top of page

ദൈവസ്വഭാവം

Nov 6, 2025

1 min read

George Valiapadath Capuchin

Tahlequah whale

ടാലെക്വാ (Tahlequah) എന്ന് പേരിട്ട, ശാസ്ത്രജ്ഞർ J35 എന്ന് കോഡ് നാമത്തിൽ അറിയുന്ന ഓർക്ക തിമിംഗലത്തിൻ്റേതാണ് ഇക്കാണുന്ന ചിത്രം. ഓർക്ക തിമിംഗലങ്ങൾ ഏറ്റവും വംശനാശം നേരിടുന്ന ജീവികളിൽ ഒന്നാണ്. ആകെ 73 എണ്ണമേ ഇന്നാകെ ജീവിച്ചിരിക്കുന്നുള്ളൂ. 2018- ൽ ടാലെക്വാ പ്രസവിച്ചു. പ്രസവിച്ച് ഏതാനും നിമിഷത്തിനകം കിടാവ് പക്ഷേ, ചത്തുപോയി. പതിനെട്ട് മാസം തൻ്റെ വയറ്റിൽ വളർന്ന, താൻ നൊന്തു പ്രസവിച്ച തൻ്റെ കുഞ്ഞിൻ്റെ മരണം ആ അമ്മത്തിമിംഗലത്തിന് സഹിക്കാൻ കഴിഞ്ഞില്ല. അവൾ തൻ്റെ കുഞ്ഞിനെ തൻ്റെ മൂക്കിനു മുകളിൽ എടുത്തുകൊണ്ട് വ്യാകുലയായി സഞ്ചരിച്ചു. സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഡ്രോണുകൾ, നിരീക്ഷകർ അവൾക്കു പിന്നാലെയും. ഒരു ദിവസം, രണ്ടു ദിവസം, മൂന്നു ദിവസം - അവൾ തൻ്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. സ്വാഭാവികമായും കുഞ്ഞിൻ്റെ ശരീരം അഴുകാൻ തുടങ്ങി. അവൾ വിലാപയാത്ര തുടരുകയാണ്. ലോകം അതുകണ്ട് തേങ്ങി. നീണ്ട 17 ദിനരാത്രങ്ങൾ ആ അമ്മ തൻ്റെ കുഞ്ഞിൻ്റെ ജഡവും സംവഹിച്ച് യാത്ര ചെയ്തു. ആയിരത്തി അറുന്നൂറിലധികം കിലോമീറ്ററാണ് അവൾ തൻ്റെ കുഞ്ഞിൻ്റെ ജഡവുമായി അലഞ്ഞത്!


# & # & # & # & #


പ്രപഞ്ചത്തിൽ എല്ലാറ്റിലും ചലനമുണ്ട്. ഒന്നിൻ്റെ ചലനം മറ്റൊന്നു വഴി ഉണ്ടാകുന്നു. അതിൻ്റേത് മറ്റൊന്നു വഴി. അങ്ങനെ ഓരോ ചലന കാരണത്തെയും അന്വേഷിച്ചു പോയാൽ ചലനകാരണങ്ങൾ അനന്തമായി നീളേണ്ടതായി വരും. പ്രപഞ്ചത്തിന് ഒരാരംഭം ഉള്ളതിനാൽ ചലനത്തിനും ഒരു ആരംഭമുണ്ടാവും. ആ ആദ്യ ചലനം ഭൗതികേതരമായ ചലനമായിരുന്നു. അങ്ങനെ, ചലിക്കാത്ത ഒരു ചാലകശക്തി - 'Unmoved Mover'- നെക്കുറിച്ച് അരിസ്റ്റോട്ടിലും, അതേ പാത പിന്തുടർന്ന് പ്രസ്തുത Unmoved mover ദൈവമാണെന്ന് തോമസ് അക്വിനാസും സമർത്ഥിച്ചു.

ദൈവം നിത്യനാണ്. അതായത് ത്രികാലജ്ഞാനിയാണ്. ദൈവം അപരിമേയനാണ്. അതിനാൽ സർവ്വ ജ്ഞാനിയുമാണ്. ദൈവം പരിപൂർണ്ണനാണ്. അതിനാൽ വികാരങ്ങൾക്ക് വശംഗതനല്ല. ഇങ്ങനെയൊക്കെ ആശയപരമായി ദൈവസ്വഭാവത്തെ വിശദീകരിച്ചാലും, വ്യക്തിയായ ദൈവത്തോടും സ്നേഹമായ ദൈവത്തോടും എങ്ങനെയോ അത് ചേരാതെ പോകുന്നതുപോലെ!


എന്നെ വ്യക്തിപരമായി സ്നേഹിക്കുന്ന, എൻ്റെ സ്നേഹിതനും ആശ്വാസകനും ആയ, എൻ്റെ വേദനകളിൽ എന്നോടൊപ്പം വേദനിക്കുന്ന, എൻ്റെ പിടച്ചിലുകളിൽ മനം നീറുന്ന, എൻ്റെ ആത്മീയ വിജയങ്ങളിൽ എന്നോടൊപ്പം ആഹ്ളാദിക്കുന്ന ദൈവത്തോടാണ് എനിക്ക് പ്രിയം. എന്നെ സ്നേഹിക്കുക മാത്രമല്ല, എൻ്റെ സ്നേഹത്തിനായി അനന്തമായി ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവം.


കാരണം, ക്രിസ്തു സ്നേഹിച്ചു; ക്രിസ്തു സഹിച്ചു. ഭൂതകാലത്തിൽ മാത്രം പറഞ്ഞാൽ പൂർത്തിയാവില്ലത്. ക്രിസ്തു സ്നേഹിക്കുന്നു. ക്രിസ്തു സഹിക്കുന്നു. ഇന്നും സഹിക്കുന്നു. ലോകാന്ത്യത്തോളവും സഹിക്കും. എന്തെന്നാൽ, ദൈവം സ്നേഹമാകുന്നു.


Recent Posts

bottom of page