

അനുഭവങ്ങൾ എല്ലാവർക്കും ഉള്ളതാണ്. ഭൗതിക ലോകവുമായുള്ള വിനിമയം ഏതൊരാൾക്കും അനുഭവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ആരംഭം നിരീക്ഷണങ്ങളിലാണ്. നിരീക്ഷണങ്ങളെ ദീർഘിപ്പിക്കുമ്പോൾ ശ്രദ്ധ ഉണ്ടാകുന്നു. അനുഭവത്തെ ബോധപൂർവ്വം ശ്രദ്ധിക്കുമ്പോൾ ആദ്യമുണ്ടാകുന്നത് അനുകരണമാണ്. നിറം, രൂപം, ചലനം, ശബ്ദം, സ്വഭാവം, ചിത്രം, ശില്പം, നൃത്തം, സംഗീതം, നാട്യം. അനുഭവത്തെ മിക്കവരുംതന്നെ ബോധപൂർവം ശ്രദ്ധിക്കാറില്ല. കാരണം, ശ്രദ്ധ കൊടുക്കാൻ നില്ക്കണം, ഇരിക്കണം. ഭൂരിഭാഗം പേരും ജീവിതത്തിൽ തത്തിക്കളിച്ച് സദാചലിച്ച് അങ്ങ് ഒഴുകിപ്പോവുകയാണ്. ഒരു സമൂഹം ഒന്നാകെ അങ്ങനെയാകുമ്പോൾ അവിടെ നല്ല അനുകരണങ്ങൾ ഉണ്ടാകാതെപോകും.
മരങ്ങളെയോ ജീവികളെയോ മനുഷ്യരെയോ ചിത്രമോ രൂപമോ ആക്കി മെനയുമ്പോൾ പ്രസ്തുത അനുകരണങ്ങളിൽ ജീവനില്ലാതെ പോകും. പല സമൂഹങ്ങളിലും മെച്ചപ്പെട്ട അനുകരണങ്ങൾ പോലും കാണാത്തതിന് കാരണം അനുഭവങ്ങളില്ലാത്തതല്ല ശ്രദ്ധയില്ലാത്ത സമൂഹമായതിനാലാണ്. അനുഭവങ്ങളെ കൂടുതൽ ശ്രദ്ധിക്കുകയും ശ്രദ്ധയെ ധ്യാനിക്കുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങൾ വെളിപ്പെടുന്നത്. ബന്ധങ്ങളെ ധ്യാനിക്കുമ്പോഴാണ് അർത്ഥങ്ങൾ രൂപമെടുക്കുന്നത്. ബന്ധങ്ങളും അർത്ഥങ്ങളും ഉണ്ടാകുമ്പോഴാണ് കല ജനിക്കുന്നത്. അതുകൊണ്ടുതന്നെ പ്രപഞ്ചവുമായും സമൂഹവുമായും പ്രപഞ്ചാതീത യാഥാർഥ്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു കല. ഇത്തരം ബന്ധങ്ങളിലല്ലാതെ കലയില്ല.
സൗന്ദര്യാത്മകതക്ക് കൂടുതൽ അടരുകൾ ഉണ്ടാകുമ്പ ോൾ നല്ല കലയും കവിതയും സാഹിത്യവും നാടകവും ഉണ്ടാകുന്നു. അനുഭവത്തെ ശ്രദ്ധിച്ച് ധ്യാനം, മനനം, നിദിധ്യാസനം എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകണമെന്ന് ഭാരതീയ ആചാര്യന്മാർ പറയുന്നത് അതുകൊണ്ടാണ്. അപ്പോൾ ഒരാൾ മതാത്മക വ്യക്തിയാവും. അവിടെ നിന്ന് മെല്ലെ ആത്മീയനുമാകാനാവും.
റേഡിയോ വന്നപ്പോൾ ഉണ്ടായതിൻ്റെ എത്രയോ മടണ്ട് ഗായകരും അഭിനേതാക്കളുമാണ് ടെലവിഷൻ വന്നപ്പോൾ ഉണ്ടായി വന്നത്! അനുകരണങ്ങളുടെ നിരവധി രൂപങ്ങൾ ഇക്കാലഘട്ടത്തിൽ എത്രയോ മടങ്ങായി പൊലിച്ചു! സോഷ്യൽ മീഡിയ വന്നപ്പോൾ എല്ലാ കലകളും ചിന്താവിഷ്ക്കാരങ്ങളും വർദ്ധിച്ചതിന് കൈയ്യും കണക്കുമില്ല. അമ്പത് വർഷം മുമ്പ് പല നാടുകളിലും കലാകാരർ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് എല്ലാ വീട്ടിലും കലാകാരർ ആണ്. കല ജനകീയമായില്ലേ? അതിനർത്ഥം വലിയൊരു ശതമാനം ജനത തങ്ങളുടെ ജീവിതത്തിൽ അനുഭവങ്ങളെ ശ്രദ്ധിക്കാൻ ആരംഭിച്ചു എന്നല്ലേ? ശ്രദ്ധയാൽ ആഴപ്പെട്ട അനുഭവങ്ങളിലെ ബന്ധങ്ങളെ കണ്ടെത്താൻ തുടങ്ങി എന്നല്ലേ? ബന്ധങ്ങളുടെ അർത്ഥതലങ്ങളെ തിരിച്ചറിയാൻ തുടങ്ങി എന്നല്ലേ? അടുത്ത തലമുറയൊന്നാകെ മനനത്തെ ബോധമാക്കി നിദിധ്യാസനത്തിലൂടെ മതാത്മകരാകും എന്നല്ലേ? അതിനടുത്ത തലമുറ അല്ലെങ്കിൽ അതിനും അടുത്ത തലമുറ - ലോകമൊന്നാകെ ആത്മീയരായിരിക്കും എന്നല്ലേ?
"നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ"





















