

വെളുപ്പിനു ആറരയ്ക്കാണ് ആശുപത്രിചാപ്പലിലെ കുര്‍ബ്ബാന. അതിനു പോകാന്‍ റെഡിയായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആരോ വാതിലില്‍ മുട്ടിയത്. മുറി തുറന്നപ്പോള്‍ പ്രൊഫസ്സറു മുമ്പില്‍. ലുങ്കി മാതമായിരുന്നു വേഷം. എഴുന്നേറ്റ പടിയാണെന്നു തോന്നി.
"ഗുഡ്മോണിങ് സര്‍. എന്താ ഇത്ര വെളുപ്പിനെ?"
"അത്ര ഗുഡ്മോണിങ് അല്ലച്ചാ. അച്ചന്‍ പള്ളീലോട്ടു പോകുന്നതിനുമുമ്പു കാണാനോടി വന്നതാ. സംഗതിയാകെ കൊളമായി."
"രാത്രീലങ്ങനെ കൊളമാകാന്‍ എന്താ കെടന്നുമുള്ളിയോ?"
"തമാശു കളയച്ചാ, ഞാന്‍ കാര്യമായിട്ടു പറഞ്ഞതാ. അവരെല്ലാരുംകൂടെ ഇങ്ങോട്ടു വരുന്നുണ്ട്."
"മനസ്സിലായില്ലല്ലോ, ആരുടെ കാര്യമാ സാറുപറയുന്നത്?"
"ഞാനിന്നലെ പറഞ്ഞില്ലേ, ചെകുത്താന്‍ പിടുത്തക്കാരന്‍ ദിവ്യനെ കാണാന്‍ സ്ഥിരം പോകാറുള്ള അവളുടെ കുറെ കമ്പനിക്കാര്, അവരെല്ലാംകൂടെ."
"അവരു സാറിന്‍റെ ബാധ ഒഴിപ്പിക്കാന്‍ വരുന്നതായിരിക്കും. ഇരുന്നു കൊടുത്തേരു സാറേ. പെണ്ണുങ്ങളായതുകൊണ്ടു ദേഹോപദ്രവമൊന്നും ചെയ്യത്തില്ലല്ലോ."
"എന്‍റെയല്ല, അച്ചന്‍റെ ബാധ ഒഴിപ്പിക്കാനാ അവരു വരുന്നത്. എപ്പഴാ വരുന്നതെന്നു പറഞ്ഞില്ല. അച്ചനോടു കരുതിയിരുന്നോളാന്‍ പറയാനാ എഴുന്നേറ്റപാടേ ഞാനോടി വന്നത്."
രാത്രീലുണ്ടായ സംഭവം സാറു ചുരുക്കിപ്പറഞ്ഞു. തലേദിവസം സംസാരിച്ചപ്പോള്‍ എന്നോടു പറഞ്ഞിരുന്നതു പോലെ ആശുപത്രീന്നിറങ്ങിയാലുടനെ ദിവ്യനെക്കാണാന്‍ പോകാന്‍ മാഡം എല്ലാവരെയും വിളിച്ച് തീരുമാനമാക്കി വച്ചിരുന്നതായിരുന്നു. എന്‍റെ 'ഗൊണദോഷം' കേട്ട് മാനസാന്തരപ്പെട്ട മാഡം അന്നു വൈകുന്നേരം തന്നെ അവരെയെല്ലാം വിളിച്ച് ഇനി അങ്ങോട്ടു പോകുന്നില്ലെന്നു മാത്രമല്ല, അവരും ഇനി ആ മണ്ടത്തരം കാണിക്കരുതെന്നുപദേശിച്ചു. പെട്ടെന്ന് തീരുമാനം മാറ്റാന്‍ എന്താണുണ്ടായതെന്നവരു ചോദിച്ചു. അപ്പോള്‍ എന്നെ കണ്ടതിനെപ്പറ്റിയും ഞാന്‍ പറഞ്ഞ കാര്യങ്ങളുമൊക്കെ മാഡം അവരോടു പറഞ്ഞു. തുടര്‍ന്നു പാതിരാത്രിവരെയും മാറിമാറി അവരു വിളീം പറച്ചിലുമായിരുന്നു. ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് അവരോടു ദിവ്യന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു പോലും. പിശാച് അച്ചന്‍റെയും മാലാഖയുടെയും രൂപത്തില്‍ പോലും വന്ന് പിശാചില്ല എന്നു പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുംപോലും. അതില്‍ അവന്‍ വിജയിച്ചാല്‍ പിന്നെ അവനു പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാകും. അതു തന്നെയാണിപ്പോള്‍ മാഡത്തിനു സംഭവിച്ചിരിക്കുന്നതും. ദിവ്യന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നിപ്പോള്‍ അവര്‍ക്ക് ഉറപ്പായി. അതെല്ലാം കേട്ടതോടെ മാഡം വീണ്ടും പഴയതിനെക്കാള്‍ തീക്ഷ്ണതയോടെ പിശാചു വിശ്വാസിയായി. അച്ചനിലൂടെ പിശാചാണ് തലേദിവസം സംസാരിച്ചതെന്നു അവരു മാഡത്തെ നല്ലതുപോലെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് അവരെല്ലാരുംകൂടെ രാവിലെ നേരിട്ടുവന്ന് അച്ചനെ മാനസാന്തരപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണു പോലും. ഇക്കാര്യം അച്ചനെ നേരത്തെ അറിയിക്കരുത് എന്നായിരുന്നു അവരുടെ തീരുമാനം. ഏതായാലും രാത്രിയില്‍ ഉറങ്ങാന്‍ വളരെ വൈകിയതുകൊണ്ട് മാഡം ഇപ്പോഴും ഉണര്‍ന്നിട്ടില്ല. അവരറിയാതെ എന്നെ വിവരം ധരിപ്പിക്കാന്‍ എത്തിയതായിരുന്നു പ്രൊഫസര്‍.
"മാഡം ഉണരും മുമ്പ് സാറു വേഗം വിട്ടോ. ആ പത്രം കൂടി കൈയ്യിലെടുത്തോ. ഇന്നത്തേതാ. പുള്ളിക്കാരത്തി ഉണര്‍ന്നെങ്കില്‍ പത്രമെടുക്കാന്‍ പോയതായിരുന്നെന്നു പറഞ്ഞാല്‍ മതി. അറിയിപ്പു കിട്ടിയതു നന്നായി. എനിക്കു പണിതരാന്‍ വരുന്നവരെ ഞാന്‍ കൈകാര്യം ചെയ്തോളാം."
പത്രവുമെടുത്തോണ്ടു സാറു വേഗംപോയി. ഞാന്‍ ചാപ്പലിലേക്കും. എട്ടുമണിക്കാണ് രാവിലത്തെ ചികിത്സാകര്‍മ്മങ്ങള്‍ തുടങ്ങുക. അതിനായി ഞാന്‍ ട്രീറ്റുമെന്‍റ് റൂമിലെത്തി.
"അച്ചനിന്ന് കുറെ ഗസ്റ്റുണ്ടല്ലോ. അവരെ കണ്ടില്ലേ?"
കുഴമ്പും കിഴിയുമായി എന്നെ കാത്തുനിന്ന മെയില്‍നേഴ്സാണതു ചോദിച്ചത്.
"ആരാപോലും, ഞാന്‍ കണ്ടില്ലല്ലോ. താനെങ്ങനെയാ അറിഞ്ഞത് എന്നെക്കാണാനാ വന്നതെന്ന്?"
അയാളു വിവരം പറഞ്ഞു. പത്തുമുപ്പതു കിലോമീറ്റര്‍ അകലെ നിന്നുമാണ് ഈ മെയില്‍നേഴ്സ് എന്നും ആശുപത്രിയില്‍ വരുന്നത്. അന്നു രാവിലെയെത്തി വണ്ടി പാര്‍ക്കുചെയ്യുമ്പോള്‍ അയാളുടെ നാട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവറെ കണ്ടു. ഇവിടെയുള്ള ഒരച്ചനെ കാണാന്‍ ഒരു ടീച്ചറിനെയും കൊണ്ട് ഓട്ടം വന്നതാണെന്നു പറഞ്ഞു. ആ ടീച്ചറിന്‍റെ വീട് ഒത്തിരി ദൂരെയാണ്. അവരു സ്വന്തം കാറില്‍ തന്നെ ഡ്രൈവുചെയ്തു വന്നതായിരുന്നു. പാതിവഴിക്കുവച്ച് വണ്ടി ഓഫായി. എന്തുചെയ്യണമെന്നറിയാതെ ടീച്ചര്‍ അവരുടെ ഡ്രൈവറെ വിളിച്ചു. അപ്പോള്‍ ഡ്രൈവര്‍ വണ്ടി കിടക്കുന്നിടത്തു തന്നെ അയാള്‍ക്ക് പരിചയമുണ്ടായിരുന്ന ഈ ടാക്സിക്കാരനെ വിളിച്ചു ടീച്ചറിനെ സഹായിക്കാന്‍ പറഞ്ഞു. അയാള്‍ നോക്കിയപ്പോള്‍ ഡീസല്‍ തീര്‍ന്ന് എയര്‍ കയറിയതാണ് പ്രശ്നം. എയര്‍വലിച്ചുകളഞ്ഞ് ഡീസലടിച്ചു സ്റ്റാര്‍ട്ടു ചെയ്യാന്‍ സമയം കുറെയെടുക്കും. അതുകൊണ്ട് അവിടെയെത്തി വണ്ടിയെടുക്കാന്‍ ഡ്രൈവറെ ഏല്പിച്ച് ടീച്ചര്‍ ഈ ടാക്സിയും കൂട്ടിപോന്നതാണ്.
"അയാളെകൂടാതെ വേറെ രണ്ടു മൂന്നു ഡ്രൈവര്‍മാരും ഒരച്ചനെക്കാണാന്‍ കൊച്ചമ്മമാരേം കൊണ്ടു വന്നതാണെന്നു പറഞ്ഞു. ഞാന്‍ ആലോചിച്ചു നോക്കിയപ്പോള്‍ ഇവിടെ അച്ചനായിട്ട് അച്ചന്‍ മാത്രമല്ലേയുള്ളു, അതുകൊണ്ട് അച്ചനെത്തന്നെ കാണാനായിരിക്കുമെന്നൂഹിച്ചു. എനിക്കച്ചനെ അറിയാം, മിക്കവാറും ഞാനായിരിക്കും അച്ചനു ട്രീറ്റുമെന്‍റു ചെയ്യുന്നതെന്നു ഞാന്‍ പറഞ്ഞു."
"ആ.. ആരെങ്കിലുമാകട്ടെ, അവരവിടെയിരിക്കട്ടെ."
അവരാരാണെന്ന് എനിക്കറിയാമായിരുന്നതു കൊണ്ട്, ട്രീറ്റുമെന്‍റിന്‍റെ സമയം മുഴുവന്‍ ഈ 'കൊച്ചമ്മമാരെ' കൊച് ചാക്കാനുള്ള തന്ത്രം മെനയുകയായിരുന്നു. അതുകൊണ്ട് ഒരുമണിക്കൂര്‍ പോയതറിഞ്ഞില്ല!
"താന്‍ എനിക്കൊരു ഉപകാരം ചെയ്യണം." ട്രീറ്റ്മെന്‍റ് കഴിഞ്ഞപ്പോള്‍ ഞാന്‍ മെയില്‍ നേഴ്സിനോടു പറഞ്ഞു.
"എന്താച്ചാ?"
"താനൊരു കള്ളം പറയണം. താന്‍ ഉടനെചെന്ന് ആ ടാക്സി ഡ്രൈവറെ കണ്ട്, ഇന്ന് അച്ചനെ കണ്ടില്ല, വേറെ ആരോ ആയിരിക്കും അച്ചനു ട്രീറ്റുമെന്‍റു കൊടുത്തതെന്നു പറയണം."
"ചുമ്മാ പച്ചക്കള്ളം പറയണമല്ലച്ചാ."
"താനൊന്നു സഹകരിക്ക്, താനീ കാര്യങ്ങളൊക്കെ എന്നോടു പറഞ്ഞെന്നറിയാതിരിക്കാനാ. ബാക്കിയൊക്കെ വൈകുന് നേരം ഞാന്‍ പറയാം."
അയാളെ പറഞ്ഞുവിട്ടു കുറെക്കഴിഞ്ഞ് ഞാനിറങ്ങി വരുമ്പോള്‍ പതിവിലേറെ കാറുകള്‍ പാര്‍ക്കിങ്ങില്‍ കണ്ടപ്പോളേ തടിതപ്പാനുള്ള പണി മനസ്സില്‍ ചിട്ടപ്പെടുത്തി. മുറിയില്‍ ചെന്ന് ഭക്ഷണവും കഴിച്ച് വായിച്ചു കൊണ്ടിരുന്ന പുസ്തകവുമെടുത്ത് പതിവു സമയത്തുതന്നെ ഞാന്‍ രുദ്രാക്ഷമരത്തറയിലെത്തി. ആവഴി വരുന്നവരെ ദൂരെവച്ചു തന്നെ സ്ക്രീനില്‍ കാണാവുന്ന ആംഗിളില്‍ മൊബൈല്‍ ഫോണ്‍ മരത്തില്‍ ചാരിവച്ച് മനപ്പൂര്‍വ്വം നടപ്പാതയ്ക്കു പുറം തിരിഞ്ഞിരുന്നു വായന തുടങ്ങി. എങ്കിലും ശ്രദ്ധ മൊബൈലിന്‍റെ സ്ക്രീനില്‍ തന്നെ ആയിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല, അഞ്ചാറുപേര് വരുന്നതുകണ്ടു. കുറെ അടുത്തെത്തിയപ്പോള്‍ ഏറ്റവും പിന്നിലായി പ്രൊഫസറിന്‍റെ മാഡത്തിനെയും തിരിച്ചറിഞ്ഞു. പുറംതിരിഞ്ഞിരുന്നതിനാലും, പുസ്തകം മുമ്പില്‍ പിടിച്ചിട്ടുണ്ടായിരുന്നതു കൊണ്ടും മൊബൈലിന്‍റെ സ്ക്രീനില്‍ ഞാനവരെ കാണുന്നുണ്ടെന്നവര്‍ക്കറിയില്ലായിരുന്നു. അവരടുത്തെത്തിയെന്നു മനസ്സിലായതോടെ ഞാന്‍ പുസ്തകത്തില്‍മാത്രം നോക്കി ഇരുന്നു.
"ഫാദര്‍.."
വിളിച്ചതുകേട്ടെങ്കിലും കേള്‍ക്കാത്ത മട്ടിലിരുന്നു.
"ഹലോ, റവറന്‍റ് ഫാദര്‍..."
നല്ല കടുപ്പത്തിലൊരു വിളി.
"ആരാ..?"
തിരിഞ്ഞു നോക്കാതെ സൈഡിലേക്കു തിരിഞ്ഞു ഞാന്‍ ചോദിച്ചു.
"ഞങ്ങളു ഫാദറിനെ കാണാന്‍ വന്നതാണ്."
ഞാന്‍ പെട്ടെന്നെഴുന്നേറ്റ് അവരുടെ നേരെ തിരിഞ്ഞുനിന് നു.
"കാണാന്‍ വന്നതല്ലെ, ഇതാ കണ്ടല്ലോ, പോരേ? ഞാനത്യാവശ്യം വായനയിലാണ്."
ഒന്നു ചിരിച്ചെന്നു വരുത്തിയിട്ടു ഞാന്‍ പഴയ പൊസിഷനിലിരുന്നു. അവരു കുറച്ചു മുമ്പിലേക്കു കടന്നുനിന്നു.
"ഫാദറിനോട് അല്പം സംസാരിക്കണമെന്നുണ്ടായിരുന്നു."
"ആ അല്പം എന്നു പറഞ്ഞ വാക്കു പാലിക്കാമെങ്കില്‍ ഓകെ. തുടങ്ങാം."
"ഫാദറിന്‍റെ പേര്?"
"ലൂസിഫര്‍."
"ഉവ്വോ!!" അവര്‍ക്കാകെ അമ്പരപ്പ്.
"ഉവ്വ്, ഫാ. ലൂസിഫര്‍."
"ഫാദര്‍, റെയ്ച്ചലമ്മയോടിന്നലെ പറഞ്ഞതിന്‍റെ ക്ലാരിഫിക്കേഷന്‍ അറിയാനാണ്."
"റെയ്ച്ചലമ്മയോ? അതാരാണാവോ, എനിക്കങ്ങനൊരാളെ പരിചയം പോലുമില്ലല്ലോ."
"പ്രൊഫസ്സര്‍ മാമ്മന്‍സാറിന്‍റെ മിസ്സസ്."
"എന്‍റെപേരു റെയ്ച്ചലെന്നാണച്ചാ."
പ്രതി ഹാജരായി, കുറ്റമേറ്റെടുത്തു.
"സോറി, ഞാന്‍ മാഡത്തിന്‍റെ പേരു ചോദിച്ചില്ലായിരുന്നു. ഞാന്‍ റെയ്ച്ചലമ്മയോടിന്നലെ നല്ല ക്ലിയറായിട്ടായിരു ന്നല്ലോ സംസാരിച്ചത്. അന്നേരം സംശയമൊന്നുമില്ലായിരുന്നല്ലോ."
"പിശാചില്ല എന്നു ഫാദര്‍ പറഞ്ഞില്ലേ? അതു ബൈബിളിനു വിരുദ്ധമല്ലേ?"
"ഞാന്‍ പറയാത്തത് എന്‍റെ തലേല്‍ കെട്ടിവച്ചാല്‍ പെണ്ണുങ്ങളാണെന്നൊന്നും നോക്കത്തില്ല. നോക്കുന്നിടത്തെല്ലാം പിശാചിനെക്കാണുന്നതു ഞരമ്പുരോഗമാണെന്നേ ഞാന്‍ പറഞ്ഞുള്ളു. പിശാച് തിന്മയുടെ മൂര്‍ത്തിയാണ്. അതില്ലെന്നെങ്ങനെ പറയാനാകും! എവിടെ നോക്കിയാലും നാമിന്നതു കാണുന്നതല്ലേ? പിശാചങ്ങനെ മനുഷ്യനെ പിടിക്കാന്‍ കറങ്ങി നടക്കുവാണ്, അവനെ ഓടിച്ചു കൊണ്ടിരിക്കണം, അതിനുവേണ്ടി കഠിനമായ ഉപവാസോം നോമ്പുമൊക്കെ അനുഷ്ഠിക്കണം എന്നൊക്കെ പറയുന്നത് വിഢിത്തമാണെന്നു മാത്രമെ ഞാന്‍ പറഞ്ഞുള്ളു.
"എങ്കില്‍പിന്നെ സുവിശേഷത്തില്‍ യേശു പിശാചു ബാധ ഒഴിപ്പിക്കുന്നതോ?"
"അതൊക്കെ കര്‍ത്താവിന്‍റെ കാലത്തെ യഹൂദവിശ്വാസപ്രമാണത്തില്‍നിന്നും വന്നതാണ്. ഇസ്രായേലിന്‍റെ വിശ്വാസപ്രകാരം പ്രപഞ്ചത്തില്‍ രണ്ടു ശക്തികളെ ഉള്ളു: ദൈവവും, പിശാചും, ദൈവം സര്‍വ്വനന്മ, പിശാചു സമൂലംതിന്മയും. ദൈവ കല്‍പനകളും നിയമങ്ങളും വള്ളി പുള്ളി തെറ്റാതെ പാലിക്കുന്നവന്‍ ശുദ്ധന്‍. അവനില്‍ ദൈവം സംപ്രീതനാകും. ദൈവം സര്‍വ്വനന്മയായതുകൊണ്ട് അവിടുന്നു സംപ്രീതനാകുന്നവര്‍ക്ക്, അതായത് ശുദ്ധര്‍ക്ക് എല്ലാ നന്മകളും കൊടുക്കും. ആരോഗ്യം, ആയുസ്സ്, സുഖം, സമ്പത്ത് എല്ലാം. കല്‍പനകളും നിയമങ്ങളും പാലിക്കാത്തവരെ ദൈവം ശിക്ഷിക്കും. ദൈവത്തിന്‍റെ ശിക്ഷ എന്നു പറയുന്നത് ദൈവം അവനെ കൈവിടും എന്നതാണ്. ദൈവം കൈവിട്ടാല്‍ പിന്നെ പിശാചല്ലെ ഉള്ളു. അവന്‍ പിശാചിന്‍റെ കൈയ്യിലാകും. പിശാച് തിന്മമാത്രമായതുകൊണ്ട് അവന്‍റെ കൈയ്യില്‍ കിട്ടുന്നവന് സര്‍വ്വതിന്മയും വരുത്തും. മനുഷ്യനുണ്ടാകുന്ന സര്‍വ്വദുരിതങ്ങളും ദൈവം ശിക്ഷിച്ചതിന്‍റെ, അതായത് പിശാചിന്‍റെ കൈയ്യിലായതിന്‍റെ ലക്ഷണമായി യഹൂദര്‍ വിശ്വസിച്ചു. അങ്ങനെ രോഗം വരുന്നത് പിശാച് അവനെ ബാധിച്ചതിന്‍റെ ഫലമായിട്ടാണെന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് രോഗം മാറിയാല്‍ പിശാച് ഒഴിവായി എന്നായിരുന്നു അവരുടെ ധാരണ. അതാണ് സുവിശേഷത്തിലെ ബാധയൊഴിപ്പിക്കലിന്‍റെ പശ്ചാത്തലം."
"പത്രോസ് ശ്ലീഹാ പറയുന്നുണ്ടല്ലോ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെവിഴുങ്ങണമെന്നന്വേഷിച്ചു ചുറ്റി നടക്കവാണെന്ന്."
"1 പത്രോസ് 5:8-ല്‍ അതു പറയുമ്പോള്‍ യഹൂദനായിരുന്ന പത്രോസിന്‍റെ വിശ്വാസമാണ് അദ്ദേഹം വിളിച്ചുപറയുന്നത്. എന്നാല്‍ യാക്കോബുശ്ലീഹാ അതിനെപ്പറ്റി പറയുമ്പോള്‍ പറയുന്നതു ശ്രദ്ധിച്ചാല്‍ ശരിയുത്തരം കിട്ടും. യാക്കോബിന്‍റെ ലേഖനം ഒന്നാമദ്ധ്യായത്തില്‍. ''പരീക്ഷിക്കപ്പെടുമ്പോള്‍ (കഷ്ടതകളുണ്ടാകുമ്പോള്‍ എന്നര്‍ത്ഥം) താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ആരും പറയാതിരിക്കട്ടെ. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്മ് മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു.'' (1:13-15)
എന്നു പറഞ്ഞാല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ പിശാച് പുറമെനിന്നു വന്നു കയറുന്നതല്ല, അവന്‍ നമ്മില്‍ തന്നെയാണ് എന്നു സാരം. അവനാണ് സായിപ്പിന്‍റെ ഭാഷേല്‍ പറഞ്ഞാല്‍ എന്‍റെ 'ഈഗോ'. അതായത് 'ഞാന്‍'. ഈ ഈഗോയാണ് എന്‍റെയുള്ളില്‍ ദുര്‍മ്മോഹങ്ങള്‍ സൃഷ്ടിക്കുന്നതും ഞാന്‍ കുടുക്കിലാകുന്നതും. ഈ 'ഞാന്‍' ചെറുതാകുന്തോറും 'അവന്‍' എന്നില്‍ വലുതാകും. എന്നു പറഞ്ഞാല്‍ 'ഈഗോ' എന്നില്‍ കുറയുന്തോറും 'ഈശോ' എന്നില്‍ നിറയും എന്നര്‍ത്ഥം. എന്നിലെ 'ഞാന്‍' ഭാവമാണ് എല്ലാ തിന്മകളുടെയും ഉറവിടം. അതു സഭയിലായാലും സമൂഹത്തിലായാലും, വീട്ടിലായാലും നാട്ടിലായാലും, ലോകത്തെവിടെയായാലും മാറ്റമില്ലാത്ത സത്യമാണ്. ഈ തിരിച്ചറിവില്ലാത്തതു കൊണ്ടാണ് എന്തു അനിഷ്ട സംഭവമുണ്ടായാലും അതെല്ലാം പുറമെനിന്നുള്ള പിശാചിന്‍റെ പണിയാണ് എന്നു പറയുന്നതും അവനെ ഓടിക്കാന്‍ നോക്കുന്നതും.
ഞാനൊരു ഉദാഹരണം പറയാം. നിങ്ങളാരെങ്കിലും ഇന്നു രാവിലെ വീട്ടില്‍നിന്നും തന്നത്താനെ കാറും ഡ്രൈവുചെയ്തു വരുന്നു എന്നു സങ്കല്‍പിക്കുക. വഴിക്കുവച്ചു വണ്ടി പെട്ടെന്നു നിന്നു പോകുന്നു. പിന്നെ സ്റ്റാര്‍ട്ടാകുന്നില്ല. ഒരു കുഴപ്പവുമില്ലാതിരുന്ന വണ്ടിയായിരുന്നു. എന്തായിരിക്കും നിങ്ങളുടെ നിഗമനം? പിശാചാണ്. അവനെപ്പറ്റി പറയാന്‍ അച്ചനെ കാണാന്‍ പോകുന്ന വഴി അവന്‍ വണ്ടി ഓഫാക്കി. നിങ്ങളു കൂട്ടുകാരോടൊക്കെ അങ്ങനെ വിളിച്ചു പറഞ്ഞുംകാണും. ഇവിടെ വാസ്തവത്തില്‍ സംഭവിച്ചതെന്താണ്? തലേ ദിവസം ഓട്ടം കഴിഞ്ഞ് ഡീസലു തീരാറായെന്നു ഡ്രൈവര്‍ക്കറിയാമായിരുന്നു. രാവിലെ നിറച്ചാല്‍ മതിയെന്നയാള്‍ കരുതി. അതൊന്നും നോക്കാതെ രാവിലെ വണ്ടിയുമെടുത്തു നിങ്ങളു പോന്നു. ഡീസലു തീര്‍ന്നപ്പോള്‍ വണ്ടി ഓഫായി. പിശാചാണോ ഉത്തരവാദി. നോക്കേണ്ടതൊന്നും നോക്കാതെ എനിക്കറിയാം എന്ന ഭാവത്തില്‍ വണ്ടീം വിട്ടു പോന്നു. നിന്നു പോയപ്പോള്‍ പിശാചിനു പഴി. ഇതാണു ശരിക്കും പിശാചിന്‍റെ തട്ടിപ്പ്. സ്വന്തം ഈഗോയാണ് പ്രശ്നം എന്നു സമ്മതിച്ച് അതിനെ ചെറുതാക്കാതെ, പുറമെ നിന്നാണു വരുന്നതെന്നു പറഞ്ഞ് അതിനെ ഓടിക്കാന്‍ നോമ്പും ഉപവാസോം നോക്കുക. 'ഇരുമ്പുണ്ട വിഴുങ്ങിയിട്ടു ചുക്കുകഷായം കുടിക്കുക!'
അവരിലൊരാള്‍ക്ക്, അന്നു സംഭവിച്ചകാര്യം എനിക്കേതാണ്ടു ദര്‍ശനം കിട്ടിയിട്ടു പറയുന്നതുപോലെ പാതികണ്ണടച്ചുപിടിച്ച് ഉദാഹരണമായി ഞാനങ്ങു പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അവരു തമ്മില്‍ എന്തൊക്കെയോ കുശുകുശുപ്പ്. മെയില്‍ നേഴ്സിനു മനസ്സുകൊണ്ടു നന്ദിപറഞ്ഞു.
"അല്‍പമെന്നും പറഞ്ഞു തുടങ്ങിയിട്ട് അരമണിക്കൂറായി. ഈ ഞരമ്പു രോഗത്തിനുള്ള മരുന്നുകൂടി ഓര്‍ക്കുക:
"ഈശോ വളരണം 'ഈഗോ' ചുരുങ്ങണം."
അവരു പോകാന്‍ മട ിച്ചു നിന്നെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യാതെ പുസ്തകം തുറന്നു.
"ഫാദറിന്‍റെ പേരു ലൂസിഫര്‍ എന്നു തന്നെയാണോ?"
ഒരു വളിച്ച ചിരിയില്‍ മറുപടി ചുരുക്കി. കുറെ കഴിഞ്ഞു പാത്തുപതുങ്ങി 'പ്രൊഫസര്‍ മാമ്മന്‍ സാര്‍' വന്നു.
"ഹലോ ഫാ. ലൂസിഫര്‍, എല്ലാരും പിരിഞ്ഞു. ഏതായാലും ദിവ്യനെ കാണാന്‍ പോക്ക് എല്ലാവരും പെന്‍ഡിങ്ങില്‍ വച്ചു. ഫാ. ലൂസിഫറിനു നന്ദി."





















