

ബേത്‌ലഹേമിൽ നിന്ന് ഒരു കുടുംബം പട്ടിണി കാരണം മോആബ് നാട്ടിൽ പോയി താമസിക്കുന്നു. എലിമെലേക്കും ഭാര്യ നവോമിയും ആൺമക്കളായ മഹ്‌ലോനും കിലിയോനും ആണ് അന്യനാട്ടിലേക്ക് കുടിയേറിയത്. ഏതാനും വർഷത്തിനകം എലിമെലേക്ക് മരണമടയുന്നു. ആൺമക്കളിരുവരും മോവാബ്യ സ്ത്രീകളായ ഓർഫാ, റൂത്ത് എന്നിവരെ ഭാര്യമാരായി സ്വീകരിച്ചു.
അങ്ങനെയിരിക്കേ, ഒന്നിനുപിറകേ ഒന്നായി ആണുങ്ങൾ മരണമടയുന്നു. നാട്ടിൽ സാമ്പത്തികനില മെച്ചപ്പെട്ടു എന്നുകേട്ട് നവോമി സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുന്നു. നവോമിക്ക് മക്കളെ പോലെ തന്നെ മരുമക്കളെയും സ്നേഹിച്ചിരുന്നു. മരുമക്കളായ ഓർഫായോടും റൂത്തിനോടും അവരവരുടെ പിതൃഭവനത്തിലേക്ക് തിരിച്ചുപോയി മറ്റൊരു വിവാഹം ചെയ്ത് ജീവിക്കാൻ അവർ ആവശ്യപ്പെടുന്നു. അവരാകട്ടെ, നവോമിയെ പിരിയാൻ താൽപര്യപ്പെടുന്നില്ല. നവോമി ആവർത്തിച്ചു അഭ്യർത്ഥിച്ചപ്പോൾ ഓർഫാ തൻ്റെ പിതൃഭവനത്തിലേക്ക് തിരിച്ചുപോകുന്നു.
അപ്പോഴും റൂത്ത് നവോമിയെ പിരിയാൻ താൽപര്യപ്പെടുന്നില്ല. നവോമി സ്നേഹബുദ്ധ്യാ അവളെ വീണ്ടും നിർബന്ധിക്കുമ്പോൾ അവൾ പറയുന്ന വാക്കുകൾ അതീവ ഹൃദയസ്പർശിയാണ്. "അമ്മ പോകുന്നിടത്ത് ഞാനും പോകും. അമ്മ വസിക്കുന്നിടത്ത് ഞാനും വസിക്കും. അമ്മയുടെ ചാർച്ചക്കാർ എൻ്റെയും ചാർച്ചക്കാരായിരിക്കും. അമ്മ മരിക്കുന്നിടത്ത് എനിക്കും മരിക്കണം." അങ്ങനെ യഹൂദ കുടുംബത്തിലേക്ക് കടന്നുവന്ന്, യഹൂദ ജനതയുടെ ഭാഗമായി മാറി സ്നേഹസമ്പന്നയായ റൂത്ത്. "സ്നേഹനിധിയും ഏഴ് പുത്രന്മാരെക്കാൾ വിലപ്പെട്ടവളുമായവൾ" എന്നാണ് റൂത്തിനെക്കുറിച്ച് അയൽക്കാർ സംസാരിക്കുന്നത്. ബോവാസ് അവളെ വിവാഹം ചെയ്തു. അവൾ ഓബെദ് എന്ന പുത്രന് ജന്മം നല്കി. ദാവീദ് രാജാവിൻ്റെ മുത്തശ്ശിയാണ് റൂത്ത്.
യേശുവിൻ്റെ വംശാവലിയിൽ പരാമർശിക്കപ്പെടുന്ന മൂന്ന് വിജാതീയ സ്ത്രീകളിൽ ഏറ്റവും കുലീനയായവൾ റൂത്ത് ആയിരുന്നു. യേശുവിൻ്റെ വംശാവലിയിൽ മറിയത്തിനും റൂത്തിനും പുറമേ പരാമർശിക്കപ്പെടുന്ന മൂന്നു പേരും പാപകരമായ പശ്ചാത്തലമുള്ളവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഭർത്താവ് മരിച്ചപ്പോൾ വേശ്യയായി വേഷപ്രച്ഛന്നം ചെയ്ത് സ്വന്തം അമ്മായിയപ്പനിൽ നിന്ന് ഗർഭം സ്വീകരിച്ച ഒരു കാനാൻകാരിയും, ജെറീക്കോയിൽ വേശ്യാവൃത്തി ചെയ്തിരുന്ന റാഹാബും ദാവീദ് രാജാവിൻ്റെ താല്പര്യത്തിന് വഴങ ്ങി ഗർഭം ധരിച്ച ബേത്ഷേബായുമാണ് മറ്റു മൂന്നുപേർ!





















