top of page
ആനകള്‍ ഇറങ്ങുകയും മാന്‍കൂട്ടങ്ങള്‍ മേയുകയും കാട്ടുപന്നികള്‍ ഉളിപായുന്നതുപോലെ ഓടുകയും ചെയ്യുന്ന കാടു കടന്നുവേണം നത്തേവാലിയിലെത്താന്‍. മുഴുത്ത കാട്ടുമരനിരകള്‍ അകമ്പടി നില്‍ക്കുന്ന കമ്പറോഡ്. ഇടക്കിടെ വെള്ളം ഒലിച്ചിറങ്ങുന്ന തോടുകള്‍. ഇടയില്‍ ഗെയിറ്റില്ലാത്ത ഒരു റെയില്‍വേ ക്രോസ്സും. നജീബബാദ് ജോഷിമഠ് സ്റ്റേറ്റ് ഹൈവേയില്‍ നിന്നും നാലര കി. മീ. ദൂരം. കാടിനതിരിലുള്ള ഒരു ഹരിജന്‍ ഗ്രാമം കഴിഞ്ഞാല്‍ വൃത്താകൃതിയില്‍ തകിടില്‍ ഉറപ്പിച്ചിരിക്കുന്ന ബോര്‍ഡില്‍ 'മരിയഭവന്‍' എന്നു കാണാം.
ഇവിടെ നിന്നാല്‍ കിഴക്ക് പട്ടാളനിരപോലെ നില്‍ക്കുന്ന ഹിമാലയന്‍ മലകള്‍. പ്രഭാതത്തില്‍ ഈ മലനിരയില്‍ക്കൂടി തല പൊക്കുന്ന സൂര്യവൃത്തവും കിഴക്കന്‍ പൊന്‍നിറമാര്‍ന്ന ചായക്കൂട്ടും അതിഗംഭീരദൃശ്യമാണ്. ചുറ്റിലും പരന്നുകിടക്കുന്ന വളക്കൂറുള്ള മണ്ണ്. ഗോതമ്പും, നെല്ലും, കരിമ്പും. കാലാകാലങ്ങളില്‍ പച്ചയും പൊന്നും വെള്ളിയുമായി നിറം മാറുന്ന പാടശേഖരങ്ങള്‍ കണ്ണെത്താ ദൂരങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബില്‍ നിന്നും കുടിയേറിയ കുറെ സര്‍ദാര്‍മാരുടെ ദേഹണ്ണമാണ് ഈ പ്രദേശം. ശുദ്ധമാന കൃഷിക്കാര്‍. കഠിനാദ്ധ്വാനികളായ നിരക്ഷരര്‍. കറണ്ട് വെട്ടവും ടെലഫോണ്‍ കമ്പികളും എത്തിയിരുന്നില്ലെങ്കിലും ഡീസല്‍ ഇഞ്ചന്‍ വഴി പാടങ്ങളില്‍ വെള്ളമൊഴുക്കി കരിമ്പും ധാന്യങ്ങളും പച്ചക്കറികളുമായി നൂറുമേനികള്‍ ഇവര്‍ വിളയിച്ചെടുത്തു. പകല്‍മുഴുവന്‍ പാടത്ത് പണിയുകയും രാത്രികളില്‍ ഏറുമാടങ്ങളില്‍ ഉറക്കമിളച്ച് കൃഷിസംഹാരകരായി എത്തുന്ന ആന, പന്നി, തുടങ്ങിയവയെ ആട്ടുക കൂടി ചെയ്താലെ നാല് കാശ് കീശയിലെത്തു. മരിയഭവന് അയല്‍ക്കാരായിട്ടുള്ളത് തെല്ല് അകലെയുള്ള സാബുവാലയും, ഗാഞ്ചീവാലയും ഗ്രാമങ്ങളാണ്. സാബുവാലയില്‍ കൂലിപ്പണിക്കാരായ ഹരിജനങ്ങളും ഗാഞ്ചീവാലയില്‍ കുടിയേറ്റക്കാരായ നേപ്പാളികളും താമസിക്കുന്നു.
മരിയഭവനിലെ കന്നിതാമസക്കാരനായത് മൈക്കിള്‍ പൂവത്തുംകുടി അച്ചനാണ്. രണ്ട് മുറി മാത്രം മേല്‍ക്കൂര വാര്‍ത്ത് തറമാത്രം കെട്ടിയ പണിതീരാത്ത വീട്ടിലാണ് മൈക്കിള്‍ താമസക്കാരനായത്. ചുറ്റും പാടമല്ലാതെ ആള്‍ പെരുമാറ്റമില്ല. പാചകക്കാരോ പണിക്കാരോ ഇല്ല. കിഴക്ക് വെള്ള കീറിയാല്‍ നാട്ടുകാരെപ്പോലെ മൈക്കിളച്ചനും വാടക ട്രാക്റ്ററില്‍ കയറി ഭൂമി ഉഴുവുക. വിത്തിടുക. പുല്ലെടുക്കുക. മൂന്നുനേരത്തെ ഭക്ഷണം ഒന്നിച്ചു പാകപ്പെടുത്തി രണ്ടുനേരം തണുത്തുറച്ചവ കഴിയ്ക്കുക. അന്തിയായാല്‍ മണ്ണെണ്ണ വിളക്ക് കൊളുത്തി തളര്‍ന്ന കൈകളില്‍ കൊന്തയേന്തി 'പരിശുദ്ധ മറിയമെ'... ചൊല്ലി. കാനോനാ നമസ്ക്കാരം എത്തിച്ചശേഷം പായയില്‍ ചടഞ്ഞുറങ്ങുന്നതോടെ ഒരുദിനം തീരുന്നു. ദിനാരംഭം മുറിയിലെ കൊച്ചുമേശയില്‍ വെള്ള വിരിച്ച് കൈയില്‍ കിട്ടിയ കടലാസുപടങ്ങളും മാതാവ്, യൗസേപ്പിതാവ് തിരുഹൃദയം തുടങ്ങിയ രൂപങ്ങളും നിരത്തി ആരോരുമില്ലാതെ തികച്ചും ഏകനായുള്ള ദിവ്യപൂജ. സഹായം തേടിയും പണി അന്വേഷിച്ചെത്തുന്നവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കഞ്ഞികുടിയ്ക്കാന്‍ കിട്ടിയിരുന്ന കാശില്‍ നിന്നും കുറച്ചെടുത്ത് ഈ പാവങ്ങളുമായി പങ്കുവച്ചു ഏതെങ്കിലും കാര്യങ്ങള്‍ക്കായി കോഡ്ദ്വാറിലോ (ബിഷപ്പ് ഹൗസ്) നജീബബാദിലോ (പ്രോവിന്‍ഷ്യല്‍ ഹൗസ്) പോകേണ്ടിവന്നാല്‍ ഏകനായി കാട്ടിലൂടെയുള്ള നടപ്പ്. അല്ലെങ്കില്‍ നാട്ടുകാരുടെ ട്രാക്റ്ററുകള്‍ ചാക്കുകെട്ടുകളും, ധാന്യവും വിറകും ഒക്കെയായി പോവുമ്പോള്‍ അതിനിടയില്‍ കയറിക്കൂടി സവാരി ചെയ്യുക. വെറും സാധാരണ കൃത്യങ്ങള്‍ തന്നെ ആയിരുന്നെങ്കിലും നാട്ടുകാര്‍ മൈക്കളച്ചനില്‍ ചില സവിശേഷതകള്‍ തൊട്ടറിഞ്ഞു. ക്രിസ്ത്യാനികളെന്നും അച്ചനെന്നുമുള്ള തിരിച്ചറിവ്. മരിയഭവന്‍ നാട്ടുകാര്‍ക്ക് ഒരു അത്താണിയായി മാറി.
മരിയഭവനിലെ അന്തേവാസികളായി പിന്നീട് വന്ന ഫാ. യേശുദാസ്, ഫാ. റയ്മണ്ട് മഞ്ചേരി എന്നിവര്‍ അവരുടെ സേവന സംഭാവനകള്‍ വഴി ചുറ്റുവട്ടബന്ധങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തു. ക്ഷീരോല്പാദനത്തില്‍ നാല്പതോളം നല്ലയിനം കന്നുകാലികളും വിശേഷതരം ആടുകളും തേനും മെഴുകും ശേഖരിക്കുന്ന വിദേശ തേനീച്ചകൃഷിയും മരിയഭവന്‍റെ നാള്‍വഴിയിലെ ഭൂതകാലമായിമാറി. അക്ഷരമോതുന്ന അംഗന്‍വാടികളും ഇന്നലെയുടെ ചരിത്രമായി.
ഋതു പരിണാമവും കാലചക്രതിരിച്ചിലും നത്തേവാലിയുടെ മുഖപടത്തിന് മാറ്റം വരുത്തി. സര്‍ദാര്‍മാരുടെ അംബരചുംബിയായ കുംഭഗോപുരങ്ങള്‍ ഉയര്‍ത്തിയ ഗുരുദ്വാര നത്തേവാലിയുടെ ലാന്‍ഡ്മാര്‍ക്കായി. പൊന്‍ കതിരുകളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സൂര്യഭഗവാനുള്ള മം ഗളവാദ്യം ഗുരുദ്വാരയില്‍ നിന്നും മൈക്കിലൂടെ ഒഴുകിയെത്തുന്ന കുര്‍ബ്ബാന സംഗീതമായി. ഈ പ്രഭാതഗീതം ഗ്രാമീണരുടെ ഉണര്‍ത്തുമണിയുമായി. കാടുകടന്നുള്ള വഴി കൂടാതെ കോഡ്ദ്വാറില്‍ നിന്നും നഗീന പട്ടണത്തിലേയ്ക്കുള്ള പുതിയ ടാറ് വീണ റോഡ് മരിയഭവനെ തൊട്ട് കടന്നു പോകുന്നു.
മരിയഭവന്‍റെ അടുത്ത ഊഴക്കാരനായത് ഫാ. തോംസണ്‍ മുളങ്ങാശ്ശേരി ആണ്. ഈ യുവവൈദികന്‍ നത്തേവാലി മിഷനില്‍ പുത്തനൊരു അദ്ധ്യായം കൂടി കുറിച്ചു. കൃഷിവലന്മാരുടെ യുവാക്കള്‍ക്ക് ഒത്തുകൂടാനുള്ള ഒരു സങ്കേതമായിത്തീര്‍ന്നു മരിയഭവന്‍. പടിഞ്ഞാറന്‍ ചായ്വില്‍ പ്ലാവുകളും മാവുകളും തണല്‍ വിരിയ്ക്കുന്ന പാടത്ത് കളികോര്‍ട്ടുകള്‍ക്ക് കളം വരച്ചു. പുല്ലുവെട്ടുകയും ഗോതമ്പ് കൊയ്യുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരുടെ മനസ്സില്‍ വോളീബോളും ക്രിക്കറ്റ് ബോളും ഉരുളുന്നുണ്ടെന്നുള്ള മനഃശാസ്ത്രം വായിച്ചെടുക്കാന്‍ ഫാ. തോംസണ് സാധിച്ചു. വൈകുന്നേരങ്ങളില്‍ മരിയാങ്കണം ഒരു ഉത്സവപ്പറമ്പു പോലെയാവും. അടുത്തും അകലത്തും നിന്നുള്ള ഗ്രാമവാസികള്‍ കളികാണാനും കളിയ്ക്കാനും കളി പഠിയ്ക്കാനുമായി എത്തുന്നു. മത്സരങ്ങളായി. ഗ്രാമങ്ങളായും ഗ്രൂപ്പുകളായും ടീമുകള്‍ ഉണ്ടാക്കി. പലരും ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്തു. വാശിയേറിയ മത്സരങ്ങള്‍ ആഘോഷങ്ങളായി മാറി. ഈ കളിക്കൂട്ട് ബന്ധത്തില്‍ കൂടി തോംസണച്ചന്‍ വികസനത്തിന്‍റെയും മതൈക്യത്തിന്‍റെയും സഹകരണത്തിന്‍റെയും മൂല്യങ്ങള്‍ കൂടി യുവമനസ്സുകളിലേയ്ക്ക് പകര്‍ന്നു കൊടുത്തുകൊണ്ടിരുന്നു.
ഗ്രാമീണ സ്ത്രീകളുടെ ഉള്ളുതുറക്കാന്‍ സ്ത്രീകള്‍ക്കെ കഴിയൂ എന്ന മനസ്സിലാക്കിയ തോംസണച്ചന്‍ പണ്ട് നടന്നിരുന്ന അംഗന്‍വാടി കെട്ടിടം ഒരു മഠമാക്കി. ഗോരക്പൂരിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ലിറ്റില്‍ ഫ്ളവര്‍ എന്ന സന്ന്യാസസഭയിലെ നമൃത, അനിത, മേഴ്സി എന്നീ സിസ്റ്റര്‍മാര്‍ നത്തേവാലിയിലേയ്ക്ക് സേവകരായി എത്തി. ഇവര്‍ നടന്നും സൈക്കിള്‍ ചവിട്ടിയും ഇരുപത്തിരണ്ടോളം ഗ്രാമങ്ങളെ തങ്ങളുമായി സ്നേഹബന്ധത്തിലാക്കി. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ ഗ്രാമീണ മഹിളകളുടെ 60 ഓളം സ്വായാശ്രയസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സ്ത്രീകള്‍ക്കും നേതൃത്വ പരിശീലനം നല്കി മുപ്പതോളം ആനിമേറ്റേഴ്സിനെ രൂപപ്പെടുത്തി. അന്യരെ കണ്ടാല്‍ സാരിത്തലപ്പ് വലിച്ച് മുഖം മൂടി അടുക്കളയിലേയ്ക്ക് വലിഞ്ഞിരുന്ന ഇവര്‍ ആഫീസുകളില്‍ നിവേദനങ്ങള്‍ കൊടുക്കാന്‍, ആഫീസര്‍മാരില്‍ നിന്നും അവകാശങ്ങള്‍ പറഞ്ഞുമേടിക്കാന്‍, സര്‍ക്കാരു പദ്ധതികള്‍ യാഥാര്‍ത്ഥ്യ വത്ക്കരിക്കാന്‍ ത്രാണിയും ശക്തിയും ഉള്ളവരായി. കുട്ടികളെ സ്കൂളില്‍ അയയ്ക്കണമെന്നും വീട്ടിലും ഗ്രാമത്തിലും വൃത്തിയും അടുക്കും വേണമെന്നും രോഗത്തിന് ഡോക്ടര്‍മാരെയാണ് തേടേണ്ടതെന്നുമുള്ള പാഠങ്ങള്‍ സിസ്റ്റേഴ്സുമായുള്ള സൗഹൃദത്തില്‍ നിന്നാണ് ഗ്രാമീണ സ്ത്രീകള്‍ക്ക് ലഭ്യമായത്. ഇന്ന് ധാരാളം കുട്ടികള്‍ വൈകുന്നേരങ്ങളില്‍ മരിയാങ്കണത്തില്‍ തോംസണച്ചന്‍റെ അടുത്ത് ട്യൂഷനെത്തുന്നു. ചിലര്‍ ശാന്തമായി ഇരുന്ന് പഠിക്കാനായിട്ടാണ് മുറ്റത്തും വരാന്തയിലും നിരക്കുന്നത്. ഇരുട്ടുന്നതോടെ തേരിലെഴുന്നള്ളുന്ന മറിയത്തിനെ ജാതിമതഭേദമെന്യെ ഏവരും മഹാരധി ഉഴിഞ്ഞ് വണങ്ങിയിട്ടെ വീട്ടിലേയ്ക്ക് മടങ്ങു.
കഴിഞ്ഞ പീഡാനുഭവവാചരണത്തിലെ ദുഃഖവെള്ളി ദിനം. മരിയാങ്കണത്തിന് പുറത്തുള്ള വഴിയിലൂടെ ആയിരുന്നു 'കുരിശിന്‍റെ വഴി' നടത്തിയത്. മുളകൊണ്ട് കെട്ടിയ കുരിശുകള്‍ പോപ്പുളാര്‍ മരങ്ങളില്‍ തൂക്കിയാണ് പതിനാലു സ്ഥലങ്ങള്‍ ഒരുക്കിയിരുന്നത്. ക്രൈസ്തവ കുടുംബങ്ങളെ കൂടാതെ പത്ത് മുപ്പതോളം വിവിധ മതസ്ഥരും "വിശുദ്ധ കുരിശാലെ നീ ലോകത്തെ വീണ്ടെടുത്തു" എന്ന പ്രാര്‍ത്ഥനയോടെ കുരിശിന്‍റെ വഴിയില്‍ പങ്കെടുത്തു. ഓരോ സ്ഥലം കഴിയുമ്പോഴും സ്ത്രീ പുരുഷന്മാര്‍ മതവിവേചനമില്ലാതെ ക്രൂശിതന്‍റെ രൂപം പേറി "ഈശോമിശിഹായെ നിന്നെ ഞങ്ങള്‍ മുട്ടുകുത്തി ആരാധിക്കുന്നു" എന്നുരുവിട്ട് ഭക്തി പുരസ്സരം നിന്നിരുന്ന കാഴ്ച മനോഹരം അത്ഭുതം എന്നെ പറയാനാവൂ. അതുവഴി കടന്നുപോയ സര്‍ദാര്‍ന്മാരായ മോട്ടോര്‍ സൈക്കിളുകാരും ട്രാക്റ്റര്‍കാരും വണ്ടി നിറുത്തി ക്രൂശിത രൂപത്തെ നോക്കി വണങ്ങിയ കാഴ്ച എത്രയോ ചേതോഹരം.
കരിമ്പും ഗോതമ്പും പൂക്കുന്ന നത്തോവാലിയിലെ പാടങ്ങളില്‍നിന്നും വീശുന്ന തെന്നലിന് മരിയഗന്ധം കൂടിയുണ്ട് ഇപ്പോള്‍.
Featured Posts
bottom of page