

പരമ്പരാഗത മാധ്യമങ്ങളെ പിന്തള്ളി നവമാധ്യമങ്ങള്‍ മേല്‍ക്കൈ നേടിയ കാലത്താണ് നാം ജീവിക്കുന്നത്. നവമാധ്യമങ്ങളുടെ സ്വാധീനം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൃശ്യമാണ്. വലിയ ജനമുന്നേറ്റങ്ങള്‍ക്കു പോലും ചാലകശക്തിയാകാന്‍ നവമാധ്യമങ്ങള്‍ക്കു സാധിക്കുമെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നവമാധ്യമങ്ങള്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നുണ്ട്. അവ തുറന്നിട്ട ലോകം അതിവിശാലമാണ്. ഓരോ വ്യക്തിക്കും ഇടപെടാനുള്ള 'ഇടം' അത് പ്രദാനം ചെയ്യുന്നു.. നവമാധ്യമങ്ങള്‍ തുറന്നിട്ട ആകാശം അതിവിശാലമാണ്. നമ്മുടെ ആശയങ്ങള്‍ ആരുടെയും സഹായമില്ലാതെ പ്രകാശിപ്പിക്കാന്‍ നവമാധ്യമങ്ങള്‍ സഹായിക്കുന്നു. തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും തെറ്റായ അഭിപ്രായ രൂപീകരണങ്ങള്‍ക്കും നവമാധ്യമങ്ങള്‍ ഇടയാക്കുന്നു എന്നതും നാം മനസ്സിലാക്കുന്നു. ഭരണകൂടങ്ങള്‍ നവമാധ്യമങ്ങളെ വരുതിക്കു നിര്‍ത്താന്‍ ശ്രമിക്കുന്നത് അവയുടെ കരുത്ത് തിരിച്ചറിഞ്ഞിട്ടു തന്നെയാണ്.
നല്ല വശങ്ങള്‍ ഏറെയുണ്ടെങ്കിലും നവമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നിരവധിയാണ്. ചില പ്രസ്ഥാനങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് വിഷം ചീറ്റുന്നത്. വര്‍ഗീയതയും അപരവിദ്വേഷവും പ്രസരിപ്പിക്കുന്ന നവമാധ്യമക്കൂട്ടായ്മകള്‍ നിരവധിയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും വിഭാഗീയത ഊട്ടിവളര്‍ത്തുന്നതിലും ഈ മാധ്യമങ്ങള്‍ കാരണമാകുന്നുണ്ട്. സത്യമേത്, അസത്യമേത് എന്നറിയാതെ നാം പകച്ചുനില്‍ക്കുന്ന സന്ദര്‍ഭങ്ങളും നിരവധിയാണ്. പരിധികളില്ലാത്ത നവമാധ്യമലോകം നല്‍കിയ സ്വാതന്ത്ര്യം പലരും ദുരുപയോഗം ചെയ്യുന്നു. മനുഷ്യരെ കൂട്ടിയിണക്കുന്ന നവമാധ്യമങ്ങള്‍ തന്നെ മനുഷ്യരെ തമ്മിലടിപ്പിക്കാനും ഹേതുവാകുന്നു. ഓരോ വ്യക്തിയുടെയും സ്വകാര്യതയെപ്പോലും മാനിക്കാതെ പെരുമാറുന്നവര്‍ നവമാധ്യമങ്ങളെ ദുഷിപ്പിക്കുന്നു. സ്വന്തം ഉള്ളിലുള്ള മാലിന്യങ്ങളും വെറുപ്പുകളും നവമാധ്യമങ്ങളിലൂടെ വാരിവിതറുന്നവര്‍ ധാരാളമാണ്. എവിടെയോ ഒറ്റയ്ക്കിരുന്ന് അവര്‍ സമൂഹമനസ്സിനെ മാലിന്യം കൊണ്ട് നിറയ്ക്കാന്‍ ശ്രമിക്കുന്നു. നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ നവമാധ്യമങ്ങളിലൂടെ പ്രതികരിച്ച് സായൂജ്യമടയുന്നു.
അടുത്ത കാലത്ത് ലീലാവതി ടീച്ചറിനെതിരെ നടന്ന നവമാധ്യമങ്ങളിലൂടെയുള്ള ആക്രമണം ഉദാഹരണമായെടുക്കാം. തൊണ്ണൂറ്റിയെട്ടു വയസ്സായ പണ്ഡിതയായ അധ്യാപികയാണ് അഥവാ ആയിരക്കണക്കിനാളുകള്‍ക്ക് അറിവിന്‍റെ വെളിച്ചം നല്‍കിയ ഗുരുനാഥ. എല്ലാക്കാലത്തും സ്വന്തം നിലപാടുകള്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അവര്‍ എഴുതിത്തീര്‍ത്ത ഗ്രന്ഥങ്ങളുടെ കണക്ക് ആരെയും അതിശയിപ്പിക്കുന്നതാണ്. ഇപ്പോഴും അവര്‍ വായനയും എഴുത്തും തുടരുന്നു. അവരെ നിന്ദിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ എത്ര നികൃഷ്ടമാണ് എന്ന് നാം ആലോചിക്കേണ്ടതാണ്. നമ്മള്‍ക്കു യോജിക്കാനാകാത്ത ആശയം പറയാനും മറ്റുള്ളവര്‍ക്ക് അവകാശമുണ്ട്. അതാണല്ലോ ജനാധിപത്യത്തിന്‍റെ സൗന്ദര്യം. വിഭിന്നാഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നവരെ അതി നിന്ദ്യമായി തകര്‍ത്തുകളയാനുള്ള ശ്രമം അപലപനീയമാണ്. നമ്മളാണ് ശരി, നമ്മള്‍ മാത്രമാണ് ശരി എന്ന കാഴ്ചപ്പാട് ജനാധിപത്യവിരുദ്ധമാണ്. ഓരോരുത്തര്‍ക്കും അവരുടെ ഇടം അനുവദിച്ചുകൊടുക്കാനുള്ള സൗമനസ്യം കൂടി ഏവരും കാണിക്കേണ്ടതാണ്. സാങ്കേതികമായ ഒരു സൗകര്യം എന്തിനാണ് ഉപയോഗിക്കേണ്ടത് എന്ന ആലോചന നല്ലതാണ്.
പലസ്തീനിലെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പരാമര്‍ശമാണ് എല്ലാവരും ടീച്ചറിനെ നിന്ദ്യമായി ആക്രമിക്കാന്‍ ഇടയാക്കിയത്. ലോകം തന്നെ രണ്ടു പക്ഷത്തു നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ആ പ്രശ്നങ്ങള്‍ക്കു പിന്നിലെ ചരിത്രവും രാഷ്ട്രീയവുമൊന്നും ആരും ആലോചിക്കുന്നില്ല. ഇരുപതിനായിരത്തോളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. അംഗവൈകല്യം സംഭവിച്ച കുഞ്ഞുങ്ങളുടെ കണക്കും ഞെട്ടിക്കുന്നതാണ്. വംശഹത്യയുടെ ചിത്രമാണ് നമുക്കു മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നത്. 'കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമാണ്' എന്ന് ടീച്ചര്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിലുള്ള കുഞ്ഞുങ്ങളെല്ലാം വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണുന്നുണ്ട് എന്നോര്‍ക്കുക. ഇതു മാത്രമാണോ ഭരണാധികാരികള്‍ക്കു മുന്നിലുള്ള ഒരേയൊരു വഴി എന്നു നാം ചിന്തിക്കണം. ഭീകരന്മാരും ഭരണകൂടവും ഒരേ വഴിയില്‍ സഞ്ചരിക്കുന്നു. അതിനിടയില്‍ നിരപരാധികളായ മനുഷ്യസഹസ്രങ്ങള്‍ യാതനകളാല്‍ പിടയുന്നു. ഇതൊന്നും നമ്മെ അലട്ടുന്നില്ലെങ്കില്‍ മനുഷ്യര്‍ എന്ന പദവിക്ക് നാം അര്‍ഹരാണോ എന്നാലോചിക്കേണ്ടതാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യമുള്ളപ്പോള്‍ നാം ഭൂമിയെ നരകമാക്കുകയാണ്. ഇതു കണ്ടാണ് ലീലാവതി ടീച്ചറെപ്പോലുള്ളവര്‍ വേദനിക്കുന്നത്. അതിനവര്‍ക്ക് അവകാശമുണ്ട്. അതിനോടു വിയോജിക്കുന്നവര്‍ക്ക് അതിനുള്ള അവകാശവുമുണ്ട്. എന്നാല്‍ വിയോജിപ്പ് പുലഭ്യം പറച്ചിലാവരുത് എന്നു മാത്രം.
നമ്മള്‍ ചിന്തിക്കുന്നതു പോലെ ചിന്തിക്കുന്നവര്‍ മാത്രമാണ് ശരിയെന്നും അല്ലാത്തവര്‍ ശത്രുക്കളെന്നും കരുതിയുള്ള, വൈരനിര്യാതന ബുദ്ധികള്‍ നവമാധ്യമങ്ങളില്‍ ഏറെയാണ്. മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും അവര്‍ ലംഘിക്കുന്നു. അപരവിദ്വേഷത്തിന്‍റെ വിഷമാണ് അവര്‍ പുറന്തള്ളുന്നത്. പലരും മുഖമില്ലാത്തവരാണ്. എന്തിനെയും അവര്‍ പരിഹസിക്കും, ആക്ഷേപിക്കും. മലിനമായ മനസ്സിലുള്ള എല്ലാ വിഷമങ്ങളും അവര്‍ നവമാധ്യമങ്ങളില്‍ കുടഞ്ഞിടുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ ആ വിസര്‍ജ്യങ്ങളില്‍ ചവിട്ടാതെ നടക്കാന്‍തന്നെ പ്രയാസമായിരിക്കുന്നു.
മതം, രാഷ്ട്രീയം, വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം വിദ്വേഷപ്രചാരണത്തിന് കാരണമാകുന്നുണ്ട്. കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. തെളിഞ്ഞു കിടക്കുന്ന വെള്ളം അവര്‍ക്കിഷ്ടമില്ല. ചീത്ത വിളിച്ച് സന്തോഷിക്കുന്നവര്‍ എന്താണ് നേടുന്നതെന്നതെന്ന് അറിയില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകുന്ന സാഹചര്യമാണ് നവമാധ്യമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.
കുറെക്കൂടി സംസ്കാരമുള്ളവരായി മാറുക എന്നേ പരിഹാരമായി പറയാനുള്ളു എന്നതാണ് വസ്തുത. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് എതിരിടുക. സംവാദമാണ്, വിവാദമല്ല സര്‍ഗാന്മകം. സംവാദ സാധ്യത തുടച്ചുകളയുന്ന വിവാദങ്ങള്‍, ഏകപക്ഷീയമായ വിധിതീര്‍പ്പുകള്‍ ഇതെല്ലാം സമൂഹത്തെ കലുഷമാക്കും. നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ നവമാധ്യമങ്ങള്‍ മനോഹരമായ ലോകവും കാലവും തുറക്കും. ഇല്ലെങ്കില്‍ നിത്യവും മാരകചിത്രങ്ങള്‍ വരച്ച് കാലത്തെ മലിനമാക്കും.
നവമാധ്യമ സംസ്കാരം
ഡോ. റോയി തോമസ്
അസ്സീസി മാസിക, ഒക്ടോബർ, 2025























