ജോര്‍ജ് വലിയപാടത്ത്
Oct 25
വീട് സ്വര്‍ഗത്തിന്‍റെ കൊച്ചുപതിപ്പെന്നാണ് വേദപാഠക്ലാസ്സു പറഞ്ഞുതന്നിട്ടുള്ളത്. വിണ്ണിന്‍റെ ഒരു ചീന്ത് അടര്‍ന്നു മണ്ണില്‍ വീണതാണത്രേ വീട്. എന്നിട്ടുമെന്തേ കുമ്പസാരക്കൂടുകള്‍ സഖിയെച്ചൊല്ലിയുള്ള ഏങ്ങലടികള്‍കൊണ്ടു നനയുന്നു? സായിപ്പിന്‍റെ വീട് ഇടിഞ്ഞുപൊളിയുന്നുവെന്നും നമ്മുടേത് ഭദ്രമായി തുടരുന്നുവെന്നും നാമാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അന്നാട്ടില്‍ ജീവിക്കുന്ന ഒരു സുഹൃത്തിന്‍റെ നിരീക്ഷണപ്രകാരം, ഏതെങ്കിലും സ്ത്രീയും പുരുഷനും വിവാഹബന്ധത്തില്‍ അവിടെ തുടരുന്നുണ്ടെങ്കില്‍ അത് അവര്‍ തമ്മിലുള്ള പ്രണയം ഒന്നുകൊണ്ടുമാത്രമാണ്. നാം ഊറ്റംകൊള്ളുന്ന പല വീടുകളും ഇവിടെ ഉയര്‍ന്നിരിക്കുന്നത് ഉടയ്ക്കപ്പെട്ട സ്വപ്നങ്ങളുടെയും ചിതറിക്കപ്പെട്ട പ്രതീക്ഷകളുടെയും അടക്കിവച്ചിരിക്കുന്ന ഗദ്ഗദങ്ങളുടെയും മുകളിലല്ലേ?
ഇവിടെ ആണിന്‍റെയും പെണ്ണിന്‍റെയും ഒരുമിച്ചുള്ള ആദ്യ ചുവടുവയ്പുതന്നെ വല്ലാതെ പാളിപ്പോകുന്നുവെന്നു തോന്നിപ്പോകുന്നു. വിവാഹാലോചനയെന്നൊക്കെ പറഞ്ഞു നടത്തപ്പെടുന്ന ആലോചന എന്തിനെപ്പറ്റിയുള്ളതാണ്? ഒരുമിച്ച് അങ്ങേയറ്റംവരെ പോകാനുള്ളവരുടെ പൊരുത്തങ്ങള്‍, പൊരുത്തക്കേടുകള്‍, ആഭിമുഖ്യങ്ങള്‍, ജീവിതവീക്ഷണം തുടങ്ങിയ ഏതിനെക്കുറിച്ചെങ്കിലും ആലോചന നടക്കാറുണ്ടോ? ജോലി, ജോലി ചെയ്യുന്ന സ്ഥലം, ജോലിയില്‍നിന്നു കിട്ടുന്ന കാശ്, തൊലിയുടെ നിറം, കുടുംബത്തിന്‍റെ പേര്... തീര്‍ന്നു; ഇത്രയും ആലോചിച്ചാല്‍ മതിയത്രേ. പണത്തിനുമാത്രം പഞ്ഞമുണ്ടാകരുതെന്നേയുള്ളൂ. ബാക്കിയുള്ളതൊക്കെ അങ്ങുനടന്നോളും എന്നാണു കല്പിക്കപ്പെടുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ തന്‍റെ ഇപ്പോഴത്തെ പങ്കാളിയോടൊത്തുതന്നെ ജീവിതം താണ്ടുമെന്നു ഉറച്ചു പറയുന്ന എത്ര പേരുണ്ടിവിടെ? ഒരു സുഹൃദ്ബന്ധംപോലും കാലക്രമേണയാണു രൂപപ്പെടുന്നത്. അവസാനശ്വാസംവരെയുണ്ടാകേണ്ട ബന്ധം പക്ഷേ, എടുത്തെറിയപ്പെടുന്നതുപോലെയങ്ങു തുടങ്ങുകയാണ്.
നമ്മുടെ സിനിമകളൊക്കെ പറയുന്നത് വിവാഹത്തിനുമുമ്പുള്ള പ്രണയത്തെക്കുറിച്ചാണ്. അതിനുശേഷമുള്ള പ്രണയത്തെക്കുറിച്ച് ആരുമൊന്നും മിണ്ടുന്നില്ല. കല്യാണത്തിന് (അതിനു 'മംഗളം' എന്നുമര്‍ത്ഥമുണ്ടല്ലോ) പര്യായമായി നാമുപയോഗിക്കുന്ന wedlock (കല്യാണപൂട്ട്), nuptial knot (കല്യാണ കടുംകെട്ട്), കെട്ടല്‍ തുടങ്ങിയ വാക്കുകള്‍ എന്താണു സൂചിപ്പിക്കുന്നത്? നിങ്ങള്‍ പങ്കാളികള്‍ ഒരുമിച്ചിരുന്നൊരു പ്രണയഗാനം കേട്ടിട്ടെത്രനാളായി? ഒരു തീരത്തിരുന്നു കുളിര്‍ക്കാറ്റു കൊണ്ടിട്ടെത്രനാളായി? നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം കണ്ടിട്ടെത്ര നാളായി? എന്നിട്ടുമിവിടെ ശരീരവും ശരീരവും ഒരുമിക്കുന്നു. അസ്ഥികൂടങ്ങള്‍ തമ്മിലുള്ള ചുംബനം. മാധവിക്കുട്ടി പറയുന്നതുപോലെ, കോടതിയില്‍ ചോദ്യം ചെയ്യാനാവാത്ത ബലാല്‍ക്കാരങ്ങള്‍. ഹൃദയമുണര്‍ത്താതെയുള്ള ശരീരത്തിന്‍റെ ആവേഗങ്ങള്‍ക്കൊടുവില്‍ കിടപ്പറയില്‍ നിറയുന്നത് അവകാശം സ്ഥാപിച്ചതിന്‍റെ അഹങ്കാരവും കീഴടക്കപ്പെട്ടതിന്‍റെ ലജ്ജയുമാണ്. ഇളം കാറ്റിലാണ് പൂവുകള്‍ വിരിയുന്നത്. കൊടുങ്കാറ്റുകള്‍ അവയെ തല്ലിക്കൊഴിക്കുകയാണു ചെയ്യുന്നത്. ആര്‍ദ്രമായ വാക്കുകളുടെയും ഊഷ്മളമായ ബന്ധത്തിന്‍റെയും അഭാവം ഹൃദയങ്ങളെ തരിശുനിലങ്ങളാക്കിത്തീര്‍ക്കുന്നു. എങ്ങനെയായാലും വേണ്ടില്ല, ഒരുമിച്ചാണു ദമ്പതികള്‍ ജീവിക്കുന്നതെങ്കില്‍ ഇവിടെ ഒരു സദാചാര പ്രശ്നവുമില്ല. നാഭിക്കു തൊഴികിട്ടി, പല്ലൊരെണ്ണം അടര്‍ന്നുപോയി, കണ്ണും മനസ്സും കലങ്ങി 'ബാല്യകാലസഖി'യിലെ സുഹ്റാ ഭര്‍ത്താവിനൊപ്പം ജീവിച്ചപ്പോള്‍ അതിലൊരു പ്രശ്നവും ആരും കണ്ടില്ല. അവള്‍ തന്‍റെ കുട്ടിക്കാലത്തെ കൂട്ടുകാരന്‍ മജീദിനോടു മിണ്ടാനും പറയാനും ചിരിക്കാനും തുടര്‍ന്നു പുതിയ പുടവചുറ്റാനും തലമുടി ചീകാനും തുടങ്ങിയതോടെ കുശുകുശുപ്പുകളായി, ധാര്‍മ്മിക പ്രശ്നങ്ങളായി.
ദൈവത്തിന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നും സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചുവെന്നുമാണ് വേദം പറയുന്നത്. പുരുഷന്‍ എത്രകണ്ടു ദൈവത്തിന്‍റെ ഛായയിലാണോ, അത്രകണ്ടു സ്ത്രീയുമാണ്. തമ്മില്‍ ഒരേറ്റക്കുറച്ചിലുമില്ല. അവരെ നയിക്കേണ്ടതു സമഭാവനയാണ്. വീടിനേതു പെയിന്‍റ് അടിക്കണമെന്ന് അവരൊരുമിച്ചു തീരുമാനിക്കട്ടെ. ഗെയ്റ്റില്‍ എഴുതിവയ്ക്കുന്ന നെയിംപ്ലെയ്റ്റില്‍ വീട്ടുപേരു മാത്രമുണ്ടാകട്ടെ. ഇതൊന്നും ഈ മണ്ണില്‍ നടക്കാത്തതുകൊണ്ടാകണം, അങ്ങു സ്വര്‍ഗത്തിലെങ്കിലും ആരും കല്യാണം കഴിക്കുകയോ കഴിച്ചു കൊടുക്കുകയോ ചെയ്യില്ലെന്നു ക്രിസ്തുവിനു പറയേണ്ടിവന്നത്. ഭരിക്കലും ഭരിക്കപ്പെടലുമാണിവിടെ. തോല്പിക്കലും തോറ്റുകൊടുക്കലും. പങ്കാളികളില്‍ ഒരാള്‍ക്കു മാത്രമായി ജയിക്കാനാകുമോ? ഒരിക്കല്‍ ഒരു ഡോക്ടറും ഭാര്യയും വന്നു. ഡോക്ടര്‍ വളരെ പ്രസിദ്ധന്‍. ക്ലാസുകള്‍ക്കു പലയിടത്തും ക്ഷണിക്കപ്പെടുന്നു. മക്കളെല്ലാം വിദേശത്താണ്. പക്ഷേ വീട്ടില്‍ ചിരിയില്ല. കാരണം ഭാര്യക്കു ഭയങ്കര ഡിപ്രഷന്‍. നന്നായി എഴുതിയിരുന്നു അവള്‍. പഠിപ്പിച്ചിരുന്നു അവള്‍. വിവാഹശേഷം വീടിനുവേണ്ടി എല്ലാം വേണ്ടെന്നുവച്ചു. ഭര്‍ത്താവും മക്കളും ഒന്നിനൊന്നിനു കുതിച്ചുകയറിയപ്പോള്‍ അവള്‍ നിന്നു കിതയ്ക്കുകയായിരുന്നു. തനിക്കുള്ളതെല്ലാം ഊറ്റിക്കൊടുത്ത് അവളിന്നു വാടിത്തളര്‍ന്നു നില്ക്കുന്നു. അതോടെ വീടിന്‍റെയും കൂമ്പടയുകയാണ്.
വിവാഹജീവിതവുമായി ബന്ധപ്പെടുത്തിപ്പോലും പ്രണയത്തെക്കുറിച്ചു പറയാന്‍ ഇവിടാരും സന്മനസു കാണിക്കുന്നില്ല. വൈകാരികത ധാര്‍മ്മികതയ്ക്കു വിരുദ്ധമായിട്ടാണല്ലോ ഇവിടെ പൊതുവെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ധര്‍മ്മിഷ്ഠരായ നമ്മുടെ മഹാന്മാരൊക്കെ ഊഷ്മളമായ ബന്ധങ്ങള്‍ക്കു പുല്ലുവില കൊടുത്തവരാണ്. ഗര്‍ഭിണിയായ ഭാര്യയെ അലക്കുകാരന്‍റെ വാക്കുകേട്ട് കാട്ടിലുപേക്ഷിച്ച ശ്രീരാമന്‍ ഇവിടെ ധാര്‍മ്മികതയുടെ പര്യായമാണ്. ഊര്‍മ്മിളയുടെ ഗദ്ഗദങ്ങള്‍ അവഗണിച്ച് ജ്യേഷ്ഠനോടൊപ്പം കാട്ടിലേയ്ക്കുപോയ ലക്ഷ്മണനും ധര്‍മ്മിഷ്ഠനത്രേ. കല്യാണപ്രസംഗങ്ങളൊക്കെ ധര്‍മ്മോപദേശങ്ങളാണ്. ഭര്‍ത്താവു ഭാര്യയുടെ ശിരസാണെന്നും ഭാര്യ വിധേയത്വത്തോടെ ജീവിക്കണമെന്നും ഉപദേശിക്കപ്പെടുന്നു. ഉത്തമഗീതത്തിലെ പ്രണയാര്‍ദ്രമായ പാട്ടുകളൊന്നും വായിക്കപ്പെടുന്നില്ല, മാതൃകയായി അവതരിപ്പിക്കപ്പെടുന്നില്ല. ആ പുസ്തകത്തെപ്പറ്റി ആര്‍ക്കോ ലജ്ജ തോന്നിയിട്ടാവണം അത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സ്നേഹമാണെന്നൊക്കെ ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നത്. സത്യത്തില്‍ അതിലുടനീളം ഉള്ളത് ആണും പെണ്ണും തമ്മിലുള്ള ശുദ്ധ പ്രണയമാണ്. അതുകൊണ്ടുതന്നെ അത് ദൈവനിവേശിതവുമാണ്. അങ്ങനെയാണത് വിശുദ്ധഗ്രന്ഥത്തിലിടം നേടിയത്. വിശുദ്ധിയുടെ അളവുകോല്‍ നമുക്ക് സ്ത്രീയും പുരുഷനും തമ്മിലുള്ള അകലമാണ്. വിശുദ്ധ കര്‍മ്മങ്ങള്‍ക്കു മുന്‍പും വിശുദ്ധ സ്ഥലങ്ങളിലും പങ്കാളികള്‍ തമ്മില്‍ പോലും അതുകൊണ്ട് പരമാവധി അകലം സൂക്ഷിക്കുന്നു. അവരൊരുമിച്ച് ഒരു പാര്‍ക്കിലിരുന്നാല്‍ പോലും ഒളിഞ്ഞുനോട്ടങ്ങളാണ്, സംശയങ്ങളാണ്, അടക്കം പറച്ചിലുകളാണ്.
'അകലെ' എന്നൊരു സിനിമയുണ്ട്. അല്പം അംഗവൈകല്യവും ഒരുപാട് അപകര്‍ഷതയുമുള്ള ഒരു പെണ്‍കുട്ടിയുണ്ടതില്‍. അവളുടെ ലോകത്തില്‍ ആകെയുള്ളത് കുറെ ചില്ലുപ്രതിമകളാണ്. കോളേജില്‍ വച്ച് അവള്‍ക്ക് ഒരാളോട് ആരാധന തോന്നുന്നുണ്ട്. പക്ഷേ, പറയാത്ത പ്രണയവുമായി അവള്‍ കോളേജു പടിയിറങ്ങുന്നു. കുറെനാള്‍ കഴിഞ്ഞ് അന്നാട്ടില്‍ വരുന്ന അയാള്‍ അവളുടെ വീട്ടില്‍ താമസമാക്കുന്നു. അതോടെ അവള്‍ ചിരിച്ചുതുടങ്ങുന്നു, പാടിത്തുടങ്ങുന്നു. കഥയവസാനിക്കുമ്പോള്‍ അയാള്‍ തിരികെപ്പോകുകയാണ്. അവള്‍ ചില്ലുപ്രതിമകളുടെ ഇടയിലേക്കും. പ്രണയത്തിന് ഒരാളെ ഗായകനാക്കാനാകും. വേറൊരാളെ നര്‍ത്തകിയാക്കാനുമാകും. നിന്നെ നീയാക്കാനാണു കൂട്ടുകാരി, ഞാന്‍ നിന്‍റെ കൂടെ വരുന്നത്. എന്നെ ഞാനാക്കാന്‍ നീയും വരിക. നമുക്കിടയില്‍ പ്രണയം പൂത്തുലയട്ടെ.