top of page
ലോകത്തിലെ മനുഷ്യന്‍റെ സാന്നിധ്യം ശാരീരികസാന്നിധ്യമാണ്. മനുഷ്യന്‍റെ ശരീരത്തെയും ആത്മാവിനെയും വ്യവച്ഛേദിച്ചാണു പരമ്പരാഗതമായി കണ്ടുവന്നിരുന്നത്. വെറും പദാര്‍ത്ഥമാണത്രേ ശരീരം; ആത്മാവോ മനുഷ്യന്‍റെ സത്തയും. ആത്മാവിനു താമസിക്കാനുള്ള കൂടാരം മാത്രമാണ് ശരീരം. അങ്ങനെ ശരീരത്തിനു രണ്ടാംകിട സ്ഥാനം മാത്രം ലഭിച്ചു. പക്ഷേ ഇന്നത്തെ ചിന്താഗതിയനുസരിച്ച് മനുഷ്യന്‍ വ്യക്തിയാണ്. അവന്‍റെ ശരീരവും ആത്മാവും വ്യവച്ഛേദിക്കാനാവാത്തതുമാണ്. ഒന്ന് മറ്റൊന്നിനെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ടതോ മോശമോ അല്ല.
മനുഷ്യവ്യക്തി എങ്ങനെയാണു ശാരീരികതയോടു ബന്ധപ്പെട്ടിരിക്കുന്നത്? 'എന്‍റെ കൈയില്‍ ഒരു പേനയുണ്ട്' എന്നു പറയുന്നതുപോലെ 'എന്‍റെ കൈയില്‍ ശരീരമുണ്ട്' എന്നു പറയാനാകുമോ? എന്‍റെ കൈയിലുള്ള പേന എന്‍റെ പേനയാകുന്നത് ഞാനതു കൈവശംവച്ചിരിക്കുന്നതുകൊണ്ടാണ്. ഞാന്‍ കൈവശംവച്ചിരിക്കുന്നത് എനിക്കുവേണമെങ്കില്‍ ഉപേക്ഷിക്കാവുന്നതേയുള്ളൂ. ഉപേക്ഷിച്ചാലും എനിക്കൊരു മാറ്റവുമുണ്ടാകുന്നില്ല. കാരണം ഞാന്‍ കൈവശം വച്ചിരിക്കുന്നതുമായുള്ള എന്‍റെ ബന്ധം ഉപരിപ്ലവമാണ്. പക്ഷേ എന്‍റെ ശരീരം ഞാന്‍ വേണ്ടെന്നുവയ്ക്കുന്നതോടെ ഞാന്‍ ഞാനല്ലാതായിത്തീരും. അതായത്, ശരീരം എന്നത് നമ്മള്‍ കൈവശംവയ്ക്കുന്ന ഒന്നല്ല. കൂടാതെ, 'ഞാന്‍ ശരീരമാണ്' എന്ന പ്രയോഗവും തെറ്റാണ്. ചുരുക്കത്തില്‍, 'എനിക്കു ശരീരമുണ്ട്' എന്നുപറയുന്നതും 'ഞാന്‍ ശരീരമാണ്' എന്നുപറയുന്നതും തെറ്റാണ്. ശരീരവുമായുള്ള നമ്മുടെ ബന്ധം വ്യക്തമാക്കാന്‍ ഇപ്രകാരം പറയുന്നതാണ് കൂടുതല്‍ ശരി: "ഞാന്‍ ശാരീരിക വ്യക്തിയാണ്." നമ്മുടെ വ്യാവഹാരിക ഭാഷയില്‍നിന്ന് ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നു. 'എന്‍റെ ശരീരത്തിനു വിശക്കുന്നു'വെന്നോ 'എന്‍റെ ശരീരത്തിന്‍റെ ഭാരം 70 കിലോയാണെ'ന്നോ നാം പറയാറില്ല. അല്ലെങ്കില്‍, 'എന്‍റെ ആത്മാവ് അറിയാന്‍ ശ്രമിക്കുന്നുവെന്നോ', 'എന്‍റെ ആത്മാവ് തീരുമാനിച്ചു'വെന്നോ നാം പറയാറില്ല. 'എനിക്കു വിശക്കുന്നു'വെന്നോ 'ഞാന്‍ തീരുമാനമെടുത്തു'വെന്നോ ഒക്കെയാണ് നാം സാധാരണമായി പറയുന്നത്. എന്നില്‍നിന്നും വ്യതിരിക്തമായി ശരീരത്തിനും ആത്മാവിനും ഒരു നിലനില്പില്ല തന്നെ. ഞാന്‍ ശാരീരികവും ആത്മീയവുമായ ഒരു വ്യക്തിയാണ്. എന്‍റെ ശരീരമോ ആത്മാവോ അല്ല പിന്നെയോ ഞാനാണ് എന്‍റേതായ ഓരോ പ്രവൃത്തിയും ചെയ്യുന്നത്.
ശരീരത്തെ ഒരു വാതിലിനോട് ഉപമിക്കാം. വാതിലിലൂടെയാണു നാം അകത്തേയ്ക്കുപോകുന്നതും പുറത്തേയ്ക്കു വരുന്നതും. അതുപോലെതന്നെ ശരീരമുപയോഗിച്ചാണു ഞാന്‍ എന്‍റെയുള്ളിലേക്ക് ഒരാളെ ക്ഷണിക്കുന്നതും എന്‍റെയുള്ളില്‍നിന്നു പുറത്തുകടത്തുന്നതും. എന്നിലെ പിരിമുറുക്കവും ദുഃഖവും സംഘര്‍ഷവും ശാന്തതയും ആകാംക്ഷയും സംതൃപ്തിയും സന്തോഷവുമൊക്കെ ഞാന്‍ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുന്നതു ശരീരമുപയോഗിച്ചാണ്. എന്‍റെയുള്ളിലേക്ക് മറ്റുള്ളവര്‍ പ്രവേശിക്കുന്നതു ശരീരത്തിലൂടെയാണ് എന്നതുപോലെ, മറ്റുള്ളവരുടെ ഉള്ളിലേക്കു ഞാന്‍ പ്രവേശിക്കുന്നതും അവരുടെ ശരീരത്തിലൂടെയാണ്. അതേസമയംതന്നെ എന്നെ മറയ്ക്കുന്നതിനും ശരീരത്തെ മാധ്യമമാക്കാം. എന്‍റെ ശരീരമുപയോഗിച്ച് എന്‍റെ യഥാര്‍ത്ഥവ്യക്തിത്വത്തെ എനിക്കു മറച്ചുവയ്ക്കാനാകും. എനിക്കു വളരെ വ്യത്യസ്തനായ വ്യക്തിയായി എന്നെത്തന്നെ പ്രത്യക്ഷീകരിക്കാനാകും. അതായത് ശരീരമെന്ന വാതിലുപയോഗിച്ച് നിന്നെത്തന്നെ മറയ്ക്കാനും വെളിവാക്കാനും സാധ്യമാണ്.
ശരീരത്തെ ഒരു അനുഗ്രഹമായും ഒരു ശാപമായും അനുഭവിക്കാനാകും. എനിക്കു വേദനയും വൈകല്യവുമുള്ളപ്പോള്‍ എനിക്കു ശരീരത്തില്‍നിന്ന് ഒരകല്ച്ച തോന്നുന്നു. ശരീരം എന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു. അതെനിക്ക് ഒരു ഭാരമായിമാറുന്നു. അതേസമയം ആനന്ദത്തിന്‍റെ വേളകളില്‍ ഞാന്‍ ശരീരവുമായി താദാത്മ്യം പ്രാപിക്കുന്നു. എനിക്കു ശരീരം ഒരു അനുഗ്രഹമായിത്തീരുന്നു.
എന്‍റെ കഴിവുകള്‍ക്കും കഴിവുകേടുകള്‍ക്കും ശരീരം കാരണമാണ്. നടക്കാനും എഴുതാനും കളിക്കാനും നൃത്തംചവിട്ടാനും എനിക്കാവുന്നത് എന്‍റെ ശരീരംകൊണ്ടാണ്. ഒരു കെട്ടിടത്തില്‍നിന്ന് മറ്റൊന്നിലേക്കു ചാടാനാവാത്തതും മണിക്കൂറില്‍ നൂറു കി. മീ. വേഗതയില്‍ എനിക്ക് ഓടാനാകാത്തതും എന്‍റെ ശരീരം നിമിത്തമാണ്. ശരീരം എന്നെ ഓടാന്‍ സഹായിക്കുന്നുണ്ട്; അതേസമയം എനിക്ക് ആഗ്രഹമുള്ളതുപോലെ ഓടാന്‍ അതെന്നെ സഹായിക്കുന്നുമില്ല. എന്‍റെ ശരീരം ഒരേ സമയം എന്‍റെ സഹായവും എന്‍റെ തടസ്സവുമാണ്.
എന്‍റെ ശരീരം വെറും പദാര്‍ത്ഥമല്ല. ദാര്‍ശനികമായി നോക്കുമ്പോള്‍ ശരീരത്തിന് ആഴമേറിയ തലങ്ങളുണ്ട്.