top of page

എന്‍റെ പ്രാര്‍ത്ഥന

Apr 17, 2020

2 min read

folded hands resting on a closed bible

പ്രകൃതിക്ക് ഒരു നിയമമുണ്ട്. സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുകയെന്നത് അതില്‍ ഒന്നാണ്. നാം മനുഷ്യരുടെ കാര്യമെടുത്താല്‍ ഈ രണ്ടു കാര്യങ്ങളും അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്ക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.

ഇപ്പോള്‍ ഞാന്‍ എന്‍റെ ശരീരത്തിലേക്കു നോക്കുമ്പോള്‍ അതൊരു കൂട്ടായ്മയായാണ് എനിക്കു തോന്നുന്നത്. ഏതോ നാട്ടില്‍, ഏതോ സംസ്ക്കാരത്തിലും മതത്തിലും വന്നു പിറന്ന ഒരു മനുഷ്യന്‍ തലകുത്തിനിന്നു ചിന്തിച്ചുണ്ടാക്കിയ ഒരു ദര്‍ശനം വേറെ എവിടെയോ ഏതോ സംസ്ക്കാരത്തില്‍ പിറന്നവരുടെ കരവിരുതിലൂടെയും പിന്നീട് വേറൊരു സംസ്ക്കാരത്തില്‍പെട്ടവരുടെ സാങ്കേതികതയിലൂടെയും കയറിയിറങ്ങി എത്രയോ നാടുകളും സംസ്ക്കാരങ്ങളും പിന്നിട്ട്പിന്നിട്ട് എത്തിച്ചേര്‍ന്ന ഒരു സംഗമസ്ഥാനമാണ് ഞാന്‍.

ഞാന്‍ ധരിച്ചിരിക്കുന്ന വസ്ത്രം, ഉപയോഗിക്കുന്ന മൊബൈല്‍, കണ്ണട, വാഹനം, ഭക്ഷണം എന്നുവേണ്ട എല്ലാം ചേര്‍ന്നുള്ള ഒരു മതമഹാസമ്മേളനമാണ് എന്‍റെ ജീവിതമെന്ന് കണ്ണുതുറന്നു നോക്കുമ്പോഴാണ് നാം അറിയുക. ആ സംഭവിച്ചു കഴിഞ്ഞ സംഗമത്തെ കാണാതെ പോകുന്നുവെന്നതാണ് നമ്മുടെ അന്ധത്വം. ആ അന്ധത്വത്തെ ഉണര്‍ത്തി കണ്ണിനെ തെളിമയുള്ളതാക്കാനാണു നാം ശ്രമിക്കേണ്ടത്.

നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നതുതന്നെ വ്യത്യസ്തമായ മൂല്യങ്ങളുടെ സംഗമത്തിലൂടെയാണെന്ന് ഉള്ളുണര്‍ന്നറിയാനുള്ള ഒരവസരം. പിന്നെ എങ്ങനെ നമുക്ക് ഞാന്‍, ഞങ്ങള്‍, ഞങ്ങളുടെ എന്നൊക്കെ പറഞ്ഞ് അലമുറയിടാന്‍ കഴിയും. ആരെയും ഒന്നിനെയും നമുക്ക് ഒഴിവാക്കാനാവില്ലെന്നും എല്ലാം ചേര്‍ന്നുനില്ക്കുമ്പോഴേ ജീവനും ജീവിതവുമുണ്ടാകൂവെന്നും മനസ്സിലാക്കിയാല്‍ സങ്കോചിച്ചു നില്ക്കുന്ന ഇടങ്ങളെല്ലാം വികാസമുള്ളതാകും. അറിവിനു സംഭവിക്കുന്ന സങ്കോചങ്ങളില്‍ നിന്നും വികാസങ്ങളിക്ക് ഒഴുകാന്‍ ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്. അവനവനെ അറിയുക എന്നു പറഞ്ഞാല്‍ ഇതൊക്കെക്കൂടിയാണ്. അല്ലെങ്കില്‍ അങ്ങനെ അറിയലും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കലുമാണ്.

ശാരീരികവും മാനസികവും ബുദ്ധിപരവുമായ അറിവിന്‍റെ ലോകങ്ങളില്‍ തെളിച്ചമുണ്ടാകണം. ശീലവിധേയമായ നമ്മുടെ ചിന്തയെയും വാക്കിനെയും പ്രവൃത്തിയെയും പുതുക്കിപ്പണിയണം. ജനിച്ചതിനു ശേഷം ആദ്യമനുഭവിക്കാനിടയായതെന്തോ അതാണ് ശരിയെന്നുറപ്പിച്ച് അതിനെ ജീവിച്ചു തുടങ്ങിയവരാണ് നാം. മുന്നോട്ടു നടക്കുമ്പോള്‍ മാറ്റപ്പെടുത്തേണ്ട തെല്ലാം മാറ്റപ്പെടുത്താനും നിലനിറുത്തേണ്ടതെല്ലാം നിലനിറുത്താനും തയ്യാറാവുന്നിടത്തേ ജീവിതം നവീനമായ ആകാശങ്ങളിലേക്ക് വികസിക്കുകയുള്ളൂ.

കെട്ടിക്കിടന്നാല്‍ കെട്ടുപോകുമെന്നും ഒഴുകി ക്കൊണ്ടിരുന്നാലേ ശുദ്ധിയാകൂവെന്നും നാം നമ്മോടു തന്നെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടതുണ്ട്. നമ്മുടെ ഉള്ളിലുണരുന്ന വാസനകളെ, വിക്ഷേപങ്ങളെ, പ്രതികരണങ്ങളെ ന്യായീകരിക്കാനല്ല നാം അറിവു തേടേണ്ടത്. മറിച്ച് സ്വാഭാവികമായി ഉണര്‍ന്നുവരുന്ന ആന്തരികചോദനകളെ ക്ഷമയോടെ നോക്കിക്കാണാനും അതില്‍ തനിക്കും ചുറ്റുപാടിനും ഹിതകരമാ യതിനെമാത്രം മാനിക്കാനും പ്രകടിപ്പിക്കാനും തയ്യാറാകുന്ന വിവേകമായി മാറുമ്പോഴാണ് ബുദ്ധി ഹൃദ്യമാകുക.

ജീവിതം വലിയൊരു സാദ്ധ്യതയാണ്. ആകാശത്തിലേക്ക് വികസിക്കാനും പാതാളത്തിലേക്ക് താഴ്ന്നുപോകാനും അതിനാകും. ബുദ്ധിയെയും ഹൃദയത്തെയും പ്രചോദിപ്പിച്ച് സ്വയം പടര്‍ന്നു പുഷ്പിക്കാനുള്ള അന്തരീക്ഷമൊരുക്കിക്കൊടുത്താല്‍ അത് തനിയെ മുകളിലേക്ക് വളര്‍ന്നോളും. നില്ക്കുന്നിടത്തുതന്നെ നിന്നാല്‍ അത് ഇരുട്ടിലേക്ക് വീണുപോകുകയേയുള്ളൂ.

ദിവസവും ഉണര്‍ന്നെഴുന്നേല്ക്കുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴും ഞാന്‍ എന്നോടുതന്നെ മൗനമായി നടത്തുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. ആ പ്രാര്‍ത്ഥന സമാധാനത്തിന്‍റെ വഴിയില്‍ സഞ്ചരിക്കാനുള്ള ഒരിടം അകമേ ഒരുക്കിത്തരുന്നുണ്ട്. അതിങ്ങനെയാണ്:

കണ്ണിനോടൊരു വാക്ക്! കണ്‍മുന്നിലുള്ളതെല്ലാം കണ്ടോളൂ. എന്നാല്‍ കാമ്പുള്ളതേ കനവിലെടുക്കാവൂ.എന്തുകൊണ്ടെന്നോ?കണ്ണൊന്നു തെറ്റിയാല്‍ അന്ധമാകാവുന്ന കാഴ്ചകളാണ് ചുറ്റും.

കാതിനോടൊരപേക്ഷ! എല്ലാം കേട്ടേ മതിയാകൂ എന്നറിയാം.കേള്‍ക്കുന്നതെല്ലാം സുഖകരമല്ലെന്നുമറിയാം.അപ്പോഴും ഒന്നോര്‍ക്കുക. നോവുകള്‍ കേള്‍ക്കാതെ പോകരുത്.നീ നിന്‍റെ കരുണ വെടിയരുത്. അറിവിനൊപ്പം അലിവും ചേര്‍ന്നാണ് എന്നും ശ്രവണം പുണ്യമായിട്ടുള്ളത്.

നാക്കിനോട് ഒരേയൊരു പ്രാര്‍ത്ഥന! അകമേനിന്ന് വാക്ക് പ്രവഹിക്കട്ടെ.

ഒന്നു മാത്രം ശ്രദ്ധിച്ചാല്‍ നന്ന്. പ്രാണന്‍റെ ഗതി ശാന്തമാകുംവരെ നാവിന്‍തുമ്പില്‍ അതൊന്നു വിശ്രമിക്കട്ടെ.അകമൊന്നു തണുത്താല്‍അതഴിച്ചു വിട്ടോളൂ.വാക്ക് പിന്നെ അമൃതാകും.

പാദങ്ങളോട് സ്നേഹത്തോടെ! നടന്നു കൊണ്ടേയിരിക്കേയാണ് വഴികളെല്ലാം തെളിഞ്ഞി ട്ടുള്ളത്. എന്നാല്‍ നടപ്പിലല്ല, നില്‍പ്പിലാണ് തെളിഞ്ഞതെല്ലാം വിളങ്ങിയിട്ടുള്ളത്.നടപ്പുപോലെ നില്പും പ്രധാനമെന്ന് നയത്തോടെ ബോദ്ധ്യമാകാന്‍ ഇടയ്ക്കൊക്കെ നിശ്ചലരാകുക.

മനസ്സിനോട് ഒരേയൊരു തേടല്‍. ചലനമാണ് നീയെന്നറിയാം. ചടുലമാണ് സ്വഭാവമെന്നുമറിയാം.

ശരീരത്തിനുമാത്മാവിനുമിടയില്‍ പ്രാണന്‍റെ തേരിലേറി നീയലയുമ്പോള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒന്നു വണങ്ങുക. ഗിരിശൃംഗങ്ങള്‍ക്കു മുന്നിലെ താഴ്വര പോലെ വിനയപൂര്‍വ്വം സ്വാഭാവികമാകുക. അത് ചലനത്തിലും നിശ്ചലത്വമുണ്ടെന്ന് നിനക്കു നീ തന്നെ തണലാകും

ബുദ്ധിയേ സ്വസ്തി! അതാണോ ഇതാണോയെന്നും അവിടെയോ ഇവിടെയോയെന്നും ചിന്തയുടെ അലയൊലികളില്‍അലഞ്ഞലഞ്ഞു തളരുമ്പോള്‍ തകരാതെ ഒന്നോര്‍ക്കുക.അഗ്നിയില്‍ സ്ഫുടം ചെയ്തതെല്ലാം അകതാരില്‍ അണയാതിരുന്നിട്ടുണ്ട്.

മൗനത്തോടൊരു മൗനം! നിന്നിലടങ്ങാത്ത തരംഗങ്ങളില്ല. പരംപൊരുള്‍പോലും പാവനമായ മൗനത്തെ മന്ത്രമായ് പുല്കിയപ്പോഴാണ്. അതിനാല്‍ ധ്യാനിക്കാന്‍ വിതുമ്പുന്ന ഹൃദയം ധന്യതയോടെ ഒഴുകുന്നത് എന്നെന്നും നിനക്കൊപ്പമാകട്ടെ. നിന്നിലും നിന്നിലൂടെയുമാകട്ടെ.


Featured Posts