top of page

മാമ്പഴമഴകള്‍ പെയ്യുന്നത്

Jan 1, 2014

4 min read

മജ
Kids playing.

ഇപ്പോള്‍ കാലവര്‍ഷപ്പെയ്ത്തിന്‍റെ ഉച്ചസ്ഥായിയില്‍ മഴ കേട്ടുകൊണ്ടിരിക്കുമ്പോഴും വേനല്‍മഴ മനസ്സിലെത്തുന്നു. കേരളത്തിലെ വേനല്‍മഴകള്‍ക്ക് മാമ്പഴത്തിന്‍റെ മണമുള്ള ഒരു കാലമുണ്ടായിരുന്നു. മാഞ്ചോട്ടില്‍ ബാല്യകൗമാരങ്ങള്‍ കൂടിയാര്‍ക്കുന്ന കാലത്തിന്‍റെ മഴരുചി മാമ്പഴമായിരുന്നു. മേടമാസമഴയ്ക്കു മാമ്പഴപ്പെയ്ത്തിന്‍റെ അകമ്പടിയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് പെട്ടെന്നു വരുന്ന മഴയില്‍ നാട്ടുമാവും കോമാവും ബ്ലാത്തിമാവും മൈലാപ്പൂമാവും മൂവാണ്ടന്‍മാവുമൊക്കെ പെയ്ത് ഉഷാറാകുമായിരുന്നു. വേനലവധിയും മാഞ്ചോട് നിരങ്ങലും മാമ്പഴമഴയുമൊക്കെ ഗന്ധമായും രുചിയായും സ്പര്‍ശമായും മനസ്സിനകത്ത് വിരല്‍പ്പാടുകള്‍ ശേഷിപ്പിച്ചിരുന്നു. മണവും രുചിയും സ്പര്‍ശങ്ങളായി മാറുന്ന രസതന്ത്രവിദ്യ പകരാന്‍ വേനല്‍മഴകള്‍ക്കു കഴിഞ്ഞു. അതിനൊരു കാല്പനികവിശുദ്ധിയുണ്ട്. എന്‍റെ ബാല്യകാലസൗഹൃദത്തെ ഒരു മണവുമായി ബന്ധിപ്പിക്കാമെങ്കില്‍ അത് മാമ്പഴമണമായിരിക്കും. വേനല്‍ക്കാലം, വേനലവധി, മാഞ്ചോട്, മാമ്പഴമഴ എന്‍റെ കളിക്കൂട്ടുകാരന്‍ എന്നിവയെല്ലാം പരസ്പരം മണത്തും രുചിച്ചും തൊട്ടുനോക്കിയും ഇന്നും കൂടെ കലമ്പി നടക്കുന്നു.


തെങ്ങിന്‍പുരയിടത്തിന് നടുക്ക് ആകാശത്ത് വലിയ കുട നിവര്‍ത്തിയ മട്ടില്‍ നിന്നിരുന്ന മൈലാപ്പൂമാവിലെ മാങ്ങകളുടെ മണവും രുചിയും പിന്നീടൊരു മാങ്ങയ്ക്കും കിട്ടിയിട്ടില്ല. വയറ്റിലെ വിശപ്പും മനസ്സിലെ സൗഹൃദകാമനകളും ആ രുചിയെ പോഷിപ്പിച്ചിട്ടുണ്ടാവണം. കൂട്ടുകാരോട് മത്സരിച്ച് കഴിക്കുന്നതിന്‍റെ വാശി രുചിയെ വഴിനടത്തിയിട്ടുണ്ടാകണം. അവധിക്കാലം അമ്മവീട്ടിലേക്കുള്ള കെട്ടിപ്പെറുക്കിപ്പുറപ്പെടലിന്‍റേതാണ്. ഒരു മാസമെങ്കിലും അവിടെ ചെലവിടുകയെന്നാല്‍ നാട്ടുരുചികളുടെ കലവറയിലേക്ക് കടന്നുചെല്ലലും കൂടിയാണ്.


അമ്മവീടിനു താഴെയുള്ള വിശാലമായ തെങ്ങിന്‍പുരയിടത്തിലായിരുന്നു കളിയും തല്ലും വഴക്കുമെല്ലാം. പറമ്പിന്‍റെ ഉടമസ്ഥന്‍ എന്‍റെ മമ്മിയുടെ ഇളയച്ഛനായ പട്ടാളം അപ്പാപ്പന്‍ ആയിരുന്നു. അദ്ദേഹം ആ പുരയിടം വിട്ടു ദൂരെ താമസിച്ചിരുന്നതിനാല്‍ ഈ കളിസ്ഥലം കുട്ടികള്‍ സ്വന്തമെന്നപോലെ ഉപയോഗിച്ചു. അതിന്‍റെ ഒത്ത നടുക്ക് ഒരു മൈലാപ്പൂമാവും ഉണ്ടായിരുന്നു. മൈലാപ്പൂമാവ് എന്നു പറയാന്‍ എന്താണു കാരണമെന്നെനിക്കറിയില്ല. അതില്‍ എല്ലാ മേടമാസത്തിലും നിറയെ മാങ്ങയായിരിക്കും. അസാധ്യമണവും രുചിയും ഉള്ള മാങ്ങകള്‍. ഒരു ചെറിയ കാറ്റുവീശിയാല്‍ മതി അഞ്ചാറു മാങ്ങയെങ്കിലും വീഴും. ഓടിവന്നെടുക്കുന്നതില്‍ സമര്‍ത്ഥര്‍ക്ക് കൂടുതല്‍ മാങ്ങ കിട്ടുമായിരുന്നു.


"തങ്കപ്പന്‍ തലകുത്തി ചന്തയ്ക്കു-

പോയപ്പം തങ്കമ്മ പെറ്റൊരു തവളക്കുഞ്ഞ്"


കളിക്കൂട്ടത്തില്‍ കുറെപ്പേര്‍ ചേര്‍ന്ന് പാടുകയാണ്. അവിടെ കളിക്കുന്ന കുട്ടികളില്‍ തങ്കമ്മയെന്ന പേരിലുള്ള രണ്ട് അമ്മമാരുടെ മക്കളുണ്ട്. അവര്‍ക്കിട്ടാണ് ഈ കളിയാക്കല്‍. ഞാനാദ്യമായി വല്യമ്മച്ചിയുടെയും അമ്മാച്ചന്മാരുടെയും അനുവാദം വാങ്ങി മാഞ്ചുവട്ടിലെ കുട്ടിക്കൂട്ടത്തിനൊപ്പം കളിക്കാന്‍ വന്നിരിക്കയാണ്. എനിക്കന്ന് ഏഴോ എട്ടോ വയസ്സുകാണും. സാധാരണയായി ഇവരെയൊന്നും പരിചയമില്ല, അതിനാല്‍ അവര്‍ക്കൊപ്പം കളിക്കാന്‍ പോകണ്ടാന്ന് പറഞ്ഞ് കളിക്കാന്‍ വിടാറില്ലായിരുന്നു. ഇന്ന്, അവരുടെ ഒച്ചേം ബഹളോം കേട്ടുകേട്ട് ഇരിക്കപ്പൊറുതിയില്ലാതെ അനുവാദം വാങ്ങിച്ചെന്നതാണ്. അപ്പോഴാണ് അവന്മാര്‍ തമ്മില്‍ വാശിയേറിയ തറുതലപ്പാട്ടിന്‍റെ ഓളം. പെണ്‍കുട്ടികള്‍ അക്കൂട്ടത്തില്‍ കുറവാണ്. എന്നെക്കൂടാതെ രണ്ടുപേരു മാത്രമേയുള്ളൂ. ആദ്യത്തെ പാട്ടിനുശേഷം വീണ്ടും തങ്കമ്മമാരുടെ മക്കള്‍ അല്ലാത്തവര്‍ വേറൊരു പാട്ടുപാടി.


"ഓമനത്തങ്കമ്മ ഓലേലിരുന്നപ്പം

ഓമനക്കുണ്ടീലൊരോന്തു കേറി"


ഇത്തരം പാട്ടുപ്രകടനങ്ങള്‍ ഞാനാദ്യമായി കേള്‍ക്കുകയാണ്. കുണ്ടീന്നൊക്കെ ഉറക്കെ വിളിച്ചുപറയുന്നത് സദാചാരത്തിനു നിരക്കാത്തതാണെന്ന ബോധ്യം എന്‍റെ ബാലമനസ്സില്‍ കേറിക്കൂടീട്ടുണ്ടായിരുന്നു. അപ്പോഴാണ് അടുത്ത കോറസ്സ്.


"അരിവറക്കുമ്പം പിറുപിറുന്ന ഒണക്കത്തെയ്യാമ്മേ"


അത് തെയ്യാമ്മയുടെ മക്കള്‍ക്ക് തങ്കമ്മേടെ മക്കള്‍ കൊടുക്കുന്ന ഡോസ്സാണ്. പാട്ടുകള്‍ കേട്ട് അന്തിച്ചുനില്‍ക്കുകയായിരുന്ന എനിക്ക് ഈ പാട്ടുകേട്ടപ്പോള്‍ കരച്ചില്‍ വന്നു. കാരണം ത്രേസ്യാമ്മ എന്നു പേരുള്ള എന്‍റെ മമ്മിയെ വീട്ടുകാരെല്ലാം തെയ്യാമ്മയെന്നാണ് വിളിക്കുന്നത്. എന്‍റെ കണ്ണു നിറഞ്ഞു. കണ്ണീരും ഏങ്ങലും പുറപ്പെട്ടു. അപ്പോഴാണ് സത്യത്തില്‍ ആ തറുതലപാട്ടുകാരായ പിള്ളേര്‍ എന്നെ ശ്രദ്ധിക്കുന്നതുതന്നെ. അവരില്‍ ചിലര്‍ക്ക് പുച്ഛം. ചിലര്‍ക്കു നീരസം. 'മോങ്ങാനിരുന്ന ഇതിനെ ഇങ്ങോട്ടു കെട്ടിയെടുത്തതെന്താ'ന്നുള്ള ഭാവമാണ് മിക്കവര്‍ക്കും. അപ്പോഴാണ് അതില്‍ പൊക്കമുള്ള ഒരു പയ്യന്‍ എന്‍റെയടുത്തുവന്ന് നിലത്ത് കുത്തിയിരുന്ന് കണ്ണുനീരു തൂത്തുതന്നിട്ടുപറഞ്ഞത്.


"അത് മോന്‍റെ അമ്മേ പറഞ്ഞതല്ല. കുഞ്ഞുമോന്‍റേം റ്റോമീടേം അമ്മേ പറഞ്ഞതാ."

മേനെന്ന വിളി എനിക്കിഷ്ടപ്പെട്ടു. അത് ആ നാട്ടിലെ രീതിയാ. വല്യമ്മച്ചിക്കൊപ്പം ബസ്സിറങ്ങി വീട്ടിലേയ്ക്കു നടന്നുവരുമ്പോള്‍ ആള്‍ക്കാര്‍ കുശലം പറയുന്നത് മോനെന്നു വിളിച്ചുകൊണ്ടായിരുന്നു. ഏതായാലും കണ്ണുതുടച്ച് കൈക്കുപിടിച്ച് കൂടെ നിര്‍ത്തി, എന്‍റെ സംരക്ഷകന്‍ മറ്റുള്ളവരോടു പറഞ്ഞു: "നിര്‍ത്ത്, നിര്‍ത്ത് ഇനി വഴക്കുണ്ടാക്കേണ്ട. നമുക്ക് കളിക്കാം."


എന്‍റെ കയ്യില്‍ പിടിച്ചിരുന്ന ആളിനെ അന്നത്തെപ്പോലെ ഇന്നും ഞാനോര്‍ക്കുന്നു. സാമാന്യം ഇരുണ്ടനിറത്തിലുള്ള വണ്ണം കുറഞ്ഞ പയ്യന്‍. പന്ത്രണ്ടു വയസ്സോ മറ്റോ കാണുമായിരിക്കും. ഏറ്റവും ശ്രദ്ധിച്ച കാര്യം അയാള്‍ക്ക് വിയര്‍പ്പിന്‍റെയും മൂക്കട്ടേടേം ഒന്നും നാറ്റമില്ല എന്നതാണ്. നല്ല വൃത്തിയുള്ള മുണ്ടാണ് ഉടുത്തിരിക്കുന്നത്. കൂടെയുള്ളവരെ ഞാന്‍ നോക്കി. അതില്‍ രണ്ടുപേര്‍ക്ക് സദാസമയവും കൊമ്പുപോലെ മൂക്കട്ട നീണ്ടുനീണ്ടുവരും. വലിച്ചകത്തേയ്ക്ക് കേറ്റുമ്പോള്‍ ഒരു നിമിഷം കൊമ്പില്ല. പിന്നേം കളിക്കാന്‍ തുടങ്ങുമ്പോള്‍ മൂക്കട്ട നീണ്ടുവരും. മൂക്കട്ടേം പൊടീം ചേര്‍ന്ന ഉളുമ്പുമണം എപ്പോഴുമുണ്ട്. വള്ളിനിക്കറാണ് അവര്‍ക്ക് രണ്ടിനും. ഷര്‍ട്ടിട്ടില്ല. വള്ളിനിക്കറിന്‍റെ വള്ളിയും മൂക്കട്ടയും ഇടയ്ക്കിടെ വലിച്ചു കേറ്റുന്ന പ്രകൃതമാണ് രണ്ടിന്‍റേയും. ആണ്‍പിള്ളേരില്‍ ടോമിയും കുഞ്ഞുമോനും ഒഴികെ ആരും ഷര്‍ട്ടിട്ടില്ല. പെണ്‍കുട്ടികള്‍ തലമുടി ചീകിയിട്ടേയില്ല. ഒരാള്‍ക്കു പെറ്റിക്കോട്ടും മറ്റേ ആള്‍ക്ക് പാവാടയും ബ്ലൗസും വേഷം. പതുക്കെ ഞാനും അക്കൂട്ടത്തിന്‍റെ ഭാഗമായി. അവിടെ കളിക്കാന്‍ വന്നിരിക്കുന്ന പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഒഴികെ എല്ലാവരും പല തോതില്‍ എനിക്ക് രക്തബന്ധമുള്ളവരാണ്. എങ്കിലും വൃത്തിയുള്ള, സൗമ്യനായ ആ ആണ്‍കുട്ടിയായി എന്‍റെ പ്രിയകൂട്ടുകാരന്‍. മറ്റുള്ളവര്‍ക്കാണെങ്കിലോ അതു സൗകര്യമായി. അല്ലെങ്കില്‍ അവരുടെയൊക്കെ കുടുംബക്കാരിയായ എന്നേംകൂടി നോക്കേണ്ട ചുമതല സ്വാഭാവികമായും അവരുടെ തോളില്‍ വന്നേനെ.


ആദ്യദിവസം ഞാന്‍ കാഴ്ചക്കാരിയായി കയ്യാലേടെ മുകളിലോ മാഞ്ചുവട്ടിലോ ഇരുന്ന് കൂടുതല്‍ സമയം ചെലവിട്ടു. വല്യമ്മച്ചി ചോറുണ്ണാന്‍ വിളിച്ചപ്പോള്‍ കേറിപ്പോയി. അയാള്‍ടെ പേരു ചോദിക്കാനും മറന്നുപോയി. പിറ്റേദിവസമെത്തി. മാഞ്ചുവടു സജീവമായി.


ആ പയ്യനും എത്തിയിട്ടുണ്ട്. അയാള്‍ എന്‍റെ പേരു ചോദിച്ചു. ഞാന്‍ എന്‍റെ പേരു പറഞ്ഞു. ഒരു തവണ അതുപറയാന്‍ ശ്രമിച്ചിട്ട് പിന്നെ പേരു വിളിച്ചില്ല. മോനേന്നുതന്നെ വിളിച്ചു. ആ കുട്ടീടെ പേരു ഞാനും ചോദിച്ചു. പേരു സഹജന്‍. കുഞ്ഞാചീടേം ഭാരതീടേം മകനാണ്. വെളുത്തേടന്മാരുടെ വീട്ടിലെ കുട്ടിയാണ്. വല്യമ്മച്ചീം ഭാരതീംകൂടി വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളിക്കാരു വന്നോന്ന് എന്നോടും കുശലം പറയും. എന്നിട്ട് മമ്മിയുടെ വിശേഷമൊക്കെ ചോദിക്കും. പക്ഷേ, മകനെ ഞാന്‍ ആദ്യമായി കണ്ടത് അന്നാണ്. ചിലപ്പോള്‍ കണ്ടിട്ടുണ്ടാകാം. ശ്രദ്ധിച്ചിട്ടുണ്ടാകാന്‍ വഴിയില്ല. അമ്മച്ചീടെ കച്ചമുറിയുടെ (പുടവ) ഞൊറിയുടെ ചുവട്ടില്‍ പിടിച്ചു നടക്കുന്നതിനിടയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഏതായാലും എന്‍റെ ആദ്യത്തെ ആണ്‍കൂട്ടുകാരനായി സഹജന്‍ മാറി. അയാള്‍ ഓരോരോ സംഭവങ്ങള്‍ പറയും. ഞാനും മറ്റു രണ്ടു പെണ്‍കുട്ടികളും ചില ആണ്‍കുട്ടികളും കേട്ടിരിക്കും. മാമ്പഴം വീഴുമ്പോള്‍ ഓടിച്ചെന്നെടുത്തുതരും. രണ്ടെണ്ണം കിട്ടിയാലേ ഞങ്ങള്‍ തിന്നുകയുള്ളൂ. അല്ലെങ്കില്‍ ഒരാള്‍ തിന്നുമ്പോള്‍ മറ്റേയാള്‍ വെറുതെ ഇരിക്കണ്ടേ. മാമ്പഴത്തിന്‍റെ ചാറ് മുഖത്തുപറ്റിയാല്‍ പൊയ്കയില്‍ വെള്ളമുണ്ടെങ്കില്‍ അതില്‍ കഴുകും. ഇല്ലെങ്കില്‍ കിണറ്റിലെ വെള്ളമെടുത്തോ പെരികിലത്തിന്‍റെ ഇല കൊണ്ടോ കയ്യും മുഖവും വൃത്തിയാക്കിത്തരും. സാറ്റുകളിക്കുമ്പോള്‍ ഒളിച്ചിരിക്കുന്നത് മിക്കവാറും ഞങ്ങള്‍ രണ്ടുപേരും ഒരേ സ്ഥലത്തായിരിക്കും. അങ്ങനെ ആകെപ്പാടെ നല്ല കൂട്ടും കരുതലുമുള്ള ചങ്ങാതിയെ തന്നത് മധ്യവേനലവധിയാണ്. സഹപാഠികളായി ആണ്‍കുട്ടികളുണ്ടായിരുന്നെങ്കിലും അവരോടൊക്കെ പൊതുവെ കൂട്ടുണ്ടെങ്കിലും അതിലൊക്കെ അപ്പുറം ചങ്ങാത്തത്തിന്‍റെ വിശുദ്ധിയും പരസ്പരതയും വ്യക്തമാക്കിത്തന്നത് സഹജനെന്ന ബാല്യകാലസഖാവാണ്. പിന്നീട് പരിചയപ്പെടുന്ന ഓരോ ആണ്‍കൂട്ടിലും സഹജന്‍റെ നിഴല്‍ ഞാന്‍ കണ്ടിരുന്നു. ശരീരത്തെക്കുറിച്ച്-വിശേഷിച്ച് ഞാനൊരു പെണ്‍ശരീരമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പെരുമാറ്റവും സംസാരമൊക്കെയായി വരുന്നവരോട് നല്ല കൂട്ട് ഉണ്ടാകില്ല. അങ്ങനെയല്ലാത്ത ശുദ്ധമായ കൂട്ടുകെട്ട് ആദ്യമായി തന്നത് സഹജനാണ്. പൊയ്കയിലെ തെളിനീരുപോലുള്ള സ്നേഹവും സൗഹൃദവും പകര്‍ന്ന സൗഹൃദകാലമാണ് മധ്യവേനല്‍. അവധിക്കാലത്തിന്‍റെ ഒരു വൈകാരിക മൂലധനമാണ് വല്യമ്മച്ചിയും അമ്മാവന്‍മാരുമൊക്കെ. വൈകാരിക നിക്ഷേപങ്ങളാണെങ്കിലും അവിടെയൊക്കെ രക്തബന്ധത്തിന്‍റെ നിറമുണ്ടല്ലോ- അതൊന്നുമില്ലാത്തതും കാമുകനോ സഹോദരനോ ഒന്നുമല്ലാത്തതുമായ നല്ല ആണ്‍പെണ്‍ ചങ്ങാത്തത്തിന്‍റെ സാധ്യതയാണ് ബാല്യകാല സൗഹൃദങ്ങള്‍.


സഹജന്‍റെ കയ്യിലെ ചെറുവിരലില്‍ മാത്രം നീട്ടിനിര്‍ത്തിയിരുന്ന നഖങ്ങളെയും മാറെല്ലുകള്‍ തൊലിക്കു പുറമെ പ്രകടമാകുന്ന ശരീരത്തെയും തേച്ചുകഴുകി വൃത്തിയാക്കിയ കൈകാല്‍വിരലുകളെയും എണ്ണ തേച്ചൊതുക്കി വച്ച തലമുടിയെയും ഞാനോര്‍മ്മിക്കുന്നുണ്ട്. മുഖം പക്ഷേ കൃത്യമായി ഓര്‍മ്മയില്‍ കിട്ടുന്നില്ല. എനിക്ക് പന്ത്രണ്ട് വയസ്സൊക്കെ ആയതിനുശേഷം പിന്നെ തെങ്ങിന്‍പുരയിടത്തില്‍ വച്ചോ മാഞ്ചുവട്ടില്‍ വച്ചോ അയാളെ കണ്ടിട്ടില്ല. മുതിര്‍ന്നു തുടങ്ങിയെന്ന എന്‍റെ തോന്നലോ വീട്ടുകാരുടെ തോന്നലോ കൊണ്ടോ അമ്മവീട്ടിലധികദിവസമൊന്നും പോയി നില്‍ക്കാതായി. സഹജനേം പിന്നെ അധികം കാണാതായി. അയാള്‍ പഠിക്കാനൊക്കെ പോയിട്ടുണ്ടാകണം. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മീശയൊക്കെ വച്ച ഒരു ചെറുപ്പക്കാരന്‍ ബസ്സിന്‍റെ പിന്‍സീറ്റില്‍ നിന്ന് എഴുന്നേറ്റ് സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന എന്‍റെ അടുത്തുവന്ന് മോനേന്നു വിളിച്ചു. സാരിയുടുത്തു പത്തൊമ്പതുകാരിയായ ഞാന്‍ മോനേ എന്ന ഒറ്റ വിളിയില്‍ നിന്ന്, വിളിച്ച ആളിനെ തിരിച്ചറിഞ്ഞു. അല്ലാതെ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ആളും പ്രകൃതവും ഒക്കെ ആകെ മാറിയിരുന്നു. എരുമേലി ഭാഗത്ത് ഗ്രാമസേവകനായി അയാള്‍ ജോലി നോക്കുകയായിരുന്നു. എന്‍റെ അന്നത്തെ സന്തോഷം വലുതായിരുന്നു. ഞാന്‍ മമ്മിയുടെ അടുത്ത് അന്നും പിന്നീടും പലതവണ സഹജന്‍ എന്നെ തിരിച്ചറിഞ്ഞ കാര്യം അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. പിന്നീടിന്നുവരെ അയാളെ കണ്ടിട്ടില്ലെങ്കിലും ഒരു കാലത്തിന്‍റെ നീക്കിയിരുപ്പ് കണക്കെടുക്കുമ്പോള്‍ പ്രധാനപ്പെട്ടതാണ് ആ ബാല്യകാല സൗഹൃദം.


സ്വച്ഛമായ ആണ്‍-പെണ്‍കൂട്ടിന്‍റെ കുറവ് പലപ്പോഴും നമ്മുടെ ആണത്തപെണ്ണത്ത നിര്‍മ്മിതികളെ സങ്കീര്‍ണ്ണമാക്കാറുണ്ട്. ബാല്യം എന്നത് ലിംഗഭേദാത്മകമല്ലാത്ത നല്ല കൂട്ടുകെട്ടുകള്‍ക്കുള്ള സമയമാണ്. നിര്‍ബന്ധിത സൈനിക പരിശീലനം പോലുള്ള പരിശീലനങ്ങളില്‍ അവധിക്കാലത്തിന്‍റെ മുഴുവന്‍ സമയവും ചിലവിടാന്‍ ഇന്നു കുട്ടികളെ അയയ്ക്കുന്നത് വ്യാപകമാണ്. ശുദ്ധമായ സ്നേഹസൗഹൃദങ്ങളുടെ ലിംഗനിരപേക്ഷമായ സാധ്യതകള്‍ പരിചയിക്കാന്‍ അവര്‍ക്ക് സമയം കൊടുക്കണം. ബാല്യത്തിലേ ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടാകുന്നത് ശരീരജീവികളുടെ അക്രമവ്യവസായി ലൈംഗികതയെ വ്യാഖ്യാനിക്കാതിരിക്കുന്നതിന് മനുഷ്യരെ പ്രേരിപ്പിച്ചേക്കാം. നല്ല ആണ്‍-പെണ്‍കൂട്ടിന്‍റെ ഊഷ്മളാഖ്യാനങ്ങള്‍ക്ക് കേരളത്തില്‍ ഇടം കിട്ടാതെ പോകുന്നതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ ഇന്ന് ലഭ്യമാണ്. അപ്പോഴാണ് 12 വയസ്സുകാരന്‍ അയല്‍പക്കകാരിയായ 6 വയസ്സുകാരിയില്‍ ലൈംഗികാവശ്യങ്ങള്‍ക്കു പറ്റിയ ഇണയെ മാത്രം കാണുന്ന കണ്ണുകള്‍ തുറന്നുപിടിക്കുന്ന അവസ്ഥയിലെത്തുന്നത്. അവള്‍ ഇംഗിതത്തിന് വഴങ്ങാത്തവളാകുമ്പോള്‍ കൊല്ലപ്പെടുന്നത്. കൗമാരക്കാരന്‍ ബാലികയെ കൊല ചെയ്ത പത്രവാര്‍ത്ത എന്നില്‍ സൃഷ്ടിച്ച സങ്കടം പെരിയതാണ്.


നമ്മള്‍ക്ക് സ്നേഹിക്കാനും കൂട്ടുകൂടാനും പറ്റിയ പുല്‍മൈതാനങ്ങള്‍ ശേഷിക്കുന്നുണ്ടാവണം. കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ നിലാവിന്‍റെ സൗമ്യത ഇപ്പോഴും ശേഷിക്കുന്നതിന്‍റെ കാരണം ഇതാവണം. ക്ലാസ്സിലെ കൂട്ടുകാരി പുറത്തിനിട്ട് നല്ല ഇടി തന്നുവെന്നും അവളെ ഞാന്‍ പട്ടിക്കൊരങ്ങേന്നു വിളിച്ചെന്നും അവളെന്നെ പട്ടിക്കുറുക്കാന്നും ഈനാംപേച്ചീന്നും വിളിച്ചെന്നും സഹപാഠികളുടെ വിശേഷം പറയുന്ന കുട്ടികളെ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു സന്തോഷം നുരയുന്നുണ്ട്. കൂട്ടുകൂടാനുള്ള ശേഷിയും സന്തോഷവും നിലനില്‍ക്കുന്നുവെന്നത് ശുഭകരമായ കാര്യമാണ്.


പിന്നെയും മാമ്പഴമഴ പെയ്യുന്നു. മേടമാസത്തിലെ സവിശേഷമായ മഴയാണിത്. ഓടിവന്നോടിവന്ന് പെയ്തിട്ട് വേഗം തല തുവര്‍ത്തി ആകാശം ചിരിക്കുന്ന മഴയാണിത്. മഴത്തുള്ളികള്‍ കുലുക്കിവീഴ്ത്തുന്ന കാറ്റിനെ അറിഞ്ഞ് ഇലച്ചാര്‍ത്തുകള്‍ പെയ്യുന്ന മഴയില്‍ - മരം പെയ്യുമ്പോള്‍ കൈ കൊട്ടിച്ചിരിക്കുന്ന പഴയ കുട്ടികളെ ഞാന്‍ കാണുന്നു. ഞങ്ങള്‍ പിന്നെയും പിന്നെയും ചിരിക്കുന്നു. സഹജനും ഞാനും കുഞ്ഞുമോനും ടോമിയും മോളിയും ഡെയ്സമ്മയും ജിജിയുമെല്ലാം ആ ചെറുമഴ നനഞ്ഞ് മാങ്ങാ പെറുക്കാന്‍ ഓടിവരുന്നു. നനഞ്ഞ പുല്ലില്‍നിന്ന് സിബിച്ചന്‍ വിട്ടിലിനെ പൊത്തിപ്പിടിച്ച് തീപ്പെട്ടിക്കൂട്ടിലിടുന്നു, അവന്‍റെ മാടത്തയ്ക്ക് കൊടുക്കാന്‍. ജോസൂട്ടിച്ചാച്ചന്‍ ആഞ്ഞിലിമരത്തില്‍ പൊത്തിപ്പിടിച്ചു കയറി ആഞ്ഞിലിപ്പഴം പറിച്ച് മുണ്ടിന്‍റെ മടിക്കുത്തിലിട്ട് ഇറങ്ങിവരുന്നു. കുട്ടികള്‍ പിന്നെയും തറുതലപ്പാട്ടു പാട്ടുകള്‍ പാടുന്നു. ഇടി കൂടുന്നു. പൊട്ടിച്ചിരിക്കുന്നു. മൂക്കട്ട വലിച്ചുകയറ്റുന്നു. കളസത്തിന്‍റെ സൈഡില്‍ മാമ്പഴച്ചാറു തേക്കുന്നു. കളിക്കാനോടുന്നു. സഹജന്‍ അവന്‍റെ കൂട്ടുകാരിയോട് മഞ്ഞത്തുമ്പിയെ പിടിച്ചുകൊടുക്കാമെന്നു പറയുന്നു. അവള്‍ ചിരിക്കുന്നു. മാമ്പഴമഴയും ചിരിക്കുന്നു. മഴയ്ക്ക് മാമ്പഴത്തിന്‍റെ മണം.

Featured Posts