

ഞാൻ ആലോചിക്കുകയായിരുന്നു:
ഒരു ഭൗതികവാദിയെ സംബന്ധിച്ചിടത്തോളം ആത്മാവ് എന്നൊന്നില്ല. ശരീരവും മനസ്സുമാണ് എല്ലാം. ശരീരത്തോടൊപ്പം മനസ്സും മരിക്കുന്നു. പ്രത്യക്ഷത്തിൽ കാര്യങ്ങൾ അങ്ങനെയാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ അത് ശരിയാണെന്ന് പലർക്കും തോന്നുന്നുമുണ്ട്.
എന്നാൽ, ഒരു ആത്മീയവാദിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അങ്ങനെയല്ല.
'വൃദ്ധർ' - എന്നാൽ വൃദ്ധി പ്രാപിച്ചവർ എന്നാണ് അർത്ഥമത്രേ! 'വൃദ്ധരും' മിക്കവാറും അങ്ങനെ തന്നെ പറയും.
ലോകത്തിൽ കാര്യങ്ങളെല്ലാം സുന്ദരമാണെങ്കിൽ, ഭൗതിക വാദികളാണ് ശരിയെങ്കിൽപ്പോലും നമുക്ക് പരാതിയില്ലായിരുന്നു. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ. ഒത്തിരിപ്പേർ അകാരണമായി പീഡിപ്പിക്കപ്പെടുന്നു. ഒത്തിരിപ്പേർ ചവിട്ടിത്താഴ്ത്തപ്പെടുന്നു; കൊലചെയ്യപ്പെടുന്നു. അധികാരവും സമ്പത്തും ആൾബലവും മറുപക്ഷത്തായിരിക്കുമ്പോൾ ദുർബലന് എന്താണ് ഒരാശ്വാസം? അധികാരവും സമ്പത്തും ആൾബലവും മറുപക്ഷത്തായിരിക്കുമ്പോൾ നിയമവും അതേ പക്ഷത്തുതന്നെ ആയിരിക്കും എന്നതാണ് യാഥാർത്ഥ്യം. അന്യായമായി തുറുങ്കിലടക്കപ്പെടുന്നവർ, ചവിട്ടി വീഴ്ത്തപ്പെടുന്നവർ - എഴുന്നേറ്റു വരുമ്പോൾ വീണ്ടും ചവിട്ടി വീഴ്ത്തപ്പെടുന്നവർ, സാക്ഷികളാരും ഇല്ലാത്തവിധം കൊലചെയ്യപ്പെടുന്നവർ ... ഭൂമിയിലേക്ക് ആഴ്ന്നുപോകുമ്പോൾ അവരുടെയൊക്കെ മനസ്സിൽ എന്തായിരിക്കണം?
"ഞാൻ ശരീരമാണ്. എനിക്ക് ഈ ശരീരമേ ഉള്ളൂ. ഞാൻ തീർന്നു."
അങ്ങനെയാണ് അവർ ചിന്തിക്കേണ്ടതെങ്കിൽ അതിൻ്റെ കുറവ് ദൈവത്തിനല്ല; മനുഷ്യകുലത്തിനാണ്. മനുഷ്യകുലം അപ്പടി തീരണം. ഒറ്റയൊരാൾക്കും ജീവിക്കാൻ അവകാശമില്ല.
എന്നാൽ, മർദ്ദിതാവസ്ഥയിൽ പൗലോസ് എഴുതുന്നത് നോക്കൂ: "ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല." (2 കോറി. 4: 8,9)
കാൾ മാർക്സിന് ജീവി തത്തിൽ സാമ്പത്തിക ദാരിദ്ര്യം ഉണ്ടായിരുന്നു. എന്നാൽ, പൗലോസും അദ്ദേഹത്തോടൊപ്പം ആദിമ സഭാസമൂഹവും കടന്നുപോയ പീഡനങ്ങളിലൂടെയും അടിച്ചുവീഴ്ത്തലുകളിലൂടെയും മാർക്സ് കടന്നുപോയിട്ടില്ല.
എങ്ങനെയാണ് തങ്ങൾ "തകർക്കപ്പെടുന്നില്ല, ഭഗ്നാശരാക്കുന്നില്ല, നശിപ്പിക്കപ്പെടുന്നില്ല" എന്ന് പൗലോസിന് പറയാൻ കഴിയുന്നത്?
അതിന് ഉപോത്ഫലകമായ കാരണം ഏതാനും വാക്യങ്ങൾക്കുശേഷം നാം കാണും.
"ഞങ്ങളിലെ ബാഹ്യാസ്തിത്വം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഞങ്ങളിലെ ആന്തരികാസ്തിത്വം അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്" (4:16)
അതാണ് ആത്മീയബോധ്യം!





















