top of page

മാതാവ്

Dec 14, 2024

2 min read

ജോര്‍ജ് വലിയപാടത്ത്

ഞങ്ങളുടെ സഹോദരൻ അൽഫ്രേഡോ അച്ചൻ ഏറെക്കാലം നിക്കരാഗ്വയിൽ ഒരു മിഷനറിയായിരുന്നു. ഒത്തിരി സ്നേഹവും സഹാനുഭൂതിയും ഉള്ള മനുഷ്യൻ. ചിക്കാഗോയിൽ ഒരു ഇടവക വികാരി ആയിരുന്നതിനുശേഷം 2018-ൽ ആയിരുന്നു ഞാൻ മുമ്പുണ്ടായിരുന്ന ആശ്രമത്തിലേക്ക് സ്ഥലം മാറി വന്നത്. 2019 ഡിസംബർ 12. അന്നൊരു വ്യാഴാഴ്ചയായിരുന്നു. ആശ്രമത്തിലെയും

ചുറ്റുമുള്ള ആശ്രമങ്ങളിലെയും അംഗങ്ങൾ ഒരുമിച്ചു കൂടി ഒരു ദിവ്യബലിയും സോഷ്യലും അത്താഴവും എല്ലാ വ്യാഴാഴ്ചകളിലും പതിവുള്ളതാണ്. സമൂഹാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ദിവ്യബലി സമൂഹത്തിൻ്റെ സ്വകാര്യ ചാപ്പലിലാണ്. അന്ന് അൽഫ്രേഡോ അച്ചനാണ് നിയുക്ത കർമ്മികൻ. കുർബാനയുടെ ആമുഖമെന്നോണം ഒരു ചെറിയ നാടകീയാവതരണം.


അതിനുമുമ്പോ ശേഷമോ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. അച്ചൻ - ഉവ്വാൻ ഡ്യേഗൊ. ഞങ്ങളുടെ ഹോസ്പിറ്റാലിറ്റി കോർഡിനേറ്റർ സാലി - പരിശുദ്ധ അമ്മ. ജോസച്ചൻ - ബിഷപ്പ്. ഗൗദലൂപെയിലെ മാതാവിൻ്റെ പ്രത്യക്ഷീകരണവും അത്ഭുതവുമാണ് കാണിക്കുന്നത്. ആദ്യം എല്ലാവരും ചെറിയ തമാശുപോലെ ആണ് അത് നോക്കിക്കണ്ടത്. താമസിയാതെ അച്ചൻ്റെ ലാളിത്യവും ഭക്തിയും എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

അന്നാണ് മെക്സിക്കോയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത്.

ഏതായാലും 2019 -ലെ ഡിസംബർ 12 ആ മരിയ ഭക്തൻ്റെ അവസാനത്തേതായിരുന്നു. പിറ്റേവർഷം 2020 ഡിസംബർ 12 ന് കോവിഡ് ബാധിതനായി, അദ്ദേഹം. നാലുനാൾക്കകം അദ്ദേഹം സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തു.

ഒരുപക്ഷേ, ഉവ്വാൻ ഡ്യേഗൊ (Juan Diego) യും ഭാര്യയും ആയിരുന്നിരിക്കും ആ പ്രദേശത്തെ ആദിമ നിവാസികളിൽനിന്ന് ആദ്യമായി ക്രിസ്തുമതം പുല്കിയവർ. 1531 ഡിസംബർ 9, 10, 12 എന്നിങ്ങനെ 3 ദിവസങ്ങളിലായി 4 തവണയാണ് മാതാവ് ഉവ്വാൻ ഡ്യേഗൊക്ക് പ്രത്യക്ഷപ്പെട്ടത്. ഉവ്വാൻ ഡ്യേഗൊക്ക് അപ്പോൾ 57 വയസ്സായിരുന്നു. സാധുവും ഭക്തനുമായ ഒരു ആദിവാസി കർഷകൻ. "യഥാർത്ഥ ദൈവ മാതാവ് - നിൻ്റെ അമ്മ" എന്ന രീതിയിലാണ് അവൾ സ്വയം പരിചയപ്പെടുത്തിയത്. ഭയപ്പെടുത്തുന്ന യാതൊന്നും പരിശുദ്ധ അമ്മ ഉവ്വാൻ ഡ്യേഗൊയോട് പറഞ്ഞില്ല. ഈ സ്ഥലത്ത് ഒരു ദേവാലയം പണിയണം എന്ന് സിറ്റിയിലെ മെത്രാനോട് പറയണം. അത്ര മാത്രം. ആത്മവിശ്വാസമില്ലാതെയാണെങ്കിലും അദ്ദേഹം പറയാമെന്നേറ്റു. പോയി മെത്രാനെ കണ്ടു. മെത്രാൻ ഗൗനിച്ചില്ല. തിരികെ വരുമ്പോൾ അമ്മ വീണ്ടും. ഞാൻ ദരിദ്രനും അറിവില്ലാത്തവനും ആദിവാസിയും ആണെന്നറിയാമല്ലോ. ഞാൻ പറഞ്ഞാൽ അദ്ദേഹം കേൾക്കില്ല. വേറെ ആരോടെങ്കിലും പറയൂ.

ഇല്ല. മെത്രാൻ കേൾക്കും. നീ തന്നെയാണ് അത് ചെയ്യേണ്ടത്.

പിറ്റേന്ന് - 10-ാം തിച്ചതി- ഉവ്വാൻ ഡ്യേഗൊ വീണ്ടും മെത്രാൻ്റെ സമക്ഷത്തിൽ. ഇത്തവണ മെത്രാൻ പറഞ്ഞു: പരിശുദ്ധ അമ്മയാണ് ഈ സന്ദേശം നല്കുന്നത് എന്നതിന് എനിക്കൊരു അടയാളം വേണം. എന്നാൽ വിശ്വസിക്കാം.


തിരികെ പോകെ വീണ്ടും അമ്മ കാണപ്പെടുന്നു.

'മെത്രാൻ അടയാളം ചോദിക്കുന്നു'.

'നാളെ വരൂ, അടയാളം തരാം'.


പിറ്റേന്ന് - 11-ാം തിയ്യതി - ഉവ്വാൻ ഡ്യേഗൊയുടെ അമ്മാവൻ ഉവ്വാൻ ബർണർദീനോ രോഗിയാകുന്നു. ഉവ്വാൻ അദ്ദേഹത്തെ പരിചരിക്കുന്നു.


12-ാം തിയ്യതി രാവിലേ ഉവ്വാൻ ഡ്യേഗൊ അമ്മാവന് രോഗീലേപനം നല്കാൻ ഇടവകയിലെ വൈദികനെ വിളിക്കാൻ പോകുന്നു. തലേന്ന് തൻ്റെ വാക്ക് പാലിക്കാൻ കഴിയാഞ്ഞതിനാൽ അമ്മയെ ഒഴിവാക്കാനായി കുന്നിൻ്റെ മറുപുറം ചുറ്റിയാണ് പോകുന്നത്. അപ്പോഴും അമ്മ പ്രത്യക്ഷപ്പെടുന്നു.

കുറ്റപ്പെടുത്തലുകളില്ല.

'അച്ചനെ വിളിക്കണ്ട. അമ്മാവൻ സൗഖ്യം പ്രാപിക്കും. നീ കുന്നിൽ മുകളിൽ പോയി നോക്കുക. അവിടെ കാണുന്ന പൂക്കൾ ഇറുത്ത് മെത്രാനെ കൊണ്ടുപോയി കാണിക്കുക. സാധാരണ കള്ളിമുൾക്കാട് മാത്രമുള്ള കുന്നാണ്.


അവിടെ ധാരാളം പനിനീർ പൂക്കൾ. പൂക്കളുടെ കാലവുമല്ല. അയാൾ തൻ്റെ കഴുത്തിൽ കെട്ടിയിരുന്ന പുറം കുപ്പായം മടക്കി പൂക്കൾ അടർത്തി അതിൽ നിറച്ച് മെത്രാൻ്റെ അടുത്തെത്തുന്നു.

പരിശുദ്ധ അമ്മ തന്ന അടയാളം എന്നു പറഞ്ഞ് പുറംകുപ്പായം നിവർത്തി പൂക്കൾ നിലത്തേക്ക് ചൊരിയുന്നു. അപ്പോൾ മെത്രാൻ കാണുന്നത് പുറംകുപ്പായത്തിൽ ആലേഖിതമായ പരിശുദ്ധ അമ്മയുടെ ചിത്രമാണ്.


മെത്രാൻ അത് സൂക്ഷ്മമായി പരിശോധിക്കുന്നു.

ചിത്രം പെയ്ൻ്റ് ചെയ്തതല്ല; നെയ്തതുമല്ല - തുണിയുടെ ഇഴകളിൽത്തന്നെ പതിഞ്ഞതാണ് എന്ന് തിരിച്ചറിയുന്നു.

വളരെ വിശദാംശങ്ങളോടു കൂടിയതാണ് ആ ചിത്രം. മെക്സികോയിലെ ആദിവാസി യുവതിയുടെ രൂപവും മുഖവും നിറവുമാണ് അവൾക്ക്. ചിത്രത്തിലെ അമ്മയുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ അവിശ്വസിച്ച മെത്രാൻ്റെ മുഖമാണ് പ്രതിബിംബിച്ചു കാണുന്നത് എന്നൊക്കെയാണ് കേൾക്കുന്നത്!


അമ്മാവനായ ഉവ്വാൻ ബർണർദീനോക്കും അന്നേ ദിനം മാതാവ് പ്രത്യക്ഷപ്പെട്ടിരുന്നു. അയാളോട് സംസാരിക്കുകയും അയാൾക്ക് രോഗസൗഖ്യം നല്കുകയും ചെയ്തിരുന്നു.


അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ആദിമ നിവാസികളിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധനായി മാറി ഉവ്വാൻ ഡ്യേഗൊ. മാതാവ് പ്രത്യക്ഷപ്പെട്ട ഡിസംബർ 9 -ന് ആണ് വി. ഉവ്വാൻ ഡ്യേഗൊയുടെ ഓർമ്മനാൾ.


പ്രിയപ്പെട്ട അൽഫ്രേഡോ അച്ചൻ ഹൃദയസ്പർശിയായി പറഞ്ഞതിനാലാണോ എന്തോ, സാധ്യമായാൽ ഗൗദലൂപെയിൽ എന്നെങ്കിലും പോകണം എന്നൊരു മോഹം അന്നു മുതൽ മനസ്സിലുണ്ട്!


ജോര്‍ജ് വലിയപാടത്ത�്

0

189

Featured Posts

bottom of page