top of page

രഹസ്യം

Oct 12, 2009

4 min read

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
a women placed her finger on the lips indicating the silence

"സ്നേഹപൂര്‍വ്വം എന്‍റെ അപ്പായ്ക്ക്" എന്ന തലക്കെട്ടില്‍ ഒരു മകന്‍റെ ഓര്‍മ്മക്കുറിപ്പ്. അതില്‍ രണ്ട് വാചകങ്ങള്‍ ഇങ്ങനെ: "ഏതോ തെരുവിന്‍റെ കോണില്‍ അനാഥനായി വളരേണ്ടവനായിരുന്നു ഞാനെന്ന രഹസ്യം ഒരിക്കല്‍ പോലും എന്നോട് പറയാതെ, ഒരു മകന്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പിതൃസ്നേഹവും അങ്ങയുടെ എല്ലാ സൗഭാഗ്യങ്ങളും എനിക്ക് തന്നിട്ട് മരണത്തിലേയ്ക്ക് കടന്നു പോയ എന്‍റെ അപ്പാ.... ജീവിതത്തിലെന്നതിനേക്കാള്‍ മരണത്തില്‍ എനിയ്ക്ക് അങ്ങയോടിഷ്ടം തോന്നുന്നു. ഈ മണ്ണില്‍  എത്ര ജന്മം കിട്ടിയാലും ആ ജന്മങ്ങളിലൊക്കെ അങ്ങയുടെ മകനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍..."

ഒളിച്ചുകളിയില്ലാത്ത സംസാരത്തിന്‍റെ  നന്മയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ വജ്രത്തിന്‍റെ തിളക്കമുള്ള ചില രഹസ്യങ്ങളെക്കുറിച്ച് പറയാന്‍ വിട്ടുപോകരുത്. ദൈവത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ക്രിസ്തീയ പഠനങ്ങളിലൊന്ന് ദൈവം ഒരു രഹസ്യമാണെന്നതാണ്. രഹസ്യത്തിന് അതില്‍ തന്നെ ചില മനോഹാരിതകളുണ്ട്. ദമ്പതിമാര്‍ തങ്ങളുടെ ഏറ്റവും ഉദാത്തമായ സ്നേഹ പ്രകടനത്തിന്‍റെ നിമിഷങ്ങളില്‍ ഏറെ സ്വകാര്യത ഇഷ്ടപ്പെടുന്നു. ഒരു ജനക്കൂട്ടത്തിനിടയില്‍ എന്നതിനേക്കാള്‍ സൗഹൃദങ്ങള്‍ വളരുകയും ഹൃദയങ്ങള്‍ അടുക്കുകയും ചെയ്യുന്നത് ശാന്തമായ ഏകാന്തതയുടെ സ്വകാര്യതയിലാണ്. അതുകൊണ്ട് നമ്മുടെ സംസാരവും കേള്‍വിയും ആരുടെ ജീവിതത്തിന്‍റേയും സ്വകാര്യതകളെ ഭേദിക്കരുത്. ഒരാളുടെ സ്വകാര്യത ബഹുമാനിക്കുക എന്നതാണ് സമൂഹത്തിന് അയാള്‍ക്ക് കൊടുക്കാനാവുന്ന അടിസ്ഥാനപരമായ ബഹുമാനം.

പലതരം രഹസ്യങ്ങളുണ്ട്. ഒന്നാമതായി, സ്വാഭാവിക രഹസ്യങ്ങളാണ്. ഇത്തരം രഹസ്യങ്ങള്‍ പ്രകൃതിദത്തമാണ്. അതിന്‍റെ ലംഘനം പാപകരമാണ്. ഉദാഹരണത്തിന് ദമ്പതിമാരുടെ കിടപ്പറ രഹസ്യങ്ങളറിയാന്‍ മറ്റാര്‍ക്കും അര്‍ഹതയില്ല. രണ്ടാമത്തേത് വാഗ്ദാനം ചെയ്യപ്പെട്ട രഹസ്യങ്ങളാണ്. ഇവിടെ രഹസ്യാത്മകത അടങ്ങിയിരിക്കുന്നത് പരസ്പരം കൈമാറിയ വാഗ്ദാനങ്ങളുടെ വിശ്വസനീയതയിലാണ്. ഉദാഹരണത്തിന്, ഒരാളുടെ സ്വകാര്യജീവിതത്തിലെ ഏതെങ്കിലുമൊരു കാര്യം പുറത്തറിയരുത് എന്ന് പറഞ്ഞുകൊണ്ട് പങ്കുവയ്ക്കാനിടയായാല്‍ അത് വെളിപ്പെടുത്താന്‍ പാടില്ലാത്തതാണ്. എന്നാല്‍ രണ്ട് സാഹചര്യങ്ങളില്‍ ഇത് നിലനില്‍ക്കുന്നില്ല: (1) പറഞ്ഞയാള്‍തന്നെ ഈ രഹസ്യം പിന്നീട് പരസ്യമാക്കുന്ന സാഹചര്യത്തിലും (2)വലിയ തിന്മകള്‍ ഒഴിവാക്കാന്‍ വേണ്ടിയും. ഉദാഹരണത്തിന് ഒരാള്‍ പറഞ്ഞ രഹസ്യം അയാള്‍ മറ്റൊരാളെ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണെങ്കില്‍ ഒരു വലിയ തിന്മയൊഴിവാക്കാനായി അത് വേണ്ടപ്പെട്ട അധികാരികളെ അറിയിക്കാന്‍ ബാധ്യതയുണ്ട്.

മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നത് ഔദ്യോഗിക രഹസ്യങ്ങളാണ്. സമൂഹത്തില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഔദ്യോഗിക ബാധ്യതയുള്ള വ്യക്തികളുണ്ട്. ഉദാഹരണത്തിന് പുരോഹിതരും ഡോക്ടര്‍മാരും. ഈ രഹസ്യാത്മകത നഷ്ടപ്പെട്ടാല്‍ ആത്മീയ ജീവിതത്തിന്‍റെയും സമൂഹജീവിതത്തിന്‍റെയും അടിത്തറയായ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചുരുക്കം. നമ്മുടെ സമൂഹം ഔദ്യോഗിക രഹസ്യാത്മകതയെ ബഹുമാനിക്കുന്നതു കൊണ്ടാണ് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പുരോഹിതന്‍റെയോ ഡോക്ടറിന്‍റെയോ മൊഴിയെടുക്കാത്തത്.

രഹസ്യങ്ങളുടെ സൂക്ഷിപ്പ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാനാഗ്രഹിക്കുന്നവരോട് കള്ളം പറയാനിടവരുത്തില്ലേ എന്ന പ്രശ്നം ഇവിടെ ഉദിക്കുന്നുണ്ട്. അതിന് എപ്പോഴും അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാനുള്ള ബാധ്യത ഒരാള്‍ക്കുണ്ടോ എന്നൊരു പരിശോധന സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ ആവശ്യമുണ്ട്. സത്യത്തിന് ജീവിതം കൊണ്ട് ഏറെ വിലകൊടുത്തവനാണ് ക്രിസ്തു. എന്നിട്ടും മനസ്സിലുള്ളതും തനിക്കറിയാവുന്നതും ചോദിക്കുന്നവരോടൊക്കെ വിവേചനമില്ലാതെ ക്രിസ്തു തുറന്നു പറയുകയായിരുന്നില്ല. "നീ യൂദന്മാരുടെ രാജാവാണോ?" എന്ന പീലാത്തോസിന്‍റെ ചോദ്യത്തിന് നാടുവാഴുന്ന രാജാവിന്‍റെ മുന്നില്‍ സത്യം മാത്രമെ പറയാവൂ എന്ന ഔചിത്യമൊന്നും ക്രിസ്തു പാലിക്കുന്നില്ല. ക്രിസ്തുവിന്‍റെ മറുപടി ഒരു മറു ചോദ്യമായിരുന്നു, "നീ ഇത് സ്വയം ചോദിക്കുന്നതോ അതോ മറ്റുള്ളവര്‍ എന്നെക്കുറിച്ച് നിന്നോട് പറഞ്ഞതോ?" 'സത്യമെന്താണെന്ന്' വ്യക്തമായി അറിയാമായിരുന്നിട്ടും പീലാത്തോസ് അതിന് ഉത്തരമര്‍ഹിക്കുന്നില്ല എന്നറിഞ്ഞ് ക്രിസ്തു മൗനം പാലിക്കുന്നു. പല അവസരങ്ങളിലും അവനെ വാക്കില്‍ കുടുക്കാനുള്ള ഗൂഢലക്ഷ്യത്തോടെ സമീപിച്ചവരില്‍ നിന്ന് അവന്‍ ഒഴിഞ്ഞു മാറുകയോ അല്ലെങ്കില്‍ മറുചോദ്യം കൊണ്ട് നേരിടുകയോ ചെയ്തിട്ടുണ്ട്.

കള്ളം പറയരുതെന്ന കല്പന അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നവര്‍ക്ക് ഒരവസരത്തിലെങ്കിലും സുവിശേഷത്തിലെ ക്രിസ്തുവിനെ ഒരു നുണയനുമായി കാണേണ്ടിവരും. തിരുനാളിന് പോകുന്നുണ്ടോ എന്ന് യേശുവിന്‍റെ സഹോദരന്മാര്‍ അന്വേഷിക്കുന്ന ഒരു ഭാഗം യോഹന്നാന്‍റെ സുവിശേഷത്തിലുണ്ട് (7:8 -10) 'പോകുന്നില്ലെ'ന്ന് യേശു മറുപടി കൊടുത്തെങ്കിലും എല്ലാവരും പോയിക്കഴിഞ്ഞ ശേഷം അവനും തിരുനാളിന് പോയി എന്ന് നാം അവിടെ കാണുന്നു. അങ്ങനെയെങ്കില്‍ യേശു കള്ളസാക്ഷ്യം പറഞ്ഞുവെന്ന് വരില്ലേ? അങ്ങനെയല്ല വസ്തുത. ഇവിടെ, ക്രിസ്തു അവരുടെ ഗൂഢലക്ഷ്യത്തെ മനസ്സിലാക്കി അവരര്‍ഹിക്കുന്ന ഉത്തരമാണ് കൊടുത്തത്.

കേള്‍ക്കാന്‍ അര്‍ഹതയുള്ളവരോട് മാത്രമെ സത്യം പറയാന്‍ ബാധ്യതയുള്ളൂ. കേള്‍വിക്കാരന്‍റെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സത്യത്തിന്‍റെ വെളിപ്പെടുത്തലും  പലതരത്തിലായിരിക്കും. ദാമ്പത്യബന്ധത്തിലെ വളരെ സ്വകാര്യമായ ഒരു പ്രശ്നം മൂലം ഭാര്യയോട് പിണങ്ങി നടക്കുന്ന ഭര്‍ത്താവ്. കുഞ്ഞ് വന്ന് ചോദിക്കുന്നു: "എന്താ മമ്മീ പപ്പയിങ്ങനെ മിണ്ടാതെ നടക്കുന്നത്? " സത്യം പറയണമെന്ന ബാധ്യതയുള്ളതുകൊണ്ട് കുഞ്ഞിന്‍റെ മുന്നില്‍ അമ്മ അവരുടെ ദാമ്പത്യപ്രശ്നം വെളിപ്പെടുത്തിക്കൊണ്ട് കൃത്യമായ ഉത്തരം കൊടുക്കണമോ? അത് പാടില്ലെന്ന് മാത്രമല്ല, വലിയ  അവിവേകമായിരിക്കും ചെയ്യുന്നത്. ആ ചോദ്യത്തിന് കുഞ്ഞ് അര്‍ഹിക്കുന്ന ഉത്തരം: "പപ്പയ്ക്ക് നടുവിന് വേദനയാണെന്നോ" മറ്റോ ആയിരിക്കും. എന്നാല്‍ അവരുടെ ദാമ്പത്യപ്രശ്നത്തിന് ഒരു പരിഹാരം ഈ ദമ്പതികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൗണ്‍സലിംഗിലൂടെ ഇവരെ സഹായിക്കാന്‍ കഴിയുന്ന വ്യക്തിയുടെയടുത്ത് പ്രശ്നം തുറന്നു പറയുകയും ചെയ്യണം. ഇവിടെ ഈ സത്യത്തിന്‍റെ പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍ കേള്‍ക്കാന്‍ അര്‍ഹതയുള്ളവര്‍ ഇവര്‍ മാത്രമാണ്. ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്ന ഉത്തരം കൊടുക്കുക എന്നതാണ് സത്യം പറയുക എന്നതിന്‍റെ ലഘുവായ മാനദണ്ഡം.

രഹസ്യങ്ങളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍കൂടി മുന്നോട്ട് വയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു:

1. ദമ്പതികള്‍ക്കിടയില്‍ ചില സ്വകാര്യതകളുണ്ട്. അത് മറ്റാരോടും വെളിപ്പെടുത്താതിരിക്കാന്‍ ജീവിതപങ്കാളികള്‍ ബാധ്യസ്ഥരാണ്. ജീവിത പങ്കാളിയോട് കാണിക്കാവുന്ന ഏറ്റവും വലിയ ആദരവാണിത്. എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമായി വന്നാല്‍ മാത്രമെ പരസ്പര സമ്മതത്തോടെ മറ്റൊരാളോട് അത് വെളിപ്പെടുത്തേണ്ടതുള്ളൂ.

2. ആദ്യരാത്രിയില്‍ യുവമിഥുനങ്ങള്‍ പ്രണയതീവ്രതയില്‍ തങ്ങളുടെ പഴയകാല ജീവിതത്തിലെ സകല രഹസ്യങ്ങളും പങ്കുവയ്ക്കാനുള്ള പ്രവണത കാണിക്കാറുണ്ട്. ഒരാള്‍ തന്‍റെ വഴിവിട്ട പഴയകാല ബന്ധങ്ങളെക്കുറിച്ച് കുമ്പസാരിക്കുന്നത്, മറ്റെയാളേയും അത്തരം കുമ്പസാരത്തിന്  പ്രേരിപ്പിച്ചേക്കാം. പക്ഷേ സംഭവിക്കുന്നത്, ചിലപ്പോള്‍ ഒരാള്‍ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായാല്‍പോലും മറ്റേയാള്‍ അങ്ങനെതന്നെ ചെയ്യണമെന്നു നിര്‍ബന്ധമില്ല എന്നതാണ്.ദമ്പതികള്‍ രഹസ്യങ്ങളുടെ അപക്വമായ പങ്കുവയ്ക്കലില്‍നിന്ന് വിവേകപൂര്‍വ്വം മാറിനില്ക്കേണ്ടതുണ്ട്. മറകളും ഒളിച്ചുവയ്ക്കലുമില്ലാതെ ഉള്ള് ഉള്ളിനെ അറിയുന്ന, ലോകത്തിലെ ഏറ്റവും ഇഴയടുപ്പമുള്ള ബന്ധമാണു ദാമ്പത്യം. എന്നാല്‍, ഏറെ വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ച്, ജീവിതപങ്കാളികള്‍ അവരുടെ മാനസിക പക്വതയും പരസ്പരം മനസ്സിലാക്കാനുള്ള കഴിവും ബോധ്യപ്പെട്ടാലല്ലാതെ, സ്വകാര്യതയില്‍ സൂക്ഷിക്കേണ്ട രഹസ്യങ്ങള്‍ പങ്കുവയ്ക്കേണ്ടതില്ല. പങ്കാളികള്‍ തമ്മിലുള്ള ഹൃദയബന്ധം ദൃഢതരമാക്കാനാണ് ഭാര്യയും ഭര്‍ത്താവും ശ്രമിക്കേണ്ടത്. പഴയകാല രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ആ ബന്ധത്തിനു ഉലച്ചില്‍ തട്ടുമെങ്കില്‍, അതു പങ്കുവയ്ക്കാതിരിക്കാന്‍ തങ്ങളുടെ ബന്ധത്തെ ഉത്തരവാദിത്വപൂര്‍വ്വം കാണുന്നവര്‍ ശ്രമിക്കേണ്ടതുണ്ട്.

3. സൗഹൃദത്തിനും ചില സ്വകാര്യതകളുണ്ട്. അതിലേയ്ക്ക് നമ്മുടെ സാന്നിധ്യം കടന്ന് കയറാതിരിക്കാന്‍ ശ്രദ്ധിക്കണം. സമൂഹത്തില്‍ നിന്ന് തെല്ലകലം മാറിയിരുന്നു സംസാരിക്കുന്ന സുഹൃത്തുക്കള്‍ അവരുടെ സൗഹൃദത്തിന്‍റെ സ്വകാര്യതയിലാണ്. അവരുടെ ഇടയിലേയ്ക്ക് കടന്ന് ചെല്ലേണ്ട ആവശ്യമുണ്ടെങ്കില്‍ അനുവാദത്തോടു കൂടി മാത്രമായിരിക്കണം.

4. കൂടെയിരുന്ന് വായിക്കാന്‍ ക്ഷണിച്ചാലല്ലാതെ ജിജ്ഞാസയുടെ പേരില്‍ പോലും മറ്റുള്ളവരുടെ കത്തുകള്‍ തുറന്ന് വായിക്കരുത്. അതേ സമയം വളര്‍ന്ന് വരുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ അവരോടുള്ള എല്ലാവിധ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ സംരക്ഷണത്തിന്‍റെ ഒരു കണ്ണ് എപ്പോഴും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടായിരിക്കണം. ഒപ്പം മക്കള്‍ പക്വതയെത്തുന്നതനുസരിച്ച് അവരെ സുഹൃത്തുക്കളെപ്പോലെ കാണാനുള്ള ഹൃദയ വിശാലതയും വേണം.

5. ജിജ്ഞാസ എല്ലാ മനുഷ്യരിലുമുണ്ട്. എന്നാല്‍ എനിക്കറിയേണ്ട അത്യാവശ്യമില്ലാത്ത സംഗതികളില്‍ അനാവശ്യമായ ഇടപെടലുകളും 'അതെന്താണ്?, ഇതെന്താണ്? ' എന്ന കിള്ളിക്കിഴിഞ്ഞുള്ള ചോദ്യങ്ങളും ഉപേക്ഷിക്കാന്‍ ശ്രമിക്കണം.

6. ഏതെങ്കിലും സംഗതികളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ നമുക്കറിയാവുന്നതും രഹസ്യാത്മകതയുള്ളതുമായ കാര്യങ്ങള്‍ ഉത്തരവാദിത്വപൂര്‍വ്വകമായ സംസാര രീതിയില്ലാത്ത വ്യക്തികളോട് വെളിപ്പെടുത്താതിരിക്കാന്‍ ശ്രമിക്കണം. വിവേചനമില്ലാത്ത അവരുടെ സംസാരത്തിലൂടെ അത്തരം രഹസ്യങ്ങള്‍ പുറത്താവുകയും വ്യക്തികള്‍ക്ക് സമൂഹത്തില്‍ സത്പേര് നഷ്ടപ്പെടാനിടയാവുകയും ചെയ്യും.  

7. ആര്‍ക്കെങ്കിലും തിന്മ സംഭവിക്കാന്‍ വേണ്ടി അവരെക്കുറിച്ച് തനിക്കറിയാവുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലാത്തതാണ്. അതേസമയം തിന്മ രഹസ്യമാക്കി വച്ചുകൊണ്ട് അനീതിക്ക് കൂട്ടുനില്‍ക്കുകയുമരുത്. അതുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ കോടതിയില്‍ സത്യസന്ധമായ സാക്ഷ്യം കൊടുക്കാന്‍ ഒരാള്‍ക്ക് കടമയുണ്ട്.

8. രഹസ്യങ്ങളുടെ സൂക്ഷിപ്പ് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന മേഖലയാണ് ഡോക്ടര്‍-രോഗി ബന്ധം. എന്നാല്‍ രോഗിക്ക് ഗൗരവമായ ഒരു രോഗമുള്ളപ്പോള്‍ രോഗത്തിന്‍റെ നിജസ്ഥിതി രോഗിയെ ധരിപ്പിക്കാന്‍ ഡോക്ടര്‍ ബാധ്യസ്ഥനാണോ എന്ന ചോദ്യം  പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ലളിതമായ ഒരു പരിഹാരം, രോഗിയുടെ മരണം വൈദ്യശാസ്ത്രപരമായി തീര്‍ച്ചപ്പെടുത്താത്തിടത്തോളം രോഗിയ്ക്കും അവരുടെ ബന്ധുക്കള്‍ക്കും പ്രതീക്ഷ നല്കുന്ന സംസാരമേ ഡോക്ടറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാവൂ. കാരണം രോഗിയുടെ പ്രതീക്ഷയ്ക്ക് രോഗത്തെ മറികടക്കാനുള്ള കഴിവുള്ളതായി മനശ്ശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗൗരവതരമായ രോഗത്തിന്‍റെ കാര്യത്തില്‍ രോഗിയുടെ ബന്ധുക്കള്‍ മാനസിക കരുത്തുള്ളവരാണെന്ന് ബോധ്യപ്പെട്ടാല്‍ രോഗാവസ്ഥ അവരോട് സാവകാശം വെളിവാക്കാം. വൈദ്യശാസ്ത്രപരമായി മരണം തീര്‍ച്ചപ്പെടുത്തിയ കേസുകളില്‍ രോഗത്തെ മാനസികമായി ഉള്‍ക്കൊള്ളാന്‍ രോഗിയെ സാവകാശം ശക്തിപ്പെടുത്തണം.

9. ഒരു വൈദികനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് കുമ്പസാരത്തില്‍ ലഭിക്കുന്ന രഹസ്യം എത്ര തന്നെ വലുതായിരുന്നാലും വെളിപ്പെടുത്താന്‍ അവകാശമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് തിന്മ വരുത്താനായി തീരുമാനിച്ചുകൊണ്ട് ഒരാള്‍ വെളിപ്പെടുത്തിയ രഹസ്യത്തിന് വൈദികന്‍ പാപമോചനം കൊടുക്കാന്‍ പാടില്ല. കാരണം അത് അനുതാപത്തിന്‍റെ കൂദാശയല്ല. ആയതിനാല്‍ തിന്മയില്‍ നിന്ന് മനസ്സ് തിരിയാന്‍ തയ്യാറാകത്തതിനാല്‍ അദ്ദേഹം നടത്തിയത് കുമ്പസാരമെന്ന കൂദാശയല്ലെന്നും, കൂദാശയുടെ രഹസ്യാത്മകത അതില്‍ നിലനില്‍ക്കുന്നില്ലെന്നും വൈദികന്‍ വ്യക്തമായി അദ്ദേഹത്തോട് പറഞ്ഞിരിക്കണം.

സ്വകാര്യതയുടെ മറുവശമായി മറ്റൊന്നു കൂടി സൂചിപ്പിച്ചില്ലെങ്കില്‍ ഈ ധാര്‍മ്മിക വിചിന്തനം പൂര്‍ണ്ണമാകുന്നില്ല. സ്വകാര്യത അപരനോട് ഞാന്‍ പുലര്‍ത്തേണ്ട ധാര്‍മ്മിക ഉത്തരവാദിത്വമാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ സ്വകാര്യതയുടെ ഇടങ്ങളെ സാവകാശം പരിമിതപ്പെടുത്തിക്കൊണ്ട് സഹജീവികളോടൊപ്പം ജീവിതം പൊതുവായി പങ്കിട്ടാസ്വദിക്കാനാവണം. എല്ലാ കാര്യത്തിലും സ്വകാര്യതയുടെ ഇടങ്ങള്‍ മാത്രം തേടുന്നവരുടെ വ്യക്തിത്വം ചുരുങ്ങിപ്പോകുന്നു, സമൂഹജീവിതത്തില്‍ സന്തോഷം കളഞ്ഞുപോകുന്നു. ഭാര്യ ഭര്‍തൃബന്ധത്തിലും സൗഹൃദങ്ങളിലുമൊക്കെ എനിക്ക് നിന്നില്‍ നിന്ന് മറച്ച് വയ്ക്കാനൊന്നുമില്ലെന്ന മനസ്സിന്‍റെ വിശാലതയിലെത്തുമ്പോഴാണ് ജീവിതം ആഘോഷമാകുന്നത്. അവിടെ വ്യക്തിത്വങ്ങള്‍ക്ക് സുതാര്യത കൈവരുന്നു.


Edited by Fr. Jijo Kurian OFM Cap

Oct 12, 2009

0

66

Recent Posts

bottom of page