

മുൻകാലങ്ങളിൽ വിവാഹത്തെ കൂടുതലും ചേർത്തു നിർത്തിയിരുന്ന ഘടകങ്ങൾ നിരവധിയുണ്ട്.
സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്നതാണ് ഒന്നാമത്തേത്.
രണ്ടാമതായി വിവാഹമോചനത്തെ സമൂഹം അംഗീകരിച്ചിരുന്നില്ല - ദാമ്പത്യ അവിശ്വസ്തതയിലൊഴികേ ക്രിസ്തുമതം വിവാഹമോചനം അനുവദിച്ചിരുന്നുമില്ല എന്നതാണ്.
പേട്രിയാർക്കൽ മൂല്യങ്ങൾ കൂടുതൽ ശക്തമായിരുന്ന തിനാൽ ഭർത്താവ് എന്തു പറഞ്ഞാലും ചെയ്താലും ഭാര്യ സഹിക്കണം, ക്ഷമിക്കണം എന്നതായിരുന്നു അംഗീകൃത നിയമം.
ഓരോ വ്യക്തിയുടെയും വ്യക്തിത്വപൂർണ്ണത, ജീവിതപൂർണ്ണത എന്നിങ്ങനെയുള്ള ഉന്നതമായ മാനവിക മൂല്യങ്ങൾ അക്കാലത്ത് സമൂഹത്തിൽ നിലവിലുണ്ടായിരുന്നില്ല.
പരിചയക്കാരോ പഴയ കൂട്ടുകാരോ ഒക്കെയായി ക്ഷണനേരംകൊണ്ട് ബന്ധപ്പെടാൻ കഴിയുന്ന സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ പോലുള്ള ശ്രദ്ധചിതറിക്കൽ സാധ്യതകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല.
സ്വാതന്ത്ര്യവും നീതിയും തുല്യതയും മനുഷ്യാവകാശങ്ങളാണ് എന്നും ആണും പെണ്ണും മ നുഷ്യരാണ് എന്നുമുള്ള ബോധ്യം അക്കാലത്ത് പൊതുവേ ഉണ്ടായിരുന്നില്ല.
ജീവിത പങ്കാളി മനസ്സിലാക്കിയില്ലെങ്കിലും കൂട്ടുകുടുംബ പശ്ചാത്തലത്തിൽ ഒരാളെ മനസ്സിലാക്കാനും സഹാനുഭൂതി പകരാനും മറ്റുപലരും ഉണ്ടായിരുന്നു.
ടീവി, ചലച്ചിത്രം, യൂറ്റ്യൂബ് എന്നിങ്ങനെയുള്ള യാതൊരു വിനോദോപാധികളും അക്കാലത്ത് സാധാരണമല്ലായിരുന്നു/ അല്ലെങ്കിൽ ഇല്ലായിരുന്നു എന്നതിനാൽ ജീവിത പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ മാത്രമായിരുന്നു അക്കാലത്തെ ഏക വിനോദോപാധി.
ഭർത്താവ് മുരടനാണെങ്കിലും ക്രൂരനാണെങ്കിലും, ഭാര്യയെ തൻ്റെ ലൈംഗിക അടിമയായി മാത്രം കാണുന്ന ആളാണെങ്കിൽപ്പോലും അന്നത്തെ സമൂഹത്തിൽ അതൊന്നും വലിയ പാതകങ്ങളായിരുന്നില്ല.
ഭാര്യ പെട്ടന്ന് മരണമടഞ്ഞാലും അതിനെക്കുറിച്ചൊന്നും പൊതുസമൂഹം പൊതുവേ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നില്ല.
ഇതൊക്കെയാണെങ്കിലും വലിയൊരു ഭാഗം ദമ്പതികളും അസംതൃപ്തരുമായിരുന്നു.
അതെല്ലാം മിക്കവാറും മാറിപ്പോയി. ഒരു സംക്രമകാലത്താണ് നാമൊക്കെ ഇന്നിപ്പോൾ ജീവിക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് ലോകത്തിലെ മിക്ക സംസ്കാരങ്ങളിലും ഇന്ന് വിവാഹം പരസ് പരമുള്ള ഇഷ്ടത്തിൻ്റെ പേരിലാണ് നടക്കുന്നത്. എന്നിട്ടും പ്രകൃതിയിലെ ഏറ്റവും സ്വാഭാവികമായ ബന്ധം മനുഷ്യരിലേക്ക് വരുമ്പോൾ പലപ്പോഴും സ്ഥായിയാവാതെ പോകുന്നു. എന്താവാം കാരണം?
മേല്പറഞ്ഞ കാരണങ്ങളുടെയെല്ലാം മറുവശം കാരണങ്ങൾ തന്നെയാണ്.
പ്രധാന കാരണം എന്നാൽ, മനുഷ്യർ പ്രായോഗികമാകാത്തതാണ് എന്ന് എനിക്കു തോന്നുന്നു. പ്രേമബന്ധങ്ങളിൽപ്പോലും തൻ്റെ പങ്കാളിയുടെ ജീവിത വീക്ഷണങ്ങൾ തൻ്റേതുമായി ചേർന്നു പോകുന്നവയാണോ; ഒരുമിച്ചുള്ള പങ്കാളിത്ത ജീവിതത്തിൽനിന്നും തങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്, തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്ക് സമാനതയോ പൊതുത്വമോ ഉണ്ടോ എന്നും മറ്റുമുള്ള ആലോചനകളോ ചർച്ചകളോ ഇന്നും നടക്കുന്നില്ല. ആദ്യഘട്ടങ്ങളിൽത്തന്നെ പലരും സ്നേഹ പ്രകടനങ്ങളിലേക്ക് നീങ്ങുകയും അത്യാവശ്യം ചെയ്യേണ്ട ഗൃഹപാഠങ്ങൾ പഠിക്കാതെ വരികയും ചെയ്യുന്നു.
സഹജീവനത്തിൽ പോലും പങ്കാളികൾ ഒട്ടൊരു കാലത്തേക്ക് മുഖംമൂടികളും വേഷപ്പകർച്ചകളും നാട്യങ്ങളുമായി ജീവിക്കുന്നു. ആർക്കും എക്കാലവും അങ്ങനെ കഴിയാനാവില്ല.
വഷളാക്കപ്പെട്ട കുഞ്ഞുങ്ങളാണെങ്കിൽ വലിയ നാർസിസിസ്റ്റുകളായി വളർന്നിട്ടുമുണ്ടാകാം.
ഏതായാലും ക്ലീഷേ സംഭാഷണങ്ങൾ അവസാനിച്ച് സമൂഹം കൂടുതൽ കാര്യകാരണ ബോധത്തോടും അവധാനതയോടും കൂട ി ജീവിതത്തെ -പ്രണയികളുടേതും ദമ്പതികളുടേതും- സമീപിച്ചില്ലെങ്കിൽ കൂടുതൽ പേർ കൂടുതൽ കാലം കൂടുതൽ വേദന അനുഭവിക്കേണ്ടതായും സമൂഹത്തിൽ കൂടുതൽ പേർ അസന്തുഷ്ട ജീവിതം നയിക്കേണ്ടതായും വരും.
_🐌_ _ __ _























