top of page

മാതൃകയായ മറിയം

Sep 4, 2016

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

wedding in cana

കാനായിലെ കല്യാണസദ്യയില്‍ മനുഷ്യന്‍റെ ആവശ്യമറിഞ്ഞു സഹായിക്കുന്ന മറിയത്തെയാണ് നാം കാണുന്നത്. മനുഷ്യന്‍റെ സങ്കടമറിഞ്ഞു പ്രവര്‍ത്തിക്കുന്ന പരിശുദ്ധ അമ്മ നമുക്കെന്നും മാതൃകയാണ്. പരിശുദ്ധ മറിയത്തിന്‍റെ ജന്മതിരുനാള്‍ ആഘോഷിക്കുന്ന മാസമാണല്ലോ സെപ്റ്റംബര്‍. മറിയത്തിന്‍റെ മനോഭാവങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഗബ്രിയേല്‍ മാലാഖയില്‍ നിന്നം മംഗളവാര്‍ത്ത ശ്രവിച്ച മറിയം ഒരു പുതിയ വ്യക്തിയായി മാറുകയായിരുന്നു. അത്യുന്നതന്‍റെ സ്പര്‍ശനം ലഭിച്ചവള്‍ ആനന്ദം കൊണ്ടു നിറഞ്ഞു. നിത്യത നശ്വരതയെ സ്പര്‍ശിച്ച നിമിഷമായിരുന്നു അത്. ലോകത്തിലുള്ളതെല്ലാം കടന്നുപോകുമെന്നും നിത്യമായുള്ളത് ദൈവം മാത്രമാണെന്നും അവള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍ 'ഇതാ കര്‍ത്താവിന്‍റെ ദാസി' എന്ന് മറിയം പ്രത്യുത്തരിച്ചു. ആ നിമിഷം മുതല്‍ മറിയം സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്‍റെ മാതൃകയായിത്തീര്‍ന്നു.


ദൈവത്താല്‍ സ്പര്‍ശിക്കപ്പെട്ട മറിയം പിന്നീട് നിരന്തരമായ യാത്രയിലായിരുന്നു. ദൈവഹിതം നിറവേറ്റാനുള്ള യാത്രകളായിരുന്നു അത്. ബത്ലഹേമിലേക്കും, ഈജിപ്തിലേയ്ക്കും നസ്രത്തിലേയ്ക്കും കുരിശിന്‍റെ വഴിയിലേക്കുമെല്ലാം ആ യാത്ര തുടര്‍ന്നു. ദൈവഹിതം നിറവേറ്റുന്നതില്‍ ഉത്സാഹവതിയായ അമ്മയെ നാം ഇവിടെ കാണുന്നു. നിത്യതയിലേക്കുള്ള മനുഷ്യന്‍റെ യാത്രയില്‍ ഒരു മാതൃകയായി അമ്മ നിലകൊള്ളുന്നു.


പരസ്യമായി ആദ്യവും അവസാനവും മറിയം പറഞ്ഞത് ദൈവത്തോടുള്ള അനുസരണ വാക്കുകളായിരുന്നു. 'ഇതാ കര്‍ത്താവിന്‍റെ ദാസി'യെന്ന്  ആരംഭത്തിലും, 'അവന്‍ പറയുന്നതുപോലെ ചെയ്യുക' എന്നു അവസാനത്തിലും അവള്‍ പറയുന്നു. ക്രിസ്തീയ ശിഷ്യത്വത്തിന്‍റെ ജീവിതത്തില്‍ ഇതിനേക്കാള്‍ നല്ല ഒരു മാതൃക ലഭിക്കാനിടമില്ല. ദൈവപുത്രന്‍ പറയുന്നതു പോലെ ചെയ്യുന്നവരുടെ ഒരു ലോകമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.


എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച മറിയത്തെ ബൈബിളില്‍ നാം കാണുന്നു. ആരോടും ഒരു പരിഭവവും പറയാതെ എല്ലാക്കാര്യങ്ങളും ഉള്ളില്‍ ഒതുക്കിയവളാണ് മറിയം. പറഞ്ഞു തീര്‍ക്കുന്നവരും സഹിച്ചു തീര്‍ക്കുന്നവരുമുണ്ട്. ഇതില്‍ സഹിച്ചു തീര്‍ക്കുന്നവരുടെ പ്രതീകമായി മറിയം നിലകൊള്ളുന്നു. എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുന്നവര്‍ക്ക് ഒരു ശക്തിയുണ്ട്. ആ ശക്തി ലോകത്തിനു മനസ്സിലാവില്ല. ദൈവം നല്‍കുന്ന ഒരു പ്രത്യേക ശക്തിയാണിത്. മറിയം പൂര്‍ണ്ണമായും അതനുഭവിച്ചു.


നന്മനിറഞ്ഞവളാണ് മറിയം. നന്മ കാണുകയും കേള്‍ക്കുകയും, നന്മ സംസാരിക്കുകയും  നന്മ മാത്രം ചിന്തിക്കുകയും ചെയ്തവള്‍. നമ്മെക്കുറിച്ച് അങ്ങനെ പറയുവാന്‍ കഴിയുമോ? നമ്മുടെ സംസാരങ്ങളും ചിന്തകളും എത്ര മോശമാണ്. ഭര്‍ത്താവു ഭാര്യയെക്കുറിച്ചും ഭാര്യ ഭര്‍ത്താവിനെക്കുറിച്ചും 'നന്മ നിറഞ്ഞയാള്‍' എന്നു പറയുമോ? നമ്മെക്കറിച്ച് ലോകം "നന്മ നിറഞ്ഞവര്‍" എന്നു പറയുമോ?


ലോകത്തെക്കൊണ്ടു അങ്ങനെ പറയിക്കുവാന്‍ നമുക്കു കഴിയണം. നിരന്തരം ദൈവത്തെ അന്വേഷിക്കുന്ന അമ്മയെ ബൈബിള്‍ പരിചയപ്പെടുത്തുന്നു. ലൂക്കാ സുവിശേഷം 1-ാം അദ്ധ്യായത്തില്‍ ദൈവത്തിന്‍റെ ഹിതം തേടുന്ന മറിയത്തെ കാണുമ്പോള്‍, 2-ാമദ്ധ്യായത്തില്‍ കാണാതെ പോയ മകനെ തേടുന്ന  അമ്മയെ കാണുന്നു. എന്നാല്‍ കല്ലറയില്‍ അടയ്ക്കപ്പെട്ട മകനെ അന്വേഷിച്ചു പോകുന്ന അമ്മയെ നാം കാണുന്നില്ല. ലോകത്തിലെ ഒരു കല്ലറയ്ക്കും തന്‍റെ മകനെ അടച്ചുപൂട്ടാനാവില്ലെന്ന ഉറപ്പും മറിയത്തിനുണ്ടായിരുന്നു.  


ചെറുതും വലുതമായ അസ്വസ്ഥതകളും അപ്രതീക്ഷിതമായ തിരിച്ചടികളും വരുമ്പോള്‍ മറിയം നമുക്ക് മാതൃകയാണ്. സംശയത്തിന്‍റെ മംഗളവാര്‍ത്തയിലും കണക്കു തെറ്റിയ കല്യാണവിരുന്നിലുമെല്ലാം മറിയം അചഞ്ചലയായിരുന്നു.


പ്രതിസന്ധികളില്‍ പതറാതെ നിലനില്‍ക്കുകയെന്നത് ക്രിസ്തുശിഷ്യത്വത്തിന്‍റെ അവിഭാജ്യഘടകമാണ്. അപ്പസ്തോലഗണത്തിന് നേതൃത്വം നല്‍കിക്കൊണ്ടു ആദിമസഭയില്‍ മറിയം നിറഞ്ഞു നിന്നു. മറിയത്തിന്‍റെ മാതൃക  നമ്മെയെല്ലാം ശക്തിപ്പെടുത്തട്ടെ. 



Sep 4, 2016

0

3

Recent Posts

bottom of page