top of page

മുക്തി ബാഹിനി

Jul 3, 2025

5 min read

ഡോ. കുഞ്ഞമ്മ

വായന

'എല്ലാ താരകളും ഇവിടെത്തന്നെയുണ്ട്. വീണു പോയെന്നും നഷ്ടപ്പെട്ടുവെന്നും ഒക്കെയുള്ളത് തോന്നലായിരുന്നു. വെളിച്ചം ഉണ്ടാകും എന്ന് പ്രതീക്ഷയുള്ളപ്പോള്‍ വരാനിരിക്കുന്ന ലോകം അത്രമേല്‍ ഇരുട്ടു പുരണ്ടതായിരിക്കില്ല'. ജിസ ജോസിന്‍റെ 'മുക്തിബാഹിനിയെ കുറിച്ചാണ്'. 335 പേജുകളുള്ള ഈ പുസ്തകത്തില്‍ അത്രയേറെ കഥാപാത്രങ്ങള്‍ ഒന്നുമില്ല. ഉള്ളവരാകട്ടെ നമ്മുടെ നെഞ്ചില്‍ ഉറഞ്ഞു പോയവര്‍. മൂന്നു തലമുറയിലെ വ്യത്യസ്തമായ ജീവിതശൈലികളുള്ള ആറോ ഏഴോ സ്ത്രീകളും അവര്‍ക്ക് ചുറ്റും നമ്മള്‍ പരിചയപ്പെടുന്ന വളരെ ചെറിയ ഒരു കൂട്ടം പുരുഷന്മാരുമാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍. മനുഷ്യമനസ്സുകളുടെ ഒരിക്കലും അറിയപ്പെടാതെ പോകുന്ന പല സങ്കീര്‍ണ്ണതകളും ഈ നോവലില്‍ അനാവൃതമാകുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ മനസ്സ്... ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്ക് മനസ്സിലാകുന്ന അത്രയും വേറെ ആര്‍ക്കാണ് മനസ്സിലാകുക. ഈയൊരു സ്ത്രീയവസ്ഥയ്ക്ക് നല്ല തോതില്‍ ആക്കം കൊടുക്കുന്നുണ്ട് നോവലിസ്റ്റ്. ഈ നോവലിലെ ഓരോ സ്ത്രീയും പൊതുവായ ഒരു കാരണത്താലാണ് അസ്വസ്ഥരാകുന്നത്. ഈ നോവലില്‍ നമ്മള്‍ പരിചയപ്പെടുന്ന ഓരോ പുരുഷ കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലെ ഭൂതകാല കനല്‍ക്കാറ്റുകള്‍ ഒക്കെ, വിശ്വസിച്ച് ഏറ്റവും അടുത്തു നില്‍ക്കുന്ന സ്ത്രീകളിലേക്ക് തിളയ്ക്കുന്ന ലാവ മാതിരി ഒഴുക്കി വിടുമ്പോള്‍ ശരിക്കും ആ 'ഇരകളെല്ലാം' മരണം വരെ വെന്തു നീറുക യാണ്.


മുപ്പത് അദ്ധ്യായങ്ങള്‍ ഉള്ള ഈ നോവലിലെ അവസാന അധ്യായവും വായിച്ചു തീരും വരെ ഇതു ശൂന്യതയുടെ പുസ്തകം എന്നു തോന്നിപ്പോകാം. ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോയുടെ 'പെഡ്രോ പരാമോ' എന്ന പുസ്തകത്തെക്കുറിച്ച് എം കൃഷ്ണന്‍ നായര്‍ സാര്‍ അഭിപ്രായപ്പെട്ടത് 'ഇത് ശൂന്യതയുടെ പുസ്തകം' എന്നാണ്. മുക്തിബാഹിനി എന്ന നോവലിന് പല തലങ്ങളിലും പെഡ്രോ പരാമയുമായി സാദൃശ്യം തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാന്‍ ആവില്ല. സീനിയര്‍ പെഡ്രോ പരാമോ മുതല്‍ ഈ നോവലിലെ മിക്ക കഥാപാത്രങ്ങളും എന്തിനൊക്കെയോ വേണ്ടി അലഞ്ഞ് ഒടുവില്‍ ഒന്നും നേടാന്‍ സാധിക്കാതെ ശൂന്യതയില്‍ അമര്‍ന്നു പോയവരാണ്. പേഡ്രോ പരാമോ പ്രണയിച്ച സൂസാനയെ കുതന്ത്രങ്ങളിലൂടെ അയാള്‍ നേടിയെടുക്കുമ്പോളാകട്ടെ അവള്‍ക്ക് സ്മൃതി നാശം സംഭവിച്ചിരുന്നു. സൂസാനയുടെ മരണം പോലെ പെഡ്രോ പരാമോയെ തളര്‍ത്തിയ മറ്റൊന്നില്ല. എന്നാല്‍ മുക്തിബാഹിനിയില്‍ ഓര്‍മ്മകള്‍ ചോര്‍ന്നു പോകുന്നത് നീലാഭയുടെ അച്ഛച്ചന്‍ രാമചന്ദ്രന്‍ എന്ന മുന്‍ പട്ടാളക്കാരനാണ്. ഇടയില്‍ പെട്ടെന്നൊരു ദിവസം ഓര്‍മ്മ തിരിച്ചു വരുമ്പോളാകട്ടെ അയാള്‍ ആവശ്യപ്പെടുന്നത് പൂര്‍വ്വ കാമുകി ഹേമാംബികയെ ഒന്ന് കാണണം എന്നാണ്. ഇത് കേട്ട് മകള്‍ താമരയ്ക്കും കൊച്ചുമകള്‍ നീലാഭയ്ക്കും കയ്ച്ചു പോയി.. അയാളുടെ ഈ അവസാനത്തെ വാക്കുകള്‍ക്ക് ശേഷം അയാളും മരണത്തിന് കീഴടങ്ങുകയാണ്. എന്നിരിക്കലും പെഡ്രോ പരാമോയില്‍ നിന്നും വ്യത്യസ്തമായി പ്രത്യാശ പകര്‍ന്നു കൊണ്ടാണ് മുക്തിബാഹിനി അവസാനിക്കുന്നത്.. 'എല്ലാ താരകളും ഇവിടെത്തന്നെയുണ്ട്.. വീണുപോയെന്നും, നഷ്ടപ്പെട്ടു എന്നുമൊക്കെയുള്ളത് തോന്നലായിരുന്നു. വെളിച്ചം ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളപ്പോള്‍ വരാനിരിക്കുന്ന ലോകം അത്രമേല്‍ ഇരുട്ടു പുരണ്ടതായിരിക്കുകയില്ല'.


മുക്തിബാഹിനിയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് നീലാഭയുടെ അച്ഛച്ചന്‍ രാമചന്ദ്രന്‍. താരാ പ്രിയദര്‍ശനിയുടെയും താമരയുടെയും പട്ടാളക്കാരനായ അച്ഛന്‍. പ്രഭാമയി എന്ന തന്‍റെ ഭാര്യയോട് ഈ പട്ടാളക്കാരന്‍ ആദ്യരാത്രിയില്‍ തന്നെ പറയുന്നത് 'എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷേ ഹേമാംബിക കഴിഞ്ഞെ എനിക്ക് നീയുള്ളൂ'. അന്നു മുതല്‍ മരണം വരെ ഈ സ്ത്രീ കത്തി അമരുകയാണ്. ഇത് പ്രഭാമയിയുടെ മാത്രം വിധിയല്ല. ഈ നോവലിലുള്ള എല്ലാ പുരുഷ കഥാപാത്രങ്ങളും തന്നെ അവരുടെ നിരാശകള്‍, അശരണതകള്‍, പ്രണയ പരാജയങ്ങള്‍, ഓരോരോ സ്ത്രീ കഥാപാത്രങ്ങളിലേക്ക് അവര്‍ ആവശ്യപ്പെടാതെ തന്നെ ഇറക്കി വയ്ക്കുകയാണ്.


താരാ പ്രിയദര്‍ശനിയുടെ ശരീരം അവകാശപ്പെടുത്തിയതിനു ശേഷമാണ് ആദില്‍ ഹുസൈന്‍ താന്‍ മൂന്നു മാസങ്ങള്‍ക്കു മുമ്പ് മധുപര്‍ണയെ വിവാഹം കഴിച്ചുവെന്നത് വെളിപ്പെടുത്തുന്നത്. താരയുടെ സഹോദരി താമരയുടെ ഭര്‍ത്താവ് രവി കിരണ്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ആദ്യരാത്രിയില്‍ തന്നെ അയാളും പറയുകയാണ് തന്‍റെ ഭാര്യ താമരയോട്. 'നിന്നെ എനിക്ക് ഇഷ്ടമാണ്, പക്ഷേ നിന്‍റെ ചേച്ചി താരാ പ്രിയദര്‍ശനിയെ കാണുന്നിടം വരെ'. താമരയുടെ മകള്‍ നീലാഭയാകട്ടെ തന്‍റെ കാമുകന്‍ റിഹാന്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നതോടെ ആശയറ്റവളായി തീരുന്നു. മധുപര്‍ണയുടെ ഭര്‍ത്താവ് ആദില്‍ ഹുസൈന്‍ ഡോക്ടര്‍ ആദില്‍ ഹുസൈന്‍ ആകുന്നതില്‍ മധുപര്‍ണ വഹിച്ച പങ്ക് വലുതായിരുന്നു. അത്യാവശ്യം വില്ലത്തരമുള്ള താരാ പ്രിയദര്‍ശിനി തന്‍റെ വിദ്യാര്‍ത്ഥി കൂടിയായ ആദില്‍ ഹുസൈനെ കൂട്ടുകാരനാക്കി ഒരുമിച്ച് ജീവിക്കുന്നു. ഈ വിവരം അറിയാവുന്ന മധുപര്‍ണ്ണയും വേവുകയാണ്. മധുപര്‍ണ്ണക്ക് ദുഃഖിക്കുവാന്‍ വേറെയും കാരണങ്ങളുണ്ട്.


വിപ്ലവസ്തലിയിലേക്ക് പുറപ്പെട്ട ആദില്‍ ഹുസൈന്‍ മത രാഷ്ട്രീയ വിപ്ലവത്തില്‍പ്പെട്ട് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാതെ ഉഴലുകയാണ്. ചിറകുവെന്ത ഒരുകൂട്ടം ചിത്രശലഭങ്ങള്‍ അതിജീവനത്തിനായി ചിറക് കുടഞ്ഞു കുടഞ്ഞു പറക്കും പോലെ ഇതിലെ ഓരോ സ്ത്രീകഥാപാത്രങ്ങളും. മറ്റു കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഈ സ്ത്രീകള്‍ക്ക് ഇല്ല പോലും. അവരുടെ നൊമ്പരങ്ങളെ കുറുകെ കടക്കുവാന്‍ അവര്‍ക്ക് ഇന്നോളം സാധിക്കുന്നുമില്ല. ഈ സ്ത്രീകളുടെ വര്‍ണ്ണചിറകുകള്‍ക്ക് തീ കൊളുത്തിയ പുരുഷന്മാര്‍ ഒരിക്കലും അറിയുന്നില്ല അവര്‍ കൊളുത്തിയ ഈ നോവിന്‍റെ കഥ. ഒരു സ്ത്രീയ്ക്ക് മാത്രം അറിയാവുന്ന മറ്റൊരു സ്ത്രീയുടെ നൊമ്പരം. ഈ നോവലിലെ ഒരു പ്രധാന ആഖ്യാന വിഷയവും ഇതുതന്നെയാണ്. ജിസ ജോസ് ഈ വിഷയത്തെ വളരെ അനായാസമായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു.


ഈ നോവല്‍ തുടങ്ങുന്നത് തന്നെ 'മഴ മാത്രം പെയ്ത ഒരു ദിവസമായിരുന്നു അത്' എന്ന മിഴികള്‍ ഉടക്കി നില്‍ക്കുന്ന ഒരു വരിയിലൂടെ ആണ്. 'കോള്‍ മി ഇസ്മയില്‍' എന്ന ഹെര്‍മന്‍ മെല്‍ബലിന്‍റെ 'മോബിഡിക്കിലെ' പ്രസിദ്ധമായ ആദ്യ വരി ഞാന്‍ വെറുതെ ഓര്‍ത്തുപോയി.. താരാ പ്രിയദര്‍ശിനിയെ തിരഞ്ഞുവരുന്ന മധുപര്‍ണ്ണയെ അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ അധ്യായം തുടങ്ങുന്നത്. തുടക്കം മുതല്‍ രണ്ട് കാലങ്ങളില്‍ നിന്നാണ് നോവല്‍ വികസിച്ചു വരുന്നത്. വര്‍ത്തമാനവും ഭൂതകാലവും ഇടകലര്‍ത്തിയുള്ള ഒരു കഥ പറച്ചില്‍ രീതിയാണ് ജിസാ ജോസ് നോവലില്‍ സ്വീകരിച്ചിരിക്കുന്നത്. ആത്മഗതങ്ങളിലൂടെയാണ് കഥയുടെ നല്ലൊരു പങ്കും വെളിപ്പെട്ടു വരുന്നത്..


താരാ പ്രിയദര്‍ശനിയുടെ എഴുത്തിനെ കുറിച്ച് മധുപര്‍ണ ആവേശം കൊള്ളുന്നതുപോലെ, ഫോക്കും രാഷ്ട്രീയ ചരിത്രവും സമകാലിക സംഭവങ്ങളുമൊക്കെ മാജിക്കല്‍ ആയി ബ്ലണ്ട് ചെയ്ത ഒരെഴുത്തു ശൈലി. അത്തരമൊന്നാണ് മുക്തിബാഹിനിയില്‍ ജിസ ജോസും അവലംബിച്ചിരിക്കുന്നത്. പട്ടാളക്കാരനായ അച്ഛനില്‍ നിന്നും പട്ടാള കഥകള്‍ കേട്ടുവളര്‍ന്ന ജിസക്ക് യുദ്ധ പശ്ചാത്തലങ്ങള്‍ നോവലില്‍ സ്വാഭാവികമായി റെന്‍ഡര്‍ ചെയ്യുവാന്‍ ഒട്ടും തന്നെ ആയാസപ്പെടേണ്ടി വന്നിട്ടില്ല എന്ന് കരുതാം. പലയിടത്തും ജിസയുടെ ആത്മാംശം ഈ നോവലില്‍ ഉണ്ടായേക്കുമെന്ന് ജിസയെ അറിയാത്ത എനിക്ക് തോന്നിപ്പോയി...


Sibling rivalry യെ പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. ഭൂമിയിലെ ആദ്യ സഹോദരങ്ങളായ കായേനും ഹാബേലിനും ഇടയില്‍ തുടങ്ങിയ ഈ സഹോദര സ്പര്‍ദ്ധ ഈ നോവലിലും ഉടനീളം ഉണ്ട്. സാധാരണ സഹോദരന്മാരില്‍ കണ്ടുവരുന്ന സ്പര്‍ദ്ധ ഈ നോവലില്‍ നാം കാണുന്നത് സഹോദരിമാര്‍ക്കിടയിലും അമ്മ മകള്‍ക്കിടയിലും ആണ്. താരാ പ്രിയദര്‍ശിനിയ്ക്ക് അച്ഛന്‍ ഇട്ട പേര് ഇന്ദിരാ പ്രിയദര്‍ശിനി എന്നായിരുന്നു. അതിനു കാരണം ഉണ്ട്. ഇന്ദിരാഗാന്ധിയുടെ മാതിരി നീണ്ട മൂക്കും, സൗന്ദര്യവും, കൂര്‍മ്മ ബുദ്ധിയും, നിശ്ചയദാര്‍ഢ്യവും മൂത്ത മകള്‍ക്കുണ്ട് എന്നതായിരുന്നു അച്ഛന്‍റെ കണ്ടുപിടിത്തം. അത് അക്ഷരംപ്രതി ശരിയുമായിരുന്നു. നല്ലതും സുന്ദരവുമായ എല്ലാം എനിക്ക് എന്നതായിരുന്നു ചേച്ചിയുടെ ധാര്‍ഷ്ട്യം. 'ഇന്ത്യയ്ക്ക് ഒരു ഇന്ദിരാ പ്രിയദര്‍ശിനി മതി' എന്ന് തീരുമാനിച്ച സത്യന്‍ അമ്മാവനാണ് ആ പേരു മാറ്റി താരാ പ്രിയദര്‍ശിനി എന്നാക്കിയത്.


താര എന്ന ചേച്ചിയുടെ പ്രാഭവത്തില്‍ വല്ലാതെ മങ്ങി പോവുകയാണ് താമര എന്ന പാവം അനുജത്തി. അവസരം ഒത്തു വരുമ്പോഴെല്ലാം അവര്‍ പരസ്പരം കൊച്ചാക്കാന്‍ ശ്രമിക്കുകയാണ്. രവി കിരണ്‍ എന്ന സുന്ദരനാണ് അനുജത്തി താമരയെ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ താര അവളുടെ തനിനിറം കാട്ടി. 'രവി നിനക്ക് ചേരില്ല, അവന്‍ എന്‍റെ പുരുഷനാണ്' എന്ന് താര അവകാശപ്പെട്ടെങ്കിലും താമരയുമായുള്ള രവികിരണിന്‍റെ വിവാഹം നടക്കുന്നു. ആദ്യരാത്രിക്ക് മുമ്പ് തന്നെ താരാ പ്രിയദര്‍ശിനി തന്‍റെ ശാലീന സൗന്ദര്യം ആയുധമാക്കി രവി കിരണിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.. ആ നിമിഷം രവി കിരണ്‍ ഒന്നുലഞ്ഞു..അയാള്‍ താമരയോട് പുലമ്പി. 'നിന്നെ എനിക്കിഷ്ടമാണ് പക്ഷേ നിന്‍റെ ചേച്ചിക്ക് താഴെ മാത്രം.' അവരുടെ കുടുംബ ജീവിതവും അത്ര ശുഭകരമായിരുന്നില്ല. ഇങ്ങനെ ഉദാഹരണങ്ങള്‍ ഏറെ.


അമ്മ താമരയ്ക്കും മകള്‍ നീലാഭയ്യ്ക്കും ഇടയില്‍ എത്രയെത്ര ശീത സമരങ്ങള്‍. അവര്‍ക്കിടയില്‍ നല്ലതോതില്‍ മത്സരങ്ങള്‍ ഉണ്ട്. പലതും ആത്മഗതങ്ങളില്‍ ഒതുങ്ങുന്നുണ്ട്. അധ്യാപികയായ അമ്മ താമരയ്ക്ക് സ്വന്തമായ വീടുണ്ട്. അച്ഛച്ചന്‍റെ ശുശ്രൂഷയ്ക്കായി കുടുംബ വീട്ടിലാണ് ഇപ്പോള്‍ നീലാഭ. അച്ഛച്ചന്‍ മരിച്ച് ചിത അടങ്ങിയപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയ അമ്മ താമരയെ കുടുംബ വീട്ടിലേക്ക് ക്ഷണിക്കേണ്ടതുണ്ടോ എന്ന് നീലാഭ മനസ്സില്‍ കലഹിക്കുന്നുണ്ട്. 'ഇതെന്‍റെ വീടാണ് ഇവിടെ അമ്മയും ഒരു അതിഥി മാത്രം, മധുപര്‍ണയെ പോലെ'. ഈയൊരു വെളിപാടില്‍ വല്ലാതെ ആഹ്ലാദിക്കുന്നുണ്ട് നീലാഭ. നോവലിന്‍റെ അവസാന അധ്യായം എത്തുമ്പോള്‍ ഈ അമ്മയും മകളും സംസാരത്തിലും പ്രവര്‍ത്തിയിലും അല്പം സ്നേഹം പങ്കുവെക്കുന്നുണ്ട് എന്നുള്ളത് വായനക്കാര്‍ക്ക് ഒരു ആശ്വാസമാകുന്നു. ഇതിലെ ഒരു കഥാപാത്രത്തോടും പക്ഷം പിടിക്കുന്നില്ല നോവലിസ്റ്റ്.

ഇനിയും പലതും ഈ നോവലിന്‍റെ ആഖ്യാന വിഷയങ്ങള്‍ ആകുന്നുണ്ട്. കാലവും കാലാവസ്ഥയും ഇതില്‍ കഥാപാത്രങ്ങള്‍ ആകുന്നുണ്ട്. യുദ്ധവും, മത രാഷ്ട്രീയവും, വംശീയതയും, ഹിന്ദു-മുസ്ലിം കലഹങ്ങളും ഈ നോവലിനെ സ്വാഭാവികമായും രാഷ്ട്രീയവല്‍ക്കരിക്കുന്നുണ്ട്. 'മുക്തിബാഹിനി' എന്ന വാക്കുപോലും ബംഗ്ലാദേശിന്‍റെ വിമോചനത്തിനായി രൂപീകരിക്കപ്പെട്ട ഒരു വിപ്ലവ പ്രസ്ഥാനമാണ്.


തോരാതെ മഴ പെയ്ത ഒരു ദിവസം ഏറെ സഞ്ചരിച്ച് താരാ പ്രിയദര്‍ശിനിയുടെ കുടുംബവീട്ടിലേക്ക് വരുന്ന അപര്‍ണ എന്ന ഹിന്ദിക്കാരി വരവിന്‍റെ ഉദ്ദേശ്യമായി പറയുന്നത്, സൗരാഷ്ട്രയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുമിച്ച് ജോലി ചെയ്ത താരയെക്കുറിച്ച് ഒരു മാഗസിനു വേണ്ടി ആര്‍ട്ടിക്കിള്‍ ചെയ്യാന്‍ വേണ്ട വിവരം ശേഖരിക്കാന്‍ എന്ന പച്ചക്കള്ളമായിരുന്നു. സ്മൃതി നാശം വന്ന അച്ഛനോ, സഹോദരി താമര, മകള്‍ നീലാഭ എന്നിവരില്‍ നിന്നും കാര്യമായി ഒന്നും വീണു കിട്ടില്ലെന്ന് അറിയുമ്പോള്‍ മധുപര്‍ണ മടക്കയാത്ര പ്ലാന്‍ ചെയ്യുന്നു. വാസ്തവത്തില്‍ തന്‍റെ ഭര്‍ത്താവ് ആദില്‍ ഹുസൈനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയുവാന്‍ ആയിരുന്നു മധുപര്‍ണയുടെ വരവ്. എന്നാല്‍ അവള്‍ മൂളിയ ഒരു ഹിന്ദി പാട്ടില്‍ ഒരു നിലവിളി കുരുങ്ങിക്കിടക്കുന്നുണ്ടെന്ന് നീലാഭയ്യ്ക്ക് മനസ്സിലായി.. 'വളരെ ദൂരം സഞ്ചരിച്ചു വന്ന, തന്നെക്കാള്‍ വളരെ മുതിര്‍ന്ന ആ സ്ത്രീയെ വെറും കയ്യോടെ തിരിച്ചയക്കില്ലെന്ന് ആ നിമിഷം തന്നെ നീലാഭ നിശ്ചയിക്കുകയും ചെയ്തു'.


താര പ്രിയദര്‍ശിനെയെ കുറിച്ചോ, അവള്‍ എന്നോ കുടുംബ വീടിന്‍റെ മച്ചിന്‍പുറത്ത് ഉപേക്ഷിച്ചു പോയ ബാഗിനുള്ളിലെ അപൂര്‍ണ്ണമായ നോവല്‍ എഴുത്തിനെ കുറിച്ചോ മധുപര്‍ണയെ അറിയിക്കേണ്ടതില്ലെന്ന് താമരയും നീലാഭയും ഒരു നിമിഷം ചിന്തിച്ചുറപ്പിച്ചിരുന്നു. എന്നാല്‍ അച്ഛന്‍റെ മരണകര്‍മ്മങ്ങള്‍ക്കുപോലും സാക്ഷിയാകേണ്ടി വന്ന് അവിടെ ഒരു ദിവസം താമസിക്കുന്ന മധുപര്‍ണ്ണയെ അവര്‍ വെറും കയ്യോടെ പറഞ്ഞയച്ചില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീര്‍ച്ചയില്ലാത്ത രണ്ട് കഥാപാത്രങ്ങളാണ് താരാ പ്രിയദര്‍ശിനിയും ആദില്‍ ഹുസൈനും. ഇവരെ രണ്ടുപേരെയും കുറിച്ചാണ് മധുപര്‍ണയ്ക്ക് അറിയേണ്ടതും. ഒടുവില്‍ എന്നെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യാവുന്ന താരാ പ്രിയദര്‍ശിനി ഉപേക്ഷിച്ചു പോയ ബാഗും, അതിനുള്ളിലെ അപൂര്‍ണ്ണമായ 'മുക്തിബാഹിനി' എന്ന നോവലും അതിനോടൊപ്പം താമരയുടെയും നീലാഭയുടെയും സഹകരണങ്ങളും വാഗ്ദാനം ചെയ്താണ് മധുപര്‍ണ്ണയെ ഇവര്‍ യാത്രയാക്കുന്നത്. ഇവിടെയാണ് ഈ നോവല്‍ അത്യധികം പ്രകാശപൂരിതമാകുന്നത്..


ജിസ ജോസിന്‍റെ മുദ്രിതയും ആനന്ദഭാരവും മാറ്റിവെച്ച് അവരുടെ നാലാമത്തെ നോവലായ മുക്തിബാഹിനി തന്നെ ഞാന്‍ ആദ്യ വായനയ്ക്ക് എടുത്തത് എന്തുകൊണ്ടാണ്? എനിക്ക് ഉത്തരമില്ല. ഈ ആസ്വാദനക്കുറിപ്പ് തീര്‍ച്ചയായും അപൂര്‍ണ്ണമാണ്. ഈ പുസ്തകം വായിക്കുന്നവര്‍ ഇതിലെ ഓരോ വാക്കും വരികളും വായിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഇത്ര കയ്യടക്കത്തോടെ, താന്‍ ഇതൊക്കെയാണ് എഴുതാന്‍ ഭാവിച്ചതെന്ന പറച്ചിലുകള്‍ ഇല്ലാതെ, വളരെ സ്മൂത്ത് ആയി കുറിച്ചിട്ടിരിക്കുകയാണ് ജിസ ജോസ് എന്ന പ്രതിഭയുള്ള എഴുത്തുകാരി.


മുക്തി ബാഹിനി

ഡോ. കുഞ്ഞമ്മ ജോര്‍ജ്

അസ്സീസി മാസിക,ജൂലൈ 2025

Jul 3, 2025

0

79

Recent Posts

bottom of page