ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4
ഡോ. ലൂക്ക് എം. കുര്യാക്കോസ് കപ്പൂച്ചിന്‍ - ബൈബിളിന്‍റെയും ഇതര മതഗ്രന്ഥങ്ങളുടെയും മൂലഭാഷകളുള്‍പ്പെടെ അന്‍പത് ഭാഷകളില്‍ അവഗാഹം നേടിയ പ്രസിദ്ധനായ ഭാഷാപണ്ഡിതന്‍. ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ ലൂക്കാച്ചന്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം - 'Non-Paradigmatic Forms of Weak Verbs in Massoretic Hebrew' - വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍ ലെഗ്രാന്‍ഡ് എഴുതി: "ഈ പണ്ഡിതന്‍റെ ഗ്രന്ഥം റിവ്യൂ ചെയ്യാന്‍മാത്രം യോഗ്യത എനിക്കില്ല. ഇങ്ങനെയൊരു ഗവേഷണ പ്രബന്ധം ഉണ്ടെന്നു നിങ്ങളെ അറിയിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്."
ലൂക്കാച്ചന്‍റെ വേദോപാസനമൂലം ഏഴു പ്രൗഢഗ്രന്ഥങ്ങളും ഇരുന്നൂറോളം ലേഖനങ്ങളും ലോകത്തിനു ലഭിച്ചു. എന്നിട്ടും, നിറയെ കതിര്‍മണികളുള്ള നെല്‍ക്കതിര്‍ കുനിഞ്ഞു നില്‍ക്കുന്നതുപോലെ നമ്രശിരസ്കനായി അദ്ദേഹം ജീവിച്ചു. വേദസാഗരത്തിന്‍റെ ആഴവും പരപ്പുമറിഞ്ഞ ആ ജ്ഞാനിയെക്കുറിച്ചുള്ള ചില ഓര്‍മകളിലൂടെ...
എന്‍റെ ഫിലോസഫി പഠനകാലത്ത് പുണ്യസ്മരണാര്‍ഹനായ ലൂക്കാച്ചന്‍ ഞങ്ങളുടെ പ്രൊഫസറായി കാല്‍വരി ആശ്രമത്തില്‍ ഉണ്ടായിരുന്നു. യുക്തിവാദമായിരുന്നു അന്നെന്‍റെ ഇഷ്ടവിഷയം. ആവുംവിധം ആശയങ്ങളെ ക്രോഡീകരിച്ച് ഒരിക്കല്‍ ലൂക്കാച്ചന്‍റെ അടുത്തെത്തി. ഈശ്വരന്‍റെ അസ്തിത്വത്തെക്കുറിച്ച് വാദിക്കാന്‍ തുടങ്ങി. ഒരു തര്‍ക്കംപോലെ തുടങ്ങിയെങ്കിലും ഒടുവില്‍ അതൊരു പെയ്തൊഴുകലായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും ഞാന്‍ എന്നോടു നടത്തുന്ന സമരങ്ങളുടെയും ഒരേറ്റുപറച്ചില്‍. പറഞ്ഞതൊക്കെ സാകൂതംകേട്ട് കുറഞ്ഞവാക്കുകളില്‍ അച്ചന്‍ എനിക്ക് തൃപ്തികരമായ ഉത്തരം തന്നു. വാല്ക്കഷണം പോലെ ഒരു കൂട്ടിച്ചേര്‍ക്കലും: "ഫ്രാത്തര്‍, ഈ പ്രായത്തില്‍ ഇദ്ദേഹം ചിന്തിക്കുന്നത് ഞാനെന്‍റെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ ചിന്തിച്ചതാണ്. ഏറെ യുക്തിവാദ പ്രസിദ്ധീകരണങ്ങള്‍ വായിച്ച് വിശകലനം ചെയ്തതിനുശേഷം തന്നെയാണ് വിശ്വാസത്തിന്‍റെയും സന്ന്യാസത്തിന്‍റെയും വഴികളിലേക്ക് കടന്നുവന്നത്." ശരിക്കും മുന്‍പേ പിറക്കുന്ന പക്ഷി. പിന്നീടും പല തവണ കൂടിക്കാഴ്ചകളിലൂടെ എന്‍റെ സന്ന്യാസജീവിതത്തിന്‍റെ ദിശാബോധത്തിന് ഏറെ കൃത്യത നല്കി, പ്രതിസന്ധികളില്‍ വിളക്കായി മാറുകയായിരുന്നു ലൂക്കാച്ചന്‍.
ഒരിക്കല്‍ ലൂക്കാച്ചനുമായി സംസാരിക്കാന്‍ ഇടവന്നപ്പോള്‍ പലപ്പോഴായി പറഞ്ഞുകേട്ട ഒരു കാര്യം ഉറപ്പിക്കാന്‍വേണ്ടി ചോദിച്ചു, "ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാകാന്‍ ക്ഷണം കിട്ടിയിട്ട് അച്ചനെന്തേ ഉപേക്ഷിച്ചത്?" ഒട്ടും അമാന്തിക്കാതെ ഉത്തരം വന്നു. "എന്‍റെ പ്രതിബദ്ധത ആദ്യം എന്‍റെ സഭയോടും സഭാംഗങ്ങളോടുമാണ്. സഭയിലെ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ് എന്‍റെ നിയോഗം." അറിവിന്‍റെ മേഖലയില്‍ ലൂക്കാച്ചന് മറ്റൊരു പ്രത്യേകതയുണ്ട്. അന്‍പതില്‍പരം ഭാഷകള്‍ അറിയാവുന്ന ലൂക്കാച്ചന്‍ പൊതുവേ മിതഭാഷിയാണ്. സംസാരത്തില്‍, എഴുത്തില്‍ ഞാന്‍ഭാവം ഒട്ടുമുണ്ടാകാറില്ല. അറിവ് ആയുധമായി തിരിച്ചറിയുകയും സ്വന്തം നേട്ടങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യുന്നിടത്തൊക്കെ ലൂക്കാച്ചന്‍ അനുകരിക്കപ്പെടേണ്ടിയിരിക്കുന്നു.
അറിവിന്‍റെയും ആദ്ധ്യാത്മികതയുടെയും ഒരു പ്രത്യേക ബ്ലെന്‍ഡ് ആയിരുന്നു ലൂക്കാച്ചന്‍. എല്ലാത്തരത്തിലും മുന്‍പേ പറക്കുന്ന പക്ഷിതന്നെ.
-ഡോ. ഡേവിഡ് ഫ്രാന്‍സിസ്
***
ലൂക്കാച്ചന്‍ പഠിച്ച് ഡോക്ടറേറ്റ് നേടിയ ചിക്കാഗോ യൂണിവേഴ്സിറ്റി അദ്ദേഹത്തിനു പ്രൊഫസര്‍ സ്ഥാനം വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം അതു നിരസിച്ചത് ഇന്ത്യന്‍ സഭയെ ശുശ്രൂഷിക്കണമെന്നുള്ള അദമ്യമായ ആഗ്രഹം നിമിത്തമായിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ക്ഷണവും നിരസിക്കാന്‍ അദ്ദേഹത്തിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല. പക്ഷേ അദ്ദേഹത്തിന്‍റെ ജ്ഞാനവൈഭവം പണത്തിലും രാഷ്ട്രീയത്തിലും റീത്തുതര്‍ക്കങ്ങളിലും മുങ്ങിപ്പോയ ഇന്ത്യന്‍ സഭയ്ക്ക് വേണ്ടത്ര പ്രയോജനപ്പെടുത്താനാവാതെ പോയി. ഇന്ത്യന്‍സഭ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതാനും പറയാനുമുള്ള ധാരാളം ആശയങ്ങള്‍ ഞാനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. തൃശൂര്‍ കാല്‍വരി ആശ്രമത്തില്‍ ലൂക്കാച്ചന്‍ താമസിക്കുന്ന വേളയില്‍ ബിഷപ് പൗലോസ് മാര്‍ പൗലോസ് അദ്ദേഹത്തെ പലതവണ സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്. ലൂക്കാച്ചന്‍റെ പാണ്ഡിത്യവും ലാളിത്യവും ആദരവോടെ കണ്ട വ്യക്തിയാണ് അദ്ദേഹം. ലൂക്കാച്ചനെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന മറ്റൊരാളാണ് പ്രശസ്ത തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്ന റെയ്മണ്ട് പണിക്കര്‍. ലൂക്കാച്ചന്‍റെ ബഹുമാനാര്‍ത്ഥം എഴുതപ്പെട്ട ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു ലേഖനം എഴുതിയിട്ടുണ്ട്.
അവസാനം ആശുപത്രിയില്‍ കിടക്കുമ്പോള്‍ വലിയവേദന ലൂക്കാച്ചന്‍ നിശ്ശബ്ദം സഹിക്കുന്നതുകണ്ട് അദ്ദേഹത്തിന്‍റെ മരണത്തിനുവേണ്ടി ഞാനറിയാതെ പ്രാര്‍ത്ഥിച്ചുപോയി. അദ്ദേഹത്തിന്‍റെ വിശുദ്ധി അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എനിക്കു തോന്നുന്നില്ല. സഭയ്ക്കും സമൂഹത്തിനുംവേണ്ടി അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ഉണ്ടാകുമെന്ന് ഞാന്‍ ആശിക്കുന്നു.
-ഡോ. വര്‍ഗീസ് മണിമല
***
റോമിലെ ഗ്രെഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തിലും ബൈബിള്‍ വിജ്ഞാനീയത്തിലും, അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍നിന്ന് ബൈബിള്‍ പശ്ചാത്തല സംസ്കാരങ്ങളിലും ഭാഷകളിലും അഗാധ പാണ്ഡിത്യവും ഡോക്ടറേറ്റും നേടി, കപ്പൂച്ചിന്‍ ദൈവശാസ്ത്ര സെമിനാരികളില്‍ റെഗുലര്‍ പ്രൊഫസറായും മറ്റു പല സെമിനാരികളിലും വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിക്കുകയും, ഈടുറ്റ ഗ്രന്ഥങ്ങളും ലേഖനങ്ങളുമെഴുതുകയും ചെയ്ത വലിയ വ്യക്തിത്വമായിട്ടാണ് എല്ലാവരും ലൂക്കാച്ചനെ അറിയുന്നത്. ഈ വലിയ വ്യക്തിയുടെ ജീവിതത്തില്‍നിന്ന് എനിക്ക് ഓര്‍മ്മവരുന്ന ഒരു കൊച്ചുസംഭവം ഇവിടെ കുറിച്ചുകൊള്ളട്ടെ. കോട്ടഗിരിയിലുള്ള ദൈവശാസ്ത്രസെമിനാരിയില്‍ ബഹു. ലൂക്കാച്ചന്‍ പ്രൊഫസര്‍ ആയിരിക്കുമ്പോള്‍, അവിടെ പ്രായംചെന്ന രോഗിയായ ഒരു വൈദികനുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ വരാന്തയിലൂടെ നടന്നുകൊണ്ട് ജപമാല പ്രാര്‍ത്ഥന ചൊല്ലുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെ പ്രാര്‍ത്ഥിക്കാന്‍ രോഗവും മറവിയും അദ്ദേഹത്തിനു തടസ്സമായപ്പോള്‍, കൂടെ നടന്നു പ്രാര്‍ത്ഥിക്കാന്‍ തയ്യാറായത് ലൂക്കാച്ചനായിരുന്നു. ലൂക്കാച്ചന്‍ തടിയന്‍ ഗ്രന്ഥങ്ങള്‍ക്കുമുമ്പില്‍ പകലും രാത്രിയും ചെലവഴിക്കുന്ന വ്യക്തിയാണ്. എന്നിരുന്നാലും, ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ അതു ചെയ്തുകൊടുക്കാന്‍ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. ചില ദിവസങ്ങളില്‍ ജപമാലയ്ക്കുശേഷം മറ്റേ അച്ചന്‍ പോയികഴിയുമ്പോള്‍, ഒരു പാത്രത്തില്‍ വെള്ളവും ഒരു പഴയ തുണിക്കഷണവുമായി ലൂക്കാച്ചന്‍ വരാന്തയിലൂടെ നടന്നു പലയിടത്തും നനച്ചു തുടയ്ക്കുന്നതു കണ്ടു. "എന്തുപറ്റി ലൂക്കാച്ചാ, എന്താ ഈ ചെയ്യുന്നത്?" ലൂക്കാച്ചന്‍റെ മറുപടി, "അദ്ദേഹം പ്രായംചെന്നയാളല്ലേ, ശകലം യൂറിനറി പ്രോബ്ലമുണ്ട്. മറ്റാര്‍ക്കും അതു ശല്യമുണ്ടാക്കണ്ടല്ലോയെന്നു കരുതി ചെയ്യുകയാ."
-ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി
***
ലൂക്കാച്ചനാണ് ഞങ്ങളെ ലിറ്റര്‍ജിയും സങ്കീര്‍ത്തനവും പഠിപ്പിച്ചത്. ലിറ്റര്‍ജിയുടെ ക്ലാസ്സില്‍ അനുഷ്ഠാനക്രമങ്ങള്‍ക്കല്ല അദ്ദേഹം ഊന്നല്‍ നല്കിയത്, പിന്നെയോ അവ അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുന്ന, സകലതിനെയും പൊതിഞ്ഞുനില്ക്കുന്ന നിഗൂഢവും ഭ്രമാത്മകവുമായ രഹസ്യാത്മകതയ്ക്കാണ്. അദ്ദേഹമാണ് ഞങ്ങള്‍ക്ക് റുഡോള്‍ഫ് ഓട്ടോയുടെ പ്രസിദ്ധമായ The Idea of Holy എന്ന ഗ്രന്ഥം പരിചയപ്പെടുത്തിത്തന്നത്. സങ്കീര്‍ത്തനങ്ങളുടെ ആഴം കണ്ടെത്താനും, ചരിത്രത്തിലെ ദൈവത്തെ അഭിമുഖീകരിക്കുന്ന ഭക്തന്‍റെ വിവിധവികാരങ്ങളെ അടുത്തറിയാനും, അങ്ങനെ നമുക്കു അര്‍ത്ഥപൂര്‍ണ്ണമായ രീതിയില്‍ സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാനും അച്ചനാണ് ഞങ്ങളെ സഹായിച്ചത്. മറ്റുമതങ്ങളോടും അവയുടെ വേദഗ്രന്ഥങ്ങളോടും തികഞ്ഞ ആദരവ് ലൂക്കാച്ചനുണ്ടായിരുന്നു. അവയിലുള്ള അഗാധ പാണ്ഡിത്യവും അച്ചനു സ്വന്തമായിരുന്നു.
ഞാന്‍ ജര്‍മ്മനിയില്‍ പഠിക്കുമ്പോള്‍ അവിടെ മാത്രം ലഭ്യമായിരുന്ന വളരെ ദുര്‍ല്ലഭമായ ചില ഗ്രന്ഥങ്ങള്‍ അയച്ചുകൊടുക്കാന്‍ ലൂക്കാച്ചന്‍ അഭ്യര്‍ത്ഥിക്കുമായിരുന്നു. ഓരോ തവണ കത്ത് എഴുതുമ്പോഴും അതിന്‍റെ ഒടുക്കം സുന്ദരമായ ഒരു തമാശ അച്ചന്‍ എഴുതിച്ചേര്‍ത്തിരുന്നു. എന്‍റെ ഗവേഷണ പ്രബന്ധം മുഴുവന്‍ വായിച്ച് അഭിപ്രായം പറഞ്ഞത് ലൂക്കാച്ചനാണ്. വിമോചനദൈവശാസ്ത്രവും പൗരസ്ത്യ ദൈവശാസ്ത്രവും ഒക്കെ അച്ചന്‍റെ പഠനമേഖലകള്‍ അല്ലാതിരുന്നിട്ടുകൂടി അവയിലും അച്ചന് ആഴമേറിയ അറിവുണ്ടായിരുന്നു. കുരിശു യുദ്ധങ്ങള്‍, സ്റ്റീഫന്‍ ഹോക്കിംഗ്, കാറല്‍ മാര്‍ക്സ്, ടോള്‍സ്റ്റോയ്, ദെസ്തയോവ്സ്കി, സാര്‍ത്ര്, നീഷേ, വിക്ടര്‍ ഹ്യൂഗോ... ഏതു വിഷയവും ഗ്രന്ഥകര്‍ത്താവും അച്ചനു സുപരിചിതമായിരുന്നു.
ലൂക്കാച്ചന്‍റെ അത്രയും ജ്ഞാനിയായ വ്യക്തികള്‍ വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതമാണ്.
-ഡോ. മാത്യു പൈകട
***
1975-ല്‍ ഒരു നവവൈദികനായി ഞാന്‍ തൃശൂര്‍ കാല്‍വരി ആശ്രമത്തില്‍ അംഗമായതുമുതല്‍, പ്രസ്തുത ആശ്രമവാസിയായിരുന്ന ബഹു. ലൂക്കാച്ചനെ വളരെ അടുത്തറിയുവാന്‍ എനിക്കു ധാരാളം അവസരങ്ങള്‍ ലഭിച്ചു. ആ കാലയളവില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം ഓര്‍ത്തുപോകുന്നു.
കാല്‍വരി ആശ്രമത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരു ജിംനേഷ്യം പ്രവര്‍ത്തിച്ചിരുന്നു. ഒരിക്കല്‍ ജിംനേഷ്യത്തില്‍ വ്യായാമത്തിനായി പോകാനുള്ള എന്‍റെ താത്പര്യം സൂചിപ്പിച്ചപ്പോള്‍, കൂടെ വരുവാന്‍ ലൂക്കാച്ചനും ഉത്സുകനായി. അങ്ങനെ ഞങ്ങള്‍ ഇരുവരും രാവിലെ 7.30 ന് ജിംനേഷ്യത്തില്‍ പോയിരുന്നു. ബൗദ്ധികതലത്തില്‍ ഒരു അതുല്യ പ്രതിഭയായിരുന്നു ലൂക്കാച്ചന്‍, പ്രായത്തില്‍ 60-ലേക്കടുത്തിരുന്നപ്പോഴും ജിംനേഷ്യത്തിലെ മാസ്റ്ററുടെ ശിക്ഷണം ഒരു നല്ല സ്കൂള്‍കുട്ടിയുടെ വിധേയത്വത്തോടും ശുഷ്കാന്തിയോടുംകൂടി സ്വീകരിച്ച് പ്രായോഗികമാക്കാന്‍ ശ്രദ്ധിച്ചത് ഒരു വിശിഷ്ട ഗുണമായി ഞാന്‍ കണ്ടിരുന്നു.
സമകാലികരില്‍ സമാനതയില്ലാത്ത ഒരു ബൗദ്ധികതലത്തില്‍ വ്യാപരിച്ചിരുന്നപ്പോഴും ബഹു. ലൂക്കാച്ചന്‍ താന്‍ ജീവിച്ചിരുന്ന സന്ന്യാസസമൂഹത്തിലെ സാധാരണക്കാരില്‍ ഒരുവനായി ഏവര്‍ക്കുമൊപ്പം പ്രാര്‍ത്ഥന, ഭക്ഷണം, ഉല്ലാസം എന്നീ ജീവിതക്രമങ്ങളില്‍ പങ്കെടുത്തിരുന്നു. ഹിപ്പോയിലെ മെത്രാനായിരുന്ന വി. ആഗസ്തീനോസ് തന്‍റെ രൂപതയിലെ ക്രൈസ്തവരോട് ഒരിക്കല്‍ പറയുകയുണ്ടായി: "ഏതുകാര്യത്തില്‍ നിങ്ങളില്‍നിന്നു ഞാന്‍ വ്യത്യസ്തനാണോ, അതിലുപരി ഏതുകാര്യത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമാണോ അതില്‍ ഞാന്‍ സന്തോഷിക്കുന്നു. മെത്രാനെന്നനിലയില്‍ ഞാന്‍ നിങ്ങളില്‍നിന്നു വ്യത്യസ്തനാണ്; ഒരു ക്രൈസ്തവനെന്ന നിലയില്‍ ഞാന്‍ നിങ്ങളോടൊപ്പമാണ്." ഉയര്‍ന്ന ചിന്തയും ലളിത ജീവിതവും മഹാത്മാക്കളുടെ സവിശേഷതയാണല്ലോ. ലൂക്കച്ചന്‍ എന്ന ആ മഹാത്മാവിന്‍റെ മുമ്പില്‍ ശിരസ്സു നമിച്ചുകൊള്ളുന്നു.
-ഡോ. ലോറന്‍സ് പരുത്തപ്പാറ
***
പൂനയില്‍നിന്നും ആന്ധ്രയില്‍നിന്നുമൊക്കെ ഞാന്‍ വല്ലപ്പോഴും കേരളത്തിലെത്തിയിരുന്നത് ലൂക്കാച്ചനെ ഒന്നു കാണുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരുന്നു. അധികമൊന്നും സംസാരിക്കാതെ അദ്ദേഹം ഒരുപാട് എനിക്കു പറഞ്ഞുതന്നു. ഓരോ തവണ വരുമ്പോഴും ഞാന്‍ അദ്ദേഹത്തിന്‍റെ വാതിലില്‍ മുട്ടും. 'യെസ്' എന്ന മറുപടി ലഭിക്കുമ്പോള്‍ അകത്തുകയറും. അപ്പോള്‍ ഞാന്‍ കാണുന്നത് പുസ്തകക്കൂമ്പാരമാണ്. അതിനിടയില്‍നിന്ന് ലൂക്കാച്ചന്‍ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് എന്നെ - അച്ചന്‍റെ മുമ്പില്‍ വളരെ ചെറിയവനായ എന്നെ - അഭിവാദനം ചെയ്യും. അച്ചന്‍റെ ആദരവ് എന്നെ ലജ്ജിതനാക്കിയിരുന്നെങ്കിലും യഥാര്‍ത്ഥ മഹത്ത്വം അവിടെയാണു ഞാന്‍ കണ്ടത്. "ഇത്ര ചെറുതാകാന്‍ എത്ര വളരേണം..."
ഹൃദയവും തലയും - അറിവും വിശുദ്ധിയും - ഒരുപോലെ സമ്മേളിച്ചിരിക്കുന്നു ആ വ്യക്തിത്വത്തില്‍. വചനം ശിരസ്സില്‍നിന്നല്ല, ഹൃദയത്തില്‍നിന്നാണ് അദ്ദേഹം ഉരുവിട്ടത്. വചനം - ജ്ഞാനം - ലൂക്കാച്ചനില്‍ മാംസം ധരിച്ചിരുന്നു. പേരില്‍നിന്നും പ്രശസ്തിയില്‍നിന്നും അദ്ദേഹം എന്നും ഓടിയൊളിച്ചു. ഇനിയും എത്രയോ അറിയാനുണ്ടെന്നതായിരുന്നു അദ്ദേഹത്തെ ഭരിച്ച ഒരേയൊരു ചിന്ത. ജ്ഞാനവൃദ്ധനായിരുന്ന ലൂക്കാച്ചന്‍ അറിഞ്ഞതിന്‍റെ മുമ്പില്‍ അത്ഭുതപരതന്ത്രനാവുകയും അറിയാത്തതിനെ പിഞ്ചെന്നു യാത്ര തുടരുകയും ചെയ്തു.
-ഡോ. ജോണ്‍സണ്‍ പുത്തന്‍പുരയ്ക്കല്‍
*****