടുക്കാതെയുമിരിക്കുക."
"അച്ചന്‍ ഒരു പഴയ ധ്യാനഗുരുവായതുകൊണ്ട് വളരെ കാച്ചിക്കുറുക്കിയെടുത്തതെ പറയൂ എന്നെനിക്കറിയാം. അച്ചന്‍ പറഞ്ഞതിന് ഒരു 'ക്ലൂ' കൂടിത്തരാമോ?" റെക്ടറച്ചന്‍റെ റിക്വസ്റ്റ്.
'ക്ലൂ' ആക്കണ്ട, മുഴുവന്‍ പറയാം. നമ്മളൊക്കെ ഒരേ കളരീല്‍ പഠിച്ചിറങ്ങിയവരല്ലേ? പണ്ടൊക്കെ ഇന്നുള്ള 'കിലോയും', 'കിന്‍റലും' ഒന്നുമില്ലായിരുന്നു. നെല്ലും മറ്റും പറയിലും നാഴിയിലും അളന്നാണു കൊടുത്തിരുന്നത്. 'വാ' തുറന്നിരിക്കുന്ന പറയിലേയ്ക്ക് നെല്ല് ചൊരിയും. നിറയുമ്പോള്‍ മുകളിലൊരു കൂമ്പാരം കാണും. അങ്ങനെ കൂമ്പാരം വച്ചളക്കാം. അല്ലെങ്കില്‍ ഒരു 'വടികോലു' കൊണ്ട് പറയുടെ വക്കുലവലില്‍ കൂമ്പാരം വടിച്ചുമാറ്റി അളക്കാം. അതിനെ വിളിച്ചിരുന്നത് 'വടിച്ചളക്കുക' വടിച്ചളന്നാല്‍ ഓരോ അളവും കിറുകൃത്യമായിരിക്കും. അച്ചന്‍ സെമിനാരിപ്പിള്ളേരെ അളക്കുമ്പോള്‍ അങ്ങനെ വടിച്ചളക്കല്ലെന്നാണു ഞാന്‍ പറഞ്ഞത്. ലേശം കുറഞ്ഞാലും, ഇത്തിരികവിഞ്ഞാലും കടത്തി വിട്ടേക്കണം. ചിലപ്പോള്‍ വടിച്ചുകളയുന്ന കൂട്ടത്തില്‍ വിയാനിമാരും, 'മുരിക്ക'ന്മാരുമൊക്കെക്കാണും. സ്വന്തം തുലാസില്‍ തൂക്കിയളക്കുമ്പോള്‍ ഇത്തിരി തൂക്കം കുറഞ്ഞാലും ഇമ്മിണി തൂക്കം കൂടിയാലും ലേശം കണ്ണടച്ചേക്കണം. തൂക്കം കുറഞ്ഞതില്‍ ഡോണ്‍ബോസ്കോമാരും തൂക്കം കൂടിയതില്‍ ഫ്രാന്‍സിസ് സേവ്യര്‍മാരും കാണും."
"അച്ചനിങ്ങനെ ഒത്തിരിപ്പേരെ വളര്‍ത്തിയിട്ടുള്ള ആളാണെന്നു കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് കൂടെവന്നവരു വിളിച്ചിട്ടും പോകാതെ അച്ചനോടൊരു കവിളു മിണ്ടാന്‍ ഇവിടെത്തന്നെ കൂടിയത്. ഏതായാലും അതു നഷ്ടമായില്ല." റെക്ടറച്ചന്‍റെ കോംപ്ലിമെന്‍റ്.
"വയസ്സാകുമ്പളാ ഇങ്ങനെ നല്ല ബുദ്ധീം വെളിവുമൊക്കെ വരുന്നത്. ചെറുപ്രായത്തില്‍ ഞാനും വലിയ കണിശക്കാരനായിരുന്നു. പിന്നെപ്പിന്നെ അതിനെക്കാള്‍ ഗുണം ചെയ്യുന്നത് മയത്തിലുള്ള സമീപനം തന്നെയാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചു." വല്യച്ചന്‍ സ്വയം ആശ്വസിച്ചു.
ഒരു കേള്‍വിക്കാരനായി മാത്രം ഇടയ്ക്കു പറ്റിക്കൂടിയിരുന്ന എന്‍റെ മനസ്സിലൂടെ ഒത്തിരി ഓര്‍മ്മകള്‍ മിന്നിമറഞ്ഞു. ഒന്നിലധികം പ്രാവശ്യം സെമിനാരീല്‍നിന്നും പുറന്തള്ളിയിട്ടും വീണ്ടും തിരിച്ചെടുത്തതും വല്യകാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും ഇന്നൊരു സന്ന്യാസിയായി ജീവിക്കുന്നതിന്‍റെ പിന്നില്‍ അളവിലും തൂക്കത്തിലും കുറവുണ്ടായിട്ടും കണ്ണടച്ചു കടത്തിവിട്ട എത്രയോപേരുടെ ക്ഷമയും, പ്രോത്സാഹനവും ഉത്തേജനങ്ങളുമുണ്ടായിരുന്നു! അങ്ങിനെ ഓര്‍മ്മയുടെ ചെപ്പിനു മുകളില്‍ത്തന്നെ കിടന്ന ഒരു സംഭവം അവിടെ പരസ്യമായി പറഞ്ഞാലോ എന്നു ചിന്തിച്ചെങ്കിലും അത് അവിവേകമായിരിക്കുമെന്നു കരുതി വായടച്ചുവച്ചു. പതിരും, പൊരുളും നല്ല "മണി, മണി"യായി അവതരിപ്പിക്കാന്‍ കഴിവുള്ള എന്‍റെയൊരു പ്രൊഫസര്‍ പറഞ്ഞ കാര്യമാണ്.
ആദര്‍ശങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ സഭേല്‍ നിന്നാല്‍ പറ്റത്തില്ല, ഇറങ്ങിപ്പോവുകയാണ് എന്നും പറഞ്ഞ് ഉപദേശം തേടിച്ചെന്ന ഒരു യുവസന്ന്യാസിയോട് അദ്ദേഹം പറഞ്ഞു:
"എടോ നമ്മുടെ സഭയൊരു നോഹിന്‍റെ പെട്ടകമാ! അതില്‍ തനിക്കും ഒരിടമുണ്ട്. അതു കണ്ടുപിടിക്കേണ്ടതു താനാ. പെട്ടകത്തില്‍ നോഹിന്‍റെ കുടുംബാംഗങ്ങളോടൊപ്പം ആനയും, ഒട്ടകവും, കടുവയും കാട്ടുപോത്തും, ആടും, മാനും, മൈലും, മൈനയും, മൂര്‍ഖനും, കരിന്തേളും മാത്രമല്ല, പുഴുവും, പൂമ്പാറ്റയും, കൊതുകും, കൃമിയും വരെ അതില്‍ കയറിക്കൂടിയിരുന്നു. എല്ലാത്തിനും അതിലിടം കിട്ടി. താനും പോകണ്ടാടോ, തനിക്കുമൊരിടം ഇതിനകത്തെവിടെയോ ഉണ്ട്. താനങ്ങുപോയാലും, ചെല്ലുന്നിടത്തൊന്നും ഇതിലും മെച്ചമൊട്ടു പ്രതീക്ഷിക്കുകയും വേണ്ട. താന്‍ പോയാലും അവസാനമിവിടെത്തന്നെ തിരിച്ചുവരേണ്ടിവരും."
എന്നിട്ടും ആളുവിട്ടു പോയി. തിരിച്ചുവന്നോ എന്നെനിക്കറിയില്ല.!!!