top of page

ഔന്നത്യം

Oct 8, 2025

1 min read

George Valiapadath Capuchin
A globe

വെറുതേ ഇങ്ങനെ ഒന്നാലോചിച്ചുനോക്കൂ. കാലാവസ്ഥാ പ്രവചന കേന്ദ്രം, അല്ലെങ്കിൽ വേണ്ടാ മുൻകൂട്ടി കാര്യങ്ങൾ പറയുന്നതിൽ നിപുണനായ ഒരു പൂർവ്വാചകൻ ഒരു പ്രഖ്യാപനം നടത്തുന്നു: നാല്പതാം ദിവസം നിങ്ങളുടെ ഗ്രാമം, അല്ലെങ്കിൽ പട്ടണം നശിപ്പിക്കപ്പെടും. ഒരു ഉൽക്ക നിപതിച്ചിട്ടോ, ഒരു ബോംബ് വീണിട്ടോ എന്നയാൾ പറയുന്നില്ല. കുറേപ്പേർ അത് വിശ്വസിക്കും. മറ്റു കുറേപ്പേർ അത് വിശ്വസിക്കില്ല. വിശ്വസിക്കാത്തവർ തങ്ങളുടെ പതിവ് ജോലികളുമായി മുന്നോട്ടുപോകും. വിശ്വസിച്ചവർ എന്താവും ചെയ്യുക? ഒന്നുകിൽ അവർ അവധിയെടുത്ത് മാമൻ്റെ വീട്ടിലോ അളിയൻ്റെ വീട്ടിലോ മറ്റേതെങ്കിലും നാട്ടിലോ ടൂറിനു പോകും. അങ്ങനെ പോകാൻ പാങ്ങില്ലാത്തവർ ഏതായാലും വണ്ടിയിൽ ഫുൾടാങ്ക് ഇന്ധനം നിറച്ച്, മറ്റു സാധനങ്ങളും വാങ്ങി വച്ച് കാത്തിരിക്കും. ചിലർ ഒരുപക്ഷേ ആയുധങ്ങൾ കരുതിവക്കും. പുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യം ഉണ്ടായെങ്കിലോ എന്ന് കരുതി പലവ്യഞ്ജനങ്ങൾ വാങ്ങി സ്റ്റോക്കുചെയ്യും. കോവിഡ് വരുന്നതിനെക്കുറിക്കുള്ള ഓരോരോ വാർത്തകൾ കേട്ടപ്പോൾ മനുഷ്യർ ചെയ്തതും ഏതാണ്ട് ഇതൊക്കെത്തന്നെ ആയിരുന്നല്ലോ.


അത്തരം ഒരു അരുളപ്പാട് ഉണ്ടാകുന്നത് രണ്ടായിരത്തഞ്ഞൂറ് വർഷം മുമ്പാണെങ്കിലോ? ഒരു സൈനികാക്രമണം ആണ് വരുന്നതെങ്കിലോ എന്നു കരുതി, നന്നായി ഭക്ഷണം കഴിച്ച് അവർ ആരോഗ്യം പുഷ്ടിപ്പെടുത്തും; കൂടുതൽ ഭക്ഷ്യ വിഭവങ്ങൾ സമാഹരിച്ചുവെക്കും.


എന്നാൽ, നാല്പതാം ദിവസം തങ്ങൾ നശിപ്പിക്കപ്പെടും എന്ന അരുളപ്പാട് കേട്ടപാടെ നിനവേക്കാർ ചെയ്തതെന്താണ്? ആധ്യാത്മികമായി വട്ടപ്പൂജ്യമെന്ന് യഹൂദ ജനത കരുതിയിരുന്ന നിനവേക്കാർ മേല്പറഞ്ഞ കാര്യങ്ങളൊന്നും ആയിരുന്നില്ല ചെയ്തത്. അവർ ചാക്കുടുത്ത്, സ്വയം ചാരം പൂശി ഉപവാസമെടുത്ത് സ്വന്തം ദുഷ്ക്കർമ്മങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചു. എല്ലാവരും ചെയ്തിരിക്കില്ല. നല്ലൊരുഭാഗം പേരും അങ്ങനെ ചെയ്തിട്ടുണ്ടാവണം. ശേഷിക്കുന്നവർക്കു വേണ്ടിയാവണം രാജാവ് കല്പനയിറക്കിയത്.


എന്നാൽ, ഇസ്രായേൽ ജനത നേരേ തിരിച്ചാണ്. എത്രയോ പ്രവാചകരെ ദൈവം അവരുടെ മധ്യത്തിലേക്ക് അയച്ചു. കുറേപ്പേരൊക്കെ പ്രവാചകർക്ക് ചെവികൊടുത്തെങ്കിലും ഒരു ജനതയെന്ന നിലയിൽ അവർ എപ്പോഴും മറുതലിക്കുന്നവരും ധിക്കാരികളും ആയിരുന്നു എന്നാണ് പ്രവാചക സാക്ഷ്യങ്ങൾ.

യേശുതന്നെയും അത്തരമൊരു പരിദേവനമാണ് യഹൂദ ജനതയെക്കുറിച്ച് പറയുന്നത്. "നിനെവേ നിവാസികൾ വിധിദിവസത്തിൽ ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേല്ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ യോനായുടെ പ്രസംഗം കേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ, ഇതാ ഇവിടെ യോനായെക്കാൾ വലിയവൻ."


ആധ്യാത്മികമായി ഉയർന്നവർ എന്ന് കരുതുന്നവർ അങ്ങനെ അല്ലെന്നാണ് സുവിശേഷങ്ങൾ പറയുന്നത്. സത്വഗുണം ഉണ്ടെന്നു കരുതുന്നവരിൽ അത് തീരെ കാണാനില്ല. തമോഗുണമാണ് ഉള്ളത് എന്നു കരുതുന്നവർ പക്ഷേ ഉയർന്ന സത്വഗുണം കാട്ടുകയും ചെയ്യുന്നു!


Recent Posts

bottom of page