top of page

ആരോപണം

Feb 18, 2025

2 min read

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍

കഴിഞ്ഞ ദിവസം ഒരാള്‍ പങ്കുവച്ച ഒരു സംഭവം വളരെ ഹൃദ്യമായി തോന്നി. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഫാക്ടറിയില്‍ വളരെ സാധാരണമായ ജോലി ചെയ്യുന്ന ഒരു മുതിര്‍ന്ന ചേട്ടന്‍. നിരവധി പ്രാരാബ്ദങ്ങളുടെ ഭാരം പേറി സൗദിയില്‍ എത്തിയതാണ്. ഒരു ദിവസം ഈ ചേട്ടനെ വിളിച്ച് സങ്കടം പറഞ്ഞു:


'സാറേ വാഷിംഗ് മെഷിനില്‍ തുണികള്‍ അലക്കിയ കൂട്ടത്തില്‍ ജാക്കറ്റിന്‍റെ പോക്കറ്റില്‍ കിടന്ന പാസ്പോര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ ഇനി എന്തും ചെയ്യും സാറേ !'


ആകെ തകര്‍ന്നു പോയ അവസ്ഥയിലായിരുന്നു ആയാള്‍.  


'ഇതൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ' എന്നൊരു ശാസന തിളച്ചു വന്നെങ്കിലും അദ്ദേഹം പരമാവധി ശാന്തമായി മറുപടി നല്‍കി:


'സാരമില്ല ചേട്ടാ ഉള്ളത് ഉണക്കിയെടുക്ക്. നമുക്ക് എന്തെ ങ്കിലും ചെയ്ത് ശരിയാക്കാം.'


പിന്നീട് ഈ ചേട്ടനെ  നേരില്‍ കണ്ടപ്പോള്‍ ആയാള്‍   പറഞ്ഞു: 'പാസ്സ്പോര്‍ട്ട്  അലക്കിയ കാര്യം കേട്ട എല്ലാവരും എന്നോട് ദേഷ്യപ്പെട്ടു വഴക്കു പറഞ്ഞു. സാറു മാത്രമാണ് കുറ്റപ്പെടുത്താതെ സംസാരിച്ചത്. അതു മാത്രമായിരുന്നു ഒരാശ്വാസം.'


'ആകെ തകര്‍ന്നു നില്ക്കുന്ന ഒരു മനുഷ്യനോട് നടന്നു പോയ ഒരു കാര്യത്തിന്‍റെ പേരില്‍ വഴക്കടച്ചിട്ട് വല്ല കാര്യവും ഉണ്ടോ? അതു കൊണ്ട് കേട്ടപ്പോള്‍ ദേഷ്യം ആണ് വന്നതെങ്കിലും അങ്ങനെ പ്രതികരിച്ചില്ല. പിന്നീട് ഇതു കേട്ടപ്പോള്‍ തോന്നി അതു നന്നായി എന്ന്.'


കേള്‍ക്കുമ്പോള്‍ എന്‍റെയും കണ്ണുനിറഞ്ഞു.


മിക്കപ്പോഴും ചില കാര്യങ്ങള്‍ സംഭവിക്കുന്നത്, വീഴ്ചകള്‍ വരുന്നത് ഒക്കെ യാദൃശ്ചികമാണ്. അഥവാ സംഭവിച്ചു പോകുന്നതാണ്.


കരുതികൂട്ടി ആരെങ്കിലും റോഡപകടം ഉണ്ടാക്കുമോ? മറ്റൊരാളുടെ വാഹനത്തില്‍ ഒന്ന് മുട്ടിയേക്കാം എന്ന ചിന്തയോടെ വാഹനം നിരത്തിലിറക്കുന്ന ആരെങ്കിലും ഉണ്ടോ? ജാഗ്രത പുലര്‍ത്തേണ്ടതു തന്നെ എന്നാലും..


നമ്മുടെ നാട്ടില്‍ വാഹനം തമ്മില്‍ ഉരഞ്ഞാല്‍, ചെറിയ തട്ടു കേട് സംഭവിച്ചാല്‍ പിന്നെ എന്തൊരു തര്‍ക്കമാണ്. അതുകൊണ്ട് രണ്ടു പേര്‍ക്കും തമ്മില്‍ മാനസികമായ മുറിവും അകല്‍ച്ചയും ഉണ്ടാക്കാം എന്നല്ലാതെ എന്താണ്  പ്രയോജനം. ചില നാടുകളില്‍ എന്തെങ്കിലും തട്ടലോ മുട്ടലോ നടന്നാല്‍ അവര്‍ പുറത്തിറങ്ങി നില്‍ക്കുന്നു. തര്‍ക്കങ്ങളില്ല വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഇല്ല. ഇന്‍ഷുറന്‍സ് കമ്പനിയുടെ ആളുവന്നു പരിശോധിക്കുന്നു. അര്‍ഹമായവര്‍ക്ക്  നഷ്ടപരിഹാരം നലകുന്നു.  അവര്‍ സമാധാനപരമായി കൈ കൊടുത്തു പിരി യുന്നു. വാഗ്വാ ദങ്ങളും വഴക്കുകളും കൈയ്യാങ്ക ളിയും ഇല്ലാതെ സമാധാനമായി തങ്ങളുടെ വഴിക്ക് പോകുന്നു.


കഴിഞ്ഞു പോയ ഒരു സംഭവത്തിന്‍റെ, ഒരു പിഴയുടെ, ഒരു ശ്രദ്ധക്കുറവിന്‍റെ പേരില്‍, തമ്മില്‍ തര്‍ക്കങ്ങളും കൈയേറ്റങ്ങളും ആയുധപ്രയോഗവും ഒക്കെ നടത്താന്‍ മടിയില്ലാത്ത ഒന്നായി നമ്മുടെ നാടും മാറുന്നുണ്ട് ചിലപ്പോഴൊക്കെ.  അത്തരം കാര്യങ്ങളുടെ മേല്‍ അടയിരുന്ന് തങ്ങളുടെയും മറ്റുള്ളവരുടെയും സ്വസ്ഥത കളയുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റിലും. എത്രയോ കുടുംബ ബന്ധങ്ങളെ അത് ശിഥിലമാക്കിയിട്ടുണ്ട്. എത്രയോ സൗഹൃദങ്ങളെ തകര്‍ത്തിട്ടുണ്ട്. ഒരിക്കല്‍ സംഭവിച്ച ഒരു തെറ്റിന്‍റെ പേരില്‍ ജീവിതകാലം മുഴുവന്‍ അപമാന മേല്‍ക്കേണ്ടി വരുന്ന ചിലര്‍. പിന്നീട് അവരില്‍ നിന്നും ഒരു നന്മയും ഉണ്ടാകില്ല എന്ന് വിധി കല്പിക്കാന്‍ നമ്മളാരാണ്.


തന്‍റെ ജീവിതത്തിലൂടെ ഈശോ കാണിച്ചു തന്ന പിതാവിന്‍റെ സ്ഥായിയായ ഭാവം ഈ അനുകമ്പയും  കരുണയുമാണ്. മുന്നില്‍ നില്ക്കുന്നയാളിന്‍റെ വീഴ്ചകളെ പറ്റി കുറ്റപ്പെടുത്തി അപമാനിക്കുകയോ, കാര്യകാരണങ്ങളെ ചികഞ്ഞെടുക്കുകയോ ചെയ്യാതെ പൊറുതി കൊടുത്തു. തളര്‍വാത രോഗിയോ പാപിനിയായ സ്ത്രീയോ ഒന്നും പാപപ്പൊറുതി തേടിയല്ല  അവനെ സമീപിച്ചത്. പക്ഷേ ഈശോ അവരെയൊക്കെ ബലപ്പെടുത്തുന്നു, 'പിതാവ് നിങ്ങളോട് ക്ഷമിക്കുന്നു. ധൈര്യമായി പോവുക.' ചുങ്കക്കാരനോടോ, 'തെറ്റില്‍ പിടിക്കപ്പെട്ട' സ്ത്രീയോടോ അവന്‍, എങ്ങനെ, എന്തുകൊണ്ട് എന്നുള്ള ചോദ്യങ്ങളൊന്നും ഉന്നയിക്കുന്നില്ല. അവരെ നോട്ടം കൊണ്ടുപോലും വിധിക്കാതെ ശാന്തരാക്കി അയയ്ക്കുന്നു. അതായത് അവരുടെ തെറ്റുകളെക്കാള്‍ അവരെ, അവരുടെ വ്യക്തിത്വത്തെ അവിടുന്ന് ഗൗരവമായി കാണുന്നു എന്നതു തന്നെ. അതുകൊണ്ടാവാം അവന്‍റെ കാല്‍ക്കലിരുന്ന് ഒരു സ്ത്രീ കണ്ണീര്‍ വാര്‍ത്ത് കരഞ്ഞത്: 'എന്നെ ഇത്ര മാത്രം ഗൗരവത്തോടെ എടുത്ത ഒരു സ്നേഹം. എന്നെ മനസ്സിലാക്കുന്ന ഒരാള്‍. അര്‍ഹതയില്ലാത്ത ഈ കരുണ.' നന്നായി ഓര്‍ത്തെടുത്താല്‍ ആര്‍ക്കാണ് കണ്ണുനിറയാത്തത്.


പരസ്പരം കുറ്റപ്പെടുത്തിയും ആരോപിച്ചും പഴിചാരിയും കൂടെ ജീവിക്കുന്നവരെ നന്നാക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവിതം ജീവിക്കാതെ പോകുന്ന മനുഷ്യരുണ്ട്. അതേ പോലെ തന്നെ,  വേണ്ടപ്പെട്ടവരുടെ വീണ്ടെടുപ്പിനു വേണ്ടി പ്രത്യാശയോടെ ദീര്‍ഘകാലം പ്രാര്‍ഥിച്ച് അവരെ ദൈവത്തിലേക്കു നേടിയ വി. മോനിക്കയെ പോലെ യുള്ളവരും നമ്മുടെ ഇടയിലുമുണ്ട്. പലപ്പോഴും ആദ്യത്തെ കൂട്ടത്തിലാണ് നമ്മളില്‍ പലരും. അത് എളുപ്പമുള്ള വഴിയാണ്. രണ്ടാമത്തേത് ആഴമുള്ള ദൈവവിശ്വാസവും ശരണവും ഒക്കെ ഉള്ളവരുടെ ഗണമാണ്. അവിടുന്നറിയാതെ ജീവിതത്തില്‍ യാതൊന്നും സംഭവിക്കുകയില്ല എന്ന പ്രത്യാശ യോടെ, വിശ്വാസത്തോടെ അവിടുത്തോട് വിശ്വ സ്തതയോടെ നിലനില്ക്കാന്‍ ശ്രമിക്കുന്നു. 'അവി ടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കും.'


കുറവുകളെ പരിഹസിക്കാത്ത, നിന്ദിക്കാത്ത കുറ്റപ്പെടുത്താത്തവരെയാണ് നമ്മള്‍ സുഹൃത്തുക്കളായി കാണുന്നത്. നമ്മുടെ വ്യക്തിത്വത്തെ വില മതിക്കുന്ന അത്തരം മനുഷ്യര്‍ ദൈവദാനമാണ്. എത്ര തകര്‍ന്നും അപമാനഭാരത്തോടും നിങ്ങള്‍ ചെല്ലുമ്പോഴും ബലപ്പെടുത്തി, ശിരസ്സുയര്‍ത്തി മടങ്ങി പോകാന്‍ തക്കവിധം കരുതല്‍ കാട്ടുന്ന ചിലര്‍. അത്തരം മനുഷ്യരുടെ ഇടപെടലുകളാണ്,  അല്ലാതെ കുറ്റാരോപണങ്ങളല്ല, തെറ്റിപ്പോയ വരെയും തകര്‍ന്നവരെയും ഒക്കെ ജീവന്‍റെ സമൃദ്ധിയിലേക്ക് നയിച്ചിട്ടുള്ളത്. ക്രിസ്തുവിനെ പ്പോലെ ചിലര്‍. നന്നായി പരാജയപ്പെട്ട, ചിതറി പ്പോയ ഭൂതകാലമുള്ള മനുഷ്യര്‍ക്ക്, തങ്ങളുടെ  പതനകാലത്ത് ക്രിസ്തുവിനെ കണ്ടുമുട്ടിയവര്‍ക്ക്, ആ സ്നേഹത്തിന്‍റെ കരുണയുടെ ആഴം കുറേക്കൂടി വ്യക്തമായി മനസ്സിലാകുന്നുണ്ട്. ക്രിസ്തുതന്നെ യാണ്  വലിയ സുഹൃത്ത്. അതാവും ഈശോ ശിമയോനോട് പറയുന്നത്:  കൂടുതല്‍ ക്ഷമിക്കപ്പെ ട്ടവര്‍ കൂടുതല്‍ സ്നേഹിക്കുന്നു എന്ന്. നമ്മള്‍ ഒരുപാട് പൊറുതി സ്വീകരിച്ചവരെന്ന നിലയില്‍ ഇനിയും എത്രയോ അഗാധമായി അവനെ സ്നേഹിക്കേണ്ടതുണ്ട്.  ആ സ്നേഹത്തെ പ്രതി മറ്റുള്ളവരോട് കരുണ കാട്ടേണ്ടതുണ്ട്.


സസ്നേഹം

Feb 18, 2025

0

212

Recent Posts

bottom of page