

2025 സെപ്റ്റംബർ 1-ാം തിയതി, മിലാനിലുള്ള ഒപേറ സാൻ ഫ്രാൻചേസ്കോ പേർ ഈ പൊവേറി (St. Francis' Work for the Poor) എന്ന ജീവകാരുണ്യ സംഘടനയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ പാപ്പാ ഒരു ഹ്രസ്വ സന്ദേശം നല്കി.
(കപ്പൂച്ചിൻ സന്ന്യാസ സമൂഹംഗമായിരുന്ന ധന്യൻ സെസീലിയോ മാരിയ കോർതിണോവിസ് -അദ്ദേഹവും വിനയാന്വിതനായ ഒരു പോർട്ടർ ആയിരുന്നു- ആരംഭമിട്ട്, കഴിഞ്ഞ എഴുപതു വർഷമായി, ആണ്ടിൽ ഏതാണ്ട് 30,000 പേർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ നല്കി പരിചരിക്കുന്ന ഒരു ജീവകാരുണ്യ പ്രസ്ഥാനമാണത്രേ അത് ).
സന്ദേശം ആർക്കാണ് നല്കിയത് എന്നതല്ല ഞാനിവ ിടെ ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം. മറിച്ച്, അദ്ദേഹം അസ്സീസിയിലെ വി. ഫ്രാൻസിസിനെ ഉദ്ധരിച്ചുകൊണ്ടും ശ്ലാഘിച്ചുകൊണ്ടും പറഞ്ഞ കാര്യങ്ങളിൽ ഒരു വാചകം മാത്രമാണ് എൻ്റെ ഫോക്കസ്.
"ദരിദ്രരെക്കുറിച്ച് വിശുദ്ധ ഫ്രാൻസിസ് പറയുന്ന വാക്കുകൾ ഓർമ്മിക്കുന്നത് നല്ലതാണ്: 'നിങ്ങൾ ദരിദ്രനായ ഒരു മനുഷ്യനെ കാണുമ്പോൾ, കർത്താവിന്റെയും, അവൻ്റെ ദരിദ്രയായ മാതാവിൻ്റെയും ഒരു കണ്ണാടിയാണ് നിങ്ങൾക്ക് മുമ്പിൽ പ്രതിഷ്ഠിക്കപ്പെടുന്നത്."
"വിനീതനും ദരിദ്രനും ക്രൂശിതനുമായ ക്രിസ്തു" എന്നതായിരുന്നു ഫ്രാൻസിസ്കൻ ആധ്യാത്മികതയുടെ എക്കാലത്തെയും നിമന്ത്രണവാക്യം. നൂറ്റാണ്ടുകളോളം ക്രിസ്തുവിനെയും അവൻ്റെ മാതാവിനെയും കുറിച്ച് ഈയൊരു പ്രതിച്ഛായ സഭയിൽ നിലനിന്നിരുന്നതുമാണ്.
എന്നാൽ, നമ്മുടെ ഇക്കാലത്ത് അത്തരം ഒരു പ്രതിച്ഛായ അമ്പേ നഷ്ടമായി പോയിരിക്കുന്നു! കൃത്രിമബുദ്ധി ഉല്പാദിപ്പിച്ച ക്രിസ്തുവിന്റെയും അവൻ്റെ മാതാവിന്റെയും എത്രയോ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതിയെന്നോണം ആശംസാ ചിത്രങ്ങളായി നമ്മിലേക്ക് എത്തുന്നത്! ചക്രവർത്തി എന്ന പ്രതിഛായ മാത്രമേ ഇക്കാലത്ത് ക്രിസ്തുവിന് അവശേഷിക്കുന്നുള്ളൂ എന്ന് തോന്നും. യേശു കറുത്തവൻ ആയിരുന്നു എന്ന് കേട്ടാൽത്തന്നെ സവർണ്ണർക്ക് ഉടനേ ഹാലിളകും! ഓരോ ദിവസവും കൂടുതൽ കൂടുതൽ വെളുത്ത ചർമ്മത്തോടെയും, ഏതൊരു ലോകസുന്ദരിയും തോറ്റുപോകത്തക്ക സൗന്ദര്യത്തോടും മൃദുലമായ ഉടയാടകളോടും കൂടിയാണ് ആ മാതാവിനെ കാണാൻ കഴിയുന്നത്! കാണുമ്പോഴേ ചെകിടിപ്പ് തോന്നി ഡിലീറ്റ് ചെയ്യും ഞാനവയൊക്കെ!
യേശുവിനെയും അവന്റെ മാതാവിനെയും മാത്രമല്ല, ലോകത്തിലെ മാധ്യമങ്ങളിലും മിനുസക്കടലാസിൽ അച്ചടിച്ചിറങ്ങുന്ന, ധനവാന്മാരുടെ മേശകളെ അലങ്കരിക്കാൻ ഉദ്ദേശിച്ചുള്ള മാസികകളിലും, മിക്കവാറും ചലച്ചിത്രങ്ങളിൽ നിന്നു പോലും അദൃശ്യമാക്കപ്പെടുന്ന മനസ്സും മജ്ജയും മാംസവും ജീവനും ആത്മാവും ആത്മാഭിമാനവുമുള്ള കോടാനുകോടി ദരിദ്രരെ കൊഞ്ഞനം കുത്തുന്ന അശ്ലീലങ്ങളാണ് ഇക്കാലത്തെ ക്രിസ്തു - മേരി ഇമേജറികൾ പലതും!
