top of page

മിഷനറി രൂപതകളും, ഇടവകപ്പള്ളിയും

Feb 21, 2018

2 min read

തഎ

church

കേരളത്തിനു വെളിയില്‍ ജോലിചെയ്യുന്ന രണ്ടു സുഹൃത്തുക്കളുമായി ഈയിടെ കേരളത്തിനു വെളിയില്‍ വച്ച് ഒരു  സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ടായി. ഒരാള്‍ വടക്കേ ഇന്ത്യയിലെ ഒരു കത്തോലിക്കാ രൂപതയില്‍ മിഷനറി വൈദികന്‍. മറ്റേ ആള്‍ ദീര്‍ഘകാലമായി തമിഴ്നാട്ടിലും ഓറീസ്സായിലും ജോലി ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍. നമ്മള്‍ മലയാളികള്‍, ചെല്ലുന്നിടത്തെല്ലാം അവിടെയുള്ള സമൂഹത്തിന്‍റെ ഭാഗമാകുന്നവരാണ്. ഇതായിരുന്നു സംഭാഷണവിഷയം. 

മലയാളി ചെല്ലുന്നിടത്തെല്ലാം ലയിച്ചുചേരുന്നു. ചെന്നൈയിലെ സാന്തോം പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകാറുള്ള സുഹൃത്ത് പറഞ്ഞു, എല്ലാവരും ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നു. അതില്‍ മലയാളിയേത്, തമിഴനേത്, കന്നഡിഗായേത്, തെലുങ്കന്‍  ഏത് - തിരിച്ചറിയാനാവില്ല. ആദ്ധ്യാത്മികാവശ്യങ്ങള്‍ പ്രാര്‍ത്ഥിക്കാനൊരിടം - ഇതെല്ലാം നിറവേറിപ്പോരുകയും ചെയ്തിരുന്നു. കല്യാണങ്ങള്‍ വരുമ്പോള്‍ പെണ്ണിന്‍റെ/ ചെറുക്കന്‍റെ വിശേഷണങ്ങളുടെ വാലറ്റത്ത് 'റീത്താണു കേട്ടോ' എന്നൊരു ഘടകം ചിലപ്പോഴൊക്കെ ഉണ്ടാകുമായിരുന്നു. അപ്പോഴൊക്കെ "ലാറ്റിനോ റീത്തോ ആണെങ്കില്‍ നല്ലത്, അല്പം തലക്കനം കുറവായിരിക്കും" ഇങ്ങനെ കൂട്ടിച്ചേര്‍ക്കാന്‍ കൂട്ടത്തില്‍ ഒരു കാരണവരും ഉണ്ടായിരുന്നു.

ക്രമേണ സംഭാഷണം കേരളത്തിന് പുറത്ത് സീറോമലബാര്‍ സഭ ആരംഭിച്ച പുതിയ രൂപതയെപ്പറ്റിയായി. ഇന്ത്യയില്‍ സുറിയാനി കത്തോലിക്കര്‍ എവിടെയൊക്കെ ഉണ്ടോ അവരെയെല്ലാം തിരഞ്ഞുപിടിച്ച് പെറുക്കി മാറ്റി സിറിയന്‍ രൂപതകളുടെയും അതിന്‍റെ കീഴില്‍ വരുന്ന ഫൊറോനാകളുടെയും ഭാഗമാക്കാന്‍ പോകുന്നു. മിഷനറി സുഹൃത്തിന്‍റെ വേദന മനസ്സിലാക്കാവുന്നതേ ഉള്ളൂ. കയ്യും മെയ്യും മറന്ന് പണിതുണ്ടാക്കിയ കൊച്ച് ഇടവകയുടെ നെടുംതൂണായിരുന്ന ആറു മലയാളി കുടുംബങ്ങള്‍ ഇനി എന്‍റെ ഇടവകക്കാരല്ല, അവര്‍ക്കുവേണ്ടി ഇരുപതു വര്‍ഷം കുര്‍ബാന അര്‍പ്പിച്ച എന്നെയും വേണ്ട. തൂണില്ലാതെ മേല്‍ക്കൂര ഞാനെങ്ങനെ നിലനിര്‍ത്തും. ബാക്കിയുള്ള ഇടവകാംഗങ്ങളെ - ചിലര്‍ ആദിവാസികള്‍, ചിലര്‍ ലാറ്റിന്‍ റീത്തുകാര്‍, മലങ്കരക്കാര്‍, മാര്‍ത്തോമ്മാ സഭാംഗങ്ങള്‍- ഒന്നിപ്പിച്ചിരുന്നത് മലയാളികളാണ്. അവര്‍ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. ഇടപെടാനും ആളുകളെ കൂട്ടിയിണക്കാനും അറിയാമായിരുന്നു.

  കേരളത്തിനു വെളിയിലുള്ള കത്തോലിക്കാ രൂപതകളില്‍ 'സ്മാള്‍ ക്രിസ്റ്റ്യന്‍ കമ്യൂണിറ്റി' എന്ന പേരില്‍ ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ ചൈതന്യത്തോടെ. യാതൊരു വിഭാഗീയ ചിന്തകളുമില്ലാതെ കഴിഞ്ഞിരുന്ന ചെറുകൂട്ടായ്മകള്‍ക്ക് വലിയൊരു ആഘാതമാണ് പുതിയ രൂപത കൊണ്ടുവന്നിരിക്കുന്നത്.

കേരളത്തിനു വെളിയിലെ അക്രൈസ്തവര്‍ മതത്തെപ്പറ്റി ചോദിക്കുകയാണെങ്കില്‍ അങ്ങേ അറ്റത്തെ ചോദ്യം "ആര്‍ യു എ ക്രിസ്റ്റ്യന്‍?" എന്നായിരുന്നു. കുറെക്കാലമായി സഭകളെല്ലാം കൂടി നമ്മെ പഠിപ്പിച്ചു, "യെസ്, ക്രിസ്റ്റ്യന്‍, ബട്ട് ഐ ആം എ കാത്തലിക്" എന്നുപറയാന്‍. "ഒകെ. വാട്ട് എവര്‍ ഇറ്റ് ബി., യു ആര്‍ ക്രിസ്റ്റ്യന്‍" ഇത്രയും മതി അവര്‍ക്ക്.

തമിഴ്നാട് കുറച്ചുകൂടി പ്രബുദ്ധമാണ്. ഏഴുവര്‍ഷം തൃശ്ശിനാപ്പള്ളി സെന്‍റ് ജോസഫ്സ് കോളേജില്‍ കേള്‍ക്കാറുണ്ടായിരുന്ന ചോദ്യം "ആര്‍ യൂ ആര്‍സി?" എന്നാണ്. അതായത് റോമന്‍  കാത്തലിക് ആണോ എന്ന്. യെസ്, റോമന്‍ കാത്തലിക്, ബട്ട് ഐ ആം എ സിറിയന്‍ റോമന്‍ കാത്തലിക് എന്നു പറയുമ്പോള്‍, "ഓ കെ വാട്ട് എവര്‍ ഇറ്റ് ബി, യു ആര്‍ എ കാത്തലിക്" ഇത്രയും മതി അവര്‍ക്ക്.

ഇന്ത്യ മുഴുവനുമുള്ള ക്രൈസ്തവരെ ചേരിതിരിച്ചു നിര്‍ത്തുന്ന ദൗത്യത്തില്‍ മുന്‍നിരക്കാര്‍ കേരളീയരാണ് എന്നു വന്നിരിക്കുന്നു. ഏറെ താമസിയാതെ, "ആര്‍ യു എ സിറിയന്‍ കാത്തലിക്" എന്ന ചോദ്യത്തിന്‍റെ മറുപടി, "യെസ്, ബട്ട് ഐ ആം ഫ്രം .... ആര്‍ച്ച് ഡയോസീസ്" എന്നായാല്‍ അത്ഭുതപ്പെടാനില്ല. 

യൂറോപ്പില്‍ 'ജര്‍മ്മന്‍ മതില്‍' തകര്‍ന്നു, സ്പിരിച്വല്‍ ബട്ട് നോട്ട് റിലിജസ് (sbnr) വളരുന്നു, കത്തീഡ്രലുകള്‍ റിസോര്‍ട്ടുകളായി, സെമിനാരികള്‍ കോളേജുകളോ, ക്യാമ്പ് സൈറ്റുകളോ ആയി. അവിടെയൊക്കെ മതത്തിന്‍റെ പിടി അയഞ്ഞുവരുന്നു. മനുഷ്യന്‍റെ ഇടപെടലുകള്‍ കൂടുതല്‍ നീതിനിഷ്ഠവും സത്യസന്ധവുമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രി മതസങ്കുചിതത്വം ആയിത്തീര്‍ന്നിരിക്കുന്നു. കത്തോലിക്കര്‍ കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ത്തന്നെ വിട്ട് മക്കളെ പഠിപ്പിക്കണം. അതുകേട്ടിട്ട് ഈഴവര്‍ അവരുടെ മക്കളെ എസ്. എന്‍. ഡി. പി. സ്കൂളിലും നായന്മാര്‍ അവരുടെ മക്കളെ എന്‍. എസ്. എസ്. സ്കൂളിലും പഠിപ്പിക്കുന്നു. ഇത്തരം സങ്കുചിത്വം ആരംഭിക്കുന്നത് സുറിയാനി കത്തോലിക്കരില്‍ നിന്നാണ് താനും.


"മിഷനറി അച്ചനില്‍ നിന്നും ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. സാര്‍വ്വത്രിക കത്തോലിക്കാസഭയില്‍ ഇരുപത്തിനാലു റീത്തുകള്‍ ഉണ്ടത്രേ. ഇവര്‍ പരസ്പരം വിമര്‍ശിക്കാന്‍ പാടില്ലെന്നു മാത്രമല്ല, ഒരു റീത്തില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങളെ പ്രശംസിക്കാന്‍ പോലും പാടില്ല. ഞാന്‍ എഴുതുന്ന ഈ ലേഖനം ഇങ്ങനെ എഴുതാന്‍ എന്‍റെ മിഷനറി സുഹൃത്തിനു സ്വാതന്ത്ര്യമില്ലെന്ന് അര്‍ത്ഥം. ഈ പെരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സുവിശേഷപ്രവര്‍ത്തനം നടത്തുന്ന സീറോ മലബാര്‍ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും ഇതിനെപ്പറ്റി ഒന്നും പറയാന്‍ സാധ്യമല്ല. ഇത്രയും കാലം ഇവരൊക്കെ മഞ്ഞും വെയിലും കൊണ്ട് പണിതുണ്ടാക്കിയ സ്നേഹകൂട്ടായ്മകളുടെ തൂണുകളെ വച്ചുകെട്ടായി ഉപയോഗിച്ചായിരിക്കും പുതിയരൂപതയിലെ കത്തീഡ്രല്‍ എന്ന കോണ്‍ക്രീറ്റ് കൊട്ടാരം ഉയരുക. കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് കത്തീഡ്രലുകളുടെ ബ്ലൂപ്രിന്‍റ് ഇതിനകം അവിടെ എത്തിയിട്ടുണ്ടാകും. അതുപോലെയൊന്ന് അവിടെ പണിയുവാന്‍. "

 

സംഭാഷണം ഇത്രയുമായപ്പോള്‍ എന്‍റെ അല്മായ സുഹൃത്ത് അദ്ദേഹത്തിന്‍റെ മകളുടെ വിവാഹം സംബന്ധിച്ച് 'കുറി' വാങ്ങിക്കാന്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ പെട്ട സ്വന്തം ഇടവകയില്‍ ചെന്നപ്പോഴുണ്ടായ സങ്കടകരമായ അനുഭവം വിവരിച്ചു, "കുറി തരാം, പക്ഷേ ചില കാര്യങ്ങള്‍ ഉണ്ട്.

കേരളത്തിനു വെളിയിലായിരുന്ന ഇടവകാംഗമാണെന്നറിയാം. പക്ഷേ നമ്മുടെ ഇടവകയുടെ അതിര്‍ത്തിക്കുള്ളില്‍ വീടു പണിതിട്ടുണ്ടല്ലോ. പണിത വീട്ടില്‍ താമസിച്ചില്ലെങ്കിലും വീടു വെഞ്ചരിപ്പു മുതല്‍ ഇന്നുവരെയുള്ള മാസവരി കുടിശിക അടയ്ക്കുക തുടങ്ങി പല വകുപ്പുകളില്‍ നിരവധി പിരിവുകള്‍.

ദൈവജനവും സഭയും തമ്മിലുളള മതില്‍ക്കെട്ടുകളെ തകര്‍ക്കാനാണോ വലുതാക്കാനാണോ ഇപ്രകാരമുള്ള നിലപാടുകള്‍ സഹായിക്കുക?

മിഷനറി വൈദികന്‍റെ ആകാംക്ഷകള്‍ കേട്ടപ്പോള്‍ മനസ്സില്‍ വന്ന ഒരു ചിന്ത ഇതാണ് - ഒക്ടോബര്‍മാസം തോറും മിഷന്‍ സണ്‍ഡേ പിരിവ് കൊടുക്കുന്നത് മലയാളികളെ റീത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കാന്‍ വേണ്ടി കൂടിയാണോ? മറ്റൊന്ന് അല്മായ സുഹൃത്തിന്‍റെ അനുഭവം സൂചിപ്പിക്കുന്നത് പള്ളിയുടെ നടത്തിപ്പില്‍ പ്രകടമാകുന്ന സംഘടനാ പാടവമാണ്. ഇത്  സഭയ്ക്ക് അഭിമാനമോ നാണക്കേടോ?


തഎ

0

0

Featured Posts