

മത്തായി അഷ്ടഭാഗ്യങ്ങളെക്കുറിച്ച് പറയുമ്പോൾ ലൂക്കാ ചതുർഭാഗ്യങ്ങളെക്കുറിച്ചാണ് പറയുന്നത് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അഷ്ടഭാഗ്യങ്ങളുടെ വിപരീതമായി മത്തായി അഷ്ടദുരിതങ്ങളെക്കുറിച്ചും പറയുന്നുണ്ട് - 23-ാം അദ്ധ്യായത്തിലാണെന്നു മാത്രം. ലൂക്കായാകട്ടെ ചതുർഭാഗ്യങ്ങളുടെ വിപരീതമായി ചതുർദുരിതങ്ങളെക്കുറിച്ച് പറയുന്നത് അതിന് തുടർച്ചയായിത്തന്നെയാണ്.
ലൂക്കാ-സുവിശേഷത്തിൽ തൻ്റെ ശിഷ്യരെ നോക്കിയാണ് യേശു ചതുർഭാഗ്യങ്ങൾ പറയുന്നത്. തുടർന്ന് പറയുന്നതായിട്ടാണ് ചതുർദുരിതങ്ങൾ പ്രതിപാദിക്കപ്പെടുന്നതെങ്കിലും, ശിഷ്യരെക്കുറിച്ചല്ല പ്രതിപാദ്യം എന്ന് വ്യക്തമാണ്.
ലൂക്കാ-സുവിശേഷത്തിൽ വ്യത്യസ്ത രീതിയിലാണെങ്കിലും യേശുവിന് മുമ്പ് ഇതേ ചതുർഭാഗ്യങ്ങളും ചതുർദുരിതങ്ങളും യേശുവിനെ ഗർഭത്തിൽ പേറുന്ന അവൻ്റെ അമ്മയുടെ വാക്കുകളിലും നമുക്ക് വായിക്കാനാവുന്നുണ്ട് എന്നതാണ് ആശ്ചര്യം! അതേ, മറിയത്തിൻ്റെ സ്തോത്രഗീതത്തിൽത്തന്നെ.
"ദാസി"യുടെ "താഴ്മ"യെ കടാക്ഷിച്ചതുമൂലം അവൾ "ഭാഗ്യവതി"യാവുകയാണ് (ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ: ദൈവരാജ്യം നിങ്ങളുടേതാണ്).
"വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി" (ഇപ്പോൾ വിശപ്പുസഹിക്കുന്നവരേ നിങ്ങൾ ഭാഗ്യവാന്മാർ: നിങ്ങൾ തൃപ്തരാക്കപ്പെടും).
"എൻ്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു" (ഇപ്പോൾ കരയുന്നവരേ നിങ്ങൾ ഭാഗ്യവാന്മാർ: നിങ്ങൾ ചിരിക്കും).
"അവിടത്തെ ഭക്തരുടെമേൽ തലമുറകൾ തോറും അവിടന്ന് കരുണ വർഷിക്കും" (മനുഷ്യ പുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ
ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ .... സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും"
"സമ്പന്നരേ നിങ്ങൾക്ക് ദുരിതം: നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു." (അവിടുന്ന് തൻ്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു.)
"സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു." (ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ നിങ്ങൾക്ക് ദുരിതം! നിങ്ങൾക്ക് വിശക്കും.)
"ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു." (ഇപ്പോൾ ചിരിക്കുന്നവരേ നിങ്ങൾക്ക് ദുരിതം! നിങ്ങൾ ദുഃഖിച്ചു കരയും.)
"ശക്തരെ സിംഹാസനത്തിൽ നിന്ന് മറിച്ചിട്ടു" (മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ച സംസാരിക്കുമ്പോൾ നിങ്ങൾക്ക് ദുരിതം!)
ആത്മാവ് നിമന്ത്രിച് ചതാണവൾ പാടിയത്. അതുതന്നെയാണവൻ പറഞ്ഞത്.
നിറവേറും എന്ന് അവൻ ശിഷ്യരോട് പറഞ്ഞതെല്ലാം, പ്രഥമ ശിഷ്യയും പ്രേഷ്ഠ ശിഷ്യയും ആയവളിൽ നിറവേറിയ കാര്യങ്ങളായിരുന്നല്ലോ!





















