top of page

പുതുവര്‍ഷവും പുതിയ ജീവിതവും

Jan 1, 2025

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

a kid with a flower

പുത്തന്‍പ്രതീക്ഷകളുമായി പുതിയവര്‍ഷം കടന്നുവരുന്നു. പുതിയ തീരുമാനങ്ങളും പുതിയപദ്ധതികളുമൊക്കെ നമ്മുടെയുള്ളിലുണ്ട്. പഴയതു പലതും മറന്നു കളഞ്ഞു പുതിയ ലക്ഷ്യങ്ങളിലേക്ക് ചുവടുവെയ്ക്കുന്നവര്‍ നമ്മളാഗ്രഹിക്കുന്ന സമയമാണിത്! പുത്തന്‍തുടക്കത്തില്‍ ഒരു പുതിയ സാഹചര്യം വേണമല്ലോ. താമസിച്ചുള്ള ധ്യാനങ്ങള്‍ക്കു പോകുന്നതുപോലെ നല്ല തീരുമാനങ്ങളെടുക്കുവാനുള്ള ഒരവസരമാണ് പുതിയ വര്‍ഷം. ചില കാര്യങ്ങളെ മറക്കുവാനും ചില കാര്യങ്ങളെ ഓര്‍ത്തെടുക്കുവാനുമുള്ള അവസരമായി പുത്തന്‍വര്‍ഷത്തെ കാണണം. പുതുജീവന്‍ പ്രചരിക്കുവാനായി നാം മറന്നു കളയേണ്ട 3 പ്രധാന കാര്യങ്ങളുണ്ട്.


ഒന്നാമതായി നമ്മുടെ പ്രായത്തെ നാം മറക്കണം. 56 അല്ലെങ്കില്‍ 60 വയസ്സാകുമ്പോള്‍ നമ്മുടെ നാട്ടില്‍ റിട്ടയര്‍മെന്‍റാകും. അന്നുമുതല്‍ കുഴമ്പും പുരട്ടി ചൂടുവെള്ളത്തില്‍ കുളിച്ചും മരിക്കാനായി ഒരുങ്ങുന്നവരുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വയസ്സെത്രയായാലും നേരെ നില്‍ക്കുവാനുളള ആരോഗ്യമുണ്ടെങ്കില്‍ മനുഷ്യര്‍ പ്രവര്‍ത്തനനിരതരായിരിക്കും. തളര്‍ത്തിക്കളയാത്ത രോഗങ്ങളില്ലെങ്കില്‍ ഉപകാരപ്രദമായ ജോലികളില്‍ മനസ്സിനെ വ്യാപൃതമാക്കുവാന്‍ അവര്‍ ശ്രമിക്കും. പ്രായമാകുന്നവരും വയസ്സാകുന്നവരുമുണ്ട്. പ്രായം ശരീരത്തെയും വയസ്സ് മനസ്സിനെയും ബാധിക്കുന്നു. എന്‍റെ പ്രായത്തിനപ്പുറവും എനിക്കു പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്ന ചിന്തയാണ് നമുക്കാവശ്യം. "എനിക്കൊന്നിനും കഴിയില്ല", "ഇനി ഒന്നു മരിച്ചാല്‍ മതിയായിരുന്നു" എന്ന ചിന്തയാണ് വയസ്സെന്നു പറയുന്നത്! യുവത്വത്തില്‍ മനസ്സിനെ വാര്‍ധക്യം കൊണ്ട് പൊതിയുന്നവരും വാര്‍ധക്യത്തിലും മനസ്സില്‍ യുവത്വം സൂക്ഷിക്കുന്നവരുമുണ്ട്. ഇതില്‍ ഏതു കൂട്ടത്തില്‍ ഞാനുള്‍പ്പെടുമെന്ന് ആത്മശോധന നടത്താം. എനിക്ക് വയസ്സായി എന്ന ചിന്തയെ പുതുവര്‍ഷത്തില്‍ ഉപേക്ഷിക്കാം.


രണ്ടാമതായി എന്‍റെ ഇന്നലെകളെ ഞാന്‍ മറക്കണം. കഴിഞ്ഞ കാലങ്ങളില്‍ എന്നെ മുറിപ്പെടുത്തിയവരും പ്രോത്സാഹിപ്പിച്ചവരുമുണ്ട്. മുറിവേല്‍പ്പിച്ചവരോട് നിരുപാധികം ക്ഷമിക്കണം. നമ്മെ തിരുത്തുവാനും വളര്‍ത്തുവാനും ദൈവം ഉപയോഗിച്ച ഉപകരണങ്ങളായി അവരെ കാണണം. ഞാന്‍ അഹങ്കരിക്കാതിരിക്കുവാന്‍ എന്‍റെ ജീവിതത്തില്‍ തന്ന ഒരു മുള്ളായി അവരെ കാണുക. "ഇവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ" എന്ന യേശുവിന്‍റെ പ്രാര്‍ത്ഥന സ്വന്തമാക്കുക. നമ്മെ വളര്‍ത്തിയവര്‍ പ്രോത്സാഹിപ്പിച്ചവര്‍ ധാരാളമുണ്ട്. അവര്‍ക്കായി പുതുവര്‍ഷത്തില്‍ ദൈവത്തിനു നന്ദി പറയുക. എന്‍റെ ഇന്നലെകളില്‍ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. അവയെ ഓര്‍ത്തു ഒത്തിരി കരയേണ്ട ആവശ്യമില്ല. കരഞ്ഞുകൊണ്ടിരുന്നാല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരമാവില്ലല്ലോ. വന്നുപോയ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതി. സാവൂള്‍ എന്ന മനുഷ്യന്‍ പൗലോസായിക്കഴിഞ്ഞപ്പോള്‍ പൗലോസിന്‍റെ പഴയകാലം പറഞ്ഞ് ആരും അദ്ദേഹത്തെ പരിഹസിച്ചില്ല. ആസക്തികളാല്‍ കലുഷിതമായ പഴയമനുഷ്യനെ ഉരുഞ്ഞുകളഞ്ഞ് ഒരു പുതിയ സൃഷ്ടിയായിത്തീരുക. ചുരുക്കത്തില്‍ എന്‍റെ ഇന്നലെകളെ മറന്ന് ഇന്നില്‍ പുതിയ മനുഷ്യനായി ജീവിക്കുക.


മൂന്നാമതായി പരാതി പറയുന്ന സ്വഭാവം നിറുത്തുക. എന്തിനും ഏതിനും പരാതി പറയുന്നവര്‍ സ്വന്തം ജീവിതത്തെയും അപരന്‍റെ ജീവിതത്തെയും നരകമായി മാറ്റും. പരാതി പറയാത്ത പരിശുദ്ധ മറിയത്തെ ക്രിസ്തുമനസ്സ് നാളുകളില്‍ ധ്യാനിച്ചു. പശുത്തൊഴുത്തും, ദുര്‍ഗന്ധവുമെല്ലാം പരിഭവംകൂടാതെ മറിയം സ്വീകരിച്ചു. ഈ ലോകത്തിലെ ചൂടും, തണുപ്പുമെല്ലാം പരാതികൂടാതെ ക്രിസ്തു സ്വീകരിച്ചു. ജീവിതപങ്കാളിക്ക് എന്തുകുറവുണ്ടെങ്കിലും പരാതി പറയാതെ ജീവിക്കുക. കൂടെ താമസിക്കുന്ന വ്യക്തികള്‍ക്ക് എന്തു പോരായ്മയുണ്ടെങ്കിലും പരിഭവമില്ലാതെ ഉള്‍ക്കൊള്ളുക എപ്പോഴും പരാതിപറയുന്നവരില്‍ നിന്ന് അകലം പാലിക്കുവാന്‍ മറ്റുള്ളവര്‍ ശ്രമിക്കും. പരാതി പറയാത്ത രോഗിയെ ശുശ്രൂഷിക്കുവാന്‍ ഡോക്ടര്‍ക്കും നേഴ്സിനും സന്തോഷമാണ്. പരാതി പറയാത്ത ജോലിക്കാരെ സ്ഥിരം നിയോഗിക്കാന്‍ മേലധികാരികള്‍ക്കു താല്പര്യമാണ്. പുതിയ വര്‍ഷത്തില്‍ ഒന്നിനെക്കുറിച്ചും കുറ്റം പറയാതെ, പരിഭവം പറയാതെ ജീവിക്കുവാന്‍ ശ്രമിക്കാം.


ക്രിയാത്മകമായ ചില കാര്യങ്ങള്‍ കൂടി പുതുവര്‍ഷത്തില്‍ നമ്മള്‍ ചെയ്യണം. പുഞ്ചിരിക്കുന്ന ഒരു മുഖം എപ്പോഴും സൂക്ഷിക്കുക. നമ്മെ നോക്കുന്നവന് പിരിമുറുക്കം തോന്നാത്തവിധം ചിരിക്കാന്‍ കഴിയണം. എപ്പോഴും ഇരുണ്ട മുഖം കൊണ്ടു നടക്കുന്നവരില്‍ നിന്ന് മനുഷ്യര്‍ അകലം പാലിക്കും. ചിരിക്കാന്‍ കഴിയുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്. ചിരിച്ചാലും മരിക്കും, കരഞ്ഞാലും മരിക്കും എന്നാല്‍ പിന്നെ ചിരിക്കരുതോ എന്ന പഴയ മലയാളസിനിമാ ഗാനം ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നു.


ശാരീരിക വ്യായാമ മുറകള്‍ കൃത്യമായി ആരംഭിക്കുക. പുതിയവര്‍ഷം അതിനുള്ള ആരംഭം കുറിക്കണം. ശരിക്കും ശരീരം വിയര്‍ക്കുന്ന ജോലികള്‍ ചെയ്യുക. പ്രഭാതസവാരി നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. ആരോഗ്യമുള്ള ശരീരമുള്ളവര്‍ക്ക് ജീവിതത്തില്‍ ഉണര്‍വ്വുണ്ടാകും. ശരീരം തളര്‍ന്നാല്‍ മനസ്സും തളരുമെന്ന സത്യം മറക്കാതിരിക്കുക. കുടുംബബന്ധങ്ങള്‍ ദൃഢമായി സൂക്ഷിക്കുവാന്‍ പരിശ്രമം ആരംഭിക്കുക. സൗഹൃദങ്ങള്‍ തേച്ചുമിനുക്കിയെടുത്ത് തിളക്കമുള്ളതാക്കുക. നല്ല കുടുംബബന്ധവും സുഹൃദ്ബന്ധങ്ങളും ഉണ്ടെങ്കില്‍ പുതുവര്‍ഷം ആനന്ദപ്രദമാകും. നല്ല ഉണര്‍വ്വുണ്ടാക്കുന്ന ചിന്തകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുക. അതിന്‍റെയടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുക. വൃത്തിയുള്ള കുടുംബാന്തരീക്ഷവും പുതു ജീവിതത്തിന് അനിവാര്യമായ ഭാഗമാണ്. ശ്രദ്ധയോടുകൂടി പുതിയ വര്‍ഷം ആരംഭിക്കാം. എല്ലാവര്‍ക്കും പുതുവത്സരമംഗളങ്ങള്‍.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

73

Featured Posts