top of page

കർമ്മയോഗി

Nov 7

1 min read

George Valiapadath Capuchin
Fr Micheal Karimattom
ഫാ. മൈക്കിൾ കാരിമറ്റം

ഒരു വൈദികായുസ്സിൽ ഇത്രയേറെ അധ്വാനിച്ചിട്ടുള്ളവർ,ഒരു ജനത്തെ സേവിച്ചിട്ടുള്ളവർ വിരളമായിരിക്കും.


തൻ്റെ ജീവിതസപര്യ പൂർത്തിയാക്കി തൻ്റെ പിതാവിൻ്റെ ഭവനത്തിലേക്ക് മടങ്ങിപ്പോയ ഡോ. മൈക്കിൾ കാരിമറ്റത്തെക്കുറിച്ചാണ്.

എങ്ങനെയാണ് ഈ ' മനുഷ്യൻ ഇത്രത്തോളം അധ്വാനിക്കുന്നത് എന്ന് ഞാൻ എന്നും അത്ഭുതപ്പെട്ടിട്ടുണ്ട്!


യേശുവിൽ ഒരു പ്രവാചകൻ ഉണ്ടെന്ന് കേരള ക്രൈസ്തവർ കേൾക്കുന്നത് കാരിമറ്റം അച്ചനിലൂടെയാണ്. അത്തരം ലേഖനങ്ങളുടെ പരമ്പര പ്രസിദ്ധീകരിച്ച ആനുകാലികങ്ങളെ അധികാര സ്ഥാനീയർ അക്കാലത്ത് വിലക്കുക പോലും ചെയ്തിട്ടുണ്ട്.


എൺപതുകളിൽ "താലന്ത്" എന്ന മാസിക ക്രൈസ്തവ യുവതയുടെ സിരകളിൽ ആഴമുള്ള ആത്മീയതയുടെ തീക്ഷ്ണമായ കനൽവാരിയിട്ടു. അതിലൂടെ ഡോ. മൈക്കിൾ കാരിമറ്റവും ഡോ. ജോർജ് കൂന്താനവും ഒക്കെ ചരിത്രമായി മാറി.


മലയാളം സമ്പൂർണ്ണ ബൈബിളിൻ്റെ ചീഫ് എഡിറ്റർമാരിൽ ഒരാളായും തലശ്ശേരി അതിരൂപതയുടെ ഡയറക്റ്ററായും ഡിവൈൻ ബൈബിൾ കോളജ് പ്രിൻസിപ്പലായും തൃശ്ശൂർ മേരിമാതാ സെമിനാരിയിലെ ബൈബിൾ പ്രഫസറായും ഒക്കെ അദ്ദേഹം തൻ്റെ സേവനം കാഴ്ചവച്ചു.


അതിനിടെ കൗമാരക്കാർക്കായി 50 ബൈബിൾ ചിത്രകഥകൾ എഴുതി പ്രസിദ്ധീകരിച്ചു.

അവ തന്നെ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തും പ്രസിദ്ധീകരിച്ചു.


ബൈബിൾ സംബന്ധമായി നൂറിലധികം വ്യത്യസ്ത ഗ്രന്ഥങ്ങൾ രചിച്ചു.



എട്ട് ബൃഹത് വാല്യങ്ങൾ ഉൾക്കൊള്ളുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബൈബിൾ വ്യാഖ്യാനങ്ങളിൽ തൻ്റേതായ സംഭാവനകൾ നല്കി.


ഡസൻ കണക്കിന് ബൈബിൾ പഠന വീഡിയോകൾ ചെയ്തു. ടെലവിഷൻ പ്രഭാഷണങ്ങൾ നടത്തി.


അനുദിന ബൈബിൾ വീഡിയോ വിചിന്തനത്തിനായി യൂറ്റ്യൂബ് ചാനൽ ആരംഭിച്ച് എല്ലാ ദിവസവും വിചിന്തന വീഡിയോകൾ അപ്‌ലോഡ് ചെയ്തു.


തിരുന്നാൾ പ്രസംഗങ്ങൾ, വിശേഷദിന പ്രസംഗങ്ങൾ എന്നിങ്ങനെയുള്ള ഓഡിയോ സി.ഡികൾ റെക്കോർഡ് ചെയ്ത് ഇറക്കി.


ആയിരക്കണക്കിന് അല്മായർക്കും സന്ന്യസ്തർക്കും വൈദിക വിദ്യാർത്ഥികൾക്കും ബൈബിൾ പാഠങ്ങൾ പറഞ്ഞു കൊടുത്തു.


അവസാനത്തെ ഏതാനും ആഴ്ചകൾ ആസ്പത്രിയിൽ ആയിരുന്നപ്പോളൊഴികെ അനുദിനം അച്ചൻ്റെ അനുദിന ബൈബിൾ വിചിന്തനങ്ങൾ വന്നു കൊണ്ടിരുന്നു.


karimattam.com എന്ന പേരിൽ സ്വന്തം വെബ്സൈറ്റ് ഉണ്ടാക്കി അതിൽ തൻ്റെ രചകളും പ്രഭാഷണങ്ങളും ബൈബിൾ പഠനങ്ങളും ലോകത്തിനു മുന്നിൽ തുറന്നിട്ടു.


മരണക്കിടക്കയിൽ കിടന്നുകൊണ്ട്, തൻ്റെ ഇഹലോക ജീവിതം അവസാനിക്കുകയാണെന്നും, നിറഞ്ഞ സംതൃപ്തിയോടെയാണ് യാത്രയാവുന്നതെന്നും, എല്ലാവർക്കും എല്ലാറ്റിനും "നന്ദി നന്ദി നന്ദി നന്ദി" എന്നും പറയുന്ന ഹൃദയ സ്പർശിയായ വാക്കുകൾ അതിലെ ആത്മാർത്ഥത കൊണ്ട് പെട്ടന്നുതന്നെ വൈറലായി.


ലേഖനങ്ങൾക്കായും ഗ്രന്ഥങ്ങൾക്കായും അച്ചനുമായി ഒത്തിരി തവണ ബന്ധപ്പെട്ടിട്ടുണ്ട്. തലശ്ശേരിയിൽ ആയിരുന്നപ്പോഴും മുരിങ്ങൂർ ആയിരുന്നപ്പോഴും മേരിമാതായിൽ ആയിരുന്നപ്പോഴും അദ്ദേഹത്തെ സന്ദർശിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നെപ്പോലുള്ളവരുടെ ശുശ്രൂഷാ മേഖലകളിൽ വലിയ പ്രോത്സാഹനം തന്നിട്ടുണ്ട്. പ്രായം പരിഗണിക്കാതെ എൻ്റെ മോട്ടോർ ബൈക്കിൻ്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ട്.


അത്ഭുതമാണ് ഈ മനുഷ്യനെക്കുറിച്ച് ഓർക്കുമ്പോൾ.

'കർമ്മയോഗി' എന്ന് മറ്റാരെക്കാളും അധികമായി അച്ചനെക്കുറിച്ച് പറയാനാകും.

നന്ദി അച്ചാ. നന്ദി നന്ദി നന്ദി 🙏🏽


Recent Posts

bottom of page