

"ഹേ ഭൂമി, നിന്നില്‍ നിന്നെടുക്കുന്നതെന്തോ
അതു വീണ്ടും മുളച്ചുവരട്ടെ.
പാവനയായവളെ
ഞാനൊരിക്കലും നിന്‍റെ മര്‍മ്മങ്ങളെ,
നിന്‍റെ ഹൃദയത്തെ പിളര്‍ത്താതിരിക്കട്ടെ."
(അഥര്‍വവേദം 12:1)
"തന്‍റെ വസ്ത്രം പഴകിയതിനാല്‍ പുതിയ ഒരു വസ്ത്രം നല്കണ"മെന്ന് ഒരു ശിഷ്യന്‍ ശ്രീബുദ്ധനോട് അപേക്ഷിച്ചു.
ശ്രീബുദ്ധന്‍ ഉടന്‍തന്നെ അപേക്ഷ അനുവദിച്ചു.
അടുത്ത ദിവസം ബുദ്ധന്‍ ശിഷ്യനോട് ചോദിച്ചു: "പുതിയ വസ്ത്രം ലഭിച്ചോ? നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?"
ശിഷ്യന്‍ : "ഗുരോ, അവിടുത്തേയ്ക്കു നന്ദി. പുതിയ വസ്ത്രം കിട്ടി. മറ്റൊന്നും എനിക്കാവശ്യമില്ല."
ബുദ്ധന്‍ : "പഴയ വസ്ത്രം നീ എന്തുചെയ്തു?"
ശിഷ്യന്‍ : "അതു ഞാന്‍ കിടക്കവിരിപ്പായി ഉപയോഗിക്കുന്നു."
ബുദ്ധന്‍ : "അപ്പോള്‍ നീ ആ കിടക്കവിരിപ്പ് കളഞ്ഞുവോ?"
ശിഷ്യന്‍ : "ഇല്ല, ഞാനതു ജനാലമറയായി ഉപയോഗിക്കുന്നു."
ബുദ്ധന്‍ : "പഴയ മറ എന്തുചെയ്തു?"
ശിഷ്യന്‍ : "അതിപ്പോള്‍ അടുക്കളയില്‍ ചൂടുപാത്രങ്ങള്‍ എടുക്കാനായി ഉപയോഗിക്കുന്നുണ്ട്."
ബു ദ്ധന്‍ : "അതിനു നേരത്തെ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?"
ശിഷ്യന്‍ : "അതു നിലം തുടയ്ക്കാന്‍ ഉപയോഗിക്കുന്നു."
ബുദ്ധന്‍ : "അപ്പോള്‍ നേരത്തെ നിലം തുടച്ചിരുന്ന തുണിയോ?"
ശിഷ്യന്‍ : "അതു തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാന്‍ സാധിക്കാത്തതുകൊണ്ട് മണ്‍വിളക്കിലെ തിരിയായി ഉപയോഗിക്കുന്നു."
ഈ കഥയ്ക്ക് ഇന്നു പ്രസക്തിയേറുന്നു. പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിവിഭവങ്ങളെ മിതമായി ഉപയോഗിക്കാനും പുനരുപയോഗിക്കാന്‍ കഴിയുന്നവയെ പരമാവധി പ്രയോജനപ്പെടുത്താനും ഓര്‍മ്മിപ്പിക്കുന്നു. ഈ ഉപയോഗശൃംഖല മാലിന്യങ്ങള്‍ കുന്നുകൂടുന്നത് നിയന്ത്രിക്കും. അതുവഴി പ്രകൃതി കൂടുതല്‍ സുന്ദരവും നിര്‍മ്മലവുമാകും.
******
ഓര്‍മ്മപ്പെടുത്തലുകള്‍
