

സ്മൃതിനാശം എന്നതാണ് മനുഷ്യരെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഒന്ന്. ഓർമ്മകൾ ഉണ്ടായിരിക്കണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം. മനുഷ്യരുടെ ഓർമ്മകൾ പരിമിതമാണ് എന്ന് മാത്രമല്ല, ഓർമ്മകൾക്ക് എപ്പോഴും പരിമിതികളുമുണ്ട്. ഓർമ്മകളെ ജ്വലിപ്പിച്ചു നിർത്താൻ കൂടിവരവുകളും അനുഷ്ഠാനങ്ങളും നല്ലതാണ്. യേശു പോലും കൂടിവരവുകളെയും ഓർമ്മകളെയും ആണല്ലോ അടിസ്ഥാനമാക്കുന്നത്!
സമകാലിക ലോകം നമ്മുടെ ഓർമ്മകളെ ആപേക്ഷിക വൽക്കരിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ലോകം എന്നതുതന്നെ ഓർമ്മകൾ എന്നും സൂക്ഷിക്കുന്നുണ്ട്.
ദൈവത്തെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്പം തന്നെ ദൈവം നിത്യനാണ് എന്നതാണ്. അതായത് എവർ പ്രസന്റ്. ഇന്നലെയും നാളെയും ഇല്ലാത്തയാൾ. പതിനായിരം വർഷം മുമ്പ് ഉണ്ടായിരുന്നതും, ഇപ്പോൾ ഉള്ളതും, ഇനിയും ഒരു പതിനായിരം വർഷത്തിനുശേഷം ഉണ്ടാകാൻ പോകുന്നതും ഒരുപോലെ കാണാൻ കഴിയുന്നവൻ. അതുകൊണ്ടുതന്നെ, ദൈവത്തിന്റെ ദൃഷ്ടിയിൽനിന്ന് ഒരു നന്മയും മാഞ്ഞു പോകുന്നില്ല.
സ്മൃതിനാശമുള്ളവരാണ് നാം. ലോകം നമ്മെ മറന്നേക്കാം, എല്ലാം മറന്നേക്കാം. എന്നാൽ ദൈവം ഒന്നും മറക്കുന്നില്ല.
ഒരു കഥയുണ്ടല്ലോ. പ്രായമുള്ള ഒരാൾ രാവിലെ ഒരു ക്ലിനിക്കിൽ എത്തുന്നു. തൻ്റെ കാര്യം വേഗത്തിൽ അറ്റൻഡ് ചെയ്യാമോ ആകുമോ എന്ന് താല്പര്യപ്പെടുന്നു. നഴ്സ് രക്ത പരിശോധനയ്ക്കായി അദ്ദേഹത്തിൻ്റെ രക്തം എടുക്കുമ്പോൾ, എന്താണ് അന്ന് രാവിലെ അദ്ദേഹത്തിന് തിരക്ക് എന്നാരായുന്നു. തൻ്റെ ഭാര്യയോടൊപ്പം പ്രാതൽ കഴിക്കാമെന്ന് ഏറ്റിട്ടുണ്ട് എന്നദ്ദേഹം പറയുന്നു. ഭാര്യ എവിടെയാണ് എന്ന് ചോദിക്കുമ്പോൾ, അടുത്തുള്ള നഴ്സിംഗ് ഹോമിലെ മെമ്മറി കെയറിലാണ് എന്ന് ഉത്തരം. അല്പം വൈകിയാലും അവർ അദ്ദേഹത്തെ കാത്തിരിക്കില്ലേ എന്ന് ചോദിക്കുമ്പോൾ, 'താൻ ചെല്ലുമെന്നോ താൻ ആരാണെന്ന് പോലുമോ അവൾ ഓർക്കുന്നില്ല' എന്നായിരുന്നു മറുപടി (കാരണം, സ്മൃതിനാശമെന്ന രോഗമാണല്ലോ അവൾക്ക്). 'അപ്പോൾ പിന്നെ, എത്താൻ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ലല്ലോ' എന്ന് നേഴ്സ് പറയുമ്പോൾ അയാൾ ഇങ്ങനെ പ്രതികരിക്കുന്നു!: 'അവൾക്ക് അതറിയില്ലെങ്കിലും, അവൾ ആരാണെന്ന് തനിക്ക് നന്നായി അറിയാമല്ലോ!'





















