
ആക്രമണാത്മകമായ ചിത്രങ്ങളോ ബിംബങ്ങളോ പ്രദർശിപ്പിക്കാനുള്ള മാധ്യമ പ്രവണതയാണ് മാധ്യമ ഹിംസ (media violence). അത് പല വിധത്തിൽ പ്രത്യക്ഷപ്പെടാം. മറ്റുള്ളവരെ ഭയപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചുള്ള വാക്കുകളും ചിഹ്നങ്ങളും ബിംബങ്ങളും ഇതേ ഗണത്തിൽപ്പെടും.
അക്കാരണത്താൽ കുറേക്കാലമായി എനിക്ക് സിംഹത ്തോട് ഒട്ടൊരു വിരോധം നിലനില്ക്കുന്നുണ്ട്. 2014 ലെ ഇൻഡ്യയിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പു കാലത്ത് നാട്ടിൽ പലയിടത്തും നരേന്ദ്ര മോഡിയുടെ ചിത്രത്തോടൊപ്പം അതികായനായ ഒരു സിംഹത്തിൻ്റെ ചിത്രം കൂടി പല ഹോഡിങ്ങുകളിലും കാണാമായിരുന്നു. രണ്ടു വർഷത്തിനു ശേഷം 2016-ലെ കേരള അസംബ്ലി തെരഞ്ഞെടുപ്പുകാലത്ത് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം അതേ സിംഹം പലയിടത്തും പ്രത്യക്ഷപ്പെട്ടു.
ഏതാനും ദിവസം മുമ്പ് ലിയോ XIV പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സോഷ്യൽ മീഡിയയിൽ അങ്ങിങ്ങ് പാപ്പായുടെ തൊപ്പിവച്ച ഒരു സിംഹം പ്രത്യക്ഷപ്പെട്ടിരുന്നു!
ചില ക്രിസ്റ്റ്യൻ പ്രാർത്ഥനാലയങ്ങളിൽ സ്‌റ്റേജിനു മധ്യഭാഗത്ത് അതേ സിംഹം കിരീടധാരിയായി നിലകൊള്ളുന്നത് കാണാനിടയായിട്ടുണ്ട്. ക്രിസ്റ്റ്യൻ പ്രാർത്ഥനാലയങ്ങളിൽ സിംഹത്തിന് എന്താ കാര്യം എന്നല്ലേ? അതാണ് "യൂദായുടെ സിംഹം." ഉല്പത്തി പുസ്തകത്തിൽ (49:9) യാക്കോബ് തൻ്റെ മക്കളിൽ നാലാമനായ യൂദായെ പ്രത്യേകമായി അനുഗ്രഹിക്കുന്ന ഭാഗമുണ്ട്. അവിടെ വൃദ്ധനും മരണാസന്നനുമായ ആ പിതാവ് യൂദായെ സിംഹത്തോടാണ് ഉപമിക്കുന്നത്. നിന്നിൽ നിന്ന് ചെങ്കോലും സിംഹാസനവും ഒഴിഞ്ഞുപോവില്ല എന്നും അദ്ദേഹം അവനെ ആശീർവ്വദിക്കുന്നു. യൂദാ ഗോത്രത്തിൽ നിന്നാണ് ദാവീദും സോളമനും വരുന്നത്. രക്ഷകൻ അഥവാ ക്രിസ്തു യൂദാ ഗോത്രത്തിൽ നിന്നുതന്നെയാണ് ഉദിച്ചുവരിക എന്ന് ആ ജനത വിശ്വസിച്ചിരുന്നു. അങ്ങനെയാണ് "യൂദായുടെ സിംഹം" എന്നൊരു സംജ്ഞ മിശിഹാക്ക് ചാർത്തിക്കിട്ടുന്നത്.
രക്ഷകൻ രാജാവായാണ് പ്രത്യക്ഷപ്പെടുക എന്നൊരു വിശ്വാസം യഹൂദർക്കിടയിൽ പ്രബലപ്പെടുന്നത് അതുകൊണ്ടുകൂടിയാണ്.
യഥാർത്ഥ ജീവിതത്തിൽ യേശു സിംഹതുല്യമായ ഭാവഹാവാദികളൊന്നും പ്രകടമാക്കിയില്ല. എന്നുമാത്രമല്ല, നേർ വിപരീത ദിശയിലുമായിരുന്നു അവിടന്ന്. എന്നാൽ ബൈബിളിൻ്റെ അവസാന ഗ്രന്ഥമായ 'വെളിപാട് പുസ്തകത്തിൽ യൂദായുടെ സിംഹം എന്ന ബിംബം ക്രിസ്തുവുമായി ബന്ധപ്പെടുത്തി കടന്നു വരുന്നുണ്ട് (5:5). "സിംഹാസനസ്ഥൻ്റെ വലത്തുകൈയിൽ, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകൾ പതിച്ചതുമായ ഒരു പുസ്തകച്ചുരുൾ ഞാൻ കണ്ടു." എന്നാൽ അത് നിവർത്താനോ അതിന്റെ മുദ്രകൾ പൊട്ടിക്കാനോ കഴിവുള്ള ആരെയും കാണായ്കയാൽ ദ്രഷ്ടാവായ ഗ്രന്ഥകാരൻ വിലപിക്കുന്നു. അപ്പോൾ ശ്രേഷ്ഠന്മാരിൽ ഒരാൾ ഇങ്ങനെ പറയുന്നു. "ഇതാ, യൂദാ വംശത്തിൽ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയവൻ വിജയിച്ചിരിക്കുന്നു. അവന് ചുരുൾ നിവർത്താനും സപ്തമുദ്രകൾ പൊട്ടിക്കാനും കഴിയും. അപ്പോൾ, സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ, ശ്രേഷ്ഠന്മാരുടെ നടുവിൽ, കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാട് നിൽക്കുന്നത് ഞാൻ കണ്ടു. അവന് ഏഴു കൊമ്പുകളും ഏഴ് കണ്ണുകളും ഉണ്ടായിരുന്നു."
കുഞ്ഞാടിന്റെ അധികാരത്തെയും ശക്തിയെയും കാണിക്കുന്നതാണ് 'ഏഴ് കൊമ്പുകൾ' എന്നിരിക്കിലും, അവൻ സിംഹരൂപനല്ല, മറിച്ച് ആട്ടിൻകുട്ടിയുടെ രൂപത്തിലാണ് എന്നത് ശ്രദ്ധേയമാണ്. വെറും ആട്ടിൻകുട്ടിയല്ല, കൊല്ലപ്പെട്ടതായി കാണപ്പെടുന്ന ആട്ടിൻകുട്ടിയാണ് ! എന്തൊരു ബിംബകല്പനയാണത്! കൊല്ലപ്പെട്ട ഒരു കുഞ്ഞാട് നില്ക്കുകയോ?! അതാണ് പുതിയ നിയമത്തിൻ്റെ രാഷ്ട്രീയം! എന്നിട്ടും അതിന് ഏഴ് കൊമ്പുണ്ടായിരിക്കുകയും ചെയ്യുക!