top of page

ദാമ്പത്യം

Nov 21

2 min read

George Valiapadath Capuchin
Poster in which text shows we over me

വേണ്ടത്ര അവധാനതയില്ലാതെ, കാര്യങ്ങളെ വേണ്ടും വണ്ണം പഠിക്കാതെ, തനിക്ക് തോന്നുന്നതെല്ലാം ലോകസത്യം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ എഴുതുകയും പറയുകയും ചെയ്യുന്നവരുണ്ട്. കുടുംബം ഏറ്റവും പ്രാകൃതമായ സ്ഥാപനമാണെന്നും അത് ഏറ്റവും ഫാസിസ്റ്റ് സംവിധാനമാണെന്നും വച്ചുകാച്ചുന്നവരുണ്ട്. തീർച്ചയായും തങ്ങൾ കരുതുന്നതാണ് ശരി എന്ന് കരുതാനും ചിന്തിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. കുടുംബം തന്നെ കാലാകാലങ്ങളിൽ ഏതെല്ലാം പരിണാമങ്ങളിലൂടെ കടന്നുപോയിരിക്കുന്നു! നാം കണ്ടു നിൽക്കേയല്ലേ കൂട്ടുകുടുംബങ്ങൾ അണു കുടുംബങ്ങൾക്ക് വഴി മാറിയത്? അറേഞ്ച്ഡ് വിവാഹങ്ങൾ പ്രേമ വിവാഹങ്ങൾക്ക് വഴി മാറിയത്? കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം എട്ടും പത്തും എന്നുള്ളതിൽ നിന്ന് രണ്ടും ഒന്നും എന്നതിലേക്കും മാറിയത്!


പുരുഷൻ ജോലി ചെയ്ത് തൻ്റെ ഭാര്യയെയും കുട്ടികളെയും പോറ്റുന്ന സ്ഥിതിയിൽ നിന്ന് പുരുഷനും സ്ത്രീയും തുല്യ അളവിൽ ജോലിചെയ്ത് കുടുംബത്തെ പങ്കാളിത്തത്തോടെ കൊണ്ടുപോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയത്? ഭാര്യാഭർത്താക്കന്മാർ പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് നിൽക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്ന കാലത്തിൽ നിന്ന്, അവർ ഒരുമിച്ച് തോളിൽ കൈയ്യിട്ട് യാത്ര ചെയ്യുക മാത്രമല്ല, ഭാര്യമാരെ പൊതു ഇടങ്ങളിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കും ഭർത്താക്കന്മാർ കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന കാലത്തിലേക്ക് വന്നത്!


അങ്ങനെയൊക്കെ നോക്കുമ്പോൾ കുടുംബം എന്ന സംവിധാനം കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ബാഹ്യമായി ഒത്തിരി മാറിയിട്ടുണ്ട്. ഇനിയും പൂർത്തിയാകേണ്ടത് അതിൻ്റെ ആന്തരികമായ പരിവർത്തനമാണ്.


പുതിയ കാലത്ത് ജീവിതപങ്കാളികൾ പാരസ്പര്യത്തിലും വൈയക്തികമായും പഴയ മൂല്യവിചാരങ്ങൾ സൂക്ഷിച്ചെന്നാൽ മാറ്റത്തിന്റെ കുത്തൊഴുക്കിൽ തകർന്നു പോകുകയേയുള്ളൂ. മാറ്റപ്പെടേണ്ടവയാണ് ചില വിചാരങ്ങൾ.


ജാതകപ്പൊരുത്തം എന്ന് കേട്ടിട്ടുണ്ടെങ്കിലും കംപാറ്റബിലിറ്റി (വ്യക്തിത്വപ്പൊരുത്തം) എന്ന് ഞാൻ കേൾക്കുന്നതുതന്നെ 33-ാം വയസ്സിലാണ്. വ്യക്തിത്വങ്ങൾ തമ്മിലുള്ള പൊരുത്തം വിജയപ്രദമായ ദാമ്പത്യത്തിൻ്റെ മൂലക്കല്ലാണ്. (പത്തുനാല്പത് വർഷം മുമ്പ് വായിച്ച ഓർമ്മയാണ്. എംടിയുടേതാണ് കഥ. നവദമ്പതികൾ വനപ്രദേശത്തെ കോട്ടേജിൽ മധുവിധു ചെലവഴിക്കാൻ എത്തുന്നു. സന്ധ്യക്ക് ജീപ്പുമായി പുറത്തുപോയ ഭർത്താവ് വേട്ടയാടിപ്പിടിച്ച മുയലുമായി തിരിച്ചെത്തുന്നു. വേട്ടമൃഗത്തെ ഭാര്യക്ക് കൈമാറുന്നു. അതിൻ്റെ രക്തം പുരണ്ട ശരീരത്തിലേക്കും പാതി കൂമ്പിയ കണ്ണുകളിലേക്കും നോക്കിയ ഭാര്യ അയാളിൽ നിന്ന് പ്രകാശവർഷങ്ങൾ ദൂരേക്ക് അകന്നുപോകുന്നു!)


ആശയവിനിമയം ദാമ്പത്യത്തിൽ അതി പ്രധാനമാണ്. ഒരാൾ പങ്കാളിയോട് സംസാരിക്കുന്നത് മാത്രമല്ല ആശയവിനിമയം. പങ്കാളിയെ ശ്രദ്ധാപൂർവ്വം കേൾക്കുകയും പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കുകയും പോസിറ്റീവായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നത് ആശയവിനിമയത്തിൻ്റെ ഭാഗം തന്നെയാണ്. സംഘർഷ നിവാരണവും ശരിയായ കമ്മ്യൂണിക്കേഷൻ്റെ ഭാഗമായി കാണേണ്ടതുണ്ട്.


യോജിപ്പുള്ളതും സന്തുലിതവുമായ പങ്കാളിത്തത്തിന് പങ്കാളിയുടെ ചിന്തകളെയും വികാരങ്ങളെയും വ്യക്തിത്വത്തെയും വിലമതിക്കുക എന്നത് നിർണ്ണായകമാണ്. വ്യക്തിപരവും തൊഴിൽപരവുമായ സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നതും ഇതിൽ ഉൾപ്പെടും.


പരസ്പരം വിശ്വസനീയവും (credible) സുതാര്യവും (transparent) സത്യസന്ധവുമായിരിക്കുക എന്നത് ബന്ധത്തിന്റെ ഉറപ്പുള്ള അടിത്തറക്ക് അവശ്യാവശ്യമാണ്. പറ്റുന്നത്രയും കാര്യങ്ങൾ പങ്കാളിയിൽ നിന്ന് മറച്ചുവക്കുകയും പലപ്പോഴും കള്ളം പറയുകയുമായിരുന്നു മുൻകാല ദാമ്പത്യത്തിൻ്റെ വ്യവസ്ഥാപിത കീഴ്‌വഴക്കം. (ഒരു കമ്യൂണിക്കേഷൻ്റെ അഭാവത്തിൽ നിന്ന് ഉണ്ടാക്കിയെടുത്ത കഥകളായിരുന്നു കുറേക്കാലം മുമ്പ് നിർമ്മിക്കപ്പെട്ട നമ്മുടെ ചലച്ചിത്രങ്ങൾ മിക്കതും എന്ന് തോന്നിയിട്ടുണ്ട്.)


ചിന്തകളും വികാരങ്ങളും അനുഭവങ്ങളും ആഴത്തിൽ പങ്കിടുന്നതിലൂടെയും ശക്തമായ വൈകാരിക ബന്ധം വളർത്തിയെടുക്കുന്നതിലൂടെയും മാത്രമേ അർത്ഥപൂർണ്ണമായ ദാമ്പത്യം ഉണ്ടായിവരൂ. (ഇതൊന്നും ദാമ്പത്യത്തിൻ്റെ പൊതുരീതികളായിരുന്നില്ല എന്നു പറയേണ്ടല്ലോ). ഉറ്റ സുഹൃത്തുക്കളാകുക, ശക്തമായ ഒരു ബന്ധം പങ്കിടുക, ഒരുമിച്ച് ചരിക്കുക, ചിരിക്കുക, ആസ്വദിക്കുക തുടങ്ങിയവയിലൂടെ മാത്രമേ ആധുനിക ദാമ്പത്യം അർത്ഥപൂർണ്ണമായി മുന്നോട്ടുപോകൂ. (പങ്കാളിയെ ഉൾപ്പെടുത്താതെ, തൻ്റെ ആൺ സുഹൃത്തുക്കളുമായി കറങ്ങി നടക്കുക, ചീട്ടുകളിക്കുക, ടൂറുപോകുക എന്നതൊക്കെയായിരുന്നു ദാമ്പത്യത്തിലെ മുൻകാല പ്രവണതകൾ).


സൗഹൃദം മാത്രമല്ല, സൗഹൃദത്തിനപ്പുറം സമകാലിക ദാമ്പത്യത്തിൽ ഒരു പ്രണയബന്ധം പങ്കാളിയുമായി നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്.


ഒരു ടീമാണ് തങ്ങൾ എന്നാവണം ദമ്പതികൾ കരുതേണ്ടത്. ഉത്തരവാദിത്തങ്ങൾ പങ്കിടുകയും ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ ഉൾപ്പെടെ പരസ്പരം ചർച്ചചെയ്ത് തീരുമാനങ്ങൾ എടുക്കുകയും പറ്റാവുന്നിടത്തോളം ഒരുമിച്ചുതന്നെ പ്രവർത്തിക്കുകയും വേണം.


പങ്കാളികൾ ഇരുവരും വ്യക്തികളെന്ന നിലയിൽ ജീവിതത്തിൽ എങ്ങനെ വളരുന്നു എന്നത് പ്രധാനമാണ്. ദാമ്പത്യത്തിൽ വ്യക്തിഗത വളർച്ച പ്രാപ്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം എന്ന് ആദ്യമേ പറഞ്ഞത് ആവർത്തിക്കുന്നു. എന്നാൽ, അത് ഏകപക്ഷീയമാകാതെ പങ്കാളികൾ പരസ്പരം ചെയ്യേണ്ടുന്ന കാര്യമാണ്. അതേസമയം, ദമ്പതികൾ യാഥാർത്ഥ്യം സ്വീകരിക്കുകയും അതിനോട് പൊരുത്തപ്പെടുത്തുകയും വേണം.


വ്യക്തികളും അവർക്കിടയിലെ ബന്ധവും വികസിക്കുന്നത് കാലക്രമേണയാണ്. കാരണം, അതൊരു ആത്മീയ സാധനയാണ്. പങ്കാളിയുമായി പൊരുത്തപ്പെടുകയും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും സഹായിക്കുകയും അതിനിടയിൽ വന്നുപോകുന്ന ഈഗോ മുറിപ്പെടലുകളെ സൗഖ്യപ്പെടുത്തുകയും ചെയ്യാതെ പങ്കാളിത്തത്തിലൂടെയുള്ള ആത്മീയ സാധന ആർക്കും പൂർത്തിക്കാനാവില്ല.

Recent Posts

bottom of page