top of page

അത്ഭുതം ആത്മീയതയുടെ അവസാന വാക്കല്ല

Apr 1

5 min read

ഫജ
Image :  A man praying

സാധാരണ മനുഷ്യര്‍ക്ക് അസാധ്യമായതിനെ ആളുകള്‍ അത്ഭുതം എന്നു വിളിക്കുന്നു. ചില ആത്മീയ നേതാക്കള്‍, ആചാര്യന്മാര്‍ ഇവരൊക്കെ സാധാരണക്കാരന്‍റെ ദൃഷ്ടിയില്‍ അത്ഭുതങ്ങളാകുന്നു. എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത്, ആവാന്‍ കഴിയാതിരുന്നത് അവര്‍ക്കു സാധിക്കുന്നു - അങ്ങനെ അവര്‍ അത്ഭുതങ്ങളായി മാറുന്നു. ഞാന്‍ ബാംഗ്ലൂരില്‍ പഠിച്ചിരുന്ന സമയത്ത് ഒരു സ്ത്രീയെ കണ്ടു. അവര്‍ ഒരു പ്രത്യേക മാനസികാവസ്ഥയില്‍പ്പെട്ട് (psychotic stupor), നിശ്ചലാവസ്ഥയില്‍ ആരോടും മിണ്ടാതെ, നോക്കാതെ, ജലപാനം പോലുമില്ലാതെ പ്രതിമപോലെയിരിക്കുകയാണ്. സാധാരണ മനുഷ്യനു സാധിക്കുന്നതിലുമേറെ സമയം അവര്‍ ഇരിപ്പുതുടര്‍ന്നപ്പോള്‍ ആളുകള്‍ അവരെ അത്ഭുതത്തോടെ കാണാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ മനഃശാസ്ത്ര വിശദീകരണമുള്ള ഒരു മാനസികാവസ്ഥയാണിത്. പക്ഷേ നാലോ, അഞ്ചോ ദിവസങ്ങളായപ്പോള്‍ അവള്‍ തളര്‍ന്നുവീണു; അബോധാവസ്ഥയിലായി. തുടര്‍ന്ന് ആരോ അവരെ ആശുപത്രിയിലെത്തിച്ചു.

അത്ഭുതത്തിന് ദൈവവുമായുള്ള ബന്ധം വിശദീകരിക്കേണ്ടിവരുമ്പോള്‍ സിഗ്മണ്ട് ഫ്രോയ്ഡായിരിക്കും അതിന് നല്ലൊരു വിശദീകരണം തരുന്നത്. ദൈവത്തെപ്പറ്റി അദ്ദേഹം പറയുന്നത് ഒരു 'സൂപ്പര്‍ പപ്പ' എന്നാണ്. കുഞ്ഞുങ്ങള്‍ക്ക് ദൈവമാരാണ്? അവന്‍റെ മാതാപിതാക്കള്‍ തന്നെ. കാരണം കുഞ്ഞ് എല്ലാ ഇഷ്ടങ്ങളും സാധിച്ചെടുക്കുന്നത് അവരിലൂടെയാണ്. കുഞ്ഞിന്‍റെ ആഗ്രഹങ്ങള്‍ പരിമിതമാണ്. കളിപ്പാട്ടം വാങ്ങാനോ എന്തെങ്കിലും എടുക്കാനോ ഒക്കെ അവന് അച്ഛനമ്മമാരുടെ സഹായം ലഭിക്കും. അതുകൊണ്ട് അവന് അപ്രാപ്യമായി ഒന്നുമില്ലെന്നുവരുന്നു. അല്പം കഴിയുമ്പോള്‍ അമ്മ അച്ഛനെ അനുസരിക്കുന്നതു കാണുമ്പോള്‍ മക്കള്‍ കരുതുന്നു, അച്ഛനാണ് ഏറ്റവും വലിയ ദൈവം എന്ന്. കുറച്ചുകൂടി നാള്‍ കഴിയുമ്പോള്‍ അവന്‍ തിരിച്ചറിയുന്നു ഈ അച്ഛന് തന്‍റെ ടീച്ചറിനോട് ബഹുമാനമാണെന്ന്. അപ്പോള്‍ ടീച്ചറാകുന്നു അവന്‍റെ ദൈവം. എന്നാല്‍ കുഞ്ഞു മുതിരുമ്പോള്‍, അവന്‍റെ ആഗ്രഹങ്ങള്‍ വളരുമ്പോള്‍ അപ്പനോ അമ്മയ്ക്കോ അധ്യാപകര്‍ക്കോ അതു സാധിച്ചു നല്‍കാനാവാതെ വരുമ്പോള്‍ അവന് മറ്റൊരു ദൈവം ആവശ്യമായിവരുന്നു. ഇങ്ങനെ ആശ്രയിക്കാനൊരാളെന്ന സങ്കല്പത്തെ അവന്‍ ദൈവമെന്ന് വിളിക്കുന്നു.

എല്ലാ വേദങ്ങളും ദൈവത്തെപ്പറ്റി വളരെ പ്രാധാന്യത്തോടെയാണ് പഠിപ്പിക്കുന്നത്. മനുഷ്യന് സാധ്യമല്ലാത്ത എല്ലാറ്റിനെയും സാധ്യമാക്കുന്ന ശക്തിയാണു ദൈവം. അതുകൊണ്ടു തന്നെ അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തൊരു ശക്തിയെ അവന് ദൈവമായി കാണാനാവുന്നില്ല. പഴയനിയമത്തില്‍ ദൈവം അഗ്നിനാളങ്ങളായും മേഘസ്തംഭമായും കടല്‍പിളര്‍ക്കുന്നവനായും സാമ്രാജ്യത്തശക്തികള്‍ക്കെതിരെ പടപൊരുതുന്നവനായും അത്ഭുതം കാണിക്കുന്നു. പുതിയനിയമത്തില്‍ മനുഷ്യന്‍റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാനാവുന്ന ശക്തനായ ക്രിസ്തുവാണ് ദൈവം. എന്നാല്‍ ക്രിസ്തുവിന്‍റെ കാലത്ത് എത്രയോപേര്‍ അന്ധരായും ചെകിടരായും രോഗികളായും ബന്ധുക്കള്‍ മരിച്ചവരായും ഉണ്ടായിരുന്നു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തിയതായും വീണ്ടെടുത്തതായും പറയുന്നില്ല. പക്ഷേ നാമാകട്ടെ അതൊന്നും ഗൗനിക്കുന്നേയില്ല. എന്നിട്ട് അത്ഭുതം ചെയ്ത ക്രിസ്തുവിനെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നു. ഒരു ധ്യാനകേന്ദ്രത്തില്‍ വിരലിലെണ്ണാന്‍ മാത്രം അത്ഭുതങ്ങളേ നടക്കുന്നുള്ളൂ എങ്കിലും അവയെ പെരുപ്പിച്ചു കാണിക്കുകയാണ്. ഇവിടെ നമുക്ക് ഇഷ്ടമുള്ളതുമാത്രം തെരഞ്ഞെടുക്കുകയാണ്; അത് നമ്മുടെ ഒരു ആന്തരികാവശ്യത്തെ തൃപ്തിപ്പെടുത്താന്‍ കൂടിയാണ്. കാരണം അത്തരമൊരു ദൈവം മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണ്. ഈ ഉദാഹരണം നോക്കൂ. നമ്മുടെ വീടിന്‍റെ വാതില്‍ പൂട്ടിയിരിക്കുന്നു. ഇന്നത്തെ പുതിയ ടെക്നോളജി അനുസരിച്ച് ഇത് പുറത്തുനിന്ന് മറ്റൊരാള്‍ക്ക് തുറക്കാനായേക്കും. പക്ഷേ അതിനെപ്പറ്റി തെല്ലും ബോധ്യമില്ലാത്ത ഞാന്‍ എന്‍റെ സുരക്ഷിതത്വം മുഴുവന്‍ ഈ പൂട്ടിലാണെന്ന മട്ടില്‍ അതിനെ ഉറ്റുനോക്കിയിരിക്കുന്നു.

1970 കളുടെ പകുതിയിലാരംഭിച്ച് 2005 ഓളം എത്തിയ ഒരു കാലഘട്ടമുണ്ട്. അന്ന് കൈകളില്‍ പൂജിച്ച ചരടുകളോ കഴുത്തില്‍ വെഞ്ചെരിച്ച മാലകളോ ഏറെയൊന്നും കാണാനില്ലായിരുന്നു. മനുഷ്യന്‍ തന്‍റെ ആന്തരിക ശക്തിയെ കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ 2010നോടു കൂടി ലോകം വളരെ വലിയൊരു അരക്ഷിതാവസ്ഥയിലേയ്ക്ക് നീങ്ങിത്തുടങ്ങി. രോഗം, സാമ്പത്തിക പ്രതിസന്ധികള്‍, പ്രകൃതിപീഡകള്‍ ഇവയെല്ലാം വര്‍ദ്ധിച്ചുവരുന്നു. മനുഷ്യന്‍ കൂടുതല്‍ അസ്വസ്ഥനാകാന്‍ തുടങ്ങി. ചരടുകള്‍, വെന്തിങ്ങ, കൊന്ത ഇവയൊക്കെ ധാരാളംപേര്‍ അണിഞ്ഞു തുടങ്ങി. ധ്യാനകേന്ദ്രങ്ങളില്‍ അസ്വസ്ഥരായ ജനങ്ങള്‍ എത്തിത്തുടങ്ങി. എന്നിട്ട് ഓരോരുത്തരും തങ്ങള്‍ക്കാവശ്യമായ ദൈവത്തെ സൃഷ്ടിക്കുകയാണ്. ചിലര്‍ക്ക് ചില അത്ഭുതങ്ങളാണ് ആവശ്യം. ചിലര്‍ക്ക് അല്പംകൂടി കരുതല്‍ തരുന്ന ദൈവത്തെ, മറ്റുചിലര്‍ക്ക് മക്കളുടെ ഭാവി, സാമ്പത്തിക സുരക്ഷിതത്വം ഇവയൊക്കെ നേടിത്തരുന്ന ദൈവത്തെ. അങ്ങനെ ഓരോരുത്തര്‍ക്കും വേണ്ട മാറ്റങ്ങള്‍ വരുത്തിത്തരുന്ന ഒരു ദൈവം സൃഷ്ടിക്കപ്പെടുന്നു.

ഇവിടെ മുങ്ങിത്താഴാന്‍ ശ്രമിക്കുന്നവന് ഏതു കച്ചിത്തുരുമ്പും ആശ്രയമായി തോന്നില്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. ഈ വിചാരത്തില്‍ നന്മയും തിന്മയുമുണ്ട്. നന്മ ഇതാണ്: ഒരാള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് സ്വയം ഇല്ലാതായിത്തീരാതെ ഒരു ശക്തിയിലാശ്രയിക്കുന്നു. തന്മൂലം പ്രത്യാശയോടെ ജീവിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുള്ളത്, സ്വയം കേന്ദ്രീകൃതമാകുന്നു എന്നതാണ്. ക്രിസ്തുസ്വഭാവത്തെ മനുഷ്യനു മനസ്സിലാക്കിക്കൊടുക്കാനും അവനതു സ്വാംശീകരിക്കാനും വേണ്ടിയാണ് സുവിശേഷത്തില്‍ ക്രിസ്തു ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ ക്രിസ്തു സ്വഭാവത്തില്‍ ഒരു സാമൂഹിക പ്രതിബദ്ധതയും കൂടി വെളിവാക്കപ്പെടുന്നുണ്ട്. ഇത്തരമൊരു സ്വഭാവത്തിലേക്ക് വളര്‍ത്താനുതകുന്നതാകണം അത്ഭുതങ്ങള്‍. പക്ഷേ, ദൈവവിശ്വാസം ചില വ്യക്തിപരമായ നേട്ടങ്ങള്‍ക്കു മാത്രമുള്ളതായി പരിമിതപ്പെടുന്നു. അപ്പോള്‍ നമ്മുടെ കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങളെപ്പറ്റി നാം ആകുലപ്പെടുന്നതേയില്ല. സമൂഹം, സഭ ഇവയെല്ലാം മാറിപ്പോകുന്നു. അതോടെ നമ്മില്‍ ദൈവസ്വഭാവം ഇല്ലാതാകുന്നു.

നടത്തപ്പെട്ട ഒരു പരീക്ഷണത്തെക്കുറിച്ച് പറയാം: നീളമുള്ള ഒരു ടണലിലൂടെ 100 പേരെ കയറ്റിവിട്ടു. അവരോട് പറഞ്ഞു, അതിന്‍റെ കൃത്യം നടുവിലായി ഒരു ചുവന്ന ലൈറ്റ് കത്തിനില്‍പ്പുണ്ടാവും എന്ന്. ഈ ലൈറ്റ് 80 പേരും കണ്ടു. എന്നാല്‍ ഈ ചുവന്നലൈറ്റ് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, നല്‍കപ്പെടുന്ന നിര്‍ദേശങ്ങള്‍ അതേപടി സ്വീകരിക്കുന്നവര്‍ക്ക് അവയൊക്കെ അനുഭവിക്കാനാകുന്നു. സ്വീകരിക്കാത്തവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നുകയില്ല. മാതാവിന്‍റെ ഫോട്ടോയില്‍നിന്ന് രക്തം ഒഴുകുന്നു എന്നു പ്രചരിക്കപ്പെടുമ്പോള്‍ മുന്‍പറഞ്ഞ പരീക്ഷണങ്ങളില്‍ നടന്നതിനോടു സമാനമായ കാര്യങ്ങളാണു സംഭവിക്കുന്നത്.

മറ്റൊരു കാര്യമുള്ളത് ബുദ്ധിമാന്ദ്യമുള്ള കുട്ടി, കൈയില്ലാത്ത വ്യക്തി ഇവരൊന്നും സാധാരണ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി പറയുന്ന ഒരത്ഭുതവും കേട്ടിട്ടില്ല. അതായത് ഇല്ലാത്തയൊന്നിനെ സൃഷ്ടിക്കുന്നതിനെയല്ല, മറിച്ച് അപൂര്‍വ്വമായെങ്കിലും സംഭവ്യമായത് സംഭവിക്കുമ്പോഴാണ് അതിനെ അത്ഭുതം എന്നു വിളിക്കുന്നത്.

ഒരു മനഃശാസ്ത്രജ്ഞന്‍ അന്വേഷിക്കുന്നത് അത്ഭുതങ്ങള്‍ ശരിയോ തെറ്റോ എന്നല്ല, അവകൊണ്ട് മനുഷ്യന് പ്രയോജനമുണ്ടോ എന്നാണ്. അത്ഭുതങ്ങള്‍ വളരെപ്പേര്‍ക്ക് പ്രയോജനകരമാണെന്നിരിക്കെ അത് നിരാകരിക്കേണ്ടതില്ല. എന്നാല്‍ ആത്മീയത അത്ഭുതങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുവാനും പാടില്ല. ചില അത്ഭുതപ്രവര്‍ത്തനങ്ങളിലും രോഗശാന്തികളിലും മാത്രമായി തങ്ങിനില്‍ക്കുന്ന ആത്മീയത വളരെ ദുര്‍ബലമായിരിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ആത്മീയവളര്‍ച്ചയ്ക്ക് സഹായകരമാവുകയും ചെയ്യും. ബോണ്‍വിറ്റ മാത്രം കഴിച്ച് ജീവിക്കാനാവില്ല. എന്നാല്‍ അത് ആരോഗ്യത്തെ സഹായിച്ചേക്കാം എന്നതുപോലെയാണത്. ആത്മീയതയെ വളര്‍ത്തുന്ന നൂറായിരം കാര്യങ്ങളിലൊന്നുമാത്രമായി ഇതിനെ കാണണം.

പ്രാര്‍ത്ഥിച്ച് അസുഖം മാറി, ദൈവത്തിലേയ്ക്ക് അടുത്തവരുടെ ആത്മീയത വികലമാകണമെന്നുണ്ടോ? എല്ലാവര്‍ക്കും പൊറോട്ട ഇഷ്ടമല്ല, ചപ്പാത്തി ഇഷ്ടമല്ല എന്നു പറയുംപോലെയാണിത്. ചിലര്‍ക്ക് അത്ഭുതം കണ്ടാലേ തൃപ്തിയാകൂ. മറ്റുചിലര്‍ക്കോ അത് ഒരു സിനിമകാണുംപോലെ ചിരിച്ചുതള്ളാനുള്ളതും. ഒരാളുടെ ബുദ്ധിപരമായ കഴിവും, ആത്മീയവളര്‍ച്ചയും മാനസ്സികാവസ്ഥയും അനുസരിച്ചുള്ള ഒരു പരിപോഷണമാണ് ഇതിലൂടെ ലഭിക്കുന്നത്. ചിലര്‍ക്ക് നല്ല സാഹിത്യകൃതി വായിക്കുന്നത്, ചിലര്‍ക്ക് പള്ളിയില്‍ ശാന്തമായിരിക്കുന്നത്, ചിലര്‍ക്ക് സാധുക്കളെ ശുശ്രൂഷിക്കല്‍, ചിലര്‍ക്ക് പാട്ട് കുര്‍ബാന ഇങ്ങനെ വൈവിധ്യമാര്‍ന്ന കാര്യങ്ങളാണ് ഓരോരുത്തര്‍ക്കും ആത്മീയവര്‍ദ്ധനയ്ക്ക് ആവശ്യമായിട്ടുള്ളത്. 'സഹിക്കുന്ന ക്രിസ്തു' എന്ന ഒരു ചിന്ത പലപ്പോഴും വളരെ ബുദ്ധിപരമായി ചിന്തിക്കുന്ന ആളുകള്‍ക്ക് ഒക്കെയാവും ദഹിക്കുക. എന്നാല്‍ സാധാരണക്കാരനാവട്ടെ, തന്നെ കഷ്ടപ്പെടുത്തുന്ന, എല്ലാ സാമൂഹിക ചുറ്റുപാടുകളിലും മാറ്റം വരുത്തുന്ന, തന്നെ വേദനകളില്‍നിന്നും മോചിപ്പിക്കുന്ന, അങ്ങനെ നല്ല ഒരു ആത്മീയത തനിക്കു സൃഷ്ടിച്ചുതരുന്ന ഒരു ക്രിസ്തുവിനെയാണ് ആവശ്യം. ഇവിടെ എത്രയധികം മതങ്ങളാണുള്ളത്. ഓരോ തരം ആത്മീയപോഷണമാണ് വിവിധതരം ആളുകള്‍ക്ക് ആവശ്യമുള്ളത് എന്നതാണ് ഇതിനു കാരണം. ഉദാഹരണമായി എത്ര നന്നായി പാല്‍പ്പായസം വച്ചാലും ചിലര്‍ക്ക് അത് ഇഷ്ടമായെന്നു വരില്ല. അതുകൊണ്ടുതന്നെയാണ് ഇന്ന സഭയുടെ ആരാധനയാണ് മറ്റുള്ളവയേക്കാള്‍ മെച്ചം എന്നു നമുക്കു തീര്‍പ്പാക്കാന്‍ കഴിയാതെ പോകുന്നത്. അതുകൊണ്ട് ആത്മീയതയുടെ കാര്യത്തില്‍ ഈ വ്യത്യസ്തത, ആവശ്യഘടകം തന്നെയാണ്. എന്‍റെ ജീവിതത്തില്‍, എന്‍റെ കമ്യൂണിറ്റിയുടെ ജീവിതത്തില്‍, എന്‍റെയും എന്‍റെ കമ്യൂണിറ്റിയുടെയും ദൈവാന്വേഷണത്തില്‍, എന്നെ സഹായിക്കുന്നതൊക്കെയും എനിക്ക് ദൈവാനുഭവമായി മാറുന്നു.

ഒരു വിധവയുടെ മകന്‍ മരിക്കുമ്പോള്‍ ക്രിസ്തു അവനെ ഉയിര്‍പ്പിക്കുന്നുണ്ട്. ഇതേസമയം തന്‍റെ മരിച്ചുപോയ കുഞ്ഞുമായി ബുദ്ധന്‍റെയടുത്ത് വരുന്ന ഒരു സ്ത്രീയെ അദ്ദേഹം ആരും മരിക്കാത്ത വീട്ടിലെ കടുകുകൊണ്ടുവരാന്‍ പറഞ്ഞുവിടുകയാണ്. അങ്ങനെ അവള്‍ക്ക് മരണമെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ബുദ്ധന്‍ കരുത്തുകൊടുക്കുകയായിരുന്നു എന്നു കരുതപ്പെടുന്നു. ഇതിനെപ്പറ്റി പറയുമ്പോള്‍ അറിയേണ്ട ചിലതുണ്ട്. യേശുക്രിസ്തു തന്‍റെ ജീവിതകാലത്ത് ആകെ മൂന്നോ നാലോ പേരെ മാത്രമേ ഉയിര്‍പ്പിച്ചതായി പറയുന്നുള്ളൂ. വീണ്ടും എത്രയോ പേര്‍ അവനുചുറ്റും മരണപ്പെട്ടു. തന്‍റെ അമ്മയുടെ ബന്ധുക്കള്‍, യൗസേപ്പിതാവ്, തന്‍റെ വചനം ശ്രവിച്ച അനേകര്‍. എന്നാല്‍ അവന്‍ ചിലരെ മാത്രം ഉയിര്‍പ്പിച്ചതിന് കാരണമില്ലാതില്ല. അന്നത്തെ ആ സമൂഹത്തില്‍ ഏക മകന്‍ കൂടി നഷ്ടപ്പെടുന്ന ഒരു വിധവയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. അത് അവന് നന്നായറിയാമായിരുന്നു. ആ വിവരം അവനെ മറ്റുള്ളവര്‍ അറിയിക്കുന്നത് വിധവയോടുള്ള പരിഗണന എന്നതിലേറെ ഒരു പരീക്ഷണം എന്ന നിലയിലാവാം. ഇവിടെ ചില തിരിച്ചറിവുകള്‍, പാഠങ്ങള്‍ ഇവ സമൂഹത്തിന് നല്‍കേണ്ടതുണ്ട് എന്നതിനാലാണ് അവനതു ചെയ്തത്. ഇനി ബുദ്ധന്‍റെയടുത്തു വന്ന സ്ത്രീയുടെ കാര്യമെടുക്കാം. ബുദ്ധന്‍ നേരത്തെ ആരെയെങ്കിലും ഉയിര്‍പ്പിച്ചതായി കേട്ടറിഞ്ഞിട്ടുള്ളതിനാലാവണം അവള്‍ അവിടെയെത്തിയത്. ചില പ്രത്യേക പഠിപ്പിക്കലുകള്‍ നടക്കേണ്ടി വരുന്നിടത്താണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കപ്പെടുന്നത്. അതായത് ഒരു പ്രത്യേക സന്ദേശം സമൂഹത്തിന്, വ്യക്തികള്‍ക്ക് നല്‍കാന്‍വേണ്ടി. ഇവിടെ ആ സ്ത്രീക്കാവശ്യം മരണത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവായിരുന്നിരിക്കണം.

ബൈബിളിലെ ക്രിസ്തു അത്ഭുതപ്രവര്‍ത്തകന്‍ മാത്രമല്ല. അത് അവന്‍റെ അനേകം മുഖങ്ങളിലൊന്നുമാത്രമാണ്. അവനു വേറെയും മുഖങ്ങളുണ്ട്. ചിരിക്കുന്ന, തകര്‍ക്കപ്പെട്ട, സ്നേഹിക്കുന്ന, കരയുന്ന മുഖങ്ങള്‍. ജോണ്‍ തന്‍റെ സുവിശേഷത്തില്‍ അത്ഭുതങ്ങള്‍ എന്ന വാക്ക് ഉപയോഗിക്കുന്നതേയില്ല. മറിച്ച് അടയാളങ്ങള്‍ എന്നത്രെ പറയുക. ഈ അടയാളങ്ങളുടെ സഹായത്തോടെ അവന്‍ മനുഷ്യരെ ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് നയിക്കുകയായിരുന്നു. അടയാളങ്ങളില്‍ കുടുങ്ങിക്കിടക്കാനല്ല അവനാവശ്യപ്പെടുന്നത്.

കരയുന്ന ഒരാളെ ഞാന്‍ ആലിംഗനം ചെയ്താശ്വസിപ്പിക്കുമ്പോള്‍, ഒരാളെ തലോടി തലവേദന അകറ്റുമ്പോള്‍ ഒക്കെയും ചില അത്ഭുതങ്ങള്‍ തന്നെയാണ് നടക്കുന്നത്. ഓരോ സാഹചര്യങ്ങളാണ് ആവശ്യങ്ങളെ നിര്‍ണയിക്കുന്നത്. വിശക്കുന്നൊരാള്‍ക്കുവേണ്ടി അത്ഭുതം പ്രവര്‍ത്തിക്കാന്‍ പ്രാര്‍ത്ഥിക്കണോ, അതോ അവന് ഭക്ഷണം കൊടുക്കാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ അത് അത്ഭുതമായി മാറുന്നുവോ? കരയുന്നൊരാളെ ആശ്വസിപ്പിക്കുമ്പോഴും മറ്റെന്താണ് അവിടെ സംഭവിക്കുന്നത്. ഒരത്ഭുതവും നിരാകരിക്കാന്‍ നമുക്കാവില്ല. യേശുവിന്‍റെ നാമത്തില്‍ ഇപ്പോഴും പല അത്ഭുതങ്ങളും നടക്കുന്നുണ്ട്. ഇതിലൂടെ പല വ്യക്തികളും സമൂഹവുമൊക്കെ ആത്മീയാഭ്യുന്നതി നേടുന്നുമുണ്ട്.

ഞാന്‍ പ്രാര്‍ത്ഥിച്ചു, എന്‍റെ രോഗം സുഖപ്പെട്ടു. അതേസമയം മറ്റൊരാള്‍ പ്രാര്‍ത്ഥിച്ചു സൗഖ്യപ്പെട്ടില്ല. ഇതു തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. കാരണം പ്രത്യേകമായ എവിടെയെങ്കിലും പോയി പ്രാര്‍ത്ഥിച്ചാല്‍, പ്രത്യേകമായ ഏതെങ്കിലും വ്യക്തി പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതം എപ്പോഴും നടന്നേ തീരൂ എന്നില്ല. ഇവിടെ ദൈവത്തെ ചോദ്യം ചെയ്യാനും നമുക്ക് അവകാശമില്ല. കടലിലെ വെള്ളം വറ്റിക്കും പോലെയാണത്. ദൈവം എന്നത് ചില പ്രത്യേകതകളെയൊക്കെ ചേര്‍ത്തൊരു Concept നാമുണ്ടാക്കിവയ്ക്കുന്നതാണ്. അതിനപ്പുറത്തേയ്ക്ക് അവനില്‍ എന്തെങ്കിലുമുണ്ടെന്ന് ചിന്തിക്കാന്‍ നമുക്കാവുന്നില്ല. സത്യത്തില്‍ ദൈവത്തെ നിര്‍വ്വചിക്കാനാവില്ല. കടലില്‍നിന്ന് രണ്ടു ചിരട്ടകളില്‍ വെള്ളം കോരിവച്ചിട്ട്, ഇതാണ് ശരിയായത് എന്ന് പരസ്പരം തര്‍ക്കിക്കുംപോലെ നിസ്സാരബുദ്ധിയാണത്. ഒരാള്‍ക്ക് ദൈവാനുഭവം കിട്ടേണ്ടത് മറ്റൊരാള്‍ക്ക് കിട്ടിയതുപോലെയാവണമെന്നുമില്ല. ചിലര്‍ക്ക് ചില വലിയ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോഴാണത് ലഭിക്കുക; മറ്റു ചിലര്‍ക്കാകട്ടെ അനുനിമിഷം അത് അറിയാനായെന്നുമിരിക്കും.

അത്ഭുതങ്ങള്‍ ചില ദൈവിക അനുഭവത്തിലേയ്ക്ക് ഒരാളെ നയിച്ചേക്കാം. അതേസമയം ചിലകാര്യങ്ങളില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നുമില്ല. ഇത് നമുക്ക് വിശദീകരിക്കാനാവില്ല. കാരണം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമില്ലതന്നെ. അതുകൊണ്ടാണ് ഇപ്പോഴും ദൈവശാസ്ത്രം വളരുന്നത്. 'ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു' എന്ന് പറഞ്ഞുതീര്‍ക്കാന്‍ എങ്ങനെ സാധിക്കും? ഓരോ നിമിഷവും വളരുന്ന ആത്മീയാന്വേഷണമാണ് ആത്മീയത. ഈ നിമിഷം നാം ദൈവാനുഭവം ലഭിക്കുന്നവരാകുമ്പോഴും അടുത്ത നിമിഷം നാമെങ്ങോട്ടു തിരിയുന്നു എന്നൊരു ചോദ്യമുണ്ട്. ഒരു അനുഭവത്തില്‍നിന്നും ഒരാള്‍ നീങ്ങേണ്ടത് അതിലും ശക്തമായ മറ്റൊരു അനുഭവത്തിലേയ്ക്ക് ആവണം. ഒരത്ഭുതം കാണുമ്പോഴേ തീര്‍ന്നു പോകുന്നതല്ല ദൈവാനുഭവം. നാം ദൈവാന്വേഷണത്തിലായിരിക്കുമ്പോള്‍ അത്ഭുതം നടന്നാല്‍ അത് ഒരു പരിധിവരെ അന്വേഷണത്തെ സഹായിക്കുക മാത്രമാണ്. അതുകഴിഞ്ഞുള്ള ദൈവാന്വേഷണത്തില്‍ അതിനുമപ്പുറം എന്തെങ്കിലും വേണ്ടിവരും. നാം ഒരു സ്ഥലത്തേയ്ക്കുള്ള വഴി കണ്ടെത്താന്‍ ഒരു ബോര്‍ഡ് നോക്കുന്നു. അതുവഴി പോകുമ്പോള്‍ വീണ്ടും വഴിതിരിയുന്നു. അങ്ങനെ പലവഴി തിരിഞ്ഞാവും നാം ലക്ഷ്യത്തിലെത്തേണ്ടത്. ഇപ്പോള്‍ അത്ഭുതമാണ് നടന്നതെങ്കില്‍ അടുത്തപടി സഹനമാകും. വീണ്ടും മറ്റെന്തെങ്കിലുമൊരനുഭവം അങ്ങനെ അതിനുമപ്പുറത്തേയ്ക്ക്. ദൈവാന്വേഷിയുടെ തുടര്‍ച്ചയായുള്ള ഒരു വളര്‍ച്ചയ്ക്ക് ഓരോ ഘട്ടത്തിലൂടെയും കടന്ന് ഒരു ആഴമേറിയ ആത്മീയതയില്‍ എത്തിച്ചേരണം. മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ചിലര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്ന അനുഭവങ്ങളുണ്ട്. ഇത്തരം ആളുകള്‍ പറയുന്നത് മരിച്ചുപോയിട്ട് തിരിച്ചുവരിക എന്നതിനപ്പുറം ഒരു ദുരന്തമില്ലെന്നത്രേ. അത്രയ്ക്ക് സുഖകരമാണ് ആ അവസ്ഥയെന്നാണ്. ആത്മീയതില്‍ വളര്‍ന്ന് ഒരുഘട്ടം കഴിഞ്ഞാല്‍ മരണംപോലും പ്രശ്നമല്ലാതാകുന്നു. അതോടെ, അത്ഭുതങ്ങള്‍ അപ്രസക്തങ്ങളായി മാറുന്നു.

അപ്പോള്‍, ആത്മീയതയില്‍ വളരാത്തതുകൊണ്ടാണോ അത്ഭുതങ്ങള്‍ എന്നൊരു ചോദ്യമുയരാം. എന്നാല്‍ അത്ഭുതങ്ങള്‍ അപ്രസക്തമാകുന്ന ഒരു ആത്മീയ വളര്‍ച്ചയുണ്ടെന്നതാണ് വാസ്തവം. മുന്‍പറഞ്ഞതുപോലെ നമ്മുടെ ആത്മീയയാത്രയില്‍, ദൈവത്തിന്‍റെ സാന്നിദ്ധ്യം തിരിച്ചറിയപ്പെടാന്‍വേണ്ടി പല ഘട്ടങ്ങളും വേണ്ടിവരാമെന്നുമാത്രം, യേശുക്രിസ്തുതന്നെ വ്യത്യസ്ത രീതിയിലാണ് വ്യത്യസ്ത വ്യക്തികളോട് പെരുമാറുന്നത്. എല്ലാറ്റിനും അതീതമായ ആത്മീയത എന്നത് എല്ലായ്പ്പോഴും ദൈവം എന്‍റെ കൂടെ നടക്കുന്നു എന്നുള്ള തിരിച്ചറിവാണ്.

ചുരുക്കത്തില്‍, അത്ഭുതങ്ങളെ ദൈവാനുഭവത്തിന്‍റെ ഭാഗമായി കാണുന്നതില്‍ തെറ്റില്ല. ഒപ്പംതന്നെ, അത്ഭുതങ്ങള്‍ മാത്രമാണ് ദൈവികത എന്ന ചിന്ത തിരസ്കരിക്കേണ്ടതുമാണ്. അത്ഭുതങ്ങള്‍ക്കപ്പുറത്തേക്കും വളരേണ്ടതാണ് ആത്മീയത. രണ്ടാമത്, അത്ഭുതങ്ങള്‍ നിമിത്തമുണ്ടാകുന്ന ആത്മീയതയെ കുറച്ചുകൂടി വിമര്‍ശനാത്മകമായി സമീപിക്കേണ്ടതുണ്ട്. സ്വാര്‍ത്ഥതാല്‍പര്യത്തിനോ, അതോ സമൂഹത്തിന്‍റെ പൊതുനന്മയ്ക്കു വേണ്ടിയോ അതുപയോഗിക്കപ്പെടുന്നത് എന്നു നാമന്വേഷിക്കണം. ഒരു പ്രവൃത്തി ദൈവികമോ അല്ലാത്തതോയെന്നു നാം നിര്‍ണ്ണയിക്കുന്നത് അതിന്‍റെ പരിണതഫലത്തില്‍ നിന്നുമാണ്. പാറയ്ക്കടിയിലൂടെ പൈപ്പിട്ട് 'ഉറവയെന്ന' അത്ഭുതം സൃഷ്ടിച്ച് പള്ളി പണിതാല്‍ അതു ദൈവികതയുള്ള പള്ളിയാണെന്നു ഞാന്‍ പറയില്ല. വേറൊന്ന് എല്ലാ മതങ്ങളിലുമുണ്ട് അത്ഭുതങ്ങള്‍. അത് ഒരു മതത്തിന്‍റേയും കുത്തകയല്ല.



മൊഴിമാറ്റം: ഷീന സാലസ്

ഫജ

0

0

Featured Posts