top of page

ക്രിസ്തുമസ്സിലെ ഓര്‍മ്മകള്‍

Dec 1, 2010

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Merry Christmas Banner

തിരുപ്പിറവിയുടെ ഓര്‍മ്മകളുമായി ക്രിസ്തുമസ്സ് ഓടിയെത്തുമ്പോള്‍ ഓര്‍മ്മകളിലേക്കു തിരിച്ചുപോകുവാന്‍ ഉണ്ണിയേശു നമ്മെ ക്ഷണിക്കുന്നു. എന്തെങ്കിലും ഓര്‍മ്മിക്കാനുള്ളവര്‍ക്കേ പ്രതീക്ഷിക്കുവാന്‍ വകയുള്ളൂ. ഓര്‍മ്മിക്കാനൊന്നുമില്ലാത്തവനു പ്രതീക്ഷിക്കാനും കഴിയില്ല. മറവിരോഗം ബാധിച്ചവര്‍ക്ക് ഒന്നും പ്രതീക്ഷിക്കുവാന്‍ കഴിയില്ലല്ലോ. കുട്ടിക്കാലത്ത് ആഘോഷിച്ച ക്രിസ്തുമസ്സിന്‍റെ ഓര്‍മ്മകള്‍ ഇന്നും നമ്മില്‍ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്‍റെ ചരിത്രത്തില്‍ ഒരിക്കല്‍ ദൈവം ഇടപെട്ടെന്നും ഇന്നും ആ ഇടപെടല്‍ തുടരുന്നെന്നുമുള്ള ഓര്‍മ്മകള്‍ നമ്മെ ബലപ്പെടുത്തുന്നു. ഭാവിയിലേക്കു പ്രത്യാശയോടെ നോക്കുവാന്‍ ആ ഓര്‍മ്മകള്‍ നമ്മെ പ്രാപ്തരാക്കുന്നു.

ശൂന്യമായ ലോകത്തിലും മനുഷ്യന്‍റെ ഹൃദയത്തിലും ദൈവത്തിന്‍റെ സാന്നിദ്ധ്യമുണ്ടെന്നുള്ള ഒരു തിരിച്ചറിവാണ് ക്രിസ്തുമസ്സ് നമുക്കു നല്കുന്നത്. ഞാനേകനല്ലെന്നും എന്‍റെ ജീവിതത്തില്‍ ദൈവസാന്നിദ്ധ്യമുണ്ടെന്നും പിറവിത്തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 1223- ലെ ക്രിസ്തുമസ്സിന് ഗ്രേച്ചിയോയില്‍ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി ആദ്യത്തെ പുല്‍ക്കൂടു നിര്‍മ്മിച്ചു. ഉണ്ണിയേശുവിനെക്കുറിച്ചുള്ള സ്മരണകളുറങ്ങിപ്പോയ മനുഷ്യഹൃദയങ്ങളില്‍ ആ പുല്‍ക്കൂട് പുതുജീവന്‍ പകര്‍ന്നു. അന്ധകാരംനിറഞ്ഞ ജീവിതത്തിലേക്കു പ്രതീക്ഷയുടെ പ്രകാശമായി പിറവിത്തിരുനാള്‍ കടന്നുവരുന്നു. രാത്രി അവസാനിക്കുന്നു. പുതിയ നക്ഷത്രപ്രഭയുടെ വലയത്തില്‍ മാനവവംശം സന്തോഷിക്കുന്നു. 8-ാം നൂറ്റാണ്ടില്‍ ബിഷപ്പ് നിക്കോളാസ് എന്ന വ്യക്തി പാവങ്ങളെ ഒരുപാടു സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി സാന്താക്ലോസ് എന്ന കഥാപാത്രം രംഗപ്രവേശം ചെയ്തു. ക്രിസ്തുമസ്സ് കാലങ്ങളില്‍ സാന്താക്ലോസിനെ നാം കാണുന്നു. പാവങ്ങളോടു നിരന്തരം കരുണ കാണിച്ച, ദയയുടെ പര്യായമായ ബിഷപ് നിക്കോളാസ് സാന്താക്ലോസിലൂടെ പുനരവതരിക്കപ്പെടുകയാണ്. ക്രിസ്തുമസ്സെന്നു പറഞ്ഞാല്‍ കരുണ കാണിക്കേണ്ട സമയമാണെന്ന ഓര്‍മ്മ ഈ കഥാപാത്രം നമുക്കു നല്കുന്നു.

കാളയും കഴുതയും പുല്‍ക്കൂട്ടില്‍ സ്ഥാനം പിടിക്കുന്നു. പിറവിത്തിരുനാളിന്‍റെ നിമിഷത്തില്‍ ഈ രണ്ടു ജീവികളുള്ളതായി നാം കാണുന്നില്ല. കാളയും കഴുതയും യജമാനനായ കര്‍ത്താവിനെ തിരിച്ചറിയുന്നുവെന്ന് ഈ പ്രതീകങ്ങള്‍ പഠിപ്പിക്കുന്നു. കര്‍ത്താവിന്‍റെ ജനമായ നാം അവനെ തിരിച്ചറിയുന്നുണ്ടോയെന്ന് ക്രിസ്തുമസ്സ് നമ്മോടു ചോദിക്കുന്നു. അവന്‍ സ്വന്തം ജനത്തിന്‍റെയടുക്കലേയ്ക്കുവന്നു. എന്നാല്‍ സ്വന്തം ജനം അവനെ സ്വീകരിച്ചില്ല എന്നു സുവിശേഷകനായ യോഹന്നാന്‍ ഓര്‍മ്മിപ്പിക്കുന്നു അറിവിനെ ആയുധമാക്കി അവനെ കൊല്ലുവാന്‍ ശ്രമിച്ച ഹേറോദേസും, അവനെക്കുറിച്ചുള്ള അറിവ് ആരാധനയാക്കിയ ആട്ടിടയരും ജ്ഞാനികളും നമ്മുടെ മുമ്പിലുണ്ട് ഇതില്‍ ഏതു ഗണത്തില്‍ നാം പെടും?

പൈതലായ യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചപ്പോള്‍ ശിമയോന്‍ എന്ന പുണ്യമനുഷ്യന്‍ കടന്നുവന്നു. യേശുവിനെ കയ്യിലെടുത്ത് സമാധാനം അനുഭവിച്ച് ശിമയോന്‍ കടന്നുപോയി. കടന്നുപോകുന്ന കാലവും കടന്നുവരുന്ന പുതിയ കാലവും സന്ധിച്ച നിമിഷങ്ങളായിരുന്നു അത്. പഴയനിയമവും പുതിയ നിയമവും ഒന്നിച്ചുചേര്‍ന്ന നിമിഷങ്ങള്‍. ലഭിച്ച സന്തോഷം കൂടുതല്‍ കാലം അനുഭവിക്കണമെന്നാഗ്രഹിക്കാതെ സമാധാനത്തോടെ ലോകത്തോടു വിടപറയുവാന്‍ ശിമയോന്‍ ആഗ്രഹിച്ചു. കര്‍ത്താവിനെ കണ്ടുകഴിഞ്ഞാല്‍ പിന്നെ ഒന്നും കാണുവാനും നേടുവാനുമില്ല. തമ്പുരാന്‍റെ സന്നിധി തരുന്ന തൃപ്തി പൂര്‍ണ്ണമാണ്. പിന്നെ ലോകം തരുന്ന സന്തോഷങ്ങളൊന്നും ആവശ്യമില്ല. ആരായിരുന്നു ശിമയോന്‍? ഭക്തനും നീതിമാനും ഇസ്രായേലിന്‍റെ രക്ഷകനെ പ്രതീക്ഷിച്ചവനുമായിരുന്നു. നമ്മുടെ ജീവിതത്തില്‍ യേശുവിനെ അനുഭവിക്കണമെങ്കില്‍ ഈ സ്വഭാവങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. ദൈവഭക്തിയില്‍ വളരാം. പ്രത്യാശയുള്ളവരായി ജീവിക്കാം. നീതിയെ മുറുകെപ്പിടിക്കാം. അവിടെ രക്ഷകപ്പിറവിക്കു സാക്ഷ്യം വഹിക്കുവാന്‍ നമുക്കും ഭാഗ്യം ലഭിക്കും. ഈ ഓര്‍മ്മകളുമായി ക്രിസ്തുമസ്സ് ആഘോഷിക്കാം.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts